Image

കറിവേപ്പില (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 28 December, 2019
കറിവേപ്പില (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
കറിവേപ്പില  പോലെയാണു  നാം  പലപ്പോഴു
മറിയില്ലനാമതു,മുന്‍കൂട്ടിയൊരിക്കലും!
കാര്യം  കഴിഞ്ഞാലുടന്‍, അടുത്ത  നിമിഷത്തില്‍
ധൈര്യം  സംഭരിച്ചവര്‍, പുറത്തു തള്ളും  നമ്മെ!

കറിവേപ്പില  വേണം  രുചി  കൂട്ടുവാനേലും 
പറുക്കിക്കളയുന്നതാദ്യമായതു  തന്നെ!
കര്‍ത്തവ്യം നിര്‍വ്വഹിച്ചു  കഴിഞ്ഞാലതിനില്ല 
ഇത്തിരി  പോലും  സ്ഥാനം, ഉണ്ണുന്ന  തളികയില്‍!

നാവിന്റെയഗ്രത്തുള്ള  ഗ്രന്ഥി  തന്‍  വൈശിഷ്ട്യത്താ
ലാവുന്നറിവാനതിന്‍, ഗുണവും, സുഗന്ധവും!
രുചിയും  സൗരഭ്യവും  നിറവും  വേണം, പക്ഷെ,
ഔചിത്യമില്ലാതതെ, പുറത്താക്കുന്നു  നമ്മള്‍!

നിര്‍ദ്ദയമതെയാദ്യം,പറുക്കിക്കളയുമ്പോള്‍
നിമിഷം  പോലും  നമ്മ, ളോര്‍ക്കാറില്ലതിന്‍  ദൗത്യം!
ഔഷധഗുണം  മാത്രം  നോക്കുന്ന  മനുഷ്യന്റെ 
ചൂഷണ  മനോഭാവം,മാറുകില്ലൊരിക്കലും!

ഉദ്ദിഷ്ട  കാര്യസാദ്ധ്യ,  മൊന്നു മാത്രം താന്‍ ലക്ഷ്യം
'ഉപഭോഗത്തിന്‍ മേന്മ, കൂട്ടണം കഴിവതും'!
എടുത്തു  താലോലിച്ച  കൈകളാല്‍ത്തന്നെ  സ്വയം
അടുത്ത  നിമിഷമേ, നിര്‍ദ്ദയം  പുറത്താക്കും!

ഹൃസ്വമാം  സ്വജീവിതം, അന്യര്‍ക്കായ്  സമര്‍പ്പിച്ചു
നിസ്വരായ്  മടങ്ങുന്നോ, രല്ലയോ  മഹാത്മാക്കള്‍!
അന്യര്‍  തന്‍  സുഖത്തിലും,അതു  പോല്‍  ദുഖത്തിലും
ആദ്യന്തമൊപ്പം  നില്‍പ്പോ, രാത്മാര്‍ത്ഥ, സുഹൃത്തുക്കള്‍!

കാണ്മു  നാം പലപ്പൊഴും,തെല്ലുമേ  നിനയ്ക്കാതെ
നമ്മുടെയയനത്തില്‍, തന്‍ കാര്യ, പ്രസക്തരെ!
ആവശ്യം  കഴിഞ്ഞെന്നാല്‍,ആ  നിമിഷത്തില്‍ത്തന്നെ 
ആരെന്നു  നോക്കാതല്ലോ,  പറുക്കിക്കളയുന്നു!

മനസ്സില്‍  കരുത്തേറ്റി, കരുതിയിരിക്കുകില്‍
കനത്ത  ദുഖത്തിനു, പാത്രമാകുകില്ല  നാം!
'നമ്മളാലാവും വിധം നന്മ ചെയ്തല്ലോ', എന്ന
കണ്മഷമില്ലാത്താത്മ, സംതൃപ്തിയുളവാകും!
      
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക