Image

പൂര്‍ണ വലിയ സൂര്യഗ്രഹണ വിശേഷങ്ങളും വിചിത്ര വിശ്വാസങ്ങളും (ശ്രീനി)

Published on 22 December, 2019
പൂര്‍ണ വലിയ സൂര്യഗ്രഹണ വിശേഷങ്ങളും വിചിത്ര വിശ്വാസങ്ങളും (ശ്രീനി)
ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളും അന്ധവിശ്വാസങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. സൂര്യഗ്രഹണ ദിവസം പ്രപഞ്ചത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കുമെന്നാണ് ഇത്തരക്കാരുടെ വിശ്വാസം. കഴിഞ്ഞ വര്‍ഷം മെയ് 16ന് കര്‍ണാടകയിലെ ബിദര്‍ എന്ന ഗ്രാമത്തില്‍ സൂര്യഗ്രഹണ ദിവസം, ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ട വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. കുഞ്ഞിന്റെ കാലിനുള്ള വൈകല്യം ഭേദമാകാനാണ് അരക്കെട്ട് വരെയുള്ള ഭാഗം മണ്ണില്‍ കുഴിച്ചിട്ടത്. ഇങ്ങനെ ചെയ്താല്‍ രോഗം ഭേദമാകുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. രാവിലെ ആറു മുതല്‍ ഏഴു വരെയാണ് കുഞ്ഞിനെ മണ്ണില്‍ പകുതി മൂടിയിട്ടത്. സൂര്യഗ്രഹണം കഴിഞ്ഞതിനു ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇത്രയൊക്കെ ചെയ്തിട്ടും കുഞ്ഞിന്റെ വൈകല്യം മാറിയില്ല എന്നത് ദുഖകരമാണെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങളുടെ കെട്ടുപൊട്ടിക്കാന്‍ ഇനിയും ഗ്രാമവാസികള്‍ക്ക് കഴിയുന്നില്ല എന്നതാണ് അതിലേറെ ദുഖകരം.

ഏതായാലും ഇക്കൊല്ലത്തെ വലിയ പൂര്‍ണ്ണ വലയ സൂര്യഗ്രഹണം ഡിസംബര്‍ 26-ാം തീയതി വ്യാഴാഴ്ചയാണ്. ആകാശത്തിലെ അപൂര്‍വ്വമായ ദൃശ്യ വിസ്മയത്തിന് സാക്ഷികളാകുവാനുള്ള സുവര്‍ണ്ണാവസരം കൈവന്ന സന്തോഷത്തിലാണ് കാസര്‍കോഡുകാര്‍. കാരണം, അത്യപൂര്‍വ്വമായി സംഭവിക്കുന്ന പൂര്‍ണ്ണ വലയ സൂര്യഗ്രഹണം ഇന്ത്യയിലാദ്യം എത്തുക കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂരിലാണ്. ലോകത്തില്‍ തന്നെ ഈ സൂര്യഗ്രണം ഏറ്റവും നന്നായി കാണുവാന്‍ സാധിക്കുന്ന മൂന്നിടങ്ങളിലൊന്നുകൂടിയാണ് ചെറുവത്തൂര്‍. ഇന്ത്യയില്‍ ആദ്യം സൂര്യഗ്രഹണം ദൃശ്യമാകുന്നതും ഇവിടെത്തന്നെയാണ്. ചെറുവത്തൂരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് ഗ്രഹണം ആദ്യം ഇവിടെ സംഭവിക്കുക. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 മുതല്‍ 93 ശതമാനം വരെയും മറയും.

കാര്‍മേഘം കാഴ്ച മറച്ചില്ലെങ്കില്‍ വലയസൂര്യഗ്രഹണ കാഴ്ച കാണാനാകുമെന്നാണ് ജില്ലയിലെ ശാസ്ത്ര പ്രേമികളുടെ തീരുമാനം. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ശാസ്ത്ര പ്രേമികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം ഈ അപൂര്‍വ്വ കാഴ്ചകാണാന്‍ ഇവിടെയെത്തും. പൊതുജനങ്ങള്‍ക്കായി ചെറുവത്തൂരിലെ കടാങ്കോട്ട് എന്ന സ്ഥലത്ത് ഗ്രഹണം കാണുന്നതിന് സൗകര്യമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്രഹണം കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ജനുവരി ആറിനായിരുന്നു. അത് ഭാഗിക സൂര്യഗ്രഹണമായിരുന്നു. 2019ലെ രണ്ടാമത്തെ സൂര്യഗ്രഹണം ജൂലൈ രണ്ടിന് നടന്നു. നാല് മിനിറ്റും 33 സെക്കന്റും ദൈര്‍ഘ്യമുള്ള ആ പൂര്‍ണ സൂര്യഗ്രഹണം പക്ഷേ ഇന്ത്യയില്‍ ദൃശ്യമായില്ല.

ഡിസംബര്‍ 26ന് രാവിലെ 8.04നാണ് സൂര്യഗ്രഹണം ആരംഭിക്കുക. ഗ്രഹണം 9.25ന് പൂര്‍ണതയിലെത്തും. മൂന്ന് മിനുട്ടും 12 സെക്കന്റും തുടരുന്ന പൂര്‍ണ വലയ ഗ്രഹണം 11.04ന് അവസാനിക്കും. 9.26ന് ചന്ദ്രന്‍ സൂര്യന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് പൂര്‍ണ്ണ വലയ സൂര്യഗ്രഹണം പൂര്‍ണ്ണതയില്‍ കാണാന്‍ സാധിക്കുക. ഒരു മിനിട്ട് സമയം മാത്രമേ ഈ പൂര്‍ണ്ണത കാണുവാന്‍ സാധിക്കൂ. ഖത്തര്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണം ആരംഭിക്കുക. തുടര്‍ന്ന് ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്ന് ചൈനാക്കടലില്‍ അവസാനിക്കും. മംഗലാപുരം മുതല്‍ ബേപ്പൂര്‍ വരെയുള്ള മേഖലകളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാവും. കണ്ണൂര്‍, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട് തുടങ്ങിയ സ്ഥലങ്ങളിലും ഇത് ദൃശ്യമാകും.

എന്താണ് സൂര്യഗ്രഹണം..? കറുത്ത വാവ് സമയത്ത് നടക്കുന്ന ഒരു അപൂര്‍വ്വമായ പ്രതിഭാസമാണ് സൂര്യഗ്രഹണം. ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറച്ചാല്‍ അത് പൂര്‍ണ്ണ സൂര്യഗ്രഹണവും ഭാഗികമായി മറച്ചാല്‍ അത് ഭാഗിക സൂര്യഗ്രഹണവും ആണ്. ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയിലെത്തിയാലും ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം കാരണം ചിലപ്പോള്‍ ചന്ദ്രന് സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. അപ്പോള്‍ സൂര്യന്റെ പുറംഭാഗം ഒരു വലയം പോലെ ചന്ദ്രനു പുറത്ത് കാണപ്പെടും. ഇതിനെയാണ് വലയ സൂര്യഗ്രഹണം എന്നു പറയുന്നത്.

സൂര്യഗ്രഹണം കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. ശാസ്ത്രീയമായി മാത്രമേ ഗ്രഹണം നിരീക്ഷിക്കാവൂ. നഗ്‌ന നേത്രങ്ങളാലുള്ള ഗ്രഹണ ദര്‍ശനം തീര്‍ച്ചയായും ഒഴിവാക്കുക. പൂര്‍ണ്ണ ഗ്രഹണം നടക്കുമ്പോള്‍ ഇരുട്ടാകുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങി നേരിട്ട് സൂര്യനെ നോക്കുകയും വളരെ പെട്ടന്ന് തന്നെ ഗ്രഹണം അവസാനിച്ച് സൂര്യ രശ്മികള്‍ കണ്ണിലേക്ക് പതിക്കുകയും ചെയ്യും. പെട്ടന്ന് വലിയ അളവില്‍ സൂര്യ രശ്മികള്‍ കണ്ണിലേക്ക് പതിക്കുന്നത് കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കും. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം, പാനീയം എന്നിവ ഒഴിവാക്കുക. ഈ സമയത്തെ യാത്രകള്‍ ഒഴിവാക്കുക. ഗര്‍ഭിണികള്‍ വീടിന് പുറത്തേക്ക് ഇറങ്ങുവാന്‍ പാടില്ല. ഈ സമയം പാചകം പാടില്ല.

സൂര്യഗ്രഹണത്തിന് ശേഷം വഴിപാടുകള്‍ നടത്തുന്നത് ഉത്തമമെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക. സൂര്യഗ്രഹണം മുന്‍നിര്‍ത്തി രവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക. ആ ദിവസമുള്ള മറ്റ് പൂജകള്‍ നടതുറന്നതിന് ശേഷം നടക്കും. നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസര്‍ അനുമതി നല്‍കുകയായിരുന്നു.

ഭാരതീയ പുരാണങ്ങളും ജ്യോതിശാസ്ത്രവുമനുസരിച്ച് സൂര്യന്‍ രാഹുകേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. 26ലേത് കേതു ഗ്രസ്ത സൂര്യഗ്രഹണമാണ്. ചന്ദ്രഗ്രഹണം പൗര്‍ണമി തിഥിയിലും (ചന്ദ്ര മാസത്തിലെ ഒരു ദിവസമാണ് തിഥി) സൂര്യ ഗ്രഹണം അമാവാസി തിഥിയിലും മാത്രമേ സംഭവിക്കുകയുള്ളു. സൂര്യഗ്രഹണം എല്ലായിടത്തും ഒരു പോലെ ദൃശ്യമാകാറില്ല. ഗ്രഹണം മുതല്‍ മൂന്ന് നാള്‍ യാതൊരു ശുഭ കര്‍മങ്ങള്‍ക്കും മുഹൂര്‍ത്തം കുറിക്കാന്‍ പാടില്ലത്രേ. സൂര്യ ഗ്രഹണത്തില്‍ ഗ്രഹണത്തിന്റെ ആരംഭവും, ചന്ദ്ര ഗ്രഹണത്തില്‍ ഗ്രഹണത്തിന്റെ അവസാനവും പുണ്യ മുഹൂര്‍ത്തങ്ങളാണ്. തീര്‍ത്ഥ സ്‌നാനാദി പുണ്യ കര്‍മങ്ങള്‍ക്ക് ഇതിലും യോജിച്ച മറ്റൊരു മുഹൂര്‍ത്തമില്ല എന്നാണ് കരുതപ്പെടുന്നത്.

ജ്യോതിഷപ്രകാരം രാഹുവിനേയും കേതുവിനെയും പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. പാലാഴിമഥനവുമായാണ് രാഹുവിന്റെ കേതുവിന്റെയും കഥകള്‍ രൂപപ്പെടുന്നത്. അമൃതുമായി മോഹിനി കടന്നുകളഞ്ഞതിനുശേഷം അസുര സേനാപതിയായ സൈംഹികേയന്‍ മോഹിനിയെ പിന്തുടര്‍ന്നു. ദേവന്മാര്‍ക്ക് അമൃത് വിളമ്പുന്നതിനിടെ ദേവബ്രാഹ്മണന്റെ രൂപം സ്വീകരിച്ച് സൈംഹികേയന്‍ നിലയുറപ്പിച്ചു. ഇത് തിരിച്ചറിഞ്ഞ് മോഹിനിയായ വിഷ്ണു സ്വന്തരൂപത്തില്‍ പ്രത്യക്ഷനായി സുദര്‍ശന ചക്രമെടുത്ത് സൈംഹികേയന്റെ കഴത്തറുത്തു. അസുരന്‍ കഴിച്ച അമൃത് പകുതി ശിരസ്സിലുള്ള കണ്ഠഭാഗത്തും ബാക്കി ഉടലിലുള്ള കണ്ഠഭാഗത്തുമായി തങ്ങി നിന്നു. സൈംഹികേയന്റെ ശരീരം വിഷ്ണുവിന്റെ സുദര്‍ശനമേറ്റ് രണ്ടു കഷണമായെങ്കിലും അമൃതിന്റെ പ്രഭാവത്താല്‍ അവ ജീവനോടെ ശേഷിച്ചു. ഇവയെ വിഷ്ണു നഭസ്സില്‍ ഉറപ്പിച്ചു. അവയാണ് കാലക്രമേണ രാഹുവും കേതുവുമായിത്തീര്‍ന്നത്.

തലഭാഗമാണ് രാഹു. തലയറ്റ ശരീരഭാഗമാണ് കേതു. തലഭാഗത്ത് കണ്ഠത്തില്‍ നിന്നും കാലക്രമേണ സര്‍പ്പരൂപം ഉണ്ടായി വന്നു. കബന്ധത്തിന്റെ ശിരസ്സായി എഴുതലയുള്ള നാഗശിരസ്സുമുണ്ടായി. ആകാശത്തില്‍ പ്രതിഷ്ഠിതമായ രാഹുകേതുക്കള്‍ക്ക് തങ്ങളെ ഒറ്റിക്കൊടുത്ത സൂര്യചന്ദ്രന്മാരോടുള്ള തീരാപ്പക ഇന്നും നിലനില്‍ക്കുന്നു. അതിനാല്‍ തങ്ങളുടെ സഞ്ചാരവേളയില്‍ അവസരം കിട്ടുമ്പോഴൊക്കെ അവര്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നു . പുരാണപ്രകാരം അതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും. രാഹുവിന് 'നഭാകന്‍' എന്നൊരു പേരുമുണ്ട്. നഭാകം എന്നാല്‍ ഇരുട്ട്.

ഒരു പ്രദേശത്ത് പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം ഏഴ് മിനിറ്റ് 31 സെക്കന്റാണ്. എങ്കിലും സാധാരണ ഇതിലും കുറവായിരിക്കും ദൈര്‍ഘ്യം. ഏഴ് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പത്തില്‍ താഴെ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തില്‍ ഉണ്ടാകൂ. അവസാനമായി ഏഴ് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സൂര്യഗ്രഹണമുണ്ടായത് 1973 ജൂണ്‍ 30നാണ് (7 മിനിറ്റ് 3 സെക്കന്റ്). ഒരു കോണ്‍കോഡ് വിമാനത്തില്‍ ചന്ദ്രന്റെ നിഴലിന്റെ അംബ്രയെ പിന്‍തുടരുക വഴി ഒരു നിരീക്ഷണ സംഘത്തിന് 7.4 മിനിറ്റ് ഈ പൂര്‍ണ്ണസൂര്യഗ്രഹണം ദര്‍ശിക്കാന്‍ സാധിച്ചു. ഏഴ് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള അടുത്ത ഗ്രഹണം 2150 ജൂണ്‍ 25നേ നടക്കൂ. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം 2009 ജൂലൈ 22ലെ സൂര്യഗ്രഹണമായിരുന്നു. ആറ് മിനിറ്റ് 39 സെക്കന്റായിരുന്നു ഇതിന്റെ കൂടിയ ദൈര്‍ഘ്യം. ഇനി 2132ലാകും ഇത്തരത്തിലൊരു ഗ്രഹണം ഇനി ദൃശ്യമാകുക. ഇന്ന് ജീവിച്ചിരിപ്പുള്ളവരാരും അന്ന് അത് കാണാനുണ്ടാകില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക