Image

വി.എസും കുലംകുത്തിയാകുമ്പോള്‍

ജി.കെ Published on 12 May, 2012
വി.എസും കുലംകുത്തിയാകുമ്പോള്‍
ഒടുവില്‍ ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ ചെലവിലായാലും പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ സഖാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പരസ്യമായി രംഗത്തുവന്ന്‌ പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയില്‍ കുലംകുത്തിയായിരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ എസ്‌.എ.ഡാങ്കെയുടെ സ്വേച്‌ഛാധിപത്യ നിലപാടിനോട്‌ ഉപമിച്ചും വിജയന്‌ ഡാങ്കെയുടെ ഗതി വരുമോ എന്ന്‌ കാത്തിരുന്ന്‌ കാണാമെന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞും 1964ല്‍ പാര്‍ട്ടി രൂപീകരിച്ച സാഹചര്യം വീണ്‌ടും വീണ്‌ടും വിശദമാക്കിയും വി.എസ്‌.പറയാതെ പറയുന്നത്‌ എന്താണ്‌.

തന്റെ ഏറ്റവും അടുത്ത ആനുയായി ആയിരുന്ന സഖാവ്‌ ടി.പി.ചന്ദ്രശേഖരന്റെ മരണമാണോ വി.എസിനെ ഇത്രയും ഉലച്ചത്‌. അതോ പാര്‍ട്ടിയിലോ രാഷ്‌ട്രീയത്തിലോ ഇനി നേടാനും നഷ്‌ടപ്പെടാനുമില്ലാത്ത ഒരു നേതാവിന്റെ വെറും ചങ്കൂറ്റമോ. അതുമല്ലെങ്കില്‍ കേസുകളില്‍പ്പെട്ട്‌ പ്രതിപക്ഷനേതൃസ്ഥാനവും ഒരുപക്ഷേ കേന്ദ്ര കമ്മിറ്റി അംഗത്വം പോലും നഷ്‌ടമാകുമെന്ന്‌ മുന്‍കൂട്ടി കണ്‌ടുകൊണ്‌ട്‌ സ്വയം രക്തസാക്ഷി പരിവേഷമെടുത്തണിയലോ.

സംശയങ്ങള്‍ എന്തൊക്കെയായാലും വി.എസ്‌. ഇപ്പോള്‍ സിപിഎം നേതൃത്വത്തിനോട്‌ പരസ്യമായി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ആ പാര്‍ട്ടിയിലെയും പുറത്തു നില്‍ക്കുന്ന വലിയൊരു വിഭാഗം അനുയായികളും അതിന്റെ നേതൃത്വത്തോട്‌ ഒരുപാട്‌ മുമ്പെ ചോദിക്കാന്‍ ആഗ്രഹിച്ചിരുന്നതാണെന്നത്‌ ഒരു പച്ചയായ യാഥാര്‍ഥ്യമായിരിക്കെ ഇപ്പോഴെങ്കിലും ഇതു ചോദിച്ച വി.എസിന്റെ ആത്മാര്‍ഥതയെ തല്‍ക്കാലം ആരും ചോദ്യം ചെയ്യില്ല. എന്നാല്‍ ഈ പോരാട്ടം ഏതറ്റംവരെ കൊണ്‌ടുപോകാനാകുള്ള ആര്‍ജവം വി.എസിനുണ്‌ടെന്നത്‌ തെളിയിക്കേണ്‌ടത്‌ കാലം തന്നെയാണ്‌.

എന്തായാലും പരസ്യപ്രസ്‌താവനയുടെ പേരില്‍ കേന്ദ്ര നേതൃത്വം അച്ചടക്കത്തിന്റെ വാള്‍ത്തല വീശിയാല്‍ നഷ്‌ടം വി.എസിനു മാത്രമായിരിക്കുമെന്ന്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരെ കണ്‌ട പിണറായിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു. ഒപ്പം തനിക്കുവേണ്‌ടി വി.സിനെ വെല്ലുവിളിച്ച്‌ പരസ്യമായി രംഗത്തുവന്ന്‌ ചാവേറാവാതിരിക്കാനുള്ള ജാഗ്രതയും പിണറായി പുലര്‍ത്തുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്തമുള്ള സഖാക്കളാരും പരസ്യപ്രസ്‌താവനയുമായി രംഗത്തുവരരുതെന്ന പിണറായിയുടെ പ്രസ്‌താവന ഇതിന്‌ തെളിവാണ്‌. പണ്‌ട്‌ പരസ്‌പരം പോര്‍വിളിച്ചതോടെ തല്‍ക്കാലത്തേങ്കിലും വി.എസിനും പിണറായിക്കും പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോയുടെ പടിപ്പുറത്തു നില്‍ക്കേണ്‌ടി വന്നിരുന്നു. അതുകൊണ്‌ടു തന്നെയാണ്‌ പാര്‍ട്ടി വിശദീകരണയോഗങ്ങളില്‍ വി.എസിനിട്ട്‌ കൊട്ടുന്ന പിണറായി മാധ്യമങ്ങളെ കാണുമ്പോള്‍ സംയമനം പാലിക്കുന്നത്‌.

എന്നാല്‍ പാര്‍ട്ടിക്കെതിരെ അതായത്‌ പിണറായിക്കെതിരെ പരസ്യമായി രംഗത്തുവരാന്‍ വി.എസ്‌ തെരഞ്ഞെടുത്ത സമയവും ഏറെ ശ്രദ്ധയേമാണ്‌. അതിന്‌ അദ്ദേഹം ഉപയോഗിച്ച വാക്കുകളും. ടി.പി.ചന്ദ്രശേഖരന്റെ വധത്തോടെ കേരളത്തില്‍ സിപിഎമ്മിനെതിരെ പൊതുവെ ഉണ്‌ടായിട്ടുള്ള അമര്‍ഷവും വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണവും സിപിഎം പൂര്‍ണമായും പ്രതിരോധത്തിലേക്ക്‌ നീങ്ങിയ സമയത്തു തന്നെയാണ്‌ വി.എസ്‌.പിണറായിക്കെതിരെ പരസ്യമായി രംഗത്തുവന്നത്‌. അതും ആശയപരമായ കാര്യങ്ങളിലെ ഭിന്നത പരസ്യമായി പ്രഖ്യാപിച്ച്‌.

മുമ്പ്‌ പാര്‍ട്ടിയിലെ ഏതെങ്കിലും ഒരുവിഭാഗത്തിനെതിരെ രംഗത്തുവരുമ്പോഴെല്ലാം വി.എസിന്‌ ചില താല്‍പര്യങ്ങളുണ്‌ടായിരുന്നു. മൂന്നാര്‍ ഓപ്പറേഷന്റെ കാര്യത്തിലായാലും നിയമസഭാ തെരഞ്ഞെടുപ്പിലായാലും പാര്‍ട്ടി സമ്മേളനത്തില്‍ ഒറ്റയ്‌ക്കു കസേരയിട്ടിരിക്കുന്നതിലായാലും. തന്റെ പ്രതിഷേധങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടും അച്ചടക്കത്തിന്റെ വാള്‍ വീശലില്‍ അധികം പരിക്കില്ലാതെ വി.എസ്‌. പാര്‍ട്ടിയില്‍ തുടരുന്നത്‌ അദ്ദേഹം ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ കൊണ്‌ടു തന്നെയായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ കൂടെ ജനങ്ങള്‍ ഉണ്‌ടെന്ന പാര്‍ട്ടിയുടെ തിരിച്ചറിവുകൊണ്‌ടും.

എന്നാല്‍ അധികാരം ആരെയും മുഷിപ്പിക്കുമെന്നതുപോലെ മുഖ്യമന്ത്രിയായിരുന്ന അഞ്ചുവര്‍ഷം വി.എസിന്റെ ഊര്‍ജമെല്ലാം ചോര്‍ത്തിക്കളഞ്ഞുവെന്ന്‌ ഏതൊരു നേതാവിനെയുപോലെ അദ്ദേഹവും അധികാരത്തോടും പാര്‍ട്ടിയിലെ കൊള്ളരുതായ്‌മകളോടും സമരസപ്പെട്ടുവെന്നും പൊതുസമൂഹം പൊതുവെ വിലയിരുത്തുന്നതിനിടെയാണ്‌ നേതൃത്വത്തിനെതിരെയുള്ള വി.എസിന്റെ ഈ പരസ്യമായ യുദ്ധപ്രഖ്യാപനം. ഈ യുദ്ധപ്രഖ്യാപനത്തിന്‌ പിന്നില്‍ വി.എസിന്റെ ചില തിരിച്ചറിവുകളുണ്‌ടെന്ന്‌ ആര്‍ക്കും കാണാതിരിക്കാനാവില്ല.

പ്രായം 88 കഴിഞ്ഞ തനിക്ക്‌ ഇനിയൊരു തവണകൂടി പാര്‍ട്ടി നേതൃത്വത്തിലോ ഭരണ നേതൃത്വത്തിലോ അവസരം ലഭിക്കുമെന്ന്‌ വി.എസ്‌.കരുതുന്നില്ല. പാര്‍ട്ടിയിലെ ജീര്‍ണതകള്‍ക്ക്‌ മുമ്പില്‍ മൂക്കു പൊത്തി ഇനിയുള്ള കാലം കഴിച്ചാലും തനിക്ക്‌ ഇനി പരമാവധി കിട്ടാന്‍ പോകുന്നത്‌ വിരോചിതമായൊരു അന്ത്യയാത്രയായിരിക്കും. ഒരു പക്ഷെ സഖാവ്‌ ഇ.കെ.നായനാരിന്‌ ലഭിച്ചതിനേക്കാള്‍ വലിയൊരു അന്ത്യയാത്ര പാര്‍ട്ടിതണലില്‍ നിന്നാല്‍ ലഭിച്ചേക്കുമെന്നത്‌ മാത്രമാണ്‌ ഇനി പ്രതീക്ഷിക്കാവുന്ന ഒരേരയൊരു നേട്ടം. എന്നാല്‍ മരണശേഷം ലഭിച്ചേക്കാവുന്നൊരു വീരോചിത യാത്രയപ്പിനേക്കാള്‍ നല്ലത്‌ ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കുന്നൊരു രക്തസാക്ഷി പരിവേഷമായിരിക്കും ഒരുപക്ഷെ തന്നെ ചരിത്രത്തിലേക്ക്‌ എടുത്തുയര്‍ത്തുക എന്ന്‌ ഇപ്പോഴെങ്കിലും വി.എസ്‌. തിരിച്ചറിയുന്നുണ്‌ടാവും.

താന്‍ ഉയര്‍ത്തിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനും തനിക്ക്‌ മുദ്രാവാക്യം വിളിച്ചതിനും പാര്‍ട്ടിയില്‍ നിന്ന്‌ പടിയടച്ച്‌ പിണ്‌ഡം വെക്കുകയും ഒടുവില്‍ തനിക്ക്‌ വേണ്‌ടപ്പെട്ട ഒരു സഖാവിനെ കൊലക്കത്തിക്ക്‌ മുമ്പിലേക്കിട്ടുകൊടുക്കുയും ചെയ്‌തിട്ടും ഇനിയും ആ വിളി കേള്‍ക്കാതിരിക്കുന്നത്‌ തന്നെ വിശ്വസിച്ചവരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഇപ്പോള്‍ തിരിച്ചറിയുന്നുണ്‌ടാവും. അല്ലെങ്കില്‍ പാര്‍ട്ടിയെ ഉള്ളില്‍ നിന്ന്‌ തിരുത്താനുള്ള ശക്തിയൊന്നും വി.എസിന്‌ ഇനി അവശേഷിക്കുന്നില്ലെന്ന്‌ അദ്ദേഹത്തിനു നല്ലപോലെ അറിയാം. അതുകൊണ്‌ടുതന്നെ വി.എസ്‌.ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങള്‍ കേവലം കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാവരുതെന്ന്‌ ജനം ആഗ്രഹിക്കുന്നു. അതിന്‌ മറുപടി പറയേണ്‌ടത്‌ കാലമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക