Image

ദുരിതപര്‍വ്വം താണ്ടി സുല്‍ത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി

Published on 29 December, 2019
ദുരിതപര്‍വ്വം താണ്ടി സുല്‍ത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യന്‍ ജോലിക്കാരിയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി.

ഉത്തരപ്രദേശ് ലക്നൗ സ്വദേശിനിയായ സുല്‍ത്താന ബീഗം, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഒന്നര വര്‍ഷം മുന്‍പാണ് സുല്‍ത്താന നാട്ടില്‍ നിന്നും റിയാദില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്ക്കായി, ഒരു ഏജന്‍സി വഴി എത്തിയത്. ആ വീട്ടില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തു. എന്നാല്‍ ശമ്പളമോ മതിയായ വിശ്രമമോ ഒന്നും ലഭിച്ചില്ല. മാനസിക സമ്മര്‍ദ്ദം അവരുടെ ആരോഗ്യത്തെയും ബാധിച്ചു. തുടര്‍ന്ന് ഏജന്‍സി അവരെ ദമ്മാമില്‍ ഉള്ള മറ്റൊരു വീട്ടില്‍ ജോലിയ്ക്കായി അയച്ചു.
അവിടെ സ്ഥിതി ആദ്യത്തേതിലും മോശമായിരുന്നു. ആകെ ആറുമാസത്തോളം ശമ്പളം കിട്ടാതായപ്പോള്‍, അവര്‍ ആ വീട്ടില്‍ നിന്നും ഒളിച്ചോടി, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സുല്‍ത്താന നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍, സുല്‍ത്താന നല്‍കിയ വിവരങ്ങള്‍ വെച്ച്, അവരുടെ സ്പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, യഥാര്‍ത്ഥ സ്പോണ്‍സറെ കണ്ടെത്താനായില്ല.
അനാരോഗ്യം മൂലം വലഞ്ഞിരുന്ന സുല്‍ത്താനയെ, മഞ്ജു മണിക്കുട്ടന്‍ ജാമ്യത്തില്‍ എടുത്ത്, സ്വന്തം വീട്ടില്‍ കൊണ്ട് പോയി താമസിപ്പിച്ചു ശിശ്രൂഷിച്ചു. ഒരു മാസത്തോളം മഞ്ജുവിന്റെ വീട്ടില്‍ താമസിച്ചു സുല്‍ത്താന ആരോഗ്യം വീണ്ടെടുത്തു.

അതിനിടെ മഞ്ജു ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും സുല്‍ത്താനയ്ക്ക് ഔട്ട്പാസ്സ് എടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

മഞ്ജുവിന്റെ ശ്രമഫലമായി, ദമ്മാമിലെ ഒരു പ്രവാസി സുല്‍ത്താനയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി എടുത്തു കൊടുത്തു. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു സുല്‍ത്താന നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: സുല്‍ത്താന (left) മഞ്ജു മണിക്കുട്ടന്റെ ഒപ്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക