Image

പൗരത്വം: ഈ കേരള മോഡല്‍ അപകടകരം: സുരേന്ദ്രന്‍ നായര്‍

Published on 22 December, 2019
പൗരത്വം: ഈ കേരള മോഡല്‍ അപകടകരം: സുരേന്ദ്രന്‍ നായര്‍
ഭാരതസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങളും അക്രമ പരമ്പരകളും അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കേരളത്തിലെ കട്ടപ്പനയില്‍ നടന്ന ഒരു കൂട്ടായ്മയാണ് ഈ കുറിപ്പിനാധാരം.

കഴിഞ്ഞ ആറു ദശാബ്ദങ്ങള്‍കൊണ്ട് മലയാളി മനസ്സിലേറ്റിയ തൊഴില്‍ സംസ്‌കാരവും പുറം നാടുകളിലേക്കുള്ള കുടിയേറ്റവും കേരളത്തിലെ കായികാധ്വാന ശേഷിയെ വല്ലാതെ ശോഷിപ്പിക്കുകയും, സ്വന്തം വീട്ടുമുറ്റത്തു വളരുന്ന പുല്ല് ചെത്തി വൃത്തിയാക്കാനോ, തൊടിയിലെ തെങ്ങില്‍നിന്നും ഒരു നാളികേരം ഇടുന്നതിനോ, താമസിക്കുന്ന വീടിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിച്ചാല്‍ ഒരു ഓട് മാറ്റിയിടാനോ സ്വന്തമായി കഴിയാതെ കിട്ടാത്ത തൊഴിലാളിയെ തേടേണ്ട ദുരവസ്ഥയില്‍ എത്തിക്കുകയും ചെയ്തു.

ഈ സാധ്യത മുതലെടുത്തുകൊണ്ടു അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളായി കേരളത്തിലെത്തിയ ആള്‍ക്കാരുടെ എണ്ണം മുപ്പതു ലക്ഷം കഴിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള ജനസംഖ്യയുടെ 10% വരുന്ന ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു സംഘടനാരൂപം നല്‍കാനുള്ള ശ്രമമാണ് കട്ടപ്പനയില്‍ കണ്ടത്. മലയാളിയല്ലാത്ത മലയാളം സംസാരിക്കുന്ന ഒരു തോട്ടം തൊഴിലാളിയുടെ അപേക്ഷയില്‍മേലാണ് പോലീസ് ഇത്തരമൊരു ഒത്തുചേരലിനു അനുവാദം നല്‍കിയത്. മഹല്‍ കമ്മിറ്റികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും മാവോ വാദികളുടെയും ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന പൗരത്വബില്ലിനെതിരെയുള്ള പ്രകടനത്തില്‍ ശ്രദ്ധേയമായ നിലയില്‍ സമരഭടന്മാരെ അണിനിരത്തി അധികാരികളില്‍ നിന്നും നേടിയെടുത്ത പിന്തുണയാണ് ഇവരുടെ സംഘടനാ നീക്കത്തിന് കാരണമായതെന്നും പറയപ്പെടുന്നു. സംഘം ചേരാനും വില പേശാനും തുടങ്ങുന്നതിനുമുമ്പ് ഇവരുടെ ശരിയായ മേല്‍വിലാസവും നിയമവിധേയമായ തിരിച്ചറിയല്‍ രേഖകളും ഉറപ്പുവരുത്തിയില്ലയെങ്കില്‍ ആ സംഘശക്തി നടത്താന്‍ സാധ്യതയുള്ള സന്നാഹങ്ങള്‍ക്കോ സങ്കര്‍ഷങ്ങള്‍ക്കോ പിതൃത്വം കണ്ടെത്താന്‍ പോലീസ് മേധാവികള്‍ ഒരുപാടു വിഷമിക്കേണ്ടിവരും.

ഉപജീവനത്തിന് മാത്രമായി അതിര്‍ത്തി ജില്ലകളില്‍ തൊഴിലാളികളായി എത്തിയിരുന്ന പഴയ തമിഴന്റെയോ കന്നടക്കാരന്റെയോ പിന്‍ഗാമികളായി ഇത്തരക്കാരെ കാണാന്‍ കഴിയില്ല എന്നതാണ് അടുത്തകാലങ്ങളില്‍ കേരളത്തില്‍ നടന്ന കൊലപാതകങ്ങളിലും ഭവന ഭേദങ്ങളിലും സ്ത്രീപീഡന കേസുകളിലും ഉണ്ടായിട്ടുള്ള ഇവരുടെ പങ്കാളിത്തം സൂചിപ്പിക്കുന്നത്. കേരളത്തിലേക്ക് നാളിതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയില്‍ മയക്കുമരുന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പ്രവഹിക്കുന്നു. എക്‌സ്സൈസ് വകുപ്പിന് പോലും പരിചിതമല്ലാത്ത തരത്തില്‍ സ്‌കൂള്‍ തലം മുതല്‍ മയക്കുമരുന്ന് വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും ചങ്ങലകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ എത്തിച്ചേര്‍ന്നിരിക്കുന്നു. ആഡംബര ജീവിതത്തിനും സുഖലോലുപതക്കുമായി പണം സമ്പാദിക്കാന്‍ സമ്പന്ന കുടുംബങ്ങളില്‍ നിന്നുപോലും സ്ത്രീപുരുഷ ഭേദമന്യേ യുവാക്കള്‍ ഇവരോട് കണ്ണി ചേരുന്നു.

അത്യന്തം അപകടകരമായ ഈ സ്ഥിതിവിശേഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തി സംസ്ഥാനം വിട്ടു രക്ഷപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ സുനിശ്ചിതമാക്കണമെന്ന പോലീസിന്റെയും കുറ്റാന്വേഷണ ഏജന്‍സികളുടെയും നാളുകളായുള്ള ആവശ്യമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. രാജ്യത്തിനകത്തു കഴിയുന്ന മുഴുവന്‍ ആളുകളുടെയും വിവര ശേഖരം ഉള്‍പ്പെടുന്ന പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ ഉണ്ടാകില്ലായെന്നും, അനധികൃത താമസക്കാര്‍ പൗരത്വ ബില്ലിനെ ഏതു മാര്‍ഗം ഉപയോഗിച്ചും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും, കേരള സര്‍ക്കാരും മുഖ്യ പ്രതിപക്ഷ കക്ഷികളും നല്‍കുന്ന ഉറപ്പു കേരളത്തിലെ സൈ്വരജീവിതത്തിനുനേരെ ഉയരുന്ന ഒരു വലിയ ഭീഷണിയായി കാണേണ്ടിയിരിക്കുന്നു.

നിലവില്‍ പൗരത്വം ഉള്ളവര്‍ തങ്ങള്‍ക്കു അത് നഷ്ടപ്പെടാന്‍ പോകുന്നു എന്ന് പ്രചരിപ്പിച്ചു സമരം ചെയ്യുന്നതിനേക്കാള്‍ അപകടമാണ് അസംഘടിതരായ പൊതുജനം, അന്യദേശക്കാരായ അക്രമിസംഘങ്ങളെ സംഘടിത ശക്തിയാകാന്‍ അനുവദിക്കുന്നത്. മുപ്പതു ലക്ഷമെന്ന കണക്കില്‍ ഒരു പക്ഷെ ഇരുപതു ലക്ഷവും നിര്‍ദോഷികളാണെന്നു കരുതിയാല്‍ പോലും അവശേഷിക്കുന്ന സംഖ്യ വളരെ വലുതാണ്. കേരള സമൂഹവുമായി യാതൊരു ബാധ്യതയുമില്ലാത്ത, നിയമത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് ഉറ്റവരോ ഉടയവരോ നിരീക്ഷിക്കാന്‍ ഇല്ലാത്ത സ്ഥിതി കൂടിയാകുമ്പോള്‍ എന്ത് പ്രതി പ്രവര്‍ത്തനങ്ങളാണ് സംഘടനാ മറവില്‍ ഇവര്‍ നടത്താന്‍ പോകുന്നതെന്നതും പ്രവചനാതീതമാണ്.

എണ്‍പതുകളില്‍ ആസ്സാമിലെ തദ്ദേശവാസികളെ ന്യുനപക്ഷമാക്കിക്കൊണ്ടു ബംഗ്ലാ അഭയാര്‍ത്ഥികള്‍ വന്‍തോതില്‍ ഒഴുകി എത്തിയപ്പോഴും, പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടികയില്‍ പൂര്‍വ്വ ബംഗാളികള്‍ നുഴഞ്ഞു കയറിയപ്പോഴും അവിടങ്ങളില്‍ രൂപംകൊണ്ട തദ്ദേശീയ ചെറുത്തുനില്‍പ്പും, വടക്കു കിഴക്കന്‍ മേഖലകളില്‍ പിടിമുറുക്കിയ മിഷനറി പ്രവര്‍ത്തനങ്ങളും കടന്നുകയറ്റക്കാരെ ചെറിയ ചെറിയ ഗ്രൂപ്പുകളായി തെക്കോട്ടു പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ബംഗ്ലാദേശില്‍ നിന്നെത്തിയവര്‍ ബംഗാളികള്‍ എന്ന മുഖംമൂടിയണിഞ്ഞു രാഷ്ട്രീയ അഭയവും, ഇസ്ലാമിന്റെ മേല്‍വിലാസത്തില്‍ മതസംരക്ഷണവും ഉറപ്പാക്കി കൂട്ടം കൂട്ടമായി കേരളത്തിലേക്ക് ചേക്കേറിയത് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതിനകം സ്ഥിരീകരിച്ചിരുന്നല്ലോ. ഇന്ത്യയില്‍ എവിടെയും കാണാത്ത നിലയില്‍ തീവ്രവാദ ക്യാമ്പുകളിലേക്കുള്ള റിക്രൂട്ടിങ് സെന്ററുകള്‍ കേരളത്തില്‍ രൂപപ്പെട്ടു ആളുകളെ അയച്ചതും പരമ്പരാഗത ദേശിയ മുസ്ലിങ്ങളുടെ എന്നതില്‍ കാര്യമായ കുറവുണ്ടായതും കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പൗരത്വമുള്ള ഒരാളെയും ബാധിക്കില്ലായെന്നു അധികാരികള്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുമ്പോഴും മനഃപൂര്‍വം അക്രമങ്ങളുമായി തെരുവിലിറങ്ങുന്നവരുടെ ആശങ്ക, പൗരത്വ ബില്ലല്ല, പിന്നാലെ ഉണ്ടാകുമെന്നു കരുതുന്ന പൗരത്വ രെജിസ്റ്റര്‍ തന്നെയാണ്. രാഷ്ട്രത്തിന്റെ സുരക്ഷിതത്വവും, ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്താന്‍ കാലോചിതമായ നിയമ ഭേദഗതികളും, പൗരത്വം ഇല്ലാതെ അനധികൃതമായി രാജ്യത്തു കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തലും ഭരണകൂടത്തിന്റെ ബാധ്യത തന്നെയാണ്.

വര്‍ഷങ്ങളായി അവശേഷിക്കുന്ന സങ്കീര്‍ണ്ണമായ ഇത്തരം പ്രശ്‌നങ്ങളിലെ സര്‍ക്കാര്‍ നടപടികളില്‍ വാദങ്ങളും എതിര്‍വാദങ്ങളും സ്വാഭാവികമാണ്. യോജിക്കുന്നതുപോലെ വിയോജിക്കുവാനുമുള്ള അവകാശമാണ് ജനാധിപത്യം. മാര്‍ഗം വ്യവസ്ഥാപിതമാകണമെന്നു മാത്രം.

അഭയാര്‍ഥികളുമായി അതിര്‍ത്തി പങ്കിടുന്ന ആസ്സാമും, ഒരിക്കല്‍ വിഭജനത്തിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങിയ പശ്ചിമ ബംഗാളും ബില്ലിനെ എതിര്‍ക്കുന്നത് വ്യത്യസ്തമായ കാരണങ്ങളാലാണ്. ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാകാത്ത മിസോറാമിന്റെയും മേഘാലയയുടെയും മനസ്സില്‍ മറ്റുചിലതാണ്. തങ്ങളെ ബാധിക്കുന്നതല്ലായെങ്കിലും ബാഹ്യശക്തികള്‍ക്കുവേണ്ടി വേഷംകെട്ടുന്നവരും അനവധിയുണ്ട്. പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന കേരളത്തിന്റെ പ്രശ്‌നം കടന്നുകയറിയ മുസ്ലിങ്ങളെ പൗരന്മാരാക്കാത്തതും, ഇനിയും തീര്‍പ്പായിട്ടില്ലാത്ത പൗരത്വ രജിസ്റ്ററുമാണ്. അതിനു വേണ്ടി ബംഗ്ലാദേശികളെപ്പോലും സംരക്ഷിക്കുന്നു. രാഷ്ട സുരക്ഷ മുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ വരെ രാഷ്ട്രീയ വല്‍ക്കരിച്ചും, മതത്തിന്റെ മേലങ്കിയണിയിച്ചും തെരുവിലെത്തിക്കുന്ന ഈ ജനാധിപത്യം ഇന്ത്യക്കു അഭികാമ്യമല്ലായിരുന്നുവെന്നു അധികാര കൈമാറ്റ സമയത്തു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി നിരീക്ഷിരുന്നതായി നെഹ്റു തന്നെ എഴുതിയിട്ടുണ്ട്.
Join WhatsApp News
benoy 2019-12-22 21:21:54
ശ്രീ സുരേന്ദ്രൻ നായരുടെ നിരീക്ഷണങ്ങളും അനുമാനങ്ങളും കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമര്ഹിക്കുന്നവയാണ്. കേരളം ഭരിക്കുന്ന പാർട്ടിക്ക്   കേന്ദ്ര ഗവര്മെന്റിനോടും അവരുടെ  നയങ്ങളോടുമുള്ള  അന്ധവും തീവ്രവുമായ എതിർപ്പിന്റെയും ന്യുനപക്ഷ പ്രീണനത്തിന്റെയും പരിണിത ഫലങ്ങളാണ് ലേഖകൻ സത്യത്തിനു നിരക്കുന്ന ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അന്ധമായ കേന്ദ്രവിരോധം വെടിഞ്ഞു ചിന്തിക്കേണ്ട അവസരം കഴിഞ്ഞിരിക്കുന്നു. ഇതിങ്ങനെ പോയാൽ ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനുപോലും വേണ്ടാത്തതാകും.
VJ Kumr 2019-12-23 10:44:58
പൗരത്വം: ഈ കേരള മോഡല് അപകടകരം: സുരേന്ദ്രന് നായര്

പോലീസിന്റെയും കുറ്റാന്വേഷണ ഏജന്സികളുടെയും നാളുകളായുള്ള ആവശ്യമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.
======================================================================================

അഭയാര്ഥികളുമായി അതിര്ത്തി പങ്കിടുന്ന ആസ്സാമും, ഒരിക്കല് വിഭജനത്തിന്റെ ക്രൂരതകള് ഏറ്റുവാങ്ങിയ പശ്ചിമ ബംഗാളും ബില്ലിനെ എതിര്ക്കുന്നത് വ്യത്യസ്തമായ കാരണങ്ങളാലാണ്. ബില്ലിലെ വ്യവസ്ഥകള് ബാധകമാകാത്ത മിസോറാമിന്റെയും മേഘാലയയുടെയും മനസ്സില് മറ്റുചിലതാണ്. തങ്ങളെ ബാധിക്കുന്നതല്ലായെങ്കിലും ബാഹ്യശക്തികള്ക്കുവേണ്ടി വേഷംകെട്ടുന്നവരും അനവധിയുണ്ട്. പ്രക്ഷോഭം കൊടുമ്പിരി
ക്കൊള്ളുന്ന കേരളത്തിന്റെ പ്രശ്‌നം കടന്നുകയറിയ മുസ്ലിങ്ങളെ പൗരന്മാരാക്കാത്തതും, ഇനിയും തീര്പ്പായിട്ടില്ലാത്ത പൗരത്വ രജിസ്റ്ററുമാണ്. അതിനു വേണ്ടി ബംഗ്ലാദേശികളെപ്പോലും സംരക്ഷിക്കുന്നു. രാഷ്ട സുരക്ഷ മുതല് പ്രകൃതിക്ഷോഭങ്ങള് വരെ രാഷ്ട്രീയ വല്ക്കരിച്ചും, മതത്തിന്റെ മേലങ്കിയണിയിച്ചും തെരുവിലെത്തിക്കുന്ന ഈ ജനാധിപത്യം ഇന്ത്യക്കു അഭികാമ്യമല്ലായിരുന്നുവെന്നു അധികാര കൈമാറ്റ സമയത്തു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി നിരീക്ഷിരുന്നതായി നെഹ്റു തന്നെ എഴുതിയിട്ടുണ്ട്.

Read More: http://www.emalayalee.com/varthaFull.php?newsId=201305
LikeReply3mEdit

Kirukan Vinod 2019-12-23 09:05:53
Surendran Nair America yil irunnu parayathe keralathil poyi ellam sasi aaki yittu varu. Thirichu vannillenkilum kuzhappam illa.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക