Image

കുഞ്ഞുകാര്യങ്ങളുടെ ദൈവം (കവിത: സിന്ധു നിള)

Published on 19 December, 2019
കുഞ്ഞുകാര്യങ്ങളുടെ ദൈവം (കവിത: സിന്ധു നിള)
അമ്മ വലിയ  ദൈവസ്‌നേഹിയായിരുന്നു.

അമ്മയില്‍ നിന്ന് ഞാനും അനിയനും അനുജത്തിമാരും
ദൈവത്തെ അറിഞ്ഞു.

അന്നൊക്കെ ദൈവമെന്നാല്‍ 
അന്നന്നത്തെ
കുഞ്ഞു  കാര്യങ്ങളുടെ ദൈവമായിരുന്നു
മാസാവസാനം അച്ഛന്റെ കീശ
കാലിയാകുമ്പോള്‍
 
കോളേജില്‍ പോകാന്‍
ബസ്സുകൂലിയില്ലാതെ ദൈവമേ.. എന്ന് വഴിമുട്ടി  നില്‍ക്കുമ്പോള്‍
പലചരക്കുകടക്കാരന്‍
അപ്പുവേട്ടന്റെ രൂപത്തില്‍
പഴയ പത്രക്കെട്ടുകള്‍ക്ക് പകരം 
ചില്ലറ തുട്ടുകളായി സാരമില്ലെന്ന് കിലുങ്ങി ചിരിച്ച്

റേഷന്‍ കടക്കാരന്‍ വാസുവേട്ടന്റെ
പൂപ്പലെടുക്കാത്ത മനസ്സായി
ഒഴിഞ്ഞ ചാക്കിന്‍ വയറു
നിറച്ച് 

ഹംസക്കാന്റെ കൊട്ടയില്‍ നിന്ന്
പിന്നെകൊടുക്കാമെന്ന ഉറപ്പില്‍ 
തൂക്കം നോക്കാതെ വാരിയിടുന്ന 
പിടക്കുന്ന പൊന്നാനി കടലായി.

പലിശക്കാരന്‍ തമിഴന്റെ
പളപളാന്ന് മിന്നുന്ന സില്‍ക്ക് ജുബ്ബയുടെ എന്നെങ്കിലും
തിരിച്ചു കിട്ടിയേക്കാമെന്ന 
അയഞ്ഞ ധാരാളിത്തമായൊക്കെ
ദൈവം വേഷം മാറി വന്നിരുന്നു.

അന്നൊന്നും അമ്മക്ക്
അമ്പലത്തില്‍ പോകാന്‍ നേരമില്ലായിരുന്നു
ഞങ്ങളെ കുളിപ്പിക്കലും
സ്കൂളില്‍ പറഞ്ഞയക്കലും
അലക്കലും വെക്കലും വിളമ്പലും തന്നെ പണി.
പിന്നെ രാത്രി ഒന്ന് ഊര ചായ്ക്കുമ്പോള്‍ 
ഈശ്വരാ... എന്ന ഒറ്റവിളിയില്‍
ഇറങ്ങി വരും എല്ലാ ദൈവങ്ങളും.

എന്ന് മുതലാണെന്നറിയില്ല
എല്ലാരും വലിയ ഭക്തരായത് 
അതോടെ ചന്ദനക്കുറിയും ഭസ്മവും
കസവു നേരിയതുമൊക്കെയായി
ദൈവ ചിഹ്നങ്ങള്‍

അന്നു മുതലാണ്  ദൈവങ്ങള്‍
മനുഷ്യരുടെ കുഞ്ഞു പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ താഴേക്ക് ഇറങ്ങി വരാതായത്.

നമ്മളൊക്കെ വെറും   വിശ്വാസികളായി മാറിയത്

ദൈവം പല മതക്കാരായി
രൂപം മാറുന്നത്
നിരോധിക്കപ്പെട്ടത്.

Join WhatsApp News
amerikkan mollakka 2019-12-22 10:09:44
ഇങ്ങള് ഗദ്യത്തിൽ പറഞ്ഞ 
കബിതയാണെലും  ഇതിൽ ഒരു 
ബലിയ  തത്വം ഉണ്ട്.  ശരിയാണ് പടച്ചോൻ 
എല്ലാബരുടെയും മനസ്സിൽ നിന്നിറങ്ങിപ്പോയി 
അബരുടെ  ദേഹത്ത് കുറിയും ബരയുമായി 
യുദ്ധത്തിലാണ്.  അസ്സലാമു അലൈക്കും സാഹിബ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക