Image

കടലനുഭവത്തിന്റെ അപൂര്‍വ്വസൗന്ദര്യമുള്ള വാഗ്‌തിരകള്‍

പി.എന്‍. ഗോപീകൃഷ്‌ണന്‍ Published on 14 May, 2012
കടലനുഭവത്തിന്റെ അപൂര്‍വ്വസൗന്ദര്യമുള്ള വാഗ്‌തിരകള്‍
മനുഷ്യശക്തിയുടെ അപാരത ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളത്‌ രണ്ടു സന്ദര്‍ഭങ്ങളിലാണ്‌. ഒന്ന്‌, ചാകരപ്പുറത്ത്‌, രണ്ട്‌ ഭരണികാവില്‍, ശക്തിയുടെ സംസ്‌കാരത്തിന്റെ ഇരുധ്രുവങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന വ്യത്യസ്‌ത ഇടങ്ങളില്‍. തിരകളുടെ അനന്തമായ ചരിത്രത്തിനു മേല്‍, കടലിനടിയില്‍ നിന്നപോലെ ഉയര്‍ന്നുവന്നു. കരയിലേക്ക്‌ വെമ്പുന്ന നിറഞ്ഞ തോണി, വലിയ ആഴമുള്ള ഒരു കാഴ്‌ചയാണ്‌. വെയിലും ജലവും കുഴച്ചുണ്ടാക്കിയ മനുഷ്യര്‍. ഭാഷയ്‌ക്കും മുമ്പുള്ള അധ്വാനത്തിന്റെ അര്‍ത്ഥവിതാനത്തില്‍ മുഴങ്ങുന്ന അവരുടെ വായ്‌ത്താരി, കയറില്‍ പിണഞ്ഞ പേശികളുടെ ഒത്തൊരുമ, അതെ, തോണി കരയിലേക്കങ്ങനെ കയറിവരികയാണ്‌. അനേകം കൈകളിലൂടെ, അനേകം കണ്‌ഠങ്ങളിലൂടെ ഒരുമയിലൂടെ ഇത്രയും ഗോത്രസ്വഭാവം മറ്റ്‌ അദ്ധ്വാനമേഖലകളില്‍ ഇക്കാലത്ത്‌ വിരളം. അതിന്റെ അമരത്ത്‌ കൈ ചൂണ്ടി നില്‍ക്കുന്ന ആ മനുഷ്യരൂപത്തേക്കാള്‍ ഒരു ശില്‌പിക്കു സമാനമായി പുലര്‍ത്തുന്ന ആ ശ്രദ്ധയെയും സൂക്ഷ്‌മതയയും കുറിച്ചുപറയാതെ, അവരുടെ അധ്വാനത്തെക്കുറിച്ച്‌ എഴുതാനാവില്ല. കരയ്‌ക്കെത്തും മുമ്പുള്ള നിമിഷത്തിന്റെ ചെറുപൊടികളില്‍ വച്ച്‌, കാറ്റ്‌ മറിച്ചിട്ടേക്കാം. തിര തകര്‍ത്തുകളഞ്ഞേക്കാം, നിറഞ്ഞ ആ തോണികളെ അങ്ങനെ മറിഞ്ഞ തോണിയില്‍നിന്ന്‌ ഒഴുകിപ്പോകുന്ന മത്സ്യപ്പറ്റങ്ങളെ കൊടിയ നിരാശ നിറഞ്ഞ കണ്ണുകളോടെ ഒരു നിമിഷം നോക്കി, അടുത്ത നിമിഷം ഏറ്റവും വലിയ പ്രത്യാശയോടെ വീണ്ടും തിരകളുടെ അപ്പുറത്തേക്ക്‌ കുതിക്കുന്ന മനുഷ്യരേക്കാള്‍ ചരിത്രത്തിന്റെ സഫലതയെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ പുതുക്കാന്‍ മറ്റാരാണുള്ളത്‌?

അതെ, കടലുമായുള്ള നമ്മുടെ കരജീവിതത്തിന്‌ സമാന്തരവും അതിന്റെ ആഴക്കുറവിന്‌ വിപരീതവുമായി നിലകൊള്ളുന്ന കടലുമായുള്ള, ഓരോ കൂടിക്കാഴ്‌ചയും നമ്മെ പുതുക്കുന്നുണ്ട്‌. അനുഭവത്തില്‍, കാലത്തില്‍ നമ്മുടെ വളര്‍ച്ച സ്വയം അറിയുന്ന മറ്റു സന്ദര്‍ഭങ്ങള്‍ വിരളം. ആദ്യമായി കടല്‍ കണ്ടപ്പോള്‍, ഈ അപാരതയെ കാണാനുള്ള കെല്‌പിനു വേണ്ടിയാണ്‌ എന്റെ കഴിഞ്ഞുപോയ ചില വര്‍ഷങ്ങള്‍ എന്നു ഞാനോര്‍ത്തിട്ടുണ്ട്‌. എന്റെ കാഴ്‌ച കുറുകെ ആകാശം പെട്ടെന്നിടിഞ്ഞുവീണു. എനിക്കും വളരെ മുമ്പേ പുറപ്പെട്ട ഒരു ശബ്ദം കാതുകളിലേക്ക്‌ കുത്തിയൊലിച്ചു എന്നെ കരുതിയിരിക്കുകയായിരുന്ന ഒരു തിര കുതിച്ചെത്തി. ജലത്തിന്റെ ആ അനന്തനാടകം. എന്നിട്ടും വെളിപ്പെടുകയായിരുന്നു. മനുഷ്യന്‌ അനന്തതയെ ഉള്‍ക്കൊള്ളാനാകും, പരിമിതയായെങ്കിലും എന്ന്‌ പത്താംവയസ്സില്‍ കടല്‍പഠിപ്പിച്ചു.

നമ്മുടെ മണപ്പുറത്ത്‌, കടലുമായുള്ള കൂടിക്കാഴ്‌ചകളുടെ അനുഭൂതിചരിത്രം പേറാത്ത ഒരാത്മക്കളുമുണ്ടാകില്ല. കടപ്പുറത്ത്‌ ഇരിക്കുകയോ നില്‍ക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ നാം ജീവിതത്തിന്റെ മുനമ്പില്‍ ഇരിക്കുകയും നില്‍ക്കുകയും കിടക്കുകയുമാണ്‌. നാം അപ്പോള്‍ ഒരു രാഷ്ട്രത്തിന്റേയല്ല, മറിച്ച്‌ ഒരു അനുഭവത്തിന്റെ അതിരിലാണ്‌. കടലില്‍ വെറുമൊരു തടിയില്‍ കയറിപ്പോകുന്ന ആ മനുഷ്യര്‍ അതിരിനപ്പുറത്താണ്‌. അതുകൊണ്ടാണ്‌ ചാകരക്കടപ്പുറം വലിയൊരു കാഴ്‌ചയാകുന്നത്‌. മനുഷ്യന്‍ ആത്യന്തികമായി എന്താണെന്നതു കാണിച്ചു തരുന്നു. എന്താകണം എന്ന്‌ നമ്മുടെ ആധുനിക ജീവിതത്തിന്റെ ദൗര്‍ബല്യങ്ങളെ വലിച്ചെറിയുന്നു. അധ്വാനത്തിന്റെ ആഹ്‌ളാദവും കണ്ണീരും നിറഞ്ഞ ആ ഉത്സവത്തിനിടയില്‍ നമുക്ക്‌ കൂകിവിളിക്കാന്‍ തോന്നും. ആ ഒരു കൂകലിലൂടെ നാം നമ്മെ, നമ്മുടെ പരിമിത ജീവിതത്തെ പരിഹസിക്കുക മാത്രമല്ല, അതില്‍ നിന്നും മുക്തമാകുക കൂടിയാണ.!്‌ മനുഷ്യത്വത്തോട്‌ ഐക്യപ്പെടുകയാണ്‌, വര്‍ഗ്ഗത്തോട്‌ ചേരുകയാണ്‌. ചാകരക്കടപ്പുറത്ത്‌ കടലിനോട്‌ തിരിഞ്ഞു നില്‍ക്കുന്നവര്‍ കച്ചവടം മാത്രമേ കാണുകയുള്ളൂ. നോട്ടുകളും മീനുകളും ഒരേപോലെ വലിച്ചെറിയപ്പെടുന്ന കച്ചവടം. ഏതു കച്ചവടസ്ഥലത്തേയും പോലെ കൗശലവും ആര്‍ത്തിയും അവിടെയും ഉയര്‍ന്ന്‌ പറക്കുന്നുണ്ട്‌. എന്നാല്‍ പ്രാചീനമായ ഒരു വിശ്വസ്‌തത ആ ലേലമുറപ്പിക്കലിനുണ്ട്‌. വാക്കിന്റെ വില അവിടെയറിയാം. വാക്ക്‌ എന്നാല്‍ അന്തസ്സാണെന്ന്‌, സ്വജീവനാണെന്ന്‌ ആ കച്ചവടസ്ഥലംപോലും പ്രഖ്യാപിക്കപ്പെടുന്നുണ്ട്‌.

കടല്‍ക്കരയില്‍ മങ്ങുന്ന സന്ധ്യക്കൊപ്പം ഇരിക്കുമ്പോഴാണ്‌, ചരിത്രം നമ്മിലിട്ടുപോയ ഏകാന്തതയെ നാം അഭിമുഖീകരിക്കുന്നത്‌. നമുക്കുള്ളിലെ മുഴുവന്‍ ചിലപ്പുകളും പറന്നുപോയിരിക്കുന്നു. ഉച്ചവെയിലുകള്‍ ചോര്‍ന്നുപോയിരിക്കുന്നു. നാട്ടുവെളിച്ചംപോലെ ഒരു വിഷാദം വളരുകയോ, നശിക്കുകയോ ചെയ്യാതെ തങ്ങിനില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ ഏകാന്തത നമ്മുടെ കാല്‌പനിക ബോധത്തിനും അപ്പുറത്താണ്‌. കല്‌പനകള്‍ക്ക്‌ താങ്ങാന്‍ കഴിയാത്തത്‌. ശരീരത്തില്‍ പറ്റിയ മണല്‍തരികള്‍പോലെ രോമകൂപങ്ങളില്‍ നിറഞ്ഞ ഉപ്പുപോലെ ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന ഒന്ന്‌. നൂറ്റാണ്ടുകളുടെ ഗോപുരമണികള്‍ വീണു തകര്‍ന്ന്‌ ചരിത്രത്തിന്റെ ഇങ്ങേ അറ്റത്തെ ഏകാന്തത.

കടല്‍ എന്നും കാഴ്‌ചയുടെ കഥയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നു. കലങ്ങിമറിഞ്ഞ്‌ കരയുടെ അസ്ഥിവാരമിളക്കുന്ന കടല്‍ പതുക്കെ, സംഗീതംപോലെ ആത്മാവില്‍ നീറിപ്പിടിക്കുന്ന മറ്റൊരു കടല്‍. നമുക്കൊപ്പം സമാന്തരമായ കാല്‍ നടക്കുന്ന ഒരു കടല്‍. ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന കടല്‍. കടലിനേക്കാള്‍ വലിയൊരു ദേവതയെ ഒരു വിഗ്രഹാരാധകനും കണ്ടുമുട്ടിയിട്ടുണ്ടാകില്ല.

ചേറ്റുവായില്‍, വാടാനപ്പള്ളിയില്‍, നാട്ടികയില്‍, വെമ്പല്ലൂരില്‍, കൂരിക്കുഴിയില്‍, ചാമക്കായലില്‍, കാരയില്‍, മുനക്കലില്‍, എത്രയോ വട്ടം നാം നോക്കി നിന്നിരിക്കുന്ന, കടലിനെ നമ്മുടെ പൂര്‍വ്വികര്‍ നോക്കിയ അതേ നോട്ടത്തില്‍ അല്ലെങ്കില്‍ ഏറ്റവും പുതുതായ മറ്റൊരു നോട്ടത്തില്‍ ചന്ദ്രനും സൂര്യനും എത്രയോ തവണ അവരുടെ മുദ്ര നമ്മില്‍ പതിപ്പിച്ചിരിക്കുന്നു. ജലത്തിന്റെയും കാറ്റിന്റേയും ഈ വിചിത്രമായ നെയ്‌ത്തുശീലയുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ അവസാനമായി കടല്‍ കണ്ടു. അന്ന്‌ നിലാവു നിറഞ്ഞ ദിവസമായിരുന്നു. മനസ്സിനിണങ്ങിയവരുടെ കൂട്ടത്തിലായിരുന്നു. കവിതയും സിനിമയും പറയുകയായിരുന്നു.

റോയ്‌ ആണെന്നു തോന്നുന്നു, അത്‌ കാണിച്ചുതന്നത്‌. കരയിലേക്ക്‌ ചരുണ്ടുമടങ്ങുന്ന തിരയുടെ തുഞ്ച്‌ നീറിത്തിളങ്ങുന്നു. വെള്ളിപോലെ, അല്ല പച്ചയില്‍, അല്ല നീലയില്‍, ഏതോ തിളങ്ങുന്ന ജീവികളാണെന്നും ധാതുലവണങ്ങളാണെന്നുംപറയപ്പെടുകയുണ്ടായി. എന്തായാലും നിലവിന്‌ ഇത്ര അഗാധമായ ഒരു അഭിവാദനം ഭൂമിയിലെവിടെനിന്നും തിരിക്കു കിട്ടിക്കാണില്ല. ഇത്ര തെളിച്ചമാര്‍ന്നൊരു വെളിപാട്‌ മണപ്പുറത്തെ പ്രകൃതി, മനുഷ്യജീവനും തന്നു കാണില്ല.

അന്നു രാത്രി ഏറെ വൈകുംവരെ ഞാന്‍ പിന്നെയും പിന്നെയും കണ്ണുപായിച്ചുകൊണ്ടിരുന്നു. ഓരോ തിരയ്‌ക്കും പിന്നാലെ. ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഒരു വട്ടമേ നടക്കുവാന്‍ പാടുള്ളൂ എന്നു വിശ്വസിച്ച്‌ തിരികെ പോരേണ്ടിവന്നു.
കടലനുഭവത്തിന്റെ അപൂര്‍വ്വസൗന്ദര്യമുള്ള വാഗ്‌തിരകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക