Image

മനുഷ്യക്കടത്ത്: മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാന്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി

Published on 18 December, 2019
മനുഷ്യക്കടത്ത്: മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാന്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി
ദുബായില്‍ ജോലി നല്‍കാമെന്ന വ്യാജേനെ ഒമാനിലേക്ക് കടത്തിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കുവാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി. മട്ടാഞ്ചേരി സ്വദേശിനിയായ അയ്ഷ ഹാസനാണ് പ്രവാസി ലീഗല്‍ സെല്‍ മുഖേനെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2018 ഡിസംബര്‍ എട്ടിന് ദുബായില്‍ ജോലി തരപ്പെടുത്തി തരാമെന്നും പ്രതിമാസം ഇരുപത്തായിരം രൂപ ശമ്പളവും നല്‍കാമെന്ന് പറഞ്ഞു സന്ദര്‍ശന വീസയില്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയെ ദുബായിലേക്ക് കൊണ്ടുപോയത്. ആദ്യം ദുബായില്‍ എത്തിച്ചെങ്കിലും പിന്നീട് റോഡ് മാര്‍ഗം ഒമാനിലെ മസ്‌കറ്റിലേക്ക് കടത്തി. പിന്നീട് അവിടെ താമസിക്കുന്ന അറബിക്ക് രണ്ടേ മുക്കാല്‍ ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ അനേഷിച്ചപ്പോഴാണ് വീട്ടമ്മ വിദേശത്തു ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുകയാണെന്ന യാഥാര്‍ഥ്യം കുടുംബാംഗങ്ങള്‍ തിരിച്ചറിയുന്നത്.

ഇതിനെതുടര്‍ന്നു വീട്ടമ്മയെ നാട്ടിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നു മാത്രമല്ല അറബിക്ക് നല്‍കിയ രണ്ടേ മുക്കാല്‍ ലക്ഷം രൂപ നല്‍കാതെ വീട്ടമ്മയെ അറബിയുടെ കൈയില്‍നിന്നും തിരികെ ലഭിക്കില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തുടര്‍ന്നു പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കക്കും വിദേശകാര്യ മന്ത്രലയത്തിനും നേരിട്ടും ഒമാനിലെ ഇന്ത്യന്‍ എംബസിക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും വീട്ടമ്മയെ നാട്ടിലെത്തിക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. കുടിയേറ്റ നിയമം അനുസരിച്ചു വിദേശത്തു കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തമുള്ള വിദേശകാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സിന്റെ ഓഫീസിലും പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിക്കാനോ വീട്ടമ്മയെ തിരികെ നാട്ടിലെത്തിക്കുവാനോ സാധിച്ചില്ല.

വീട്ടമ്മയെ വിദേശത്തേക്ക് കടത്തിയവര്‍ക്കെതിരെ എറണാകുളം പോലീസ് സുപ്രണ്ടിന് പരാതി നല്‍കുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും വേണ്ട നടപടികള്‍ ഉണ്ടായില്ല.

തുടര്‍ന്നു പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി ജഡ്ജി പി.ബി. സുരേഷ് കുമാര്‍ അടിയന്തരമായി മറുപടി നല്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു വര്‍ഷമായിട്ടും മനുഷ്യക്കടത്തിന് ഇരയായ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതു നിലവിലുള്ള സംവിധാനങ്ങളായ വിദേശകാര്യ മന്ത്രലയത്തിന്റേയും പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ് ഓഫീസിന്റേയും ഒമാനുള്ള ഇന്ത്യന്‍ എംബസിയുടെയും അനാസ്ഥയാണെന്നു പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു കുറ്റപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക