Image

പ്രൊഫഷണലായ പ്രവര്‍ത്തനം കാഴ്ച്ച വച്ച രണ്ടു വര്‍ഷങ്ങള്‍: ജി.കെ. പിള്ള

ജോസ് കാടാപുറം Published on 14 May, 2012
പ്രൊഫഷണലായ പ്രവര്‍ത്തനം കാഴ്ച്ച വച്ച  രണ്ടു വര്‍ഷങ്ങള്‍: ജി.കെ. പിള്ള
ന്യൂയോര്‍ക്ക്: പ്രവാസി മലയാളികള്‍ക്ക് നല്ലതുമാത്രം ചെയ്ത രണ്ടുവര്‍ഷങ്ങളാണ് കടന്നുപോയതെന്ന് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള അഭിമുഖത്തില്‍ പറഞ്ഞു.

29 വര്‍ഷങ്ങള്‍ പിന്നിട്ട ഫൊക്കാന 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റണിലെ ക്രൗണ്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പതിനഞ്ചാമത് കണ്‍വന്‍ഷനെ കുറിച്ച് പ്രസിഡന്റ് ജി.കെ.പിള്ളയും ജനറല്‍ സെക്രട്ടറി ബോബി ജേക്കബും അഭിമുഖത്തില്‍ വിശദീകരിച്ചു.

കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി വളര്‍ന്ന ഫൊക്കാന 29 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ 2010-2012 വര്‍ഷം മറ്റു സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കാനും മലയാളികളുടെ നന്മയ്ക്കു വേണ്ടി കഴിയാവുന്ന കാര്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും കഴിഞ്ഞതായി ജി. കെ. പിള്ള അനുസ്മരിച്ചു. അങ്ങോട്ടുമിങ്ങോട്ടും മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രൊഫഷണലായ പ്രവര്‍ത്തനം
കാഴ്ചവെയ്ക്കാനാണ് തങ്ങളുടെ ടീം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യയില്‍ നടന്ന പ്രവാസി ഭാരതി മീറ്റിംഗ്, ചാരിറ്റി വര്‍ക്കുകള്‍, ഭാഷയ്‌ക്കൊരു ഡോളര്‍ പരിപാടി, ഫൊക്കാനയുടെ അഭിമാനമായ സ്‌പെല്ലിംഗ് ബീ കോംബറ്റിഷന്‍, യൂത്തിനു വേണ്ടി 2011-ലെ ഡാളസില്‍ നടന്ന യൂത്ത് കണ്‍വന്‍ഷന്‍ എല്ലാം വിജയകരമായ തങ്ങളുടെ ടീമിന്റെ അഭിമാനകരമായ പ്രവര്‍ത്തങ്ങളായിരുന്നു. ഫൊക്കാനാ നേതാക്കളുടെയും അംഗങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഇതൊക്കെ സാധിച്ചതെന്ന് ജി. കെ. പിള്ളയും ബോബിയും പറഞ്ഞു.

ചെറുപ്പക്കാരുടെ ഒരു നീണ്ട നിര തന്നെ ഫൊക്കാന നാഷണല്‍ കമ്മിറ്റിയില്‍ ഇടംനേടിയതായി നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. ഹ്യൂസ്റ്റന്‍ കണ്‍വന്‍ഷന്‍ എന്തുകൊണ്ടും പ്രത്യേകതയുള്ള ഫൊക്കാന കണ്‍വന്‍ഷനായിരിക്കുമെന്നു പിള്ള പറഞ്ഞു. മലയാളി ജനസംഖ്യ കൊണ്ട് മൂന്നാം സ്ഥാനത്തുള്ള ടെക്‌സാസില്‍ നിന്ന് നല്ല പങ്കാളിത്തം ഈ കണ്‍വന്‍ഷനില്‍ പ്രതീക്ഷിക്കുന്നു. കൂടാതെ നാല് ദിവസത്തെ കണ്‍വന്‍ഷനില്‍ 4 ദിവസവും നാട്ടില്‍ നിന്നുള്ള കലാകാരന്‍മാര്‍ കലാവിരുന്നു കൊണ്ട് നിറവാര്‍ന്നതായിരിക്കും. മധു, ഷീല ടീമിന്റെ പരിപാടി, കെ.എസ്. പ്രസാദ് നയിക്കുന്ന ടീമിന്റെ കലാപരിപാടി കൂടാതെ യൂത്തിന് വേണ്ടി ഒരു ദിവസം മുഴുവനുള്ള പ്രത്യേക പരിപാടി ഈ കണ്‍വന്‍ഷനിലെ വേറിട്ട പരിപാടിയായിരിക്കും. ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിനായി 150-ഓളം ചെറുപ്പക്കാര്‍ റെഡിയായി കഴിഞ്ഞു. 5000 ഡോളറിന്റെ സമ്മാനം ഈ ടൂര്‍ണ്ണമെന്റിന്റെ ആകര്‍ഷണീയതയാണ്.

കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്കു പുറമെ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഈ അഹമ്മദ്, കെ.സി. തോമസ് എന്നിവരും പങ്കെടുക്കുന്നു. തിരുവിതാംകൂര്‍ രാജാവ് ആരോഗ്യമനുവദിക്കുമെങ്കില്‍ എത്തുമെന്നുള്ളത് ഫൊക്കാനാ അഭിമാനത്തോടെ കാണുന്നു.

വര്‍ഷങ്ങളായി കണ്ടു വരുന്ന മുഖങ്ങള്‍ തന്നെ ഫൊക്കാന നേതൃത്വത്തിലിരിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ ഇപ്രാവശ്യത്തെ നാഷണല്‍ കമ്മറ്റിയില്‍ ധാരാളം പുതിയ മുഖങ്ങള്‍ ഉള്ളതായും, പഴയ മുഖങ്ങള്‍ ഫൊക്കാനയുടെ പ്രതിസന്ധിയില്‍ അതിനെ താങ്ങി നിര്‍ത്തിയവരാണെന്നും പിള്ള പറഞ്ഞു. ജി.കെ. പിള്ളയെ പോലുള്ളവര്‍ പുതിയ തലമുറക്കാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാളാണെന്ന്
ബോബി പറഞ്ഞു.

ഇരട്ട പൗരത്വം (ഡ്യുവല്‍ സിറ്റിസണ്‍) എന്ന ആശയം തന്നെ ഫൊക്കാനയാണ് കൊണ്ടുവന്നതെന്നും  സ്വര്‍ണ്ണം അണിഞ്ഞ് നാട്ടില്‍ പോകുമ്പോള്‍ 30% ടാക്‌സ് അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റുമായി സംസാരിച്ചു പരിഹാരം കാണാന്‍ ശ്രമിച്ചുവരുന്നതായും പിള്ള പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആശ്രയിക്കാവുന്ന സംഘടനയായി ഫൊക്കാന മാറിയതും, ജാതിയോ, മതമോ മറന്ന് സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സംഘടനകളുടെ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത് ഫൊക്കാനയ്ക്കും, തന്റെ ടീമിനും ആത്മവിശ്വാസം നല്കിയതായും ജി.കെ.പിള്ള പറഞ്ഞു.
പ്രൊഫഷണലായ പ്രവര്‍ത്തനം കാഴ്ച്ച വച്ച  രണ്ടു വര്‍ഷങ്ങള്‍: ജി.കെ. പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക