Image

അക്കിത്തത്തിന് അഭിവാദ്യങ്ങളുമായി ജ്വാല ഇ-മാഗസിന്‍ ഡിസംബര്‍ ലക്കം

Published on 18 December, 2019
അക്കിത്തത്തിന് അഭിവാദ്യങ്ങളുമായി ജ്വാല ഇ-മാഗസിന്‍ ഡിസംബര്‍ ലക്കം
ലണ്ടന്‍: കേരളത്തിന്റെ മണ്ണിലേക്ക് ആറാം ജ്ഞാനപീഠം പുരസ്‌കാരം എത്തിച്ച മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ സാഹിത്യപ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഡിസംബര്‍ ലക്കം പുറത്തിറങ്ങി.

ഉള്ളടക്കത്തിലെ മനോഹാരിതയും ആധികാരികതയും ഒപ്പം അവതരണത്തിലെ പ്രഫഷണലിസവും ജ്വാലയെ ലോക മലയാളികള്‍ക്ക് പ്രിയങ്കരവും യുക്മക്ക് അഭിമാനകരവും ആക്കുന്നു. ഭാഷയെക്കുറിച്ചും കവിതയെക്കുറിച്ചും മലയാളത്തിലെ ആധികാരിക ശബ്ദങ്ങളില്‍ ഒന്നായ അക്കിത്തത്തിന് ജ്ഞാനപീഠം നല്‍കിയത് വഴി ജ്ഞാനപീഠം പുരസ്‌കാരം കൂടുതല്‍ മിഴിവാര്‍ന്നതും മികവാര്‍ന്നതുമായി മാറി എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പ്രസ്താവിക്കുന്നു.

'വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം' എന്നു മലയാളിയെ പാടി പഠിപ്പിച്ച കവിയെ തേടി പുരസ്‌കാരം എത്തിയത് കൂടുതല്‍ സന്തോഷപ്രദമെന്ന് എഡിറ്റോറിയല്‍ തുടരുന്നു.ആമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് സോണിയ റഫീക് എഴുതിയ 'ആമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരന്‍' എന്ന ലേഖനം.

ജ്വാല ഇ-മാഗസിന്റെ വായനക്കാരുടെ ഇഷ്ട പംക്തിയായ സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍' തന്റെ വിദ്യാഭ്യാസകാലത്തെ ഒരു രസകരമായ അനുഭവുമായി എത്തുകയാണ് ബീഥോവന്‍ എന്ന തലക്കെട്ടില്‍ ജോര്‍ജ് അറങ്ങാശേരി. വിശുദ്ധ സഖിമാര്‍ എന്ന നോവല്‍ എഴുതിയ സഹീറ തങ്ങള്‍ തന്റെ നോവലെഴുത്ത് അനുഭവങ്ങള്‍ വിവരിക്കുന്ന എഴുത്തനുഭവങ്ങള്‍ നല്ലൊരു രചനയാണ്.

വിഖ്യാതനായ ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാര്‍ഡോ ബെര്‍ട്ടലൂച്ചിയെ കുറിച്ച് ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ ലേഖനം ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയില്‍പ്പെടുന്നു.'പൂവല്ല പൂന്തളിരല്ല' എന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്ര ഗാനത്തിന്റെ പിറവിയെക്കുറിച്ചു വളരെ രസകരമായി വിവരിക്കുകയാണ് രവി മേനോന്‍ തന്റെ ലേഖനത്തില്‍. ജ്വാല എഡിറ്റോറിയല്‍ അംഗവും ചിത്രകാരനുമായ സി.ജെ. റോയിയുടെ ചിത്രങ്ങളുടെ അകമ്പടിയോടെ എത്തുന്ന കഥകള്‍ ഓരോന്നും വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നു. കവിതകളില്‍ യു കെയിലെ മലയാളി എഴുത്തുകാരി മഞ്ജു ജേക്കബ് എഴുതിയ രണ്ടു കവിതകളും ഉള്‍പ്പെടുന്നു.യുക്മയുടെ കലാ-സാംസ്‌ക്കാരിക വിഭാഗമായ 'യുക്മ സാംസ്‌ക്കാരികവേദി' ആണു 'ജ്വാല' അണിയിച്ചൊരുക്കുന്നത്.

ജ്വാല ഇ-മാഗസിന്റെ വായനക്കാര്‍ക്ക് ക്രിസ്മസ്-പുതുവര്‍ഷാശംസകള്‍ നേരുന്നു. ഡിസംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

റിപ്പോര്‍ട്ട്: സജീഷ് ടോം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക