Image

(അ)മെന്‍ഡിംഗ് ഇന്ത്യ? ഇന്ത്യ പുനസൃഷ്ടിക്കപ്പെടുകയാണോ? ( (മാമ്മന്‍ സി.മാത്യു)

Published on 19 December, 2019
(അ)മെന്‍ഡിംഗ് ഇന്ത്യ? ഇന്ത്യ പുനസൃഷ്ടിക്കപ്പെടുകയാണോ? ( (മാമ്മന്‍ സി.മാത്യു)
(ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയില്‍ ഡിസംബര്‍ 15നു അവതരിപ്പിച്ച ചര്‍ച്ചാവിഷയം )

ഇന്ത്യ എങ്ങനെയാണു രൂപീകരിക്കപ്പെട്ടത് ? ഇന്ന് നാം കാണുന്ന ഇന്ത്യ ബ്രിട്ടീഷ് സാമ്രാജത്വവാഴ്ച്ചയില്‍ നിന്ന് മുക്തയായി സര്‍വ്വസ്വതന്ത്രയായി
വന്ന ഒരു രാജ്യമാണോ?

1947 ഫെബ്രുവരി 20നു ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ് പ്രകാരം 47 ആഗസ്റ്റില്‍ രൂപീകരിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണു ഇന്ത്യ. അതിനു മുന്‍പ് ഇന്ത്യയല്ല, 584 നാട്ടു രാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു ഈ ഭൂപ്രദേശം. ഇന്നത്തെ പാക്കിസ്ഥാനും ബംഗ്ലാദേശും ഈ ഭൂപ്രദേശത്തിന്റെ സംസ്‌കാരത്തിന്റ് ഭാഗമായിരുന്നു. 47 നു ശേഷം ഇന്ത്യന്‍ യൂണീയനില്‍ ചേര്‍ന്ന നാട്ട് രാജ്യങ്ങളെ ചേര്‍ത്ത് നാം ഒരു ഭരണഘടനയ്ക്ക് കീഴില്‍ രൂപഘടന ചെയ്‌തെടുത്ത, 'constitute' ചെയ്ത രാജ്യമാണു നാം ഇന്ന് കാണുന്ന ഇന്ത്യ. ഇവിടെ ചരിത്രപരമായ ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.

1947ല്‍ ഓരോ നാട്ട് രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ യൂണീയനിലോ, പാക്കിസ്ഥാനിലോ അല്ലെങ്കില്‍ ഒരു സ്വതന്ത്ര രാഷ്ട്രമായോ നിലനില്‍ക്കാന്‍ അവസരം നല്‍കുന്നതായിരുന്നു വിഭജനവ്യവസ്ഥ. നാട്ട് രാജ്യങ്ങള്‍ ഓരോന്നായി instrumetn of accession നിയമവ്യവസ്ഥ പ്രകാരം ഇന്ത്യയോടോ പാക്കിസ്ഥാനോടോ ചേര്‍ക്കുകയായിരുന്നു. അതതു നാട്ട് രാജത്തെ രാജാവ് ജനഹിതം മനസ്സിലാക്കി ഈ തീരുമാനം എടുക്കണം എന്നായിരുന്നു വ്യവസ്ഥ. ഏതെങ്കിലും നാട്ട്രാജ്യത്ത് ഇതു സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ഹിതപരിശോധന (plebiscite) നടത്തി ഇതിനു തീര്‍പ്പുണ്ടാക്കുകയായിരുന്നു.
സര്‍ദ്ദാര്‍ പട്ടേലും നെഹറുവും വി പി മേനോനും മറ്റും ഈ നാട്ട് രാജ്യങ്ങള്‍ ഓരൊന്നുമായി ചര്‍ച്ച നടത്തി അവരെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുകയായിരുന്നു. ഇങ്ങനെ കരാറില്‍ ഏര്‍പ്പെട്ട രാജാക്കന്മാര്‍ക്കും അവരുടെ അനന്തരാവകാശികള്‍ക്കും ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കള്‍ 291 പ്രകാരം 'privy purse' എന്ന ഒരു നിശ്ചിത തുക പകരമായി നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് 1971 ല്‍ ഇത് 26th അമെന്‍ഡ്മന്റ് ഉണ്ടാകും വരെ ഈ തുക നല്‍കി പോന്നിരുന്നു. ഇത്തരം പല വ്യവസ്ഥകളേയും അംഗീകരിച്ചു നല്‍കിയതിനെ സംബ്ന്ധിച്ച് 1950ല്‍ തര്‍ക്കമുണ്ടായിരുന്നു. 1947ലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണം നാം ഉണ്ടാക്കിയ സ്ട്രാറ്റിജിക്ക് കരാറുകളെ വിമര്‍ശ്ശിക്കാന്‍ എന്ന് സര്‍ദ്ദാര്‍ പട്ടേല്‍ പറയുന്നതും ചരിത്ര രേഖയാണു. ഇന്ന് പട്ടേലിന്റെ അറിവില്ലാതെ നെഹ്രു എടുത്ത തീരുമാനമാണു വിഭജ്‌നത്തില്‍ കലാശിച്ചത് എന്ന ആരോപണം ചരിത്രത്തില്‍ നിന്നും സര്‍ദാര്‍ പട്ടേലിനെ അടര്‍ത്തിമാറ്റി തനിക്കാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു.

ഗുജറാത്തിലുള്ള ജുനാദത്ത് എന്ന നാട്ടു രാജ്യത്തെ നവാബ് മുഹമ്മദ് മഹാബത്ത് കാഞ്ചി III പാക്കിസ്ഥാന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനം എടുത്തിരുന്നു. മുഹമ്മദലി ജിന്നയുടെ ബന്ധു കൂടിയായ ജുനാദത്ത് വൈസ്രൊയിയുടെ സ്വാധീനവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ആ നാട്ടിലെ ഹിന്ദുക്കള്‍ ഈ തീരുമാനത്തിനെതിരെ സമരമുഖത്ത് എത്തി. 1948 ഫെബ്രുവരി 20നു ഈ പ്രദേശത്ത് ജനഹിത പരിശോധന നടത്തുകയും 99 ശതമാനം ജനങ്ങളുടെ പിന്തുണയോടെ ഈ പ്രദേശം ഇന്ത്യ്ന്‍ യൂണിയനില്‍ ചേര്‍ക്കപ്പെടുകയും ആയിരുന്നു.
ഇന്ത്യയില്‍ അടുത്തകാലത്ത് നിയമപരമായി ഉണ്ടായ ചില മാറ്റങ്ങള്‍ നമുക്ക് പരിശോധിക്കാം.

ജമ്മു കാശ്മീര്‍ വിഭജനം:

1947ല്‍ ജമ്മു കാശ്മീര്‍ പ്രദേശം ഒരു സ്വതന്ത്രരാഷ്ട്രമായി നിലകൊള്ളാനാണു ശ്രമിച്ചിരുന്നത്. 1947 ഒക്ടോബര്‍ മാസം പാക്കിസ്ഥാനിലെ ഒരു ട്രബല്‍ വിഭാഗമായ പത്താനികള്‍ കാശ്മീര്‍ ആക്രമിച്ചു. ഈ രാജ്യത്തെ രാജാവായ King Hari Singh ഇന്ത്യന്‍ യുണിയനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇന്ത്യന്‍ യൂണിയനുമായി നടന്ന ചര്‍ച്ചയില്‍ കാശ്മീര്‍ രാജാവായ ഹരി സിംഗ് ഇന്ത്യന്‍ യൂണിയനുമായി അക്‌സഷന്‍ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. ദേശത്ത് ഹിതപരിശോധന പിന്നീട് നടത്താം എന്നായിരുന്നു കരാര്‍ വ്യവസ്ഥ. ഒക്ടോബര്‍ 26 1947 നു പുറത്തിറങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം ഒന്നാം പേജ് 'Kashmir accedes to India' എന്ന വാര്‍ത്ത നല്‍കുമ്പ്‌പോള്‍ തൊട്ടു താഴെ 'Plebiscite soon on ruler's decision' എന്നായിരുന്നു തലക്കെട്ട് നല്‍കിയത്.

ഇന്ത്യന്‍ പട്ടാളക്കാര്‍ എത്തും മുന്‍പ് ആ പ്രദേശത്തെ ജനത നടത്തിയ ധീരമായ ചെറുത്തു നില്‍പ്പിനെ പറ്റി വി പി മേനോന്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. History of operations in Jammu and Kashmir 1947- 48 എന്ന മിനിസ്റ്ററി ഓഫ് ഡിഫ്ന്‍സ് പുറത്തിറക്കിയ മറ്റൊരു പുസ്തകത്തില്‍ ഇന്ത്യന്‍ പട്ടാളം എത്തും മുന്‍പ് ഷെയ്ക്ക് അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണ്‍ല്‍ കോണ്‍ഫ്രന്‍സ് സംഘടന നാഷണല്‍ കോണ്‍ഫ്രന്‍സ് പീസ് ബ്രിഗേഡ് എന്ന സംഘമായി ദേശഭക്തി ഗാനങ്ങള്‍ പാടി കാശ്മീരില്‍ റുട്ട് മാര്‍ച്ച് നടത്തിയിരുന്നതായ് പ്രതിപാദിക്കുന്നു.
കശ്മീര്‍ അക്‌സഷന്‍ ഇന്ത്യയ്ക്ക് നല്‍കിയത് ഒരു സെക്കുലര്‍ മുഖമാണു. അതു കൊണ്ട് തന്നെ അപ്രതിക്ഷിതമായി നമുക്ക് ലഭിച്ച ഈ അക്‌സഷന്‍ നെഹറും ഗാന്ധിജിയും പട്ടേലും ഏറെ വിലമതിച്ചിരുന്നു. ഇന്ത്യയ്ക്ക് ഒപ്പം നിലകൊണ്ട ഒരു ജനതയോട് ഇന്ന് നാം തിരികെ നല്‍കുന്നത് എന്താണു എന്നും ഇതേ ഷെയ്ക്ക് അബ്ദുള്ളയുടെ ചെറുമകന്‍, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെയും മറ്റും മാസങ്ങളായി വീട്ട് തടങ്കലില്‍ ആക്കി വെച്ചിരിക്കുകയുമാണു എന്ന് ഓര്‍ക്കുക.

Defense, external affairs, communication എന്നീ മൂന്ന് വിഷയങ്ങള്‍ നിലനിര്‍ത്തിയാണു എല്ലാ നാട്ട് രാജ്യങ്ങളും അക്‌സഷന്‍ കരാറില്‍ ഏര്‍പ്പെട്ടത്. മറ്റ് എല്ലാ വിഷയങ്ങളിലും ഇന്ത്യന്‍ യൂണിയന്‍ തീരുമാനം ബാധകമാകണമെങ്കില്‍ അതതു പ്രദേശത്തെ കോണ്‍സ്റ്റുറ്റുവന്റ് അസംബളി അംഗീകരിക്കണം എന്നാണു വ്യവ്സ്ഥ. ഇവ മൂന്ന് വിഭാഗമായി തരം തിരിച്ചിട്ടുണ്ട്.
യൂണിയന്‍ ലിസ്റ്റ് (ഉദാ: ഇന്‍കം ടാക്‌സ് ), സ്റ്റേറ്റ്
ലിസ്റ്റ് (ഉദാ: സംസ്ഥാന ആഭ്യന്തരം),
കണ്‍കറെന്റ് ലിസ്റ്റ് ( ഉദാ:വിദ്യാഭ്യാസം).

ഇത് ഓരോ സംസ്ഥാനങ്ങളും പിന്നീട ്അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ സംസ്ഥാനം ആര്‍ട്ടിക്കള്‍ 370 പ്രകാരം ചേര്‍ക്കപ്പെട്ട സംസ്ഥാനമാണു. അതായത് മേല്‍ പറഞ്ഞ Defense, external affairs, communication എന്നീ മൂന്ന് വിഷയങ്ങള്‍ ഒഴികെയുള്ള വിഷയങ്ങള്‍ സംസ്ഥാന കോണ്‍സ്റ്റുറ്റിയുവന്റ് അസ്ംബളി ആണു തീരുമാനിക്കേണ്ടത്. എന്നാല്‍ നാള്‍ ഇതു വരെ പലപ്പോഴായി ഉണ്ടായ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പ്രകാരം യൂണീയന്‍ ലിസ്റ്റിലെ 97ല്‍ മഹാഭൂരിപക്ഷവും ജമ്മു കാശ്മീരിനും ബാധകമാക്കിയിട്ടുണ്ട്. ഇത് നെഹറു സര്‍ക്കാരിന്റെ ഭരണകാലം മുതല്‍ വളരെ സ്റ്റാറ്റിജിക്ക് ആയി എടുത്ത തീരുമാനം ആണൂ. ചുരുക്കത്തില്‍ കാശ്മീരിനെ സംബന്ധിച്ച് ആര്‍ട്ടക്കിള്‍ 370 എന്നത് ഓര്‍ണമെന്റലായി നിലനിര്‍ത്തുകയും ജമ്മു ആന്‍ഡ് കാശ്മീര്‍ സംസ്ഥാനത്തെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്ത് നിര്‍ത്തുന്നതുമായിരുന്നു. ഇപ്പോഴുള്ള നടപടി ഫലത്തില്‍ ഈ ചേര്‍ത്ത് വയ്ക്കലിനെ ദുര്‍ബലപ്പെടുത്തുകയാണു ചെയ്യുന്നത്. ജനാധിപത്യ പ്രക്രീയയില്‍ ഭാഗമായി ഘട്ടം ഘട്ടമായി നമ്മോട് ചേര്‍ന്ന് നിന്ന ഒരു ജനതയെ ആട്ടി പായിക്കുന്നത് ഇന്ത്യയുടെ സെക്കുലര്‍ ക്രിഡന്‍ഷ്യല്‍സ് ഇല്ലാതാക്കാന്‍ വേണ്ടിയാണോ എന്ന് സംശയിക്കത്തക്ക നടപടിയാണു.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 2 പ്രകാരം സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് അവിടെയുള്ള ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണു. ഒരേ വാര്‍ഡില്‍ നിന്നും പഞ്ചായത്തംഗവും എം എല്‍ എയും എം പി യും ഉള്ളത് ആ പ്രദേശത്തെ താല്‍പര്യങ്ങള്‍ അവര്‍ പ്രതിനിധീകരിക്കുന്ന സഭയില്‍ റിലേറ്റീവ് ആയി സംരക്ഷിക്കപ്പെടാനാണു. കാശ്മീരിനെ സംബന്ധിച്ച് അവരെ ബാധിക്കുന്ന വിഷയങ്ങള്‍ സംസ്ഥാന കോണ്‍സ്റ്റിറ്റുവെന്റ് അസംബളിയാണു തീരുമാനിക്കേണ്ടത്. ആ സഭ പിരിച്ചു വിട്ട ശേഷം, ആ സഭ നിലവില്‍ ഇല്ലാത്തതു കാരണം ആ സംസ്ഥാനത്തെ തന്നെ വിഭജ്ജിക്കുവാനുള്ള തീരുമാനം മറ്റൊരു ഭരണഘടനാ സ്ഥാപനം കൈക്കൊള്ളുന്ന ഗീബല്‍സിയന്‍ നടപടിയാണു കാശ്മീരില്‍ ഉണ്ടായത്.

എം പി മാരോട് ചര്‍ച്ച ചെയ്യാതെ ക്യാബിനറ്റ് അംഗീകാരമോ അറിവോ ഇല്ലാതെ എങ്ങനെയാണു പ്രസിഡന്റിനോട് ഈ ആവശ്യം ഏകപക്ഷീയമായി ഉന്നയിക്കുന്നത് ?
ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാല്‍ ഒരു കാവല്‍ മന്ത്രിസഭ പല തീരുമാനങ്ങളും കൈക്കൊള്ളാന്‍ പാടില്ല എന്ന് പറയുന്നത്, അതിനു അവര്‍ക്ക് കഴിവില്ലാത്തതു കൊണ്ടല്ല, അവര്‍ ഒരു പ്രൊബേഷന്‍ മന്ത്രിസഭയായത് കൊണ്ടാണു. അത്രയും സൂക്ഷ്മമായി ജനാധിപത്യ മര്യാദകള്‍ സംരക്ഷിക്കപ്പെടുന്ന ഒരു നാട്ടിലാണു ഈ അട്ടിമറി ഉണ്ടാവുന്നത്.
ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ ജനാധിപത്യ വ്യവസ്ഥിതിയെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കളിപ്പാവ ആക്കുകയാണു. മഹാരാഷ്ട്രയില്‍ നടന്ന നാടകവും ഇതു തന്നെയാണു സൂചിപ്പിക്കുന്നത്.തങ്ങള്‍ക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ രാജ്യത്തെ പ്രസിഡന്റിനേയും സംസ്ഥാന ഗവര്‍ണ്ണറേയും കിടക്കപ്പായില്‍ നിന്ന് വിളിച്ച് ഉണര്‍ത്തി ഇവിടെ ഒന്ന് ഒപ്പ് വെച്ചേരെ എന്ന് ആവശ്യപ്പെടുന്ന നിലയിലേക്ക് ഇന്ത്യന്‍ ജനാധിപത്യം മാറിക്കൂടാ. ചുരുക്കത്തില്‍ ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ അവകാശങ്ങള്‍ കവര്‍ന്നെടുത്തും ഭരണഘടനാപരമായി ജമ്മു കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ നിലനിര്‍ത്തുന്ന വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയും ഇന്ത്യയുടെ സെക്കുലര്‍ മുഖം വികൃതമാക്കിയുമാണു കാശ്മീര്‍ വിഭജിക്കപ്പെട്ടത്.

NRC & CAA പൗരത്വ ഭേദഗതി ബില്ല്:

'' I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth. I am proud to tell you that we have gathered in our bosom the purest remnant of the Israelites, who came to Southern India and took refuge with us in the very year in which their holy temple was shat¬tered to pieces by Roman tyranny.' - സ്വാമി വിവേകാന്ദന്‍ ഷിക്കാഗോ സമ്മേളനത്തില്‍ 1893ല്‍ പറഞ്ഞ വാക്കുകളാണത്. ആസമില്‍ തുടങ്ങി വെച്ച പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലായി അവതരിപ്പിക്കപ്പെട്ടു.

ആസമില്‍ പൗരത്വ രജിസ്റ്ററില്‍ പുറത്താക്കപ്പെട്ട 1.9 മില്ല്യന്‍ ജനതയില്‍ 1.2 മില്ല്യന്‍ ഹിന്ദുക്കളാണു എന്ന് സുപ്രീം കോടതി കണക്കുകള്‍ വ്യ്ക്തമാക്കിയിരുന്നു. പുലിവാല്‍ പിടിച്ച ബിജെപി സര്‍ക്കാര്‍ അപ്പോഴാണു
വിവേചനപൂര്‍വ്വമായ പുതിയ ബില്ലുമായി രംഗത്തു വന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയ ഹിന്ദു, ബുദ്ധ, ജയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മൈനോറിറ്റികളെ പൗരത്വം നല്‍കി സഹായിക്കാന്‍ ബില്ല് അവതരിപ്പിച്ച് പാസാക്കി. കൂട്ടത്തില്‍ ചിലതിനെ മതപരമായി പെറുക്കി എടുക്കുന്നത് ഇതില്‍ പെടാത്ത മുസ്ലീം വിഭാഗത്തിലുള്ളവരെ തള്ളികളയാനാണ എന്ന് വ്യക്തം. പാക്കിസ്ഥാനില്‍ മുസ്ലീം വിഭാഗത്തിലെ മൈനോറിറ്റികളായ അഹമ്മദീയര്‍ എന്ന വിഭാഗം പാക്ക് സര്‍ക്കാര്‍ ഭരണഘടന അമെന്മെറ്റിലൂടെ അമുസ്ലീം എന്ന് പ്രഖ്യാപിച്ച, വേട്ടയാടപ്പെടുന്ന വിഭാഗമാണു. ഇവര്‍ ഇന്ത്യയിലെ പഞ്ചാബില്‍ നിന്ന് ഉല്‍ഭവിച്ച ഒരു കുട്ടരാണു. ന്യൂനപക്ഷങ്ങളെ സഹായിക്കാനെന്ന് അവകാശപ്പെടുന്ന ബില്ലില്‍ അഹമ്മദീസിനു സ്ഥാനമില്ല. ഇവര്‍ക്ക് മറ്റു മുസ്ലീം രാജ്യങ്ങളില്‍ പോകാം എന്ന് വിചിത്രവാദമാണു നാം പറഞ്ഞ് കേള്‍ക്കുന്നത്. ബുദ്ധ രാജ്യങ്ങളായ ശ്രീലങ്കയിലും ബൂട്ടാനിലും നാം ലിസ്റ്റില്‍പെടുത്തിയ മൂന്ന് രാജ്യങ്ങളിലെ ബുദ്ധമതക്കാര്‍ ചേക്കേറികൊള്ളട്ടെ എന്ന് ഇവര്‍ കരുതുന്നില്ല. ഈ രണ്ട് രാജ്യങ്ങളിലേയും പീഡനം അനുഭവിക്കുന്ന ക്രിസ്ത്യ്ന്‍ മൈനോറിറ്റികളെ നാം സംരക്ഷിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഭൂപ്രദേശത്ത് നിന്ന് പിരിഞ്ഞു പോയതല്ലാത്ത അഫ്ഗാനിസ്ഥാനിലെ ചില വിഭാഗങ്ങളെ പട്ടികയില്‍ പെടുത്തി. ഇങ്ങനെ വളരെ വിവേചനപൂര്‍വ്വമായി അവതരിപ്പിക്കുന്ന ഈ ബില്ലിന്റെ അന്തസത്ത പുറന്തള്ളല്‍ അല്ലെന്ന് ആണയിടുന്ന അതേ ശ്വാസത്തില്‍ തങ്ങള്‍ക്ക് അനഭിമതാരേക്കാവുന്ന മറ്റൊരു വിഭാഗത്തിന്റെ പൗരത്വ പുറത്താക്കല്‍
നടപടി കൂടി പാസാക്കിയിട്ടുണ്ട്. (OCI)വിദേശ ഇന്ത്യാക്കാര്‍ ചെറുതോ വലുതോ ആയ നിയമലംഘനം നടത്തിയാല്‍ അവരുടെ പൗരത്വം റദ്ദാക്കും എന്നാണു പുതിയ നിയമം.

ഇന്ത്യയില്‍ 1971നു ശേഷം കുടിയേറിയ, അതായത് 48 വര്‍ഷം ഇന്ത്യയില്‍ ജീവിച്ച മുസ്ലീംകള്‍ക്ക് വരെ ഈ നടപടി മൂലം പൗരത്വം നിഷേധിക്കപ്പെടും. ഇവരെ നാം എന്തു ചെയ്യാനാണു ഉദ്ദേശ്ശിക്കുന്നത് ? തിരിച്ചയക്കാന്‍ ആവില്ല. ഇവിടെയാണു ഇതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നാം പരിശോധിക്കേണ്ടത്.

'We or our nationhood defined' എന്ന പുസ്തകത്തില് ആര്.എസ്.എസ് സൈദ്ധാകനായ ഗോള്വാള്ക്കര് ഹിന്ദുത്വത്തെക്കുറിച്ച് സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട് - 'പഴയ രാജ്യങ്ങള് എങ്ങനെയാണ് അവരുടെ ന്യൂനപക്ഷ പ്രശ്‌നങ്ങള് പരിഹരിച്ചതെന്ന് നാം ഓര്ത്തിരിക്കേണ്ടതാണ്. അവര് തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയില് ഏതെങ്കിലും വ്യത്യസ്ത വിഭാഗങ്ങളെ ഏറ്റെടുക്കുന്നില്ല. കുടിയേറ്റക്കാര് ജനസംഖ്യയിലെ മുഖ്യ ജനസഞ്ചയമായ 'ദേശീയ വംശവുമായി' സ്വാഭാവികമായി ഉള്‌ച്ചേരുകയാണ് വേണ്ടത്, ദേശീയ വംശത്തിന്റെ സംസ്‌കാരവും ഭാഷയും ദത്തെടുത്തും അഭിലാഷങ്ങള് പങ്കുവെച്ചും, തങ്ങളുടെ ഭിന്ന അസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യം ഉപേക്ഷിച്ചും അവരുടെ വിദേശജന്മം മറന്നും. അവര് അങ്ങനെ ചെയ്തില്ലെങ്കില് ദേശത്തെ എല്ലാ നിയമങ്ങളും സമ്പ്രദായങ്ങള്ക്കും വിധേയരായി ദേശത്തിന്റെ സഹനത്തെ ആശ്രയിച്ച്, പ്രത്യേക സംരക്ഷണത്തിന് അര്ഹതയില്ലാതെ, ഏതെങ്കിലും തരത്തിലുള്ള മുന്ഗണനയോ അവകാശങ്ങളോ തീരെയില്ലാതെ വെറും അന്യരായി ജീവിക്കും.
അന്യ വിഭാഗക്കാര്ക്ക് മുന്നില് രണ്ട് മാര്ഗ്ഗങ്ങള് മാത്രമാണുള്ളത്. ദേശീയ വംശത്തോട് ചേരുകയും അതിന്റെ സംസ്‌കാരം ദത്തെടുക്കുകയും ചെയ്യുക. അല്ലെങ്കില് ദേശീയ വംശം അനുവദിക്കുന്നിടത്തോളം കാലം അവരുടെ കരുണയില് കഴിയുക, എന്നിട്ട് ദേശീയവംശത്തിന്റെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് രാജ്യം വിട്ടുപോകുക. ഇത് മാത്രമാണ് ന്യൂനപക്ഷവിഭാഗങ്ങള് മൂലമുള്ള പ്രശ്‌നത്തിലെ ശാശ്വതമായ ദര്ശനം. അത് മാത്രമാണ് യുക്തിപരവും കൃത്യവുമായ ഏക പരിഹാരം. അത് മാത്രമാണ് ദേശീയ ജീവിതത്തെ അസ്വാരസ്യങ്ങളില്ലാതെ ആരോഗ്യകരമായി നിലനിര്ത്തുന്നത്. രാഷ്ട്രീയ ദേഹത്ത് അര്ബുദം വളര്ന്നുവരാതെ, ഒരു രാജ്യത്തിനകത്ത് മറ്റൊരു രാജ്യം സൃഷ്ടിക്കപ്പെടാതെ ഒരു ദേശത്തെ സുരക്ഷിതമായി നിലനിര്ത്തുന്നതും അത് മാത്രമാണ്. വിവേകമുളള, പഴയ രാജ്യങ്ങളുടെ അനുഭവത്തിലൂടെ പ്രമാണീകരിക്കപ്പെട്ട ഈ വീക്ഷണകോണില് നിന്ന് നോക്കുമ്പോള് ഹിന്ദുസ്ഥാനിലെ അന്യ വംശജര് ഹിന്ദു സംസ്‌കാരവും ഭാഷയുമാണ് ദത്തെടുക്കേണ്ടത്, ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരവോടെ മുറുകെ പിടിക്കാനും അവര് പഠിക്കണം, ഹിന്ദു രാഷ്ട്രത്തിലെ ഹിന്ദു വംശത്തേയും സംസ്‌കാരത്തേയും മഹത്വപ്പെടുത്തല് അല്ലാതെ മറ്റൊരു ആശയത്തേയും പ്രോത്സാഹിപ്പിക്കാന് പാടില്ല. ഹിന്ദു വംശത്തില് ലയിക്കാന് അവര് തങ്ങളുടെ ഭിന്ന അസ്തിത്വം നിര്ബന്ധമായും ഉപേക്ഷിക്കണം. അല്ലാത്ത പക്ഷം, ഹിന്ദു രാഷ്ട്രത്തിന് പൂര്ണ്ണമായും വിധേയപ്പെട്ട്, ഒന്നും അവകാശപ്പെടാതെ, യാതൊരു പരിഗണനകളും അര്ഹിക്കാതെ, ഒരു മുന്ഗണനാ പരിചരണങ്ങളും ലഭിക്കാതെ, പൗരന്മാര്ക്കുള്ള അവകാശങ്ങള് പോലും ഇല്ലാതെ രാജ്യത്ത് തുടരാം. അവര്ക്ക് മറ്റൊരു മാര്ഗവും സ്വീകരിക്കാന് കഴിയുന്ന അവസ്ഥയുണ്ടാകരുത്. നാം ഒരു പുരാതന രാജ്യമാണ്. പഴയ രാജ്യങ്ങള് കൈകാര്യം ചെയ്യുന്നതുപോലെയും ചെയ്യേണ്ടതുപോലെയും നമ്മുടെ രാജ്യത്ത് ജീവിക്കാന് തീരുമാനിച്ച അന്യവംശജരെ കൈകാര്യം ചെയ്യാം.'' (പേജുകള് 47-48)
പൗരത്വം നിഷേധിക്കപ്പെട്ട, അവകാശങ്ങള്‍ ഒന്നുമില്ലാത്ത മതപരമായി തരം തിരിക്കപ്പെട്ട രണ്ടാം തരക്കാരെ സൃഷ്ടിക്കൂകയാണു നാം.
ആസമിലെ ഗോള്‍പാരാ ജില്ലയില്‍ ഇന്ത്യയിലെ ആദ്യത്തെ ഡിറ്റന്‍ഷ്യന്‍ ക്യാമ്പ് പണിയപ്പെടുകയാണു. 2.8 ലക്ഷം ചതുരശ്ര അടി ഡിറ്റ്ന്‍ഷന്‍ വില്ലേജ് പണിത് മുസ്ലീം മതത്തില്‍ പെട്ട മനുഷ്യരെ അടയ്ക്കുമ്പോള്‍ സ്വാമി വിവേകാന്ദന്‍ അഭിമാനമായി കണ്ട, നാം ശീലിച്ച പങ്കുവെയ്ക്കലില്‍ നിന്ന് വെറുപ്പിന്റെ, വേര്‍തിരിവിന്റെ മറ്റൊരു ഇന്ത്യ കൂടി സൃഷ്ടിക്കപ്പെടുകയാണോ?
ഓര്‍മ്മിക്കുക - ഇന്ന് നീ ... നാളെ ഞാന്‍ !

മുത്തലാക് അമെന്‍ഡ്മന്റ് ബില്‍:

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ബില്ലാണു മുത്തലാക്ക് ബില്‍. ധാര്‍മ്മികമായി ഇതിനെ പിന്തുണയ്ക്കുന്നവര്‍ പോലും ചൂണ്ടികാണിക്കുന്ന ഒരു വിവേചന വിഷയമുണ്ട്. മുസ്ലീം വിഭാഗത്തില്‍ മൂന്ന് ആവര്‍ത്തി ഉറക്കെ പറഞ്ഞ് ഭാര്യയെ ഉപേക്ഷിക്കുന്നത് മൂന്ന് വര്‍ഷം തടവിനു ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണു. അങ്ങനെ എങ്കില്‍, അമുസ്ലീം ആയ ഒരാള്‍ ഒന്നും മൊഴിയാതെ ഭാര്യയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടതല്ലേ ?
പറഞ്ഞിട്ട് പോകുന്നതിനെക്കാള്‍ കുറ്റം പറയാതെ പോകുന്നത് അല്ലേ ? ഇവിടെ പറഞ്ഞതോ മൂന്ന് വട്ടം മൊഴിഞ്ഞതോ അല്ല വിഷയം. ഭാര്യയെ ഉപേക്ഷിച്ച തെറ്റ് ചെയ്യുന്ന രണ്ട് മതവിഭാഗക്കാര്‍ക്ക് രണ്ട് നീതി നിയപരമായി അനുശാസിക്കുന്നത് പച്ചയായ വിവേചനമല്ലേ ? ചിന്തിക്കുക !

വിവരാവകാശ ഭേദഗതി ബില്‍:

രാജ്യം വളരെ ആവേശത്തോടെ സ്വീകരിച്ച നിയമമാണു Right to Information Act എന്ന വിവരാവകാശ നിയമം. ഇന്ത്യന്‍ എംബസികള്‍ക്കു പോലും ബാധകമാകുന്നതാണു ഈ നിയമം
എന്നത് നാം അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
എന്നാല്‍ അടുത്ത കാലത്ത് നിലവില്‍ വന്ന അമെന്‍ഡ്മന്റ് ഈ നിയമത്തെ വളരെ ദുര്‍ബലപ്പെടുത്തുന്നതാണു. വിവരവകാശ കമ്മീഷനുമാരുടെ കാലാവധി 6 വര്‍ഷം എന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനു വിവരവകാശ കമ്മീഷനുമാരുടെ കാലാവധിയും ശംബളവും ആനുകൂല്യങ്ങളും തീരുമാനിക്കാം എന്ന ഭേദഗതിയാണു പാസായത്. കമ്മീഷനറുടെ കാലാവധി നിശ്ചിതകാലത്തേക്ക് നിജപ്പെടുത്തി സുപ്രീം കോടതി ജഡ്ജ്ജിമാരുടേതിനു തുല്ല്യമായ പദവി നല്‍കുമ്പോള്‍ അവര്‍ സ്വാധീനങ്ങള്‍ക്ക് വശംവദരാകാതെ കസേര സംരക്ഷിക്കുവാന്‍ വിട്ടുവീഴ്ച്ചകള്‍ക്ക് വഴങ്ങാതെ ജഡ്ജിമാരെ പോലെ പ്രവൃത്തിക്കുവാന്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ഈ മാറ്റം വഴി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം പോലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിച്ച് തങ്ങളുടെ വരുതിയിലാക്കുകയും ഫെഡറല്‍ സംവിധാനത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുകയുമാണു. വിവരം അവകാശമായ ഒരു ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണു ഫലത്തില്‍ ഉണ്ടാവുക.

കോടതികളും വ്യക്തിസ്വാതന്ത്രവും:

ഓരോ പൗരനും ഏതെങ്കിലും മതം പിന്തുടരാനും പ്രചരിപ്പിക്കാനും അല്ലെങ്കില് ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള മൗലിക അവകാശം നല്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. അങ്ങനെയാണ് ഇന്ത്യയെ നിര്മ്മിച്ചിരിക്കുന്നത്. ഭരണഘടനയ്ക്ക് അന്തിമരൂപം നല്കാനുള്ള ചര്ച്ചകള്ക്കിടയില് ദൈവത്തെ പരാമര്ശിക്കുന്ന നിര്‌ദ്ദേശങ്ങളുണ്ടായിരുന്നു. ''വ്യത്യസ്ത ജനവിഭാഗങ്ങളിലെ വ്യത്യസ്ത മതവിശ്വാസികള് വ്യത്യസ്ത പേരിട്ടുവിളിക്കുന്ന സര്വ്വശക്തനായ പ്രപഞ്ചനാഥന്റെ കൃപയാല്'' എന്ന വാചകം ഭരണഘടനയില് ഉള്‌പ്പെടുത്തി ഭേദഗതി നടത്തണമെന്നാവശ്യപ്പെട്ട് എച്ച്.വി കാമത്ത് രംഗത്തെത്തി. ഈ ഭേദഗതി പോലും ഭരണഘടനാ സമിതി (68 - 41) വോട്ടിനിട്ട് തള്ളുകയാണുണ്ടായത്. ഭരണഘടനയിലെ മതേതര വീക്ഷണത്തോട് കടുത്ത എതിര്പ്പാണ് ഹിന്ദുത്വ ശക്തികള് പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യ ഭൂരിപക്ഷത്തിന് പ്രാമുഖ്യമുള്ള രാജ്യമായിരിക്കണമെന്നായിരുന്നു ഹിന്ദുത്വ ശക്തികളുടെ വാദം. എന്നാല്‍ മതപരമായല്ല, മനുഷ്യന്റെ മൗലിക അവകാശങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണു നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അടുത്ത കാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച ചില വിധികളും പരാമര്‍ശ്ശങ്ങളും വ്യക്തിയുടെ മൗലിക അവകാശങ്ങളെക്കാള്‍ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണോ എന്ന് സംശയിക്കാം. കോടതികളില്‍ തന്നെ ഇതു സംബന്ധിച്ച് ആശയകുഴപ്പങ്ങള്‍ ഉണ്ടാവുകയും ന്യൂനപക്ഷ വിധികള്‍ ചേര്‍ത്ത് ചില കേസുകളില്‍ ഒന്നിലധികം വിധിന്യായങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
ശബരിമല റിവ്യു ഹര്‍ജ്ജി 3:2 മൈനോറിറ്റി വിധിയില്‍ ജസ്റ്റിസ്സ് ചന്ദ്രചൂഡ്, ജസ്റ്റിസ് നരിമാന്‍ എന്നിവര്‍ വിയോജിപ്പ് പ്രകടമാക്കുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മറ്റ് ചില കോടതികള്‍ പരിശോധിച്ചു വന്ന മൂന്ന് കേസുകള്‍ ആ ബെഞ്ചുകളുടെ അറിവോ സമ്മതമോ ഇല്ലാതെ ഈ കേസിലേക്ക് ചേര്‍ക്കാന്‍ ഇടപെട്ടത് കോടതി നടപടികളുടെ ലംഘനമാണു എന്ന നിയമനിരീക്ഷണവും ഉയര്‍ന്നു വന്നിട്ടുണ്ട്. മുന്‍പ് സുപ്രീം കോടതി കേസുകള്‍ ബെഞ്ചുകള്‍ക്ക് നല്‍കുന്നത് വിവേചനപൂര്‍വ്വമാണൂ എന്ന് പരസ്യമായി ജനങ്ങളോട് പരാതിപ്പെട്ട ജഡ്ജിയാണു ഈ പരാമര്‍ശനത്തിനു വിധേയനായത്. റിട്ടയര്‍മെന്റ് കഴിഞ്ഞ ജഡ്ജിമാര്‍ മറ്റു സ്ഥാനങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും ഇത് കോടതിയുടെ വിശാസ്യ്തയെ സംശയിക്കും എന്നും
ഇവര്‍ പറഞ്ഞിരുന്നു. സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ബ്ലാക്ക്‌മേലിംഗിനും സാധ്യമായ സാഹചര്യങ്ങള്‍ കോടതി ഒഴിവാക്കുകയാണു വേണ്ടത്.
കളങ്കം ആരോപിക്കപ്പെടുന്നവര്‍ കോടതി ബെഞ്ചുകളില്‍ നിന്ന് മാറി നില്‍ക്കുന്നത് കോട്തിയുടെ വിശ്വാസം വര്‍ദ്ധിപ്പിക്കും.

മുന്‍ ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച സ്ത്രിക്ക് നിയമസഹായം നല്‍കാന്‍ വക്കീലന്മാര്‍ വിസമ്മതിച്ചിരുന്നു. അവര്‍ക്ക് ഒരു വക്കീലിനെ നല്‍കുക എന്ന് കോടതി നല്‍കേണ്ടുന്ന ആനുകൂല്യം പോലും ഈ സ്ത്രീയ്ക്ക് നിഷേധിക്കപ്പെട്ടു. പാക്ക് തീവ്രവാദി കസബിനു പോലും കോടതി വക്കീലിനെ നല്‍കിയ നാട്ടിലാണു ഈ നീതി നിഷേധം എന്ന് ഓര്‍ക്കുക.

ഡാവൂദി ബൊഹ്‌റ ഷിയ വിഭാഗത്തിലെ സ്ത്രീകളുടെ
ചേലാകര്‍മ്മത്തിനു എതിരെ ആക്ടിവിസ്റ്റ് സുനിത തിവാരി നല്‍കിയ കേസ് പരിഗണിക്കുമ്പോള്‍ ഒരു മതത്തില്‍പെട്ട ആചാരങ്ങളെ
സംബന്ധിച്ച് മറ്റൊരു മതത്തില്‍ പെട്ട വ്യക്തി പരാതി ഉന്നയിച്ചത് ശരിയായില്ല എന്ന വിചിത്രമായ പരാമര്‍ശവും കോടതി ബെഞ്ചില്‍ ഉണ്ടായി.
കന്യാസ്ത്രി മഠങ്ങളില്‍ നിന്നു ഒരു സ്ത്രീയുടെ കരച്ചില്‍ ഉയര്‍ന്നാല്‍ അന്യമതസ്ത്ഥര്‍ സഹായിക്കാന്‍ പാടില്ല എന്ന അവസ്ഥ എങ്ങനെ മനുഷത്വപരമാവും ?
മനുഷത്വരഹിതമായ വിഷയങ്ങളില്‍ മതപരവും വ്യക്തിപരവുമായ സ്വധീനങ്ങള്‍ ഭരണഘടന ഒരു വ്യക്തിക്ക് ഉറപ്പു വരുത്തുന്ന മൗലിക അവകാശങ്ങളെ സുപ്രീം കോടതിയില്‍ പോലും ഹനിക്കുവാന്‍ കാരണമാകുന്നുവോ ?


രണ്ട് കക്ഷികള്‍ തമ്മിലുള്ള സ്വത്ത് കേസായി സുപ്രിം കോടതി പരിഗണിച്ച അയോധ്യാ കേസില്‍ വിധിയുണ്ടാകുംമ്പോഴും ഈ സ്വാധീനം വിഷയമാകുന്നുണ്ട്.
ഒരു കക്ഷിയുടെ ആരാധനാലയം പൊളിച്ചത് ക്രിമിനല്‍ ഒഫന്‍സ്, എന്നാല്‍ മറുകക്ഷിക്ക് ആ വസ്തു കൈവശം വെയ്ക്കാം എന്ന് വിധിയുണ്ടാകുന്നു.
ഈ ക്രിമിനല്‍ നടപടിയിലൂടെ ആരാധനാലയം നഷ്ട്‌പ്പെട്ട വിഭാഗത്തിനു പൊതുപണം ഉപയോഗിച്ച് ആരാധനാലയം ഉണ്ടാക്കി നല്‍കണം എന്നും വിധി കല്‍പിക്കുന്നു.ഒരു വിധിന്യായം ഉണ്ടാകും മുന്‍പ് പട്ടാളത്തെ നാട്ടില്‍ വിന്യസിച്ച് സംയമനം ആഹ്വാനം ചെയ്ത് സാമൂഹിക സാഹചര്യങ്ങള്‍ സ്വാധീനമാകാത്ത 'ഫ്രീ ആന്‍ഡ് ഫെയര്‍' വിധികല്‍പന സാധ്യമാകുമോ ?

ആര്‍ വീ അമെന്‍ഡിംഗ് ഇന്ത്യ ?
സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ 1947 ഓഗസ്റ്റ് 14ന് ആര്.എസ്.എസ് മുഖപത്രമായ ഓര്ഗനൈസര് ഇങ്ങനെ എഡിറ്റോറിയലെഴുതി- ''ദേശീയതയേക്കുറിച്ചുള്ള തെറ്റായ ധാരണകളാല് നാം ഇനിയും സ്വാധീനിക്കപ്പെട്ടുകൂടാ. ഹിന്ദുസ്ഥാനില് ഹിന്ദുക്കള് മാത്രം രാജ്യം രൂപീകരിക്കുമെന്നും രാജ്യത്തിന്റെ ഘടന സുരക്ഷിതവും ദൃഢവുമായ ആ അടിത്തറയില് നിര്മ്മിക്കുമെന്നുമുള്ള ലളിതമായ
വസ്തുത ഉടന് അംഗീകരിച്ചാല് ഇപ്പോഴത്തെ മാനസിക ആശയക്കുഴപ്പങ്ങളും ഇപ്പോഴത്തേയും നാളത്തേയും പ്രശ്‌നങ്ങളും വലിയ രീതിയില് ഇല്ലാതാക്കാനാകും. രാജ്യം ഉറപ്പായും നിര്മ്മിക്കപ്പെടേണ്ടത്
ഹിന്ദുക്കളാലും ഹിന്ദു ആചാരങ്ങളാലും ഹിന്ദു സംസ്‌കാരത്താലും ഹിന്ദു ആശയങ്ങളാലും ഹിന്ദു അഭിലാഷങ്ങളാലും ആയിരിക്കണം.''

ഹിന്ദുവും ഹിന്ദുത്വവും രണ്ടാണു. ഇന്ത്യന്‍ മണ്ണില്‍ ഒരു ഭൂരിപക്ഷ മതരാഷ്ട്രം (Majoritarian State) ഉണ്ടാക്കുക എന്നതാണു സവര്‍ക്കറെ പോലുള്ള വര്‍ ആഹ്വാനം ചെയ്യുന്നത്. ഇവര്‍ ഇന്ന് പ്രചരിപ്പിക്കും
പോലെ ഗാന്ധിയും നെഹറുവും മറ്റും മതപരമായി രാജ്യത്തെ വിഭജിച്ചു എന്ന വാദം തെറ്റാണു. മതപരമായ വിഭജനം പാടില്ലെന്നും, അങ്ങനെ പാക്കിസ്ഥാന്‍ രൂപീക്രിതമാകുമ്പോഴും ഇന്ത്യ എല്ലാ മതവിഭാഗങ്ങളേയും ചേര്‍ത്ത് സെക്കുലറായി രൂപപ്പെട്ടു എന്നതുമാണു ചരിത്രവസ്തുത.

ഇന്ത്യയുടെ സോഷ്യല്‍ ഫാബ്രിക്കില്‍ ഇഴയകലം കൂടുന്നതും ചില ഭാഗങ്ങള്‍ ചീന്തിമാറ്റപ്പെടുന്നതും നാം ആത്മവേദനയോടെ കാണേണ്ടതാണു. സംസ്ഥാനങ്ങള്‍ക്ക് നേരെ ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെടുന്നതും എം എല്‍ എമാരെ കുട്ടമായി വില്‍പ്പനചരക്കുകളാക്കി ജനാധിപത്യ സര്‍ക്കാരുകള്‍ ''അക്വര്‍'' ചെയ്യപ്പെടുന്നതു നാം മനസ്സിലാക്കുന്നു. ഭരണകൂടനിയമങ്ങളില്‍ മതപരമായ വിവേചനം ലിഘിതമാകുന്നതും ഹെരോദാവിന്റെയും നാസികളുടേയും കാലത്തെ കുപ്രസിദ്ധമായ കണക്കെടുപ്പുകളെ ഓര്‍മ്മപ്പെടുത്തുന്ന ലിസ്റ്റുകള്‍ തയ്യാറാക്കുന്നതും നാം ആശങ്കയോടെ നോക്കി കാണേണ്ടതാണു. നാം പ്രതീക്ഷവെയ്ക്കുന്ന വിവരാവകാശ നിയമവും അട്ടിമറിക്കപ്പെടുന്നു.
ജുഡീഷറിയും സമ്മര്‍ദ്ദങ്ങളില്‍ പെട്ട് ഭരണഘടന ഒരു വ്യക്തിക്ക് ഉറപ്പു നല്‍കുന്ന മനുഷ്യാവകാശങ്ങളേയും മൗലിക സ്വാതന്ത്രങ്ങളേയും സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നുവോ ?

നമ്മുടെ രാജ്യം പുനസൃഷ്ടിക്കപ്പെടുകയാണോ?
ഞാന്‍ ഉപസംഹരിക്കട്ടെ, ഈ പ്രാര്‍ത്ഥനയോടെ ..

(രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയില്‍ നിന്ന് )
Where the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom,my Father, let my country awake.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക