Image

ഡോ. വി.പി. ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ്

Published on 21 December, 2019
ഡോ. വി.പി. ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ്

റിയാദ്: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ പ്രഥമ മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡിന് കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ: വി.പി. ഗംഗാധരന്‍ അര്‍ഹനായി.

ഡിസംബര്‍ 21 ന് വൈകിട്ട് ഏഴിന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. കാന്‍സര്‍ 'സത്യവും മിഥ്യയും' എന്നപേരില്‍ ബോധവല്‍ക്കരണ ക്ളാസും സംശയനിവാരണവും ഡോ വി.പി ഗംഗാധരന്‍ നേതൃത്വം നല്‍കും. റിയാദിലെ പ്രമുഖ ഗായകരുടെ സംഗീത വിരുന്നും അരങ്ങേറും. ചടങ്ങില്‍ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യമായി കാന്‍സര്‍ ചികിത്സാശാഖയും സ്റ്റെo സെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍ യൂണിറ്റും നിര്‍മിച്ച് സ്റ്റെo സെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍ നിര്‍വഹിച്ച ഡോ: വി.പി. ഗംഗാധരനെ പ്രഥമ പുരസ്‌കാരത്തിനായി മൈത്രി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ 'ജീവിതമെന്ന അദ്ഭുതം' എന്നപുസ്തകം 2004 ലെ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകം ആയിരുന്നു. ശാസ്ത്രരത്‌ന അവാര്‍ഡ്, ഇന്ദിരാഗാന്ധി പുരസ്‌കാര്‍ , ജെസിഐ ഇന്ത്യ അവാര്‍ഡ്, സംസ്‌കാര ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ഡോ: എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ടൈംസ് ഓഫ് ഇന്ത്യ ബ്രാന്‍ഡ് ഐക്കണ്‍ 2014 എന്നിവ ഇദ്ദേഹത്തെ തേടിവന്ന പുരസ്‌കാരങ്ങളില്‍ ചിലത് മാത്രം.

വിവരങ്ങള്‍ക്ക്: ഷംനാദ് കരുനാഗപ്പള്ളി 0560514198, റഹ്മാന്‍ മുനമ്പത്ത് 0502848248, നസീര്‍ ഖാന്‍ 0507023710.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക