Image

ഒരു പത്ര പരസ്യം (ചെറുകഥ: ശബരീനാഥ്)

Published on 14 December, 2019
ഒരു പത്ര പരസ്യം (ചെറുകഥ: ശബരീനാഥ്)
ഒരു മലയാളി പെണ്ണിനെ വേണം . Absolutely Not for Sex! രുചികരമായ നാടന്‍ ഭക്ഷണം ഉണ്ടാക്കാന്‍  അറിയണം . അല്പം സാഹിത്യ സംഗീത വാസനകള്‍ ഉണ്ടാകണം . ബേക്കല്‍ കോട്ടയെക്കുറിച്ചും , ശുചീന്ദ്രം ക്ഷേത്രത്തെ പറ്റിയും  മലയാറ്റൂര്‍ കുരിശുമല കയറ്റത്തെ കുറിച്ചും ഒക്കെ ഒരുപോലെ സംസാരിക്കാന്‍ കഴിയണം. ദാവണി പോലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും ചൂട് ചായയും കാപ്പിയും കുടിച്ചു ഒരുമിച്ചു സൊറ പറയണം .  

സായന്തനങ്ങളിലെ  കാറ്റേറ്റ് ഓക് മരത്തോടു  ചാരിയിരുന്ന്, ദൂരെ നില്‍ക്കുന്ന ഫ്‌ളോസാന്ത്യ പൂക്കളെ നോക്കി കുശുമ്പ് കുത്തണം. ജീവിതപിരിമുറക്കത്തിനിടയില്‍ തല വെട്ടിപിളരുമ്പോള്‍, നെറ്റിയില്‍ അല്പം വിക്‌സ്  പുരട്ടി "സാരമില്ല മോനെ' എന്ന്  പണ്ട് അമ്മ പറഞ്ഞ പോലെ രണ്ടു വാക്ക് പറയണം .  എന്റെ വേദന പുരണ്ട മനസിലും ശരീരത്തിലും സ്‌നേഹത്തിന്റെ ലേപനങ്ങള്‍ പുരട്ടണം . അങ്ങനെ അങ്ങനെ ചെറിയ ചെറിയ ചില ആവശ്യങ്ങള്‍ .. അതിനു ഒരുപെണ്ണിനെ വേണം .. വട്ട മുഖമുള്ള , വിടര്‍ന്ന കണ്ണുകള്‍ ഉള്ള , മുല്ലപ്പൂ ചൂടുന്ന ഒരു മലയാളി പെണ്ണ് . ജാതി മതം കുലം വര്‍ണ്ണം ഒന്നും ഒരു പ്രശ്‌നമല്ല . സാംസ്കാരികപരമായ ഒരു കുടുംബ പശ്ചാത്തലം അഭികാമ്യം . 

വിശദമായാബിയോഡേറ്റ സഹിതം മറുപടി അയക്കുക .ബാലചന്ദ്രന്‍ (42 വയസ്സ് ) സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍,  ടെല്‍കോ ടെക്‌നോളജിസ് , സിലിക്കണ്‍ വാലി , കാലിഫോര്‍ണിയ .യു എസ് എ .                    

പരസ്യത്തിന്റെ വലുപ്പം അല്പം കൂടിട്ടുണ്ട്. എന്നാലും വാക്കുകളുടെ എണ്ണം ഒന്നും നോക്കാതെ പൈസ എത്രയാകും എന്നും ചിന്തിക്കാതെ ( അല്ലെങ്കില്‍ തന്നെ സോഫ്ട്‌വെയര്‍എഞ്ചിനീയര്‍ക്ക് പൈസക്ക് വലിയ പഞ്ഞം ഒന്നും ഇല്ലാലോ ) ബാലചന്ദ്രന്‍ , മാറ്ററിന്റെ മൂന്നു കോപ്പി എടുത്തു മലയാളത്തിലെ ലീഡിങ് പത്രങ്ങളായ മനോരമയ്ക്കും , മാതൃഭൂമിക്കും, ഈമലയാളിക്കും ക്ലാസിഫൈഡ് കോളത്തിലേക്കു അയച്ചു  കൊടുത്തു . എന്നിട്ടു ഫേസ്ബുക്കിലും ഒരു കോപ്പി പോസ്റ്റ് ചെയ്തു . ആരറിയുന്നു ഇനി നവ മാധ്യമങ്ങള്‍  വഴിയാണോ  വര തെളിയുന്നത് എന്ന് .    ലാപ്‌ടോപ്പ് അടച്ചു വെച്ച് അയാള്‍ കിടപ്പുമുറിയിലേക്ക് ഒന്ന് പാളി നോക്കി . കിടക്കയുടെ ഓരം ചേര്‍ന്ന് ചുരുണ്ടു അവള്‍ കിടക്കുന്നു. അയാള്‍ മൃദുവായി ഒന്ന് പുഞ്ചിരിച്ചു .അല്ലെങ്കില്‍ തന്നെ കിടക്കയുടെ രണ്ടറ്റങ്ങളിലേക്ക് ചുരുങ്ങിയ രണ്ടു ശരീരങ്ങളായി തങ്ങള്‍ മാറിയിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു. ഒന്നിച്ചൊരു കാപ്പി കുടിച്ചിട്ട് നാളുകള്‍ എത്ര കടന്നിരിക്കുന്നു.

മിക്‌സറില്‍ ഉള്ള കപ്പലണ്ടിക്കു വേണ്ടി അടികൂടിയിരുന്ന നാളുകള്‍ . അവള്‍ക്കു വേണ്ടി തോറ്റുകൊടുക്കുന്നതിലും ഒരു സുഖം തോന്നിയിരുന്നു.  ഫ്രിഡ്ജിലെ തണുത്തുറഞ്ഞ ഭക്ഷണം പോലെ തന്നെയാണ് താനും ഇപ്പോള്‍ എന്നയാള്‍ക്ക് തോന്നി . ദോഷം പറയരുത് രണ്ടു മൂന്നു കൂട്ടം ഉണ്ട് . ഇഷ്ടം ഉള്ളത് ചൂടാക്കി കഴിക്കാം . ചൈനീസും , മെക്‌സിക്കനും ഉള്‍പ്പടെ . യൂബര്‍ ഇറ്റ്‌സ് ഡിസ്കൗണ്ട് തന്നു തുടങ്ങി .റിസേര്‍ച്ചിന്റെയും ലോജിക്കിന്റെയും ലോകത്തു അവള്‍ തന്നെ മറന്നിരിക്കുന്നു . മൂത്ത രണ്ടു പെണ്‍കുട്ടികള്‍ക്ക് ശേഷം , മൂന്നാമത്തെ മനുക്കുട്ടന്‍ വന്നതില്‍ പിന്നെ കുട്ടികളുടെ ലോകത്തേക്ക് ഒരു അമ്മയായി മാത്രം അവള്‍ ഒതുങ്ങുകയായിരുന്നു . അല്ലെങ്കില്‍ അതില്‍ അവള്‍ ഏറെ ആനന്ദം കണ്ടെത്തി എന്ന് പറയുന്നതാവും ശരി . അമ്മയുടെയും കുട്ടികളുടെയും ലോകത്തു , അത്യാവശ്യം വീട്ടു സാധനങ്ങള്‍ വാങ്ങി  കൊണ്ട് വരുന്ന ഒരു സാദാ പലചരക്കു കടക്കാരന്റെ റോളിലേക്ക് താന്‍ മാറ്റപ്പെട്ടു .

ഏതേലും ബില്ല് പേയ്‌മെന്റ് ഉണ്ടെങ്കില്‍ അത് ഓര്‍മിപ്പിക്കാനായി മാത്രം അവള്‍ ജോലിയില്‍ നിന്നും ചിലപ്പോള്‍ ഒന്നു വിളിക്കാറുണ്ട് . സോഷ്യല്‍ ക്ലബുകളിലെ മാതൃക കുടുംബമായി ഇമേജ് നിലനിറുത്താന്‍ തങ്ങള്‍ പരമാവധി ശ്രമിക്കാറുമുണ്ട് . അയാള്‍ മെല്ലെ കട്ടിലില്‍വന്നിരുന്നു മെത്തയിലെ തന്റെ ഭാഗം കവര്‍ന്നെടുത്തു. നിരന്തരമായി കുനിഞ്ഞിരുന്നു കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നതിനാല്‍ അയാള്‍ക്ക് നടുവിനും കഴുത്തിനും വല്ലാത്ത വേദന തോന്നി . എത്തിവലിഞ്ഞു അല്പം പെയ്ന്‍ബാം ഇടാന്‍ അയാള്‍ വൃഥാ ശ്രമിച്ചു പരാജയപ്പെട്ടു പിന്‍വാങ്ങി.

എവിടെയാണ് തനിക്കു തെറ്റ് പറ്റിയത് ? ബാലചന്ദ്രന്‍ ആലോചിച്ചു . അതോ താന്‍ തന്നെ വലിയൊരു തെറ്റാണോ?   തെറ്റിന്റെയും ശരിയുടെയും ഇടയിലെ നടുക്കടലില്‍ നീന്തുന്നുന്നതിനിടയില്‍ , അയാള്‍ ഉറക്കത്തിന്റെ അഗാധ കയങ്ങളിലേക്കു അറിയാതെ ആണ്ടു പോയി . നാളെ വീണ്ടും , കുട്ടികളെ സ്കൂളില്‍ എത്തിച്ചിട്ടു , മോന്റെ ആന്വല്‍ മ്യൂസിക് ഓര്‍ക്കസ്ട്രയും കഴിഞ്ഞു വേണം ഓഫീസിലേക്ക്  പോകാന്‍ എന്ന് പോലും ഓര്‍ക്കാതെ..


ഒരു പത്ര പരസ്യം (ചെറുകഥ: ശബരീനാഥ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക