Image

ഡി.രാജ ഉള്‍പ്പടെയുള്ള ഇടതുപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ശക്തമായി പ്രതിഷേധിയ്ക്കുക : നവയുഗം.

Published on 19 December, 2019
ഡി.രാജ ഉള്‍പ്പടെയുള്ള ഇടതുപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ശക്തമായി പ്രതിഷേധിയ്ക്കുക : നവയുഗം.
ദമ്മാം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ  സമരത്തില്‍ പങ്കെടുത്ത  സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, ആനി രാജ, ബ്രിന്ദ കാരാട്ട്, നിലോപ്തല്‍ ബസു, പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ എന്നിവരുടെ അറസ്റ്റില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ തകര്‍ത്തു കൊണ്ട്, പൗരത്വത്തിന് മതം മാത്രം മാനദണ്ഡമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹീനമായ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം പടരുകയാണ്. പാര്‍ലമെന്റില്‍ ഇടതുപക്ഷ കക്ഷികള്‍ അടക്കമുള്ള മതേതര ജനാധിപത്യപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഈ നിയമത്തെ എതിര്‍ത്തതാണ്. എന്നിട്ടും ഭരണകക്ഷിയുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ബില്‍ പാസ്സാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. അതിനാല്‍ ആ നിയമത്തെ കോടതികളില്‍ നിയമപരമായി നേരിടുന്നതിനൊപ്പം, രാജ്യത്തിന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്തു നേരിടുകയും ചെയ്യുകയാണ് ഇടതുപക്ഷപാര്‍ട്ടികള്‍ ചെയ്യുന്നത്. രാജ്യത്തിന്റെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചു യുവജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ഇടതുപക്ഷം നല്‍കുന്നത്. ജാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ക്രൂരമായ പോലീസ് നടപടിയ്‌ക്കെതിരെ ഡല്‍ഹിയിലെ പോലീസ് കമ്മീഷണറുടെ ഓഫിസില്‍ നടന്ന വിദ്യാര്‍ത്ഥി ഉപരോധ സമരത്തില്‍, അര്‍ദ്ധരാത്രിയിലും സജീവമായി പങ്കെടുത്ത ഡി.രാജയുടെ ദ്രിശ്യങ്ങള്‍ ഇന്ത്യ കണ്ടതാണ്.

പ്രതിഷേധിയ്ക്കാനുള്ള പൗരന്റെ അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. അതിനെ പോലീസിനെയും, പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നത് ഭരണാധികാരികളുടെ വ്യാമോഹം മാത്രമാണ്. പോലീസ് മര്‍ദ്ദനം അഴിച്ചു വിറ്റും, അറസ്റ്റു ചെയ്തും, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ധാക്കിയും ഈ ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മോഡി സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, ഇടതുപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും നാളെ (ഡിസംബര്‍ 20 വെള്ളിയാഴ്ച) വൈകുന്നേരം അല്‍ കോബാര്‍ റഫ ഹാളില്‍ പ്രതിഷേധയോഗം സംഘടിപ്പിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

ഡി.രാജ ഉള്‍പ്പടെയുള്ള ഇടതുപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ശക്തമായി പ്രതിഷേധിയ്ക്കുക : നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക