Image

കടല്‍ ശംഖുകള്‍ (സുധക്കുട്ടി)

Published on 16 December, 2019
കടല്‍ ശംഖുകള്‍ (സുധക്കുട്ടി)
ശംഖുമുഖത്തെ കടലിന് ഇപ്പോള്‍ പഴയ ചന്തമില്ല. ക്ഷുഭിതരായ തിരമാലകള്‍ തീരമെല്ലാം കവര്‍ന്നെടുത്തിരിക്കുന്നു.

ഇടവേളയില്ലാതെ ആയാസപ്പെട്ട രാത്രിക്ക് ശേഷം കോട്ടുവായിട്ട് ആലസ്യത്തോടെ മലര്‍ന്ന് കിടന്ന് വിശ്രമിക്കുന്ന
തെരുവ് പെണ്ണിനെപ്പോലെ കടപ്പുറം അഴിഞ്ഞുലഞ്ഞ് അലങ്കോലപ്പെട്ട് ശയിക്കുന്നു.

അസ്തമയത്തിന് മുന്നേ കാര്‍മേഘങ്ങള്‍ സൂര്യനെ വിഴുങ്ങിക്കഴിഞ്ഞിരുന്നു.
മഴയായതിനാല്‍ കടലോരം വിജനമായിരുന്നു. കാറിന്റെ സ്റ്റിയറിംഗില്‍ കൈകള്‍ പിണച്ച് മഴയിലേയ്ക്ക് കുതറിത്തെറിക്കുന്ന ഇരുണ്ട കടല്‍ നോക്കി തനിച്ചിരിക്കാന്‍ നല്ല രസമാണ്..

പണ്ടും ആളും ആരവവും ഒഴിഞ്ഞിട്ടേ കടല്‍ക്കരയില്‍ എത്താറുള്ളൂ. മണല്‍പ്പരപ്പില്‍ കുഞ്ഞുങ്ങള്‍ക്ക് മതിവരുവോളം ഓടിക്കളിക്കാം..

മൗനത്തിന്റെ പുറന്തോട് ഇളക്കി മാറ്റാന്‍ മെനക്കെടാതെ എത്രനേരം വേണമെങ്കിലും കടലിനോട് പയ്യാരം പറഞ്ഞിരിക്കാം.

ആലപ്പുഴയിലെ കടപ്പുറത്തോടാണ് എനിക്ക് പ്രിയം. കടലിനരികെയുള്ള ആശുപത്രിക്കെട്ടിടത്തിലാണ് ഞാന്‍ ജനിച്ചത്. ആകെ ആറ് മുറികളേയുള്ളൂ.
മൂന്നാം നമ്പര്‍ മുറിയുടെ അടുക്കള വാതില്‍ തുറന്നാല്‍ കാറ്റാടി മരങ്ങള്‍ക്കിടയിലുടെ കടല്‍ കാണാം.
സായാഹ്നസൂര്യന്‍ ഒളി കണ്ണെറിയുന്ന നേരത്ത് , കടലാഴങ്ങളെ തഴുകിയെത്തിയ തണുത്ത കാറ്റില്‍
തെല്ലകലെ ഗുജറാത്തി സ്ട്രീറ്റിലെ ഗോസായിമഠത്തില്‍ നിന്നും സന്ധ്യാപൂജയുടെ മണിനാദം ഉയരവെ
കടലും അസ്തമന സൂര്യനും ചേര്‍ന്നാണ്
എന്റെ ജാതകക്കുറിപ്പെഴുതിയത്.

കടലിനോട് പൊക്കിള്‍ക്കൊടി ബന്ധമാണെനിക്ക്.....

കുറച്ച് കാലം മുന്‍പ് സൂര്യോദയത്തിന് മുന്‍പ് ഞാന്‍ മക്കളെയും കൂട്ടി ശംഖുമുഖത്ത് എത്താറുണ്ടായിരുന്നു..
വ്യായാമത്തിനായി ഓടാനെത്തുന്ന അപൂര്‍വം ചിലരെ മാത്രമേ ആ നേരത്ത് കാണാറുണ്ടായിരുള്ളൂ.
ആ നടപ്പാതയും കടല്‍ കൊണ്ടുപോയി.
വിഴിഞ്ഞം വികസിക്കുകയാണ്. കൊച്ചി തുറമുഖം ആലപ്പുഴയെ വിഴുങ്ങിയത് പോലെ ഒന്ന് വികസിക്കുമ്പോള്‍ പ്രാന്തപ്രദേശങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാകും. കടല്‍ അക്രമാസക്തയാകും. പൈതൃകങ്ങള്‍ പിഴുതെറിയപ്പെടും ,സ്വാഭാവികം ....

കുഞ്ഞുങ്ങള്‍ക്കൊപ്പം തിരയിലിറങ്ങി നില്‍ക്കുമ്പോള്‍ ഉള്‍ത്തിര കാല്പാദങ്ങളില്‍ എത്തിച്ചേക്കാവുന്ന ഒരസ്ഥിചീളിനായി വെറുതെ മോഹിച്ചിട്ടുണ്ട്.
അപ്പോഴൊക്കെയും ശോകാര്‍ദ്രമായ ചില പഴംപ്പാട്ടുകള്‍ തിരകളായെത്തി
കാലടികളില്‍ ഉരുമ്മാറുണ്ട്....

തിരുവല്ലത്തെ പരശുരാമക്ഷേത്രക്കടവിലെ അശുദ്ധജലത്തിലേയ്ക്ക് ഒഴുക്കിവിട്ട മണ്‍കലശത്തിന്റെ ഗതിയോര്‍ത്ത് ദു:ഖം തോന്നിയിട്ടുണ്ട്.
പാലിലും വെണ്ണയിലും, തൈരിലും, ഗോമൂത്രത്തിലും ,ജലത്തിലും ശുദ്ധി ചെയ്ത അസ്ഥിശകലങ്ങള്‍ ഒഴുക്കിവിടാന്‍ കണ്ടെത്തിയ അഴുക്കുചാല്‍ കണ്ടപ്പോള്‍ മനംപിരട്ടലാണുണ്ടായത്.
കല്പടവുകളില്‍ വഴുക്കല്‍. ബലിതര്‍പ്പണം ചെയ്യവേ കുഞ്ഞുങ്ങള്‍ തെന്നി വീണാലോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഒഴുകി മറഞ്ഞ കലശത്തിന്റെ സഞ്ചാരപഥങ്ങളില്‍ ശംഖുമുഖം പെടുമോ ?

മരണാനന്തര ചടങ്ങുകള്‍ എല്ലാം ഒഴിവാക്കണമെന്ന് ആഗ്രഹം പറഞ്ഞ ഒരാളുടെ ശേഷക്രിയകള്‍ക്കായ് ഞാന്‍ ദര്‍ഭ മോതിരമണിഞ്ഞു. അരിയും എള്ളും പൂവും വായില്‍ കൊള്ളാത്ത മന്ത്രങ്ങളും ചേര്‍ത്ത്
ഉദകക്രിയ നടത്തി. ജപമന്ത്രങ്ങള്‍ക്ക് പകരം,

എന്റെ വഴിയിലെ കൂര്‍ത്ത
നോവിനും നന്ദി ,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി ....
നീളുമീ വഴി ചുമടുതാങ്ങി തന്‍
തോളിനും വഴിക്കിണറിനും നന്ദി...

എന്ന സുഗതകുമാരിക്കവിത മനസ്സില്‍ ഉരുവിട്ടുരുവിട്ട് സ്വപ്നങ്ങളുടെ ചാരമടങ്ങിയ മണ്‍കലശത്തോട് വിട പറയുകയായിരുന്നു ഉള്ള് കൊണ്ട് ഞാന്‍ ...

നിസ്സഹായത ചിലപ്പോഴങ്ങനെയാണ്. നിലംപരിശാക്കും, അത് നമ്മളെ... ആചാരങ്ങളുമങ്ങനെയാണ് , എത്ര ഓടിയകന്നാലും കിതച്ചോടി പിന്നാലെ എത്തി ശ്വാസം മുട്ടിക്കും. ജന്മബന്ധങ്ങളും കര്‍മ ബന്ധങ്ങളും പാപമോക്ഷ ചിന്തകളും ചേര്‍ന്ന് യുക്തി എന്ന മണ്‍കുടത്തെ എറിഞ്ഞുടയ്ക്കും.....

ഇതേ കടല്‍ തീരത്ത് ഇതേ പോലൊരു കറുത്ത സന്ധ്യയില്‍ എന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങി , ഹൃദയത്തിലേയ്ക്ക് ചേര്‍ത്ത് വച്ച മറ്റൊരാള്‍...
പൂഴിമണലില്‍ ആയാസത്തോടെ തിര നനയാതെ എന്റെ കൈകളില്‍ പിടിച്ച് മെല്ലെ നടന്ന്
അങ്ങേക്കരയില്‍ അസ്തമയം തട്ടി തൂവിയ ചുവപ്പിലേയ്ക്ക് മിഴിനട്ട് ഞാനുണ്ടാകും നിനക്കൊപ്പം ഏതറ്റം വരെയും എന്ന് ഉറപ്പ് തന്ന ഒരാള്‍. എന്നിട്ടും ജീവിതം
വായിക്കാന്‍ ഞാന്‍ അണയും മുന്‍പേ
വന്‍ തിര വന്നത് മായ്ച്ചല്ലോ.....

തെല്ലകലെ നടപ്പാതയോട് ചേര്‍ത്തിട്ട തട്ടിലിരുന്ന് മൈക്ക് സെറ്റിലൂടെ അന്ധ ദമ്പതിമാര്‍ ശ്രുതിഭംഗത്തോടെ സിനിമാപ്പാട്ടുകള്‍ പാടുകയാണ്.... ആരൊക്കെയോ നാണയത്തുട്ടുകളും നോട്ടുകളും എറിഞ്ഞു കൊടുത്തിരുന്നു...

ആളൊഴിഞ്ഞ കടലോരത്ത് തണുത്ത കാറ്റ് ആഞ്ഞുവീശി. മഴയ്ക്ക് മെല്ലെ ശക്തി കൂടി.
അങ്ങു ദൂരെ ദൂരെ മത്സ്യവേട്ടയ്ക്കിറങ്ങിയ വള്ളങ്ങളില്‍ വെളിച്ചം മിന്നാമിനുങ്ങുകള്‍ പോലെ നുരഞ്ഞു പൊന്തി.
എയര്‍പോര്‍ട്ട് റോഡിലൂടെ പാഞ്ഞു വന്ന കാറിന്റെ ഹെഡ് ലെറ്റ് ഇരുട്ടിനെ കീറിമുറിച്ചു.

മഴയെ വകവയ്ക്കാതെ ബൈക്കില്‍ പറന്ന രണ്ട് ചെറുപ്പക്കാര്‍ കുറച്ചു മുന്നോട്ട് പോയി എന്തോ മറന്നിട്ടെന്നോണം വണ്ടി നിറുത്തി കാറിനുള്ളിലേക്ക് നോക്കി. ഉള്ളില്‍ പെട്ടെന്ന് ഒരു ഭയം. ഞാന്‍ കാറില്‍ വെളിച്ചമിട്ടു. തിരികെ വന്നവര്‍ പന്തികേടില്ലെന്ന് തോന്നീട്ടാവണം വണ്ടി എരപ്പിച്ച് മുന്നോട്ട് പോയി .
കാര്‍ അതിവേഗം പിന്നോട്ടെടുത്തപ്പോള്‍ ദൂരെ യെങ്ങ് നിന്നോ ഗാനമൊഴുകി വന്നു.
എവിടെ ? കല്‍മണ്ഡപത്തില്‍ നിന്നാവണം.
വിഷാദമധുരമായ് ആരോ പാടുന്നു.

നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മല്‍സഖിയെ
പരമശൂന്യതയിലെന്നെ തളളി
പറന്നുപോയൊരെന്‍ പൈങ്കിളിയെ.....

മഴയാണ്.കല്‍മണ്ഡപത്തിന് ചുറ്റും ഇരുട്ടാണ്. കേള്‍ക്കാനാരുമില്ല.
ഇരുണ്ട ആകാശവും ഇരുണ്ട ഭൂമിയും മാത്രം. തൊട്ടരികെയുള്ള ഇണയെ കാണാതെ
തീരാനോവുമായ് ചക്രവാകപക്ഷികളെപ്പോല്‍ അവര്‍ പാടുകയാണ്.
എനിക്കവരുടെ അരികിലേക്ക് പോകണമെന്നുണ്ട്...
പുലര്‍ച്ചെ മുതല്‍ എന്റെ ഒപ്പം കൂടിയ പാട്ടാണത്.
ചില ദിവസങ്ങളില്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഉണര്‍ന്നെണീക്കുമ്പോള്‍ മുതല്‍ ചില പാട്ടിന്‍ നുറുങ്ങുകള്‍ എന്നെ പിന്തുടരാറുണ്ട്.
അടുക്കളയിലും, കുളിമുറിയിലും, കിടപ്പുമുറിയിലും പ്രാഞ്ചി പ്രാഞ്ചി പാട്ടെന്റെ പുറകേ നടക്കും...
പകല്‍ കിനാവുകളില്‍ ചുണ്ടത്തും കാതോരത്തും മൂളിപ്പറക്കും...

ചക്രവാക രാഗത്തില്‍
ഇപ്പോള്‍ ആ പാട്ട് അടുത്തു കേള്‍ക്കാം.....

കടലോരത്തെ ക്ഷേത്രത്തില്‍ അത്താഴപ്പൂജ കഴിഞ്ഞ് കാല്‍ ചിലമ്പഴിച്ച്
മുടി വിതിര്‍ത്തിട്ട് ,
പാര്‍വതീ ദേവി പളളിയുറക്കത്തിലേക്ക് നടയിറങ്ങുകയായി...

ഇരുട്ടിലാണ്ട കൊട്ടാരം ചുറ്റി മുന്നോട്ട് നീങ്ങവെ മഴ ഇരമ്പിയാര്‍ത്ത് വഴി കാണാതായി..
ഇരുട്ടില്‍ കടലും ഞാനും .



Join WhatsApp News
Sudhir Panikkaveetil 2019-12-16 21:38:16
അതീവ ഹൃദ്യമായി തോന്നി. ശോകാർദ്രമെങ്കിലും 
ഓർമകളുടെ കുളിർപെയ്യുന്ന ഭൂതകാലത്തിൽ 
ഇടക്കെല്ലാം മനസ്സ് സഞ്ചരിച്ചുവന്നു. വൻതിരകൾ 
മായിച്ചു കളഞ്ഞ പ്രേമലിഖിതങ്ങൾ തെളിഞ്ഞെങ്കിലും 
വീണ്ടും ഇരുട്ട് പരന്നു. ഭയപ്പെടുത്തുന്ന 
ഭാവിയുടെ പ്രതീകമായി ബൈക്കിലെത്തുന്ന 
ചെറുപ്പക്കാർ, ഇരുളിൽ കടലും കഥാനായികയും. എല്ലാം നഷ്ടപ്പെട്ട പുറംതോടുകൾ ആണ് ശംഖുകൾ. 
എഴുത്തുകാരിക്ക് അഭിനന്ദനം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക