Image

പ്രത്യാശയോടെ 2020 (ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)

Published on 30 December, 2019
പ്രത്യാശയോടെ 2020 (ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
 2019 ഡിസംബര്‍ 31 എല്ലാവരും വരാനിരിയ്ക്കുന്ന പുതുവര്ഷത്തിനായ് മൗനപ്രാര്‍ത്ഥനയിലാണെന്നു തോന്നിയെങ്കില്‍ തെറ്റി എല്ലാവരും അവരവരുടെ മൊബയില്‍ ഫോണിന്റെ കൊമച്ചുചതുരസ്ക്രീനില്‍ വേണ്ടപ്പെട്ടവരെയും ബന്ധുക്കളെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന തിരക്കിലാണ്. അതോടൊപ്പം പുതുവത്സര ആശംസകളും അയച്ചുകൊണ്ടിരിക്കുന്നു. ബന്ധങ്ങളും കൂട്ടുകെട്ടും എല്ലാം  കൈവെള്ളയില്‍ അടക്കിപ്പിടിച്ച മൊബയില്‍ ഫോണില്‍ ഒതുക്കിനിര്‍ത്തുന്ന യുവതലമുറയ്ക്ക് പുതുവത്സരാശംസകള്‍ എന്നല്ല ജീവിതം തന്നെ ഫോണില്‍ ഒതുങ്ങി നില്‍ക്കുന്നു.   

ജീവിച്ചിരിയ്ക്കുന്ന ഒരാളെക്കാള്‍ കൂടുതല്‍ നമ്മള്‍ ഓര്‍ക്കുന്നത് നമ്മളെ വിട്ടുപിരിഞ്ഞ  ഒരാളെകുറിച്ചാണ്. ഈ സ്വഭാവം മനുഷ്യസഹജം. ഇവിടെ 2019 യാത്രപറയാന്‍ തുനിയുമ്പോള്‍ അതിന്റെ നന്മകളെയും തിന്മകളെയും വിലയിരുത്താന്‍  ശ്രമിക്കുന്നത് 2020 ല്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനമായേക്കാം.  ഓരോ പുതുവര്‍ഷത്തിലും ഓരോ വ്യക്തിയും സ്വകാര്യമായ നേട്ടങ്ങളും, ലാഭങ്ങളും ഉന്നമനങ്ങളും ആഗ്രഹിയ്ക്കുന്നു. പലരും പല പ്രതിജ്ഞകളും പുതുവര്‍ഷത്തില്‍ എടുക്കുന്നു.  എന്നാല്‍ കാലചക്രം ആര്‍ക്കായും  കാത്തുനില്‍ക്കാതെ നന്മകളും തിന്മകളും നോക്കാതെ  കറങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. 2019 എന്ന വര്‍ഷവും പതിവുപോലെ നന്മതിന്മകളാല്‍ അതിന്റെ ഭ്രമണം അവസാനിപ്പിയ്ക്കാന്‍ പോകുന്നു.
മൊത്തം രാജ്യത്തിന്റെ നേട്ടങ്ങളെയും നഷ്ടങ്ങളെയും വിലയിരുത്തുവാനുള്ള മൗലികമായ അവകാശം ഭരണകൂടത്തിന്റേതാണ്.  എന്നിരുന്നാലും  സാധാരണകാരന്റെ സാമ്പത്തിക നിലവാരത്തെക്കുറിച്ച് വിലയിരുത്തുകയാണെങ്കില്‍  2019 വളരെയധികം സാമ്പത്തിക ഞെരുക്കങ്ങളെ അഭിമുഖീകരിച്ച വര്ഷമെന്നു പറയാം. ജെറ്റ് എയര്‍വേയ്‌സ് പോലുള്ള ഒരുപാട് ജീവനക്കാര്‍ ആശ്രയിച്ചിരുന്ന കമ്പനികള്‍ മൊത്തമായും ഭാഗികമായും അടച്ചുപൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതുമൂലം  പലരുടെയും നിത്യജീവിതം താറുമാറായി. തൊഴില്‍ കമ്പോളത്തില്‍ വന്ന മാന്ദ്യത ജനജീവിതത്തെ വളരെയധികം ബാധിച്ചു.

വ്യവസായിക രംഗത്താണെങ്കില്‍ ജി എസ് ടിയുടെ ആവിര്‍ഭാവത്തോടെ ഒരുപാട് ചെറികിട വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ജീവിത മാര്‍ഗ്ഗം തടസ്സപ്പെട്ട  അനുഭവമാണ് ഈ വര്ഷം കാഴ്ചവച്ചത്. 

ചന്ദ്രായന്‍ 2 പോലുള്ള ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലോകരാഷ്ട്രങ്ങളില്‍ നാലാം സ്ഥാനം കൈവരിച്ച് സാങ്കേതികമായ നേട്ടങ്ങള്‍ ഈ വര്ഷം ഇന്ത്യയ്ക്കുണ്ടായി. എന്നത് എടുത്ത് പറയാവുന്ന ഒന്നാണ്. വാര്‍ത്തവിനിമയ  രംഗത്തും 2019 ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ നല്‍കി.

ചലച്ചിത്ര ലോകത്ത്  ഏറ്റവും വലിയ സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. 180 ബില്യണ്‍ രൂപയാണ് 2019ല്‍  ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് മാത്രം വരുമാനമായി കണക്കാക്കിയിരിയ്ക്കുന്നത്. സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് 2019ല്‍ 180 ചലച്ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. അതില്‍ 23 എണ്ണത്തിനുമാത്രമാണ് സാമ്പത്തിക നേട്ടം കൈവരിയ്ക്കാന്‍ കഴിഞ്ഞത്. നേട്ടങ്ങള്‍ക്കപ്പുറം പല പ്രതിഭാശാലികളും ചലച്ചിത്ര വ്യവസായത്തിന് 2019ല്‍ നഷ്ടപ്പെട്ടു. ശ്രീ വിജയ് മുലായ്, ശ്രീ ഗിരീഷ് കര്‍ണാട്, ശ്രീ സത്താര്‍, ശ്രീ ലെനിന്‍ രാജേന്ദ്രന്‍, ശ്രീ എം ജെ രാധാകൃഷ്ണന്‍ ശ്രീ ബാബു നാരായണന്‍ എന്നിവര്‍ തുടങ്ങിയവര്‍ ചലച്ചിത്ര ലോകത്തെ തീരാ നഷ്ടങ്ങളാണ്.  ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് പല അവാര്‍ഡുകളും നല്ല പ്രകടനം കാഴചവയ്ക്കുന്നവര്‍ക്ക് നല്‍കി ചലച്ചിത്ര രംഗത്തെ എന്നും ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ചുപോരുന്നു.  ദാദാസാഹേബ് ഫല്‍ക്കേ അവാര്‍ഡ് ശ്രി അമിതാബച്ചനു ഡിസംബര്‍ 29നു നല്‍കിയത്  ഇതിനുദാഹരണമാണ്.

വനിതകളുടെ ഉന്നമനത്തിനും, സമത്വത്തിനും, അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും  നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ സ്ഥിതിവിവര കണക്കുകളനുസരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെയും, ക്രൂരതയുടെയും നിരക്ക് കഴിഞ്ഞ വര്ഷങ്ങളേക്കാള്‍ ഉയര്‍ന്നതായി കാണിയ്ക്കുന്നു.  ഓരോ വര്‍ഷങ്ങളിലും സ്ത്രീ പീഡനത്തിന്റെ നിരക്ക് ഉയര്‍ന്നുവരുന്നതായാണ് സൂചന. 2018 സ്ത്രീ പീഢന കേസുകളുടെ നിരക്ക് 32500 ഓളം ആയത് ഇന്ത്യയില്‍ സ്ത്രീ സുരക്ഷത്വത്തെകുറിച്ച് ചിന്തിപ്പിയ്ക്കുന്ന ഒന്നാണ്. നവംബറില്‍ ഹൈദരാബാദില്‍ നടന്ന കൂട്ട ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ദിനംപ്രതി അരങ്ങേറിക്കൊണ്ടിരിയ്ക്കുകയാണ്.

അതുപോലെ തന്നെ കുട്ടികള്‍ക്കെതിരെയുള്ള പീഢനങ്ങളുടെ നിരക്കും ഇന്ത്യയില്‍ ദിനംപ്രതി വര്‍ദ്ദിച്ചുവരുന്നതായി കണക്കുകള്‍ കുറിയ്ക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഢന നിരക്ക് കഴിഞ്ഞ വര്ഷങ്ങളേക്കാള്‍ 14% ഉയര്‍ന്നതായി കാണപ്പെടുന്നു. 2019ലെ സംഭവങ്ങള്‍ മറച്ചുനോക്കിയാല്‍ ഇന്ത്യയില്‍ കുട്ടികള്‍ സുരക്ഷിതരല്ലാതായിരിയ്ക്കുന്നു.  കേരളത്തിലെ വാളയാറില്‍ 11 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘം ചെയ്ത അവരുടെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ കെട്ടിതൂക്കുകയും തുടര്‍ന്ന് ആ പെണ്‍കുട്ടിയുടെ 9 വയസ്സായ സഹോദരിയെയും ഇതേ ക്രൂരതയ്ക്ക് ഇരയാക്കുകയും ചെയ്ത സംഭവങ്ങള്‍ പോലെ നിരവധി സംഭവങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്നതും അല്ലാതെയുമായി നടക്കുന്നു.  ലോകമെന്തെന്നു അറിയാന്‍പോലും പ്രായമാകാത്ത കുഞ്ഞുങ്ങള്‍പോലും ഒട്ടും സുരക്ഷിതരല്ല എന്ന അവസ്ഥ ഓരോ മാതാപിതാക്കളെയും അലട്ടികൊണ്ടിരിക്കുന്നു.                    

കാലാവസ്ഥ വ്യതിയാനങ്ങള്‍ കഴിഞ്ഞുപോയ വര്ഷങ്ങളെപ്പോലെത്തന്നെ ഈ വര്‍ഷവും ഇന്ത്യയില്‍ ഭീഷണി ഉയര്‍ത്തി. ജൂലായ് മാസത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും വെള്ളപ്പൊക്കവും കൊടുങ്കാറ്റും നേരിടേണ്ടതായി വന്നു. 2018 വെള്ളപ്പൊക്കത്തെ നേരിട്ട കേരളം ഈ വര്‍ഷവും വെള്ളപ്പൊക്കവും മണ്ണിടിയാലും കൊണ്ട് കഷ്ടത സഹിച്ചു. എന്തായിരുന്നാലും പ്രകൃതി സൗന്ദര്യത്തെ നശിപ്പിയ്ക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗ നിരക്ക് ഒരു പരിധിവരെയെങ്കിലും നിയന്ത്രിച്ചു എന്നത് ശ്രദ്ധേയമായ കാര്യം തന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുംഎല്ലാ രംഗങ്ങളിലും. ഇന്ത്യയില്‍ പരക്കെ അതിന്റെ വ്യാപ്തി തെളിയിച്ചിരിയ്ക്കുന്നു എന്നത് ഒരു നേട്ടമാണ്. എങ്കിലും അതിന്റെ സുരക്ഷിതത്വത്തില്‍ സംഭവിയ്ക്കുന്ന വിടവുകള്‍ പലപ്പോഴും ജനതയ്ക്ക് ദ്രോഹമായി ഭാവിയ്ക്കുന്നു എന്നത് ഇതിന്റെ ഒരു പോരായ്മയായി ഇന്നും നിലനില്‍ക്കുന്നു.   കേരളത്തില്‍ പലയിടത്തും നടന്ന എ ടി എം തട്ടിപ്പുകള്‍ ഇതിനു തെളിവാണ്.

ഭരണ രാഷ്ട്രീയ സുരക്ഷ രംഗത്തെ വിലയിരുത്തുകയാണെങ്കില്‍ ഫെബ്രുവരിയില്‍ പുല്‍വാമയിലുണ്ടായ ആക്രമണം ഞെട്ടിയ്ക്കുന്ന ഒന്നായിരുന്നു. അതുപോലെത്തന്നെ വാദപ്രതിവാദങ്ങള്‍ നിലനിന്നിരുന്ന മുത്തലാക്ക് നിര്‍ത്തലാക്കിയതും എടുത്തുപറയേണ്ട നിയമവ്യവസ്ഥയുടെ ഒരു നീക്കമായിരുന്നു. ആര്‍ട്ടിക്കിള്‍ 370ഉം, ആര്‍ട്ടിക്കിള്‍ 35എയും ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റി ജമ്മു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതും അതോടനുബന്ധിച്ച് മാസങ്ങളോളം അവിടുത്തെ ജനങ്ങള്‍ക്ക് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിഷേധിച്ചതും ഈ വര്‍ഷത്തെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ്. എന്‍ ആര്‍ സി (Natioanl Register of Citizen) യും സി എ എ  ആക്റ്റും (CAA-Citizenship Amendment Act) ഇന്ത്യയുടെ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളും പ്രതിഷേധവും നടന്നുകൊണ്ടേയിരിയ്‌ക്കേ 2019 നു തിരശ്ശീല വീഴാന്‍ പോകുകയാണ്.         
  
നഷ്ടകഷ്ട സമ്മിശ്രമായ 2019 വിടപറയുമ്പോള്‍ വരാനിരിയ്ക്കുന്ന 2020 ജനങ്ങളില്‍ പ്രത്യാശയും പ്രതീക്ഷകളും നിറച്ചിരിയ്ക്കുന്നു.
മാതാപിതാക്കളുടെ അമിതമായ പ്രതീക്ഷകളും മാറിവന്ന വിദ്യാഭ്യാസ രീതികളും ജീവിത രീതിയും ഇന്നത്തെ കുട്ടികളെ കളിമുറ്റത്ത് നിന്നും മത്സരങ്ങളുടെ ലോകത്തേയ്ക്ക് നയിച്ചിരിയ്ക്കുന്നു. കുഞ്ഞു മനസ്സില്‍ തങ്ങിനില്‍ക്കാത്ത ചിന്തകളും സമ്മര്‍ദ്ദങ്ങളും അവരെ മാനസിക പിരിമുറുക്കങ്ങളിലേയ്ക്കും, മയക്കുമരുന്നുകളുടെ മാസ്മരികലോകത്തേയ്ക്കും നയിയ്ക്കുന്നു.  കളിപമ്പരവും,   മഞ്ചാടികുരുവും, പ്ലാവില തൊപ്പിയും നല്‍കിയിരുന്ന കുട്ടികളുടെ ബാല്യം ഇന്ന് ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ കയ്യടക്കി അടിമകളാക്കിയിരിയ്ക്കുന്നു. ഇത് അവരെ പല കുറ്റകൃത്യങ്ങളിലേയ്ക്കും, അരുതായ്മകളിലേയ്ക്കും നയിയ്ക്കുന്നു. അത് കൂടാതെ ദിനംപ്രതി ഓരോ പിഞ്ചു കുഞ്ഞുങ്ങളും ലൈംഗിക പീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ബാല്യം നാളത്തെ രാഷ്ട്രത്തിന്റെ വാഗ്ദാനമാകാന്‍, വ്യക്തിപരമായ പ്രതിജ്ഞകള്‍ക്കൊപ്പം ഓരോ വ്യക്തിയും ഈ പുതുവര്‍ഷത്തില്‍ തീരുമാനമെടുക്കണം.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ജനജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുന്ന ഈ കാലഘട്ടത്തില്‍, അതിന്റെ ഉള്ളില്‍ ഉണ്ടാക്കപ്പെടുന്ന വിള്ളലുകളില്‍ പല മനുഷ്യരും ഇന്ന് വഞ്ചിയ്ക്കപ്പെടുന്നു. മനുഷ്യ ശ്വാസോച്ശ്വാസം പോലും പാസ്സ്വേഡിലും, ഒ.ടി.പി (OTP)യിലും നിയന്ത്രിതമായ അവസരത്തില്‍ അതിന്റെ പോരായ്മകള്‍ മനുഷ്യന് അവനിലുള്ള വിശ്വാസവും, അവന്റെ സ്വകാര്യതയും, വ്യക്തിത്വവും നഷ്ടപ്പെട്ട് ജീവിതം കുഴഞ്ഞുമറിഞ്ഞിരിയ്ക്കുന്ന അവസ്ഥയാണ് . ഇതിലൂടെ പലര്‍ക്കും പലതും, ജീവന്‍പോലും നഷ്ടമായിക്കൊണ്ടിയ്ക്കുന്ന അവസ്ഥയില്‍ വിശ്വാസിയ്ക്കാവുന്ന ഒരു സാങ്കേതികവിദ്യയുടെ ആവശ്യകത ഈ പുതുവര്‍ഷത്തില്‍ ഉടലെടുക്കും എന്ന ഒരു പ്രതീക്ഷ നിലനിര്‍ത്താം.

മാതാവിനും, സ്ത്രീശക്തിയ്ക്കും പ്രാധാന്യം നല്‍കുന്ന ആര്‍ഷഭാരത സംസ്കാരത്തിന്റെ നെറുകയില്‍ ചവിട്ടിനിന്നു സ്ത്രീയെ ഒരു ആസ്വാദനവസ്തുവാക്കി മാറ്റിയിരിയ്ക്കുന്ന സ്ത്രീതന്നെ ജന്മം നല്‍കിയ പുരുഷന്റെ കൈകളില്‍ ഇന്ന് സ്ത്രീ സുരക്ഷിതയല്ല. അച്ഛനായ, ഭര്‍ത്താവായ, സഹോദരനായ, മകനായ സമൂഹത്തിലെ ഓരോ പുരുഷനും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണെന്നുള്ള ബോധത്തോടെ സ്ത്രീയെ സംരക്ഷിയ്ക്കും, അവള്‍ എന്നും സ്വാതന്ത്രയും  പുരുഷന്റെ കയ്യില്‍ സുരക്ഷിതയുമാകുമെന്ന പ്രതിജ്ഞയാകട്ടെ  ഈ പുതുവര്‍ഷത്തില്‍ ഓരോ പൗരനും എടുക്കുന്നത്.

മനുഷ്യപ്രഹരംകൊണ്ടു ഭൂമിദേവി വിതുമ്പിക്കരയുന്നതാകാം പ്രകൃതിക്ഷോഭങ്ങള്‍. ഭാരതാംബയുടെ മാറില്‍ അസമാധാനത്തിന്റെ ഒരു തുള്ളി രണവും പൊഴിയ്ക്കാതെയും, പ്രകൃതിയാകുന്ന അവളുടെ സൗന്ദര്യത്തെ കാത്തുകൊള്ളാം എന്നാകട്ടെ  പുതുവര്‍ഷത്തില്‍ നമ്മുടെ ഓരോരുത്തരുടെയും ഭൂമിദേവിയോടുള്ള വാഗ്ദാനം. 

എല്ലാവര്‍ക്കും നന്മയുടെയും,  സമാധാനത്തിന്റെയും, സമൃദ്ധിയുടെയും ഒരു പുതുവത്സരം ആശംസിയ്ക്കുന്നു.
Join WhatsApp News
Das 2019-12-31 01:10:58

Hi Jyoti, Simply expressing & sharing your thoughts in the eve of NEW YEAR is amazing; a very good review, over all... Evaluate people around in life, promote, demote or terminate – you are the CEO of your life ! Cheers & best wishes to you & e-malayalees for a BLISSFUL NEW YEAR-2020. 

Girish Nair 2019-12-31 06:07:01
ഒരു ചാക്ഷുശീകരിക്കുന്ന ചിത്രം പോലെ 2019 ലെ പ്രശസ്ത ഭാഗങ്ങൾ വർണശലഭമായി ഒരു അഭ്രപാളിയിൽ തെളിയുന്ന ഒരു അവലോകനത്തിനു ശ്രീമതി ജ്യോതിലക്ഷ്‌മിക്ക് അഭിനന്ദനം. ഭാഷയുടെ പ്രയോഗം വളരെ നന്നായിരിക്കുന്നു. കോടതികൾ 2019 സംഭവബഹുലം ആയിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളെ കോടതി കയറ്റിയ വർഷം കൂടിയായിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം പ്രത്യാശയോടെ 2020നെ വരവേൽക്കാം. പുതുവത്സരാശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക