Image

സമയം (കഥ: സുനീതി ദിവാകരന്‍)

Published on 25 December, 2019
സമയം (കഥ: സുനീതി ദിവാകരന്‍)
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രപ്പണികളുള്ള മനോഹരമായ ക്ലോക്കിന് മുഖം കാണിച്ചുകൊണ്ട് ഒരേ താളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ രണ്ടു സൂചികളെ നോക്കി നില്‍ക്കുകയാണവള്‍.  എത്ര കൃത്യമായ താളത്തിലാണ് ഈ സൂചികള്‍ നടക്കുന്നത് !!! ഒരു സൂചി വേഗത്തില്‍ നടത്തം തുടങ്ങി ഇത്തിരി മുന്നിലെത്തുന്നു. തൊട്ടു പിന്നാലെ മറ്റേ സൂചി ഒപ്പത്തിനൊപ്പം നടക്കുന്നു,  അങ്ങനെ മുന്നിലും പിന്നിലുമായി അവര്‍ നടന്നുകൊണ്ടേയിരിക്കുന്നു.   എന്നാലും ഇവിടെ ഈ നില്‍പ്പ് തുടങ്ങിയിട്ട് നേരമെത്രയായെന്നു പറഞ്ഞത് നിശബ്ദനായി നില്‍ക്കുന്ന ബഹളങ്ങളൊന്നുമില്ലാത്ത ആ ഏറ്റവും ചെറിയ സൂചിയായിരുന്നു.  കണ്ണ് ചിമ്മാതെ ക്ലോക്കിലേക്കു മാത്രം നോക്കി നിന്നിട്ടും ചെറിയ സൂചിയുടെ ചലനങ്ങള്‍ കാണാനേ പറ്റിയില്ല.  മറ്റു സൂചികളുടെ താളമല്ല ഈ ചെറിയ സൂചിക്ക്.  എട്ടില്‍നിന്നു ഒമ്പതിലേക്കുള്ള അര  വിരല്‍ ദൂരം ഈ സൂചി എങ്ങനെ താന്‍ കാണാതെ നീന്തി എത്തി

സമയം അവളെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള ഒരു വസ്തുവാണ്.  സമയത്തെ ഒരു വസ്തു എന്ന് വിളിക്കാമോ .  ഇല്ല,  പഠിച്ച അറിവ് വെച്ച് കാണാനും തൊടാനും പറ്റുന്ന സാധനങ്ങള്‍ മാത്രമേ വസ്തുക്കളാവുന്നുള്ളൂ.  പിന്നെ സമയം എന്താണ്    ഈ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന സമയത്തെ ആരാണ് ഈ ചില്ലുകൂടുകള്‍ക്കുള്ളില്‍ ഇങ്ങനെ പൂട്ടി ഇട്ടിരിക്കുന്നത്    തുറന്നു വിട്ടൊന്നു നോക്കിയാലോ   സമയം ഓടി അങ്ങ് പോയാല്‍ പിന്നെന്തു ചെയ്യും  അല്ലെങ്കില്‍ അനങ്ങാത്തങ്ങു നിന്ന് പോയാലോ    ഉത്തരങ്ങള്‍ ഇല്ല.   സത്യത്തില്‍ എന്താണ് സമയം       സമയത്തെ എങ്ങനെ ഒന്ന് നിര്‍വചിക്കും    ഭൂതകാലത്തില്‍നിന്നു വര്‍ത്തമാനത്തിലേക്കും പിന്നെ അവിടെ നിന്ന് ഭാവിയിലേക്കുമുള്ള അനുസ്യൂതമായ ഒരു ഒഴുക്കാണ് സമയമെന്നു വേണമെങ്കില്‍ പറയാം.  എന്നാലും ഈ ചില്ലുകൂട്ടിനുള്ളിലിരുന്നു ലോകം മുഴുവന്‍ നിയന്ത്രിക്കുന്ന ഈ സമയം എന്ന സിസ്റ്റത്തിന്റെ ഹിക്മത് പിടി കിട്ടുന്നേ ഇല്ല.

അല്ലെങ്കിലും ഈ സമയം എന്താണ് .  സമയം ഇല്ലെങ്കിലെന്താണ് .  സമയം ഒന്ന് നിന്ന് പോയാലെന്തു ചെയ്യും . ഇതൊക്കെ ആലോചിച്ചു സമയം കളയാന്‍ ഇവിടെ ആര്‍ക്കാണ് സമയം .  രാവിലെ തന്നെ സമയം കൊല്ലിയായി വന്ന ഈ സമയത്തെ ശപിച്ചുകൊണ്ട് അവള്‍ ക്ലോക്കില്‍നിന്നു തല തിരിച്ചു.  തന്റെ സമയമില്ലാത്ത ലോകത്തിലേക്ക് വീണ്ടും..................


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക