Image

സാധുജനങ്ങളുടെ നാഥന്‍-4 (ദുര്‍ഗ മനോജ്)

Durga Manoj Published on 13 December, 2019
സാധുജനങ്ങളുടെ നാഥന്‍-4 (ദുര്‍ഗ മനോജ്)
മുപ്പത്തി അഞ്ചാം സങ്കീര്‍ത്തനത്തില്‍ ഇങ്ങനെ പറയുന്നു

'....അവര്‍ സമാധാന വാക്ക് ഉരിയാടാതെ ദേശത്തിലെ സാധു ജനങ്ങള്‍ക്കു നേരെ വ്യാജ കാര്യങ്ങളെ നിരൂപിക്കുന്നു.... '

യഹോവയുടെ കാലം മുതല്‍ക്ക് ശ്രദ്ധിച്ചാല്‍ ഒന്ന് മനസിലാകും, യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ രണ്ട് വര്‍ഗ്ഗമാണുള്ളത്. സമ്പന്നരും ദരിദ്രരും അഥവാ ഉള്ളവനും ഇല്ലാത്തവനും. 

ഈ ക്രിസ്മസ് കാലത്തും ലോകമെങ്ങും നടക്കുന്ന യുദ്ധങ്ങള്‍, പ്രക്ഷോഭങ്ങള്‍ തുടങ്ങി എല്ലായിടത്തും ബലിയാക്കപ്പെടുന്നത് ദരിദ്രര്‍ തന്നെ. നാം പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെയൊക്കെയാണ് ദരിദ്രര്‍ എന്ന് വിവക്ഷിക്കുക. എന്നാല്‍, കൂലിവേല ചെയ്യുന്നവരും അതില്‍പ്പെടും. ജോലി എന്ന അപ്പക്കഷണം മാത്രമാണവരെ മുന്നോട്ട് നയിക്കുന്നത്. നിശ്ചയമായും അവരും സമ്പന്നരല്ല. ഭരണാധികാരികളുടെ രാഷ്ട്രീയം എന്തുമാകട്ടെ, നയങ്ങള്‍ എന്തുമാകട്ടെ. ലോകത്തെ ഏത് ഭരണ വര്‍ഗ്ഗവും ഏറ്റവും ആദ്യം പരിഗണിക്കുന്നത് ആ രാജ്യത്തെ അതിസമ്പന്നരുടെ താത്പര്യമാകും. അങ്ങനെ വരുമ്പോള്‍, സാധാരണക്കാരോട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുവാന്‍ അവര്‍ക്ക് മടി തോന്നില്ല.

സിറിയയും യെമനും നീറിപ്പുകയുമ്പോള്‍, രണ്ടാക്കപ്പെട്ടിട്ടും ഇനിയും ശാന്തമാകാത്ത തെരുവുകള്‍ ഉള്ള സുഡാന്‍ ഏത് നിമിഷവും അനാഥമാക്കപ്പെട്ടേക്കാവുന്ന ബാല്യങ്ങള്‍ ജീവിക്കുന്ന ലെബനന്‍ പാലസ്തീന്‍, ദാരിദ്ര്യം കൊടികുത്തുന്ന പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങള്‍... നമ്മുടെ ലോകം അശാന്തിയില്‍ തന്നെയാണ്
എന്നാല്‍ എന്നുമത് അപ്രകാരം തുടരുമോ?
അതില്ല.

ഇത്തവണത്തെ സമാധാനത്തിനുള്ള നോബേല്‍ പ്രൈസ് എത്യോപിയന്‍ പ്രധാനമന്ത്രി എബി അഹമ്മദിനെ തേടി എത്തിയപ്പോള്‍, ഇരുപത്തിയെട്ട് വര്‍ഷം നീണ്ട അയല്‍ രാജ്യമായ എറിത്രിയയുമായുള്ള യുദ്ധം അവസാനിക്കുമ്പോള്‍ നാം ഒരു യഥാര്‍ത്ഥ ഭരണാധികാരിയെക്കൂടിയാണ് ദര്‍ശിക്കുന്നത്.

സാധാരണ ജനങ്ങള്‍ക്ക് വേണ്ടത് സ്വസ്ഥമായ ജീവിതം മാത്രമാണെന്ന് തിരിച്ചറിയുന്ന ഒരു ഭരണാധികാരി ഒരു അനുഗ്രഹമാണ്.
നൂറു കണക്കിന് കെട്ട വാര്‍ത്തകള്‍ക്കിടയില്‍ പ്രത്യാശയുടെ കിരണങ്ങള്‍ തിന്മയുടെ തമോഗര്‍ത്തങ്ങള്‍ ഭേദിച്ച് കടന്നു വരുന്നുവെന്ന വാര്‍ത്തയോളം ആനന്ദം മറ്റെന്തു നല്‍കും?

രാവ് നീളുകയാണ് പ്രതീക്ഷയുടെ പുലരിയിലേക്ക്.
കാത്തിരിപ്പിന്റെ നീളവും കുറയുന്നു.
പുല്‍ക്കൂട്ടിലെ ആ ദിവ്യബാലകന്‍ നമുക്കായ് ആനന്ദം നിറഞ്ഞ വാര്‍ത്തകള്‍ നമുക്കായ് കരുതി വയ്ക്കട്ടെ. സാന്റയുടെ സമ്മാനപ്പൊതികളില്‍ നിന്നും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരട്ടെ.
'.. ...എന്റെ നാവ് നിന്റെ നീതിയേയും നാളുകള്‍ നിന്റെ സ്തുതിയേയും വര്‍ണ്ണിക്കും... '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക