Image

ചര്‍ച്ച പൗരന്‍മാരെക്കുറിച്ചല്ല, പൗരത്വംകൊടുക്കാന്‍ പോകുന്നവരെക്കുറിച്ചാണ്

കെ.ജെ.ജേക്കബ് Published on 23 December, 2019
ചര്‍ച്ച പൗരന്‍മാരെക്കുറിച്ചല്ല, പൗരത്വംകൊടുക്കാന്‍ പോകുന്നവരെക്കുറിച്ചാണ്
ഈ ഉണ്ടാക്കിവച്ചിരിക്കുന്ന സാധനം; പൗരത്വ ഭേദഗതി നിയമം, എങ്ങിനെയാണ് ഒരു സാധാരണ ഭാരതീയതിന്റെ യുക്തിബോധത്തെ തലകീഴ്‌നിര്‍ത്തുന്നു എന്ന് ഏറ്റവും ചുരുക്കി പറയാനാണ് ഈ കുറിപ്പ്.

കാരണം ഇന്ത്യന്‍ പൗരന്മാരായ മുസ്ലിങ്ങള്‍ക്ക് കുഴപ്പമില്ലല്ലോ, അവരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കുന്നത് എന്നാണ് പുതിയ ഭാഷ്യം.

അത് വിട്; അല്ലെങ്കിലും ഇന്ത്യന്‍ പൗരന്‍മാര്‍ക്കിട്ടു നിങ്ങള്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല, അതിനു ശ്രമിച്ചാല്‍ വിവരമറിയും. ചര്‍ച്ച പൗരന്‍മാരെക്കുറിച്ചല്ല, പൗരത്വംകൊടുക്കാന്‍ പോകുന്നവരെക്കുറിച്ചാണ്; അതിനു വേണ്ടിയുണ്ടാക്കിയ നിയമത്തെക്കുറിച്ചാണ്.

ഈ നിയമം അനുസരിച്ച് 2014 ഡിസംബര്‍ 31 നു മുന്‍പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിനിന്നു അനധികൃതമായി ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിക്ക്, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്ക് പൗരത്വം ലഭിക്കും.

ഇക്കൂട്ടരില്‍ 1971 മാര്‍ച്ച് 24 വരെ കുടിയേറിയവര്‍ക്കു പൗരത്വംകൊടുക്കാമെന്നു ആസാം കരാറില്‍ പറഞ്ഞിട്ടുണ്ട്. 1971 മാര്‍ച്ച് 25 നു ആണ് ബംഗ്ലാദേശില്‍ വിമോചന പ്രക്ഷോഭം തുടങ്ങുന്നതും അവിടെനിന്നു വന്‍ തോതില്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരുന്നു തുടങ്ങുന്നതും. (അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. പത്തൊന്‍പതു ലക്ഷം പേര് ആസാം എന്‍ ആര്‍ സി യ്ക്ക് പുറത്തായി. അവരില്‍ 12 ലക്ഷത്തോളം ഹിന്ദുക്കളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍) അപ്പോള്‍ ഈ തിയതി മുതല്‍ 2014 വരെ ഇവിടെ കുടിയേറിയവരുടെ കാര്യമാണ് പ്രധനമായും ഈ നിയമം അഡ്രസ് ചെയ്യുന്നത്.

ഇനി നമുക്ക് മൂന്നു ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ എടുക്കാം.

രാം
റഹിം
തോമ്മാ

മൂന്നുപേരും അഭയാര്‍ഥികളായി 1971 മെയ് മാസം ഇന്ത്യയിലെത്തി. മൂന്നുപേര്‍ക്കും വയസ്സ് 30 .

അവര്‍ മൂന്നുപേരും അവരവരുടെ സമുദായത്തില്‍പ്പെട്ട അഭയാര്‍ത്ഥികളെ രണ്ടുകൊല്ലത്തിനകം വിവാഹം കഴിച്ചു.

അവര്‍ക്കു മൂന്നുപേര്‍ക്കും കുട്ടികളുണ്ടായി.

രാം: കൃഷ്ണന്‍ (മകന്‍)
റഹിം: മുഹമ്മദ്
തോമ്മാ: ചാക്കോ

ഈ കുട്ടികള്‍ക്ക് 2005 ആകുമ്പോള്‍ മുപ്പതു വയസാകുന്നു. അവര്‍ കല്യാണം കഴിക്കുന്നു. 2007 ഇല്‍ അവര്‍ക്കു കുട്ടികളുണ്ടാകുന്നു.

രാം: കൃഷ്ണന്‍: ശിവന്‍
റഹിം: മുഹമ്മദ്: അഷ്‌റഫ്
തോമ്മാ: ചാക്കോ: മത്തായി.

ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ച് ഈ ഒന്‍പതു പേരും അനധികൃത കുടിയേറ്റക്കാരാണ്. ഇവരില്‍ കൃഷ്ണന്‍, ശിവന്‍, മുഹമ്മദ്, അഷ്‌റഫ്, ചാക്കോ, മത്തായി എന്നിവര്‍ ഇന്ത്യയില്‍ ഉണ്ടായ മനുഷ്യരാണ്*. (അവര്‍ ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചു പൗരന്മാരാണ്. പക്ഷെ നമ്മുടെ സാമൂഹ്യ സാഹചര്യമനുസരിച്ച് അത് തെളിയിക്കാന്‍ അവരുടെ കൈയില്‍ ഒന്നും കാണില്ല. അപ്പോള്‍ അവരും അനധികൃത പൗരന്മാര്‍.)

അപ്പോഴാണ് പൗരത്വ ഭേദഗതി നിയമം വരുന്നത്.

ഈ നിയമം അനുസരിച്ച് രാം, കൃഷ്ണന്‍, ശിവന്‍, തോമ്മാ, ചാക്കോ, മത്തായി എന്നിവര്‍ക്ക് പൗരത്വം കിട്ടും. കാരണം അവര്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവരാണ്.

റഹിം, മുഹമ്മദ്, അഷ്‌റഫ് എന്നിവര്‍ക്ക് പൗരത്വം കിട്ടില്ല. അവരെ തടവിലേക്കു മാറ്റും. (ഇവരില്‍ മുഹമ്മദും അഷ്‌റഫും ഭരണഘടനാ അനുസരിച്ച് ഇന്ത്യന്‍ പൗരന്മാര്‍ ആണ്; അവരുടെ പൗരത്വം എടുത്തുകളയുകയാണ് ചെയ്യുന്നത്; അത് വേറെ വിഷയം)

എന്തുകൊണ്ട്?

അവര്‍ മുസ്ലിങ്ങളായതുകൊണ്ട്.

അത് ഇന്ത്യന്‍ ഭരണഘടനയുടെ 14ആം ആര്‍ട്ടിക്കിളിനു വിരുദ്ധമാണ് എന്നാണ് തെരുവുകളില്‍ കിടന്നു ഈ മനുഷ്യരെല്ലാം നിലവിളിക്കുന്നത്. കാരണം ഇന്ത്യയുടെ ഭൂപരിധിയിലുള്ള എല്ലാ മനുഷ്യര്‍ക്കും, അവര്‍ പൗരന്മാരാകണമെന്നില്ല, നിയമത്തിനു മുന്‍പില്‍ തുല്യതയുണ്ടാകും. എന്ന് മാത്രമല്ല എല്ലാവര്‍ക്കും നിയമത്തിന്റെ തുല്യമായ പരിരക്ഷ ഉറപ്പാക്കാന്‍ ഈ വകുപ്പ് പ്രകാരം സര്‍ക്കാരിന് ബാധ്യതയുണ്ട്.

എന്നുവച്ചാല്‍ മതവിശ്വാസം കൊണ്ടുമാത്രം മനുഷ്യരെ വിഭജിക്കുന്നത് പാകിസ്ഥാന്‍, ബംഗ്ലാദേശ ഭരണഘടന അനുവദിക്കുമായിരിക്കും, ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ല എന്നാണ് നമ്മള്‍ പറയുന്നത്.

എന്നുവച്ചാല്‍, ഇന്ത്യന്‍ പൗരന്മാരായ മുസ്ലിങ്ങളുടെ കാര്യമല്ല നമ്മള്‍ പറയുന്നത്. ഇന്ത്യയില്‍ കാണപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ കാര്യമാണ്. അതില്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മനുഷ്യരുമുണ്ട്. അവരെ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയാല്‍ മനുഷ്യര്‍ എന്ന നിലയില്‍ ജീവിക്കാനുള്ള ധാര്‍മ്മികാധികാരം ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെടും.

അത് നഷ്ടപ്പെടാതിരിക്കാനാണ് ഇക്കാണായ മനുഷ്യരെല്ലാം തെരുവില്‍ ഇറങ്ങുന്നത്. അവരില്‍ ചിലര്‍ വെടികൊണ്ട് മരിക്കുന്നത്

അതുകൊണ്ട് ആദ്യം ഇതിന്റെ കാര്യം പറയ്: മതത്തിന്റെമാത്രം അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്നത്; ബാക്കി എല്ലാവര്ക്കും പൗരത്വം കൊടുക്കുന്നതും മുസ്ലിങ്ങളെ തടവ്‌കേന്ദ്രങ്ങളിലേക്കു മാറ്റുന്നതും, നിങ്ങള്‍ എങ്ങിനെ ന്യായീകരിക്കും?

അത് പറഞ്ഞാല്‍ മതി

പൗരന്മാരായ ഇന്ത്യന്‍ മുസ്ലിങ്ങളുടെ കാര്യം വിട്. ആ കളി നമുക്ക് വേറെ കളിക്കാം.

ആദ്യം ഇത് പറയ്.

ചര്‍ച്ച പൗരന്‍മാരെക്കുറിച്ചല്ല, പൗരത്വംകൊടുക്കാന്‍ പോകുന്നവരെക്കുറിച്ചാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക