Image

ലയമധുരമായ കാവ്യശൈലി (സുധീര്‍ പണിക്കവീട്ടില്‍)

Published on 23 December, 2019
ലയമധുരമായ കാവ്യശൈലി (സുധീര്‍ പണിക്കവീട്ടില്‍)
(നിരൂപണം  ശ്രീമതി രമ പ്രസന്ന പിഷാരടിയുടെ "സൂര്യകാന്തം" എന്ന കാവ്യസമാഹാരം)

കവിതകളുടെ സൗന്ദര്യവും ആകര്‍ഷകതയും   കവി ഉപയോഗിക്കുന്ന ഭാഷയിലാണ്. ഭാഷ ഭാവനയെ ഉള്‍കൊള്ളാന്‍ കഴിയുന്നതായിരിക്കണം. സൗകുമാര്യവും മാര്‍ദ്ദവത്വവുമുള്ള പദങ്ങളുടെ ഉപയോഗത്താല്‍ കവിതകള്‍ ഹൃദ്യമായ ആസ്വാദനാനുഭൂതി പകരുന്നു.  കവികള്‍ പ്രകടമാക്കുന്ന അവരുടെ അറിവിന്റെ ലോകവും അറിയാന്‍ വെമ്പുന്ന ലോകവും കവിതകളില്‍ സൃഷ്ടിക്കുമ്പോള്‍ കാവ്യോചിതമായ ഒരു ദൃശ്യം നമുക്ക് മുന്നില്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രകൃതി സൗന്ദര്യം നോക്കി കലാകാരന്മാര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെ കവിയും അക്ഷരങ്ങളെകൊണ്ട് ഒരു കാവ്യപ്രകൃതിദൃശ്യം സൃഷ്ടിക്കുന്നു. രമ  പ്രസന്ന പിഷാരടിയുടെ മുപ്പത് കവിതകള്‍ അടങ്ങിയ "സൂര്യകാന്തം" എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ വായിക്കുമ്പോള്‍ അവര്‍ വരച്ചുവയ്ക്കുന്ന കാവ്യഭൂതലം  വളരെ വിശാലവും സൗന്ദര്യാത്മകവും എന്ന് കാണാം. ഈ പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സുഗതകുമാരി ടീച്ചര്‍ ആണ്. കവിതയുള്ള മനസ്സും കയ്യുമാണ് ഈ എഴുത്തുകാരിയുടേതെന്ന് ടീച്ചര്‍ അവതാരികയില്‍ കുറിച്ചിട്ടുണ്ട്.
 കവികള്‍ വായനക്കാര്‍ക്കായി സൃഷ്ടിക്കുന്ന ഒരു പ്രകൃതിയുണ്ട്. പ്രകൃതിക്ക് ഋതുക്കള്‍ ചാര്‍ത്തുന്ന ഭംഗിപോലെ കവികള്‍ കാവ്യപുഷ്പങ്ങളുടെ കമനീയമായ ഒരു കാഴ്ച ആ പ്രകൃതിയിലൂടെ   നമുക്കായി ഒരുക്കുന്നു. ഈ രീതിയെ പല തരത്തിലും പലരും വ്യാഖ്യാനിച്ചേക്കാം. പക്ഷെ ഈ ലേഖകന്റെ കാഴ്ച്ച്ചപ്പാടില്‍ ഇതൊരു പുതിയ രീതിയാണ്. കവയിത്രിയുടെ ഭാവനയുടെ വിശാലമായ കാന്‍വാസില്‍ അവര്‍ നിറയെ വര്‍ണ്ണങ്ങള്‍ വാരിത്തേക്കുന്നു. വെറുതെ വര്‍ണ്ണങ്ങള്‍ വിതറുകയല്ല. പശ്ചാത്തലത്തിനു യോജിക്കുന്നവിധത്തില്‍ അവര്‍ കരവിരുതോടെ ആ കര്‍മ്മം നിര്‍വഹിക്കുന്നു. കാല്പനികതയെ മുറുകെപ്പിടിക്കുന്ന കവയിത്രി വരികള്‍ക്ക് ശബ്ദസൗന്ദര്യവും കാവ്യഭംഗിയും ആവോളം പകരുന്നതില്‍ മികവ് കാട്ടുന്നുണ്ട്. വിസ്തൃതമായ വിജ്ഞാനസമ്പത്തുള്ള കവയിത്രിയുടെ കാവ്യലോകത്തിന്റെ പരിധി അപരിമേയമാണ്.
ശ്രീമതി പിഷാരടിയുടെ കവിതകള്‍ അനവധി കൈവഴികളുള്ള ഒരു മഹാനദിപോലെ വായനക്കാരന് അനുഭവപ്പെടും. കൈവഴികള്‍ ഓരോന്നിനും അതിന്റേതായ ഓളവും താളവുമുണ്ട്.  അതിനെ ചുറ്റിപ്പറ്റുന്ന ഒരു കഥയുമുണ്ട്. നദിയെപോലെ കാവ്യവിഷയങ്ങള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് അനന്തമായി നീളുന്നത് കാണാം.  ഈ സമാഹാരത്തിലെ ആദ്യ കവിത "സൂര്യകാന്തം" കര്‍ണ്ണാടക സംഗീതത്തിലെ 72  ജനകരാഗങ്ങളിലെ പതിനേഴാമത്തെ മേളകര്‍ത്തരാഗമാണെന്നു കവയിത്രി നമ്മെ അറിയിക്കുന്നു. കവിത വായിക്കുമ്പോള്‍ അതിലെ പ്രതിപാദ്യ വിഷയം (തീം) സൂര്യദേവനാണെന്നു കാണാം. കവിതയുടെ വിഷയവും (സബ്‌ജെക്ട്) അതിലെ പ്രതിപാദ്യവും (തീം) ബന്ധപ്പെട്ടതായിരിക്കുമെങ്കിലും ചില കവികള്‍ പ്രതിപാദ്യ വിഷയത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.  ഈ കവിത സൂര്യനെപ്പറ്റിയാണ്. സൗരയൂഥങ്ങളിലെ ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്ന് കവയിത്രി ചോദിക്കുന്നു. സൂര്യനില്ലെങ്കില്‍  മഞ്ഞുമൂടിയ ഒരു പാറക്കഷണമാകുമായിരുന്നു ഭൂമിയും എന്ന് അറിയുന്നത്‌കൊണ്ടായിരിക്കും അവര്‍ സൂര്യനെ പ്രകീര്‍ത്തിക്കുന്നത്.
സൂര്യ നിന്നഗ്‌നിയില്‍ തൊട്ടു
തൊട്ടെഴുത്തുകയാണ് ഭൂമിയും, ലോകവും

ഭൂമിയിലെ മനുഷ്യര്‍ ചൊല്ലുന്ന പന്ത്രണ്ട് ജ്യോതിര്‍ലിംഗ മന്ത്രങ്ങള്‍ സൂര്യനടയില്‍ ആരെങ്കിലും ജപിക്കുന്നുണ്ടോ എന്നുമവര്‍ സംശയിക്കുന്നു. സൂര്യനെന്ന ഗ്രഹത്തിന് ചുറ്റും പ്രദിക്ഷണം വച്ച്‌കൊണ്ട് കവയിത്രി സൂര്യനെ നമിക്കുന്നു. അവരുടെ ആത്മാവില്‍ എരിയുന്ന കവിത അഗ്‌നിയാക്കുന്നതും അതിനു സാക്ഷിയാകുന്നതും സൂര്യന്‍ തന്നെ. ഇതിനിടയില്‍ സൂര്യന്റെ തേര് തെളിയിക്കുന്ന അരുണനെപ്പോലെ ഗ്രീക്കിലെ ഹീലൂയിസിനെ, കര്‍ണ്ണനെ, ഒഡീഷയിലെ പുരി നഗരിയിലെ കൊണാര്‍ക്ക് മന്ദിരത്തെ, മഹാകവി രബീന്ദ്രനാഥ് ടാഗോറിനെ ഇവരെയൊക്കെ സ്പര്‍ശിച്ചുപോകുന്നു.

പെണ്‍മഴക്കാലം എന്ന കവിതയില്‍ സ്ത്രീയുടെ ദുഃഖം ഒരിക്കലും തീരാത്ത മഴപോലെ പെയ്തുകൊണ്ടിരിക്കുന്നുവെന്നു നമ്മള്‍ വായിക്കുന്നു. സ്ത്രീപുരുഷ സമത്വമില്ലായ്മയും പുരുഷകേന്ദ്രീകൃത ശക്തിയും സ്ത്രീയുടെ നന്മയും രണ്ട് വരികളില്‍ സ്പഷ്ടമാക്കുന്നു.

ഒന്ന് ദീപങ്ങള്‍ തെളിയിക്കുന്നു മറ്റൊന്ന്
വിണ്ണിലേക്കെയ്യുന്നു ആഗ്‌നേയശസ്ത്രങ്ങള്‍
സ്ത്രീയുടെ കണ്ണുകളില്‍ എന്നും തോരാത്ത മഴക്കാലം. ഭാവാര്‍ത്ഥ പ്രയോഗങ്ങളാല്‍ സമ്പുഷ്ടമാണ് ഇവരുടെ കവിതകള്‍. ഓരോ കവിതയിലും ആ വിഷയവുമായി ബന്ധപ്പെട്ട അനേകം സൂചനകള്‍ ചേര്‍ന്നുകിടക്കുന്നത്  കാണാവുന്നതാണ്. ആലങ്കാരിക ഭംഗി ഉള്‍കൊള്ളുന്ന കവിതകള്‍ പോലെ തന്നെ കവിതകളുടെ അര്‍ത്ഥതലങ്ങളും വിശാലമാണ്. സ്ത്രീയെ അനഘ യായി സങ്കല്‍പ്പിച്ച്‌കൊണ്ട് അവര്‍ കുറേകൂടി സ്ത്രീത്വത്തെ മഹത്വപ്പെടുത്തുന്നു. കോടി തീര്‍ത്ഥങ്ങളെ ചേര്‍ക്കുന്ന ഒരു നീര്‍ക്കണമാണവള്‍  എന്ന് എഴുതുന്നു.  അത്രയും ശക്തിയുണ്ടായിട്ടും അവള്‍ മഴപോലെ പെയ്യുന്നു. പുരുഷമേധാവിത്വം അവളില്‍ ഏല്‍പ്പിക്കുന്ന ആഘാതം മഴയാകുമ്പോഴും അവളിലെ ഒരു തുള്ളി മതി കോടാനുകോടി തീര്‍ത്ഥങ്ങളെ ഒരുമിപ്പിക്കാന്‍ എന്ന ധീരമായ പ്രഖ്യാപനം നടത്തുന്നു.

ഈ സമാഹാരത്തിലെ "മഴയെഴുത്തുകള്‍" എന്ന കവിതക്ക് ആകെയൊരു അഴകും മുറുക്കവുമുണ്ടെന്ന്   സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെടുന്നു. അതിലെ നാല് വരികള്‍ വായിക്കുക.

ഇളം മുകുളങ്ങള്‍ വിടരുവാന്‍ സൂര്യ
പ്രകാശം തെറ്റുന്ന പ്രഭാതസന്ധ്യയില്‍
മഴ, മഴ പെയ്തുനിറയുന്നു ദൂരെ
കടലുമങ്ങനെ  തുടിയിടുന്നുവോ ?

ശ്രീമതി പിഷാരിടിയുടെ കവിതകള്‍ വായിക്കുമ്പോള്‍ അവര്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ വ്യത്യസ്തങ്ങളാണെന്നു കാണാം. അവരുടെ കവിതകളിലെ പ്രമേയം വ്യക്തമാക്കുന്ന രീതിയിലല്ല അവരുടെ രചനകള്‍. സബ്‌ജെക്ട്, ടോപ്പിക്, തീം ഈ ഇംഗളീഷ് വാക്കുകള്‍ക്കൊക്കെ മലയാളത്തില്‍ സമാനമായ അര്‍ത്ഥങ്ങളാണ് കാണുന്നത്. ഒരു കവിതയിലെ സബ്‌ജെക്ട് അതില്‍ ചര്‍ച്ചചെയ്യുന്ന വിഷയമാണ്. തീം എന്ന് പറയുന്നത് കവി ആ വിഷയത്തില്‍ കണ്ടെത്തിയ ആശയം  നമ്മോട് പറയുന്നതാണ്.  “അന്വേഷണമെന്ന” കവിത പരിശോധിച്ചാല്‍ അറിയാന്‍ കഴിയുന്നത് കവി മനസ്സില്‍ വന്നു നിറയുന്ന നിരവധി ചിത്രങ്ങളുടെ വിവരണങ്ങളാണ് ആ കവിത ഉള്‍ക്കൊള്ളുന്നതെന്നാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാനസിക വ്യാപാരങ്ങളുടെ ഭാവാവസ്ഥകള്‍ അതില്‍ നന്നായി വിവരിക്കുന്നുണ്ട്. ഒടുവില്‍ നിലവറക്കുള്ളില്‍ വിളക്ക് ഉറങ്ങുന്നു എന്ന് അവര്‍ മനസ്സിലാക്കുമ്പോള്‍ ആണ് വാക്കുകള്‍ മുറിയുന്നതിനു കാരണം നമ്മള്‍ അറിയുന്നത്. വിളക്ക് തെളിയുമ്പോള്‍ ബുദ്ധി ഉണരുന്നു. കാരണം വെളിച്ചത്തിനു ബുദ്ധിയെ മന്ദീഭവിക്കുന്ന ശത്രുക്കളെ കൊല്ലാന്‍ കഴിവുണ്ട്. ഒരു പക്ഷെ അങ്ങനെയൊക്കെ നമുക്ക് അനുമാനിക്കാമെങ്കിലും കവിയുടെ ഉദ്ദേശ്യം വ്യക്തമാകുന്നുണ്ടോ എന്ന ശങ്കയില്‍ വായനക്കാരന്‍ നില്‍ക്കുന്നു. അവ്യക്തകള്‍ സമ്മാനിക്കുന്നത് കവിയുടെ വിനോദമായിരിക്കാം അതൊരു രീതിയാകാം.

സീതായനം എന്ന കവിതയില്‍ പുരുഷമേധാവിത്വത്തിനു ഇരയായ സീതയെ പരാമര്‍ശിക്കുന്നുണ്ട്. പ്രത്യക്ഷമായ പരാമര്‍ശങ്ങള്‍ ഈ കവയിത്രി നടത്തുന്നില്ല. സൂചനകളിലൂടെ, രൂപകങ്ങളിലൂടെ, അലങ്കാരങ്ങളിലൂടെയൊക്കെ വളരെ മൃദുവായി അവര്‍ പറയുന്നു. സീത ഭൂമിയുടെ ഗര്‍ഭത്തില്‍  പ്രവേശിച്ച് ഒരു പുവ്വായി സുഗന്ധം പരത്തുമ്പോള്‍ രാമന്‍ ഒരു പുഴയുടെ ഓളങ്ങളില്‍ അപ്രത്യക്ഷനായി എന്ന് രാമായണം പറയുന്നുവെന്ന് അവര്‍ എഴുതുന്നു. രാമായണം എന്ന് പറയാതെ തന്നെ പുരുഷമേധാവിത്വത്തെ ഇന്ന് ഒരു പരിധി വരെ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന സമൂഹം പുഴയില്‍ എറിഞ്ഞുകളഞ്ഞുവെന്നു ധീരമായി പ്രഖ്യാപിക്കാമായിരുന്നു.. പക്ഷെ മൃദുത്വവും അവ്യക്തതയുടെ മറവും ഇവര്‍ പരീക്ഷിക്കുന്നതായി സംശയിക്കാം.
കവിതകള്‍ തേടുന്ന കവിമനസ്സിന്റെ തീവ്രമായ ആവിഷ്കാരമാണ് സമുദ്രമഥനം എന്ന കവിതയില്‍. വായനക്കാര്‍ക്ക് പരിചിതമായ ബിംബങ്ങള്‍ അവര്‍  നിരത്തുന്നു. തീരങ്ങളില്‍ കുറിച്ചിടുന്ന ലിഖിതങ്ങള്‍ തിരകള്‍ വന്നുതുടച്ച് മാറ്റുന്ന പോലെ കവിതകള്‍ എഴുതിയാല്‍ പോരെന്നു തീരുമാനിക്കുന്ന കവി ഒരു പാലാഴി മഥനം നടത്തുന്നു. അപ്പോള്‍ പാലാഴി മഥനം നടന്നപ്പോള്‍ ഉണ്ടായപോലെയുള്ള ദുര്‍ഘടനകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ കവിയെ അപ്‌സരസ്സുകള്‍ കൈപിടിച്ച് നിറയെ രത്‌നങ്ങള്‍ കാട്ടികൊടുക്കുന്നുവെന്ന് പ്രതീകാത്മകമായി വിവരിക്കുന്നുണ്ട്. പാലാഴിമഥനത്തിലെ രത്‌നം അമൃതാണ്. നിത്യയൗവനം. പക്ഷെ കവിക്ക് അതുവേണ്ട അവര്‍ക്ക് ശംഖിനുള്ളില്‍ മുഴങ്ങുന്ന സാഗരഗര്‍ജനം മതി. അതായത് നിലക്കാത്ത പ്രപഞ്ച സംഗീതം. അമരത്വത്തേക്കാള്‍ കവിതയെ സ്‌നേഹിക്കുന്ന മനസ്സ് അവര്‍ തുറന്നുകാട്ടുന്നു. ശംഖില്‍ ഒരു സാഗരം ഒതുങ്ങുന്ന പോലെ മനസ്സില്‍ കവിത നിറയാന്‍ അഭിലഷിക്കുന്ന കവിയുടെ മോഹങ്ങളുടെ ലളിതമായ ചിത്രീകരണമാണി കവിത.
മറ്റ് കവിതകളും പ്രകടമാക്കുന്നത് കവയിത്രിയുടെ കാവ്യ സമീപനത്തിന്റെ വ്യത്യസ്തകളാണ്. അവര്‍ക്ക് ചുറ്റുമുള്ള എന്തും അവരുടെ കവിതക്ക് വിഷയമാകുന്നു. അതേക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഭാവന വിഷയത്തോടനുബന്ധിച്ച സൂചനകളും ബിംബങ്ങളും വര്‍ണ്ണിക്കുന്നു.  ഇത്തരം കവിതകളെ വിവരണാത്മകമായ കവിതകള്‍ എന്ന് വിളിക്കാം.  നവരസങ്ങള്‍ ഋതുക്കളുമായി കൂട്ടിയിണക്കികൊണ്ട് എഴുതിയ കവിതയില്‍ മഞ്ഞുരുകുന്ന പ്രഭാതത്തിന്റെ അരുണിമ ഉള്‍ക്കൊള്ളുന്ന ഭാവങ്ങള്‍ ചിത്രകാരന്റെ കരവിരുതോടെ വാക്കുകള്‍ കൊണ്ട് വരച്ച് വച്ചിരിക്കുന്നു. സംഗീതം പഠിക്കുകയും വീണവായനയില്‍ നൈപുണ്യവുമുള്ള ഇവര്‍ കര്‍ണ്ണാട്ടിക് രാഗങ്ങളെ  കവിതയില്‍ കൊണ്ടുവരുന്നത് ശ്രുതിലയ താളങ്ങളോടെ ആണ്. രാഗമാലിക എന്ന കവിതയില്‍ രാഗങ്ങള്‍ ഒഴുകി വരുന്നു.

വിണ്ണിലെ ദേവസ്പന്ദശബ്ദമോ യാഗപ്രിയ
സ്വര്‍ഗ്ഗസ്വപ്നങ്ങള്‍ ഗംഗാഭൂഷിണിയൊരുക്കുന്നു
വി ണ്‍ താരകങ്ങള്‍ വിളക്കേന്തുന്ന സോപാനത്തില്‍
പ്രതിമധ്യമത്തിന്റെ    ശ്രുതിയില്‍ സപ്തര്‍ഷികളുണര്‍ന്നു വരുന്നുവോ?
നവനീതത്തില്‍  (നവനീതം, യാഗപ്രിയ = രാഗങ്ങള്‍)
ഇവരുടെ കവിത പൂര്‍ണമായി മനസ്സിലാക്കാന്‍ വായനക്കാരന്റെ അറിവും ഭാവനയും ആവശ്യമാകുന്നു. ഗ്രാമം പാടുന്ന എന്ന കവിതയില്‍ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവന്‍ വര്‍ണ്ണിക്കയാണ്.  ഈ പ്രകൃതിയും മനുഷ്യരും ജീവിതവുമെല്ലാം ഈ കവയിത്രിയെ ഭാവനയുടെ ലോകത്തിലേക്ക് നയിക്കുന്നു. അവിടെ കാണുന്ന അവര്‍ മാത്രം കാണുന്ന വര്‍ണ്ണകാഴ്ചകള്‍ നമുക്ക് കാട്ടിത്തരുമ്പോള്‍ നമുക്കും ആ അനുഭൂതി അനുഭവപ്പെടുന്നു.ഈ സമാഹാരത്തിലെ അവസാന കവിതയായ് വിസ്മയത്തുടിപ്പുകള്‍ എന്ന കവിതക്ക് ആമുഖമായി അവര്‍ ഇങ്ങനെ പറയുന്നു. "ഭൂമിയിലൂടെ വിസ്മയഭാവവുമായ് നീങ്ങും സങ്കല്പങ്ങള്‍ക്കൊടുവില്‍ പ്രപഞ്ചമോ, കവിതയോ ഏറ്റവും വലിയ വിസ്മയമെന്ന ഒരവസ്ഥശേഷം അനുഭവപ്പെടുന്ന കാവ്യഭാവമാണ് ഈ കവിതയില്‍ നിറയുന്നത്.  വാസ്തവത്തില്‍  മറ്റു കവിതകളുടെ സൃഷ്ടിയിലും ഈ വരികള്‍ അര്‍ത്ഥവത്തായിട്ടുണ്ട്.

ഇരുവഴിഞ്ഞിപ്പുഴയോരത്ത് എന്ന കവിത ഒരു പ്രണയദുരന്തത്തിന്റെ കഥയായിരിക്കും എന്ന് വായനക്കാരന്‍ അവന്റെ അറിവില്‍ നിന്ന് ഊഹിക്കുന്നു. ആ പുഴയില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു യുവാവിന്റെയും അവനെ പ്രണയിച്ച് അവിവാഹിതയായ വിധവയുടെയും കഥയാണീ കവിതയില്‍ പ്രതിപാദിക്കുന്നത് എന്ന് കവയിത്രി പ്രത്യക്ഷമായി പറയുന്നില്ല. ചില വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന വികാരങ്ങള്‍, അവയുടെ പ്രയോഗങ്ങള്‍ എന്നിവയിലൂടെ വായനക്കാരന് അത്  ഊഹിച്ചെടുക്കാം; അയാള്‍ക്ക് വായനാശീലവും, പൊതു വിജ്ഞാനവുമുണ്ടെങ്കില്‍.    ഒരു പക്ഷെ ചരിത്രത്തില്‍ നിന്ന് പുരാണത്തില്‍ നിന്നൊക്കെ അവര്‍ കണ്ടെത്തുന്ന  കഥാസന്ദര്‍ഭങ്ങള്‍ ഇങ്ങനെ പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതായി ചില കവിതകളില്‍ കാണാം.  വായനക്കാരന്‍ ചിന്തിക്കുന്ന കമിതാക്കള്‍ ആയിരിക്കണമെന്നില്ല ഇതിലെ കഥാപാത്രങ്ങള്‍ എന്നുമാവാം. അതെല്ലാം കവയിത്രി ഓരോ വിഷയങ്ങളെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെ.
ഋതുക്കള്‍ മായുമ്പോഴും ഋണങ്ങളൊന്നൊന്നായി
മറക്കാനാവാത്തോരാ പുഴതന്നോളങ്ങളില്‍
ചരിത്രം കൈയൊപ്പിട്ടു നീങ്ങുന്നു സ്‌നേഹത്തിന്റെ
അനശ്വരത്വം ആര്‍ദ്രമായൊരു മഹാകാവ്യം.

സൂര്യകാന്തം എന്ന കാവ്യസമാഹാരത്തിലെ എല്ലാ കവിതകളെയും ഈ നിരൂപണത്തിനു ഉപയോഗിച്ചിട്ടില്ല.

ശ്രീമതി രമ പ്രസന്ന പിഷാരടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ശുഭം


ലയമധുരമായ കാവ്യശൈലി (സുധീര്‍ പണിക്കവീട്ടില്‍)ലയമധുരമായ കാവ്യശൈലി (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Girish Nair 2019-12-23 22:27:34
ശ്രീമതി പ്രസന്ന പിഷാരടി മാഡത്തിന്റെ കവിതാസമാഹാരമായ സൂര്യകാന്തത്തിൻറെ പേരിൽ തന്നെ അവരുടെ കവിതകളുടെ പ്രത്യേകത അടങ്ങിയിരിക്കുന്നു. ധാതുക്കൾ ഇരുമ്പിനെ ആകർഷിക്കുന്ന പോലെ ഒരു കാന്തിക ശക്തി കവിത വായിക്കുന്ന വായനക്കാരെ ആകർഷിക്കുന്നു. നിരൂപണം വളരെ ഹൃദ്യമായിരിക്കുന്നു. ശ്രീമതി പ്രസന്ന മാഡത്തിനും നിരൂപകനും അഭിനന്ദനങ്ങൾ..
ജോർജ്ജ് പുത്തൻകുരിശ് 2019-12-24 00:07:28
"സാരാനർഘപ്രകാശപ്രചുരിമ പുരളും 
          ദിവ്യരത്ന ങ്ങളേറെ-
പ്പരാവാരത്തിനുള്ളി പരമിരുൾനിറയും
          കന്ദരത്തിൽ കിടപ്പു" ( ഒരു വിലാപം -വി സി ബാലകൃഷ്‌ണപ്പണിക്കർ )

'സാരവത്തും അമൂല്യവുമായതും പ്രകാശം ചൊരിയുന്നതുമായ രത്നങ്ങൾ പാരാവാരത്തിനുള്ളിൽ ചെറിയ കുഴികളിൽ കിടക്കുന്നുണ്ട് '   പക്ഷെ അതിനെ ആരെങ്കിലും കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുമ്പോൾ മാത്രമേ അതിന്റ വില നമ്മൾക്ക് മനസ്സിലാക്കാൻ കഴിയു .  ശ്രീമതി .പ്രസന്ന പിഷാരടിയുടെ കവിതയിൽ അന്തർലീനമായി കിടക്കുന്ന സാരത്തെ, ഒരു മുങ്ങൽ വിദഗ്‌ദ്ധനെപ്പോലെ കണ്ടെത്തി, അതിന്റെ പൊരുൾ വായനക്കാർക്കായി തിരിക്കാൻ , ശ്രീ സുധീർ പണിക്കവീട്ടിലിനുള്ള പാഠവത്തെ, ഞാൻ ഇവിടെ എഴുതാതെ മാന്യ വായനക്കാർക്ക് അറിയാവുന്നതാണ് .  സുധീർ പറയുന്നതുപോലെ കവിയോ/ കവയിത്രിയോ എന്താണ് ചിലപ്പോൾ ഉദ്ദേശ്യക്കുന്നത് എന്ന് വായനക്കാർക്ക് പൂർണ്ണമായി മനസിലാകുന്നില്ല എങ്കിലും, അവരുടെ കൂടെ സഞ്ചരിക്കുമ്പോൾ നമ്മളുടെ മനസ്സിൽ ഒരു ജനുവരിക്കോ , ഡിസംബറിനോ സൃഷ്ടിക്കാൻ കഴിയുന്ന അനുഭൂതികളെ, അവർ വാക്കുകൾകൊണ്ട് ഒപ്പി എടുത്തു നമ്മളുടെ മുന്നിൽ വീണ്ടും ഒരു ഇന്ദ്രജാലത്തിലെ എന്നപോലെ വീണ്ടും അവതരിക്കുമ്പോൾ അത് നമ്മളിൽ ആദരസമന്വിതമായ അത്ഭുതം സൃഷ്ടിക്കുന്നു.

"രാവില്‍ നിന്നും ജനുവരിയെത്തുന്ന
നീള്‍നിലാപ്പുഴയ്ക്കിങ്ങേക്കരയിലായ്
കായലോരത്ത് കാറ്റിന്‍ വയലിനില്‍
പാട്ടുപാടി മടങ്ങും ഡിസംബറില്‍
ഓര്‍മ്മകള്‍ വീണ്ടുമാരകക്കോലിന്റെ
സ്മാരകങ്ങളില്‍ ചിത്രം രചിക്കവെ
വാക്കിലെ നെരിപ്പോടിന്‍ കനലുകള്‍
യാത്രചൊല്ലിപ്പിരിഞ്ഞു പോയീടുന്നു
വാക്കിലെ മഞ്ഞുനീര്‍ക്കണപ്പൂവുകള്‍
പൂത്തുലയുന്നു പിന്നെജോർജ്ജ് പുത്തൻകുരിശ് യും പിന്നെയും
വാക്കില്‍ നിന്നും പുനര്‍ജനിച്ചീടുന്നു
നേര്‍ത്ത മേഘങ്ങള്‍ വെള്ളരിപ്രാവുകള്‍...
വാക്കില്‍ ധ്യാനാര്‍ദ്ധമാകുന്നൊരക്ഷരം
കാത്തിരിപ്പിന്‍ .ഋതുവായി  മാറുന്നു."

കവയിത്രിക്കും നിരൂപകനും അഭിനന്ദനങൾ 


  
Radiance of Beauty 2019-12-24 05:51:53
 Like the Radiance of the Rays of the Sun; Beauty is filled in Poems & in the Literary Evaluation.
Thanks to both of you for leading & awakening the readers with beautiful words & deep Sincere thoughts.-andrew 
Jyothylakshmy Nambiar 2019-12-24 06:38:33
ഭാവനകൾക്കൊപ്പം അഗാധമായ അറിവും ഭാഷാ പാടവവും നിറഞ്ഞതാണ് ശ്രീമതി രമ പ്രസ്സന്ന പിഷാരടിയുടെ കവിതകൾ. അതിന്റെ ആഴത്തിലിറങ്ങിയുള്ള പഠനവും, നിരൂപണവും മനോഹരം  
Pisharody Rema 2020-01-01 05:41:56
Thank you Sudhir Ji for taking your Precious time to review my Book Soorykantham
It is indeed a motivational and inspiring review.
Thank you once again.

Thank you Dear Readers Abdul Ji, Jyothi,  Andrew Ji and Geirge Ji for your invaluable remarks.

Wish you all a very Happy and Peaceful New Year 2020. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക