Image

പരീക്ഷയില്‍ നേതാക്കളുടെ ഭാര്യമാര്‍ക്കു വന്‍ മാര്‍ക്ക്: അന്വേഷണം വേണമെന്ന്

Published on 14 December, 2019
പരീക്ഷയില്‍ നേതാക്കളുടെ ഭാര്യമാര്‍ക്കു വന്‍ മാര്‍ക്ക്: അന്വേഷണം വേണമെന്ന്
മണ്ണുത്തി: കാര്‍ഷിക സര്‍വകലാശാല സഹകരണ സംഘത്തിലെ ക്ലാസ് ഫോര്‍ നിയമനത്തിനുള്ള പരീക്ഷയില്‍ 2 സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കു വന്‍ മാര്‍ക്ക്. ബാക്കി എല്ലാവര്‍ക്കും നേര്‍ പകുതിപോലും മാര്‍ക്കില്ല. 2 പേര്‍ക്കാണു നിയമനം. 31 ഉദ്യോഗാര്‍ഥികളാണു പരീക്ഷ എഴുതിയത്. കേരള അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റി ആന്‍ഡ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി സഹകരണ സംഘത്തിലേക്കായിരുന്നു നിയമനം. ഇടതുപക്ഷ പാര്‍ട്ടി മുഖപത്രങ്ങളിലാണു നിയമന അറിയിപ്പു  വന്നത്.

പൂത്തോളിലെ സ്വകാര്യ ഏജന്‍സിയാണു പരീക്ഷയും അഭിമുഖവും നടത്തിയത്. പരീക്ഷയെഴുതിയ 31 പേരില്‍ 29 പേര്‍ക്കും പരമാവധി കിട്ടിയതു 32 മാര്‍ക്കാണെന്നു പറയുന്നു. റാങ്ക് ലിസ്റ്റില്‍ മുന്‍നിരയിലുള്ള 2 പേര്‍ക്ക് 70ഉം65ഉം മാര്‍ക്കു വീതം ലഭിച്ചു. ഒരാള്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയും മറ്റൊരാള്‍ കാര്‍ഷിക സര്‍വകലാശാലയിലെ സിപിഎം അനുകൂല സംഘടനാ നേതാവിന്റെയും ഭാര്യയുമാണ്.

സംഘത്തിന്റെ ഭരണസമിതിയില്‍ സിപിഐ പ്രതിനിധികള്‍ ഉണ്ടെങ്കിലും ജീവനക്കാരുടെ നിയമനത്തില്‍ സിപിഐയെ അവഗണിച്ചതില്‍ സിപിഐക്കും പ്രതിഷേധമുണ്ട്. കാര്‍ഷിക സര്‍വകലാശാലയിലെയും വെറ്ററിനറി സര്‍വകലാശാലയിലെയും അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതാണ്. സഹകരണ സംഘം.പട്ടികജാതി വിഭാഗക്കാരനായ ജീവനക്കാരന്‍ വിരമിച്ച തസ്തികയിലേക്കാണു പുതിയ നിയമനം നടക്കുന്നതെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇരുവരും ജനറല്‍ വിഭാഗക്കാരാണ്. ഇത്രയും മാര്‍ക്ക് ലഭിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് മറ്റ് പരീക്ഷാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക