Image

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സസ്‌പെന്‍സായി തോമസ് ചാണ്ടിയുടെ പിന്‍ഗാമി(ശ്രീനി)

ശ്രീനി Published on 26 December, 2019
 കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സസ്‌പെന്‍സായി തോമസ് ചാണ്ടിയുടെ പിന്‍ഗാമി(ശ്രീനി)
മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ മുന്നണികള്‍ തുടങ്ങിവച്ചിരിക്കെ ഈ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേലുയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളിലെയും പ്രധാന പാര്‍ട്ടികള്‍ മത്സരിക്കാതിരുന്ന മണ്ഡലമാണ് കുട്ടനാട്. ഇടതുപക്ഷത്ത് നിന്ന് എന്‍.സി.പിയും യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസും എന്‍.ഡി.എയില്‍ നിന്ന് ബി.ഡി.ജെ.എസുമാണ് 2016ലെ തിരഞ്ഞെടുപ്പില്‍ പോരടിച്ചത്. എന്‍.സി.പി സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയാണ് 50,114 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കേരളാ കോണ്‍ഗ്രസിലെ അഡ്വ. ജേക്കബ് എബ്രഹാമിനെ പരാജയപ്പെടുത്തിയത്.

എന്നാല്‍ ഈ മൂന്ന് പ്രബല പാര്‍ട്ടികളുടെയല്ല, മുന്നണികളുടെ ശക്തിയാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചത്. കുട്ടനാടിനെ സംബന്ധിച്ച് എന്‍.സി.പി ഒരു ശക്തിയേയല്ല. സി.പി.എമ്മിന്റെ വോട്ടും തോമസ് ചാണ്ടിയുടെ വ്യക്തി ബന്ധവുമാണ് ഇവിടെ വിലയിരുത്തപ്പെട്ടത്. കുട്ടനാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് മുന്നണികളെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്. മാത്രമല്ല കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യു.ഡി.എഫിനും ബി.ജെ.പി-ബി.ഡി.ജെ.എസ് തര്‍ക്കം എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തേയും ബാധിക്കും എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന അവസാനത്തെ ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് എന്‍.സി.പിക്ക് എളുപ്പമാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എന്‍.സി.പിക്കുണ്ട്.

കുട്ടനാട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെയാണ്...കുട്ടനാട് മണ്ഡലം 1965ലാണ് രൂപീകരിച്ചത്. 1957ലും, 60ലും കുട്ടനാട്ടിലെ പ്രദേശങ്ങള്‍ തകഴി, തിരുവല്ല മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1965ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ തോമസ് ജോണാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ വി ഇസഡ് ജോബിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ടു പോയി കേരള കോണ്‍ഗ്രസ് രൂപീകരിച്ചവരില്‍ പ്രമുഖനാണ് തോമസ് ജോണ്‍. പിന്നീടും കേരള കോണ്‍ഗ്രസിനെ ഏറെക്കാലം പിന്‍തുണച്ച ചരിത്രമാണ് കുട്ടനാടിനുള്ളത്. 1967ല്‍ സ്വതന്ത്രനായ കെ.കെ.കെ പിള്ള തിരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ തലവടി ഉമ്മനും 1977ല്‍ ഈപ്പന്‍ കണ്ടക്കുടിയും 1980ല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഉമ്മന്‍ മാത്യുവും 1982 മുതല്‍ 2001 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തന്നെ ഡോ. കെ.സി ജോസഫും കുട്ടനാടിന്റെ ജനപ്രതിനിധികളായി.

2006ല്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സിയുടെ ബാനറിലും 2011, 2016 തിരഞ്ഞെടുപ്പുകളില്‍ എന്‍.സി.പിയുടെ കൊടിയടയാളത്തിലും തോമസ് ചാണ്ടി നിയമസഭയിലെത്തി.  ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം പഞ്ചായത്തും ചേര്‍ന്നതാണ് കുട്ടനാട് നിയമസഭാ മണ്ഡലം. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് വേണ്ടി തോമസ് ചാണ്ടി 60010 വോട്ടുകള്‍ നേടിയിരുന്നു. 7971 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് അദ്ദേഹം വിജയിച്ചത്. കേരള കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ച കെ.സി ജോസഫിന് 52039 വോട്ടുകളും ബി.ജെ.പിയുടെ കെ സോമന് 4395 വോട്ടും ലഭിക്കുകയുണ്ടായി.

ഇക്കൊല്ലം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ 19 എണ്ണവും യു.ഡി.എഫാണ് നേടിയത്. കുട്ടനാടിനോട് ചേര്‍ന്ന് കിടക്കുന്ന ആലപ്പുഴ മണ്ഡലം മാത്രമാണ് ഇടതിനൊപ്പം നിന്നത്. ലോക്‌സഭാ ഫലം വിശകലനം ചെയ്യുമ്പോള്‍ നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മൃഗീയഭൂരിപക്ഷമുണ്ട്. സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫിനെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളും കൈവിട്ടുപോവുകയായിരുന്നു. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ 122ഉം യു.ഡി.എഫിനൊപ്പം നിന്നു. 17 നിയമസഭാ മണ്ഡലങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫിനെ തുണച്ചത്. വലിയ വോട്ടുവര്‍ധന പ്രതീക്ഷിച്ച എന്‍.ഡി.എയെ തുണച്ചത് ഒരു നിയമസഭാ മണ്ഡലം മാത്രമാണ്. 2019ല്‍ നടന്ന ആറ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കെ.എം മാണിയുടെ ഉരുക്കുകോട്ടയായ പാലാ ഉള്‍പ്പെടെ മൂന്നെണ്ണം ഇടതു മുന്നണിയും ഇടതു കോട്ടയായ അരൂര്‍ ഉള്‍പ്പെടെ മൂന്ന് മണ്ഡലങ്ങള്‍ യു.ഡി.എഫും കരസ്ഥമാക്കി.

ഇക്കുറി തോമസ് ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് സി.പി.എം സീറ്റ് വിട്ടു കൊടുത്താല്‍ അത് വലിയ ചര്‍ച്ചയാകും. ശിവസേനയുടെ മഹാരാഷ്ട്ര സര്‍ക്കാറില്‍ എന്‍.സി.പി അംഗമായ സാഹചര്യത്തിലാണിത്. കോണ്‍ഗ്രസും, ശിവസേന സര്‍ക്കാറില്‍ ഭാഗമായതിനാല്‍ യു.ഡി.എഫിനും അത് വലിയ തലവേദനയാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ എന്‍.ഡി.എയാണ് വ്യാപകമായി ശ്രമിക്കുക. എന്നാല്‍ എന്‍.ഡി.എയുടെ കാര്യവും മണ്ഡലത്തില്‍ അത്ര ശുഭകരമല്ല. ബി.ഡി.ജെ.എസ്-ബി.ജെ.പി ബന്ധം തകര്‍ന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഈഴവ വിഭാഗത്തിന് ശക്തിയുള്ള മണ്ഡലത്തില്‍ വലിയ പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ചത്. എന്നാല്‍ 33,044 വോട്ടുകള്‍ കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ നേരിട്ട് മത്സരിക്കാനാണ് സാധ്യത. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്. ഭൂരിപക്ഷ സമുദായ വോട്ട് ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിമാരെ അടക്കം പ്രചാരണത്തിന് ഇറക്കാനാണ് പ്ലാന്‍.

കുട്ടനാട്ടില്‍ സി.പി.എം മത്സരിക്കണമെന്ന ആവശ്യം അണികളില്‍ ശക്തമാണ്. ശിവസേന സര്‍ക്കാറിന്റെ ഭാഗമായ എന്‍.സി.പിയെ മുന്നണിയില്‍ നിന്നു തന്നെ പുറത്താക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആര്‍.എസ്.എസിനേക്കാള്‍ വലിയ തീവ്ര ഹിന്ദുത്വവാദം ഉയര്‍ത്തുന്ന പാര്‍ട്ടിക്കൊപ്പം ഭരിക്കുന്നവര്‍ ചുവപ്പ് പ്രത്യേയശാസ്ത്രവുമായി ഒത്തുപോകില്ലന്നാണ് വാദം. ബ്രാഞ്ച് തലം മുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ ശക്തമായാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒറ്റക്ക് മത്സരിച്ചാല്‍ പോലും തിളക്കമാര്‍ന്ന വിജയം ഉറപ്പാണെന്നാണ് അണികള്‍ നേതൃത്വത്തിന് നല്‍കുന്ന ഉറപ്പ്. കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും ഇനി നിര്‍ണ്ണായകമാവുക.

യു.ഡി.എഫിലും സ്ഥിതി വ്യത്യസ്തമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസ്ഥയല്ല ആ മുന്നണിയില്‍ ഇപ്പോഴുള്ളത്. കേരള കോണ്‍ഗ്രസിന് ഇത്തവണ സീറ്റ് വിട്ടു കൊടുത്താല്‍ പരസ്പരം കാലുവാരി അവര്‍ തന്നെ തോല്‍പ്പിക്കുമെന്നാണ് ഭയം. മൂന്ന് മുന്നണിയിലെയും ഘടകകക്ഷികളുടെ സ്വാധീനം വച്ചു നോക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന് അല്‍പം സ്വാധീനം കുട്ടനാട്ടിലുണ്ട്. എങ്കിലും കോണ്‍ഗ്രസ് തന്നെയാണ് മണ്ഡലത്തിലെ പ്രതിപക്ഷത്തെ വലിയ ശക്തി. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലന്ന ഉറച്ച നിലപാടിലാണ് ആലപ്പുഴ ഡി.സി.സി നേതൃത്വം. പാലായിലെ പോലെ പരസ്പരം കാല് വാരി മുന്നണിയുടെ അടിത്തറ തന്നെ അവര്‍ തകര്‍ക്കുമെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇനി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ തന്നെ ഏത് വിഭാഗത്തിന് നല്‍കും എന്നതും കുഴപ്പിക്കുന്ന ചോദ്യമാണ്.

ജോസ് കെ മാണി വിഭാഗം ഒരിക്കലും സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറാകില്ല. സീറ്റ് കിട്ടിയില്ലെങ്കില്‍ ചിഹ്നം ജോസഫ് വിഭാഗവും വിട്ടു നല്‍കില്ല. ഫലത്തില്‍ പാലായുടെ അവസ്ഥയിലേക്കാവും കാര്യങ്ങള്‍ പോകുക. യു.ഡി.എഫില്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ രണ്ട് വള്ളത്തില്‍ ചവുട്ടിയാണ് നില്‍ക്കുന്നത്. പാലായില്‍ ജോസ് വിഭാഗം മത്സരിച്ചതിനാല്‍ കുട്ടനാട് വിട്ടുതരണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, പാല എന്നീ ഉറച്ച കോട്ടകള്‍ പോലും തകര്‍ന്ന സാഹചര്യത്തില്‍ കൈവിട്ട കളിക്ക് കോണ്‍ഗ്രസും കുട്ടനാട്ടില്‍ തയ്യാറല്ല. കെ.പി.സി.സിയും യു.ഡി.എഫും ഇക്കാര്യത്തില്‍ ഉറച്ചൊരു തീരുമാനമെടുക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും സ്വീകരിക്കുന്ന നിലപാടുകളും വഴിത്തിരിവാകും.

താഴെ തട്ടു മുതലുള്ള സി.പി.എം കേഡര്‍മാര്‍ ഇപ്പോള്‍ തന്നെ സജീവമായി കഴിഞ്ഞു. പ്രധാനമായും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി വോട്ട് തേടാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധവും സി.പി.എം തിരഞ്ഞെടുപ്പില്‍ ആയുധമാക്കും. തുടര്‍ ഭരണത്തിന് ഇടതുപക്ഷവും അട്ടിമറിക്ക് യു.ഡി.എഫും ഇറങ്ങുന്നതോടെ തിളച്ച് മറിയാന്‍ പോകുന്നത് ഇനി കുട്ടനാടാണ്. കേന്ദ്ര ഭരണ പവര്‍ ഉപയോഗിച്ച് ബി.ജെ.പി കൂടി രംഗത്തുള്ളതിനാല്‍ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുക. രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകളാകെ ഇപ്പോള്‍ ഉറ്റുനോക്കുന്നത് കുട്ടനാടിന്റെ വിധിയെഴുത്തിന് വേണ്ടിയാണ്.


 കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സസ്‌പെന്‍സായി തോമസ് ചാണ്ടിയുടെ പിന്‍ഗാമി(ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക