Image

കാര്‍ഡുകളുടെ വര്‍ണ്ണ ലോകം (ഗംഗ . ബി)

Published on 25 December, 2019
കാര്‍ഡുകളുടെ വര്‍ണ്ണ ലോകം (ഗംഗ . ബി)
ഒരു ക്രിസ്തുമസ് കൂടി കൊഴിയുന്നു . ഓരോ വിശേഷവും ഓരോ ഓര്‍മപ്പെടുത്തല്‍ തന്നെ . ഇനി അടുത്ത ചൊവ്വയും ബുധനുമായി ഹാപ്പി ന്യൂ ഇയര്‍ കൂടി പറയുമ്പോള്‍ വലിയ ഒരു ജോലി കൂടി കഴിയും .

ഡിജിറ്റല്‍ ആശംസകള്‍ ആയതോടെ പോസ്റ്റ്മാനെ കാത്തുള്ള പഴയ ആ ഇരിപ്പിന്റെ സുഖം പോയി.

അത് മാത്രമോ തിരിച്ചും കാര്‍ഡ് അയയ്ക്കണ്ടേ . കാര്‍ഡ് വാങ്ങലും തരം തിരിക്കലും എഴുതലും ഒട്ടിക്കലും ആകെ ഒരു തിരക്ക്.

അച്ഛന് , അമ്മക്ക് , ചേച്ചിക്ക് , എനിക്ക് പിന്നെ പൊതുവായിട്ടുള്ളത് അങ്ങിനെ പല തരത്തില്‍ .

ക്രിസ്ത്യാനി കൂട്ടുകാര്‍ക്ക് ക്രിസ്ത്മസ്സും പുതുവര്‍ഷവും ചേര്‍ത്തുള്ള കാര്‍ഡ് , അല്ലാതുള്ളവര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ മാത്രം.

ചില കാര്‍ഡുകളോട് ഇഷ്ടം കൂടുതലായാല്‍ അതയയ്ക്കാതിരിക്കാനുള്ള പങ്ക പാടുകളും സൂത്രങ്ങളും .

സ്‌ക്കൂളില്‍ ഈ സമയമാകുമ്പോള്‍ കാര്‍ഡ് വില്പനയുണ്ട് . കൂടുതലും കര്‍ത്താവിന്റെ പടമുള്ള കാര്‍ഡുകള്‍ . അവിടെ അത്ര താത്പര്യം പോര .

നമ്മുടെ കേന്ദ്രം ചേര്‍ത്തലയിലെ ഷൈന്‍ ബുക്ക്സ്റ്റാളോ ബസ് സ്റ്റാന്‍ഡിലെ ലേഡീസ് സ്റ്റോറുകളോ ആവും. നല്ല ഭംഗിയുള്ള വിടര്‍ക്കുമ്പോള്‍ പൂ കൂട പോലെ വരുന്ന കാര്‍ഡ് , ഗില്‍റ്റ് പതിപ്പിച്ചവ , മിഴുമിഴാ ഉള്ളവ അങ്ങിനെ എത്ര തരം . പൂക്കള്‍ മാത്രം ഉള്ളവ കൂടാതെ മൃഗങ്ങളുടെ ചിത്രങ്ങളോടും പ്രകൃതി ദൃശ്യങ്ങളോട് കൂടിയവും ധാരാളം . ചില കാര്‍ഡ്കള്‍ സിനിമാക്കാരുടെ പടത്തോടെയും കണ്ടിട്ടുണ്ട് .

എനിക്ക് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന കൊച്ചു റാണി കൃത്യമായി ഏതെങ്കിലും ബുക്കിനുള്ളില്‍ വച്ചാണ് കാര്‍ഡ് തന്നിരുന്നത് . എന്നും ക്ലാസ്സില്‍ കാണുമെങ്കിലും എന്തോ ഒരു ഇഷ്ടം , അതാണ് കാര്‍ഡിന്റെ പിന്നിലെ രഹസ്യം .എല്ലാം യേശുദേവന്റെ ചിത്രങ്ങളാണ് തന്നിരുന്നത് . പിന്നീടറിഞ്ഞു കൊച്ചുറാണി മഠത്തില്‍ ചേര്‍ന്നു എന്ന് . രണ്ട് അനിയന്മാരുടെ പുന്നാര ചേച്ചി , അദ്ധ്യാപകനായ അച്ഛന്റെ പുന്നാര മകള്‍ ക്ലാസ്സിലെ ചട്ടമ്പി , ബഹളക്കാരി എങ്ങിനെയെന്നറിയില്ല കര്‍ത്താവിന്റെ മണവാട്ടിയായി . അതൊരുപകഥ കൂട്ടത്തില്‍ .

കാര്‍ഡ് ശേഖരണവും കൂട്ടുകാരെ അത് കാട്ടി കൊതിപ്പിക്കലും ഏറ്റവും രസകരമായ ഓര്‍മ തന്നെ . അവരുടെ വീമ്പടിയില്‍ കഴിവതും പതറാറെ നില്‍ക്കാനുള്ള പാഴ്ശ്രമം മറുവശത്തും .

കോളേജ് ഹോസ്റ്റലില്‍ വിദേശ ബന്ധുക്കളുടെ വലിയ വലിയ കാര്‍ഡ് വരുമ്പോള്‍ മരുന്നിന് ഒരു ബന്ധു പോലുമില്ലല്ലോ വിദേശത്ത് എന്ന് ഞങ്ങളില്‍ ചിലരുടെ നേര്‍ത്ത വിലാപം .

അടുത്ത ഒരു തമാശ ഹോസ്റ്റലില്‍ ചിലര്‍ക്ക് അഞ്ജാതരുടെ കാര്‍ഡ് വരുന്നതാണ് . അതിന്റെ വാലും പിടിച്ച് അന്വേഷണ പരമ്പരകളും കഥ മെനയലും .

കാര്‍ഡ്കള്‍ക്ക് പറയാന്‍ എത്ര എത്ര ഓര്‍മകള്‍ , എത്ര എത്ര കഥകള്‍ .

കാര്‍ഡ് കൈമാറല്‍ പരിപാടി കുറഞ്ഞതോടെ CRY പോലുള്ള സംഘടനകള്‍ക്കും ഒരു വരുമാന ശ്രോതസ്സാണ് നഷ്ടപ്പെട്ടത് .

ഈ ആഴ്ചകളില്‍ പണ്ട് പോസ്റ്റോഫീസുകാരുടെ തിരക്ക് അവരോട് ചോദിച്ചാല്‍ അറിയാം . സീലിന് വിശ്രമമില്ലാത്ത ദിനങ്ങള്‍ . അതും അന്യം നിന്നു .

രാവിലെ ആരോ ഓര്‍മിപ്പിച്ചു ഇന്ന് ഹനുമാന്‍ ജയന്തിയാണ് പോലും . അധികം ആരും അറിയാത്ത ഈ ദിനത്തിലും ഡിജിറ്റല്‍ ആശംസകള്‍ക്ക് പഞ്ഞമില്ല .

രണ്ട് വര്‍ഷം മുമ്പാണ് ഒരു കാര്‍ഡ് അവസാനമായി കിട്ടിയത് രാധാകൃഷ്ണന്‍ അമ്മാവന്‍ അമേരിക്കയില്‍ നിന്ന് അച്ഛന്റെ പേരില്‍ അയച്ചത്. ഇനി അതും വരില്ല അച്ഛന്‍ പോയതോടെ .

ഇന്നിപ്പോള്‍ തോന്നുന്നു ശേഖരിച്ച് വച്ചിരുന്ന കാര്‍ഡുകളും പിന്നീട് വന്നവയും എല്ലാം സൂക്ഷിച്ച് വച്ചിരുന്നെങ്കില്‍ ഒന്നൂടെ ഒരു മടങ്ങിപ്പോക്ക് മനസ്സുകൊണ്ട് .

യാന്ത്രികത മികവ് കാട്ടുന്ന ജീവിതത്തില്‍ ഈ പച്ചപ്പും കരിഞ്ഞുണങ്ങിയതോടെ ബന്ധങ്ങളുടെ തീവ്രതയും യാന്ത്രികമായ പോലെ .

പതിവുപോലെ ഈ വര്‍ഷവും ആശംസാ കാര്‍ഡ് കിട്ടിയവരുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ . നിങ്ങളിലൂടെ ഈ കൈമാറ്റം തുടരട്ടെ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക