Image

സ്വപ്നങ്ങളെ സ്‌നേഹിച്ച ജൂലിയറ്റ് (കഥ: സിസില്‍ മാത്യു കുടിലില്‍)

Published on 02 January, 2020
സ്വപ്നങ്ങളെ സ്‌നേഹിച്ച ജൂലിയറ്റ് (കഥ: സിസില്‍ മാത്യു കുടിലില്‍)
ഇന്നലെ രാത്രിയിലും സ്വര്‍ഗ്ഗകുമാരിമാര്‍ എന്നെതേടി വന്നിരുന്നു. ഉണര്‍ന്നപ്പോള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കുമാരിമാര്‍ അത് ഓര്‍മ്മച്ചെപ്പില്‍ നിന്നും മായ്ച്ചുകളഞ്ഞിരുന്നു.നിശാഗന്ധികള്‍ പൂക്കുന്ന ഏകാന്തയാമങ്ങളില്‍കാണുന്ന സ്വപ്നങ്ങള്‍എന്നും സുന്ദരങ്ങള്‍ തന്നെ. ജീവിതത്തിന്റെ സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ജൂലിയറ്റ് കടന്നുപോയ്‌ക്കോണ്ടിരുന്നത്. ഏതോഒരു ഡിസംബറില്‍ തുമഞ്ഞുള്ള രാവിലായിരുന്നു ജൂലിയറ്റ് ആദ്യമായൊരു സ്വപ്നം കണ്ടത്.തന്റെ പ്രീഡിഗ്രി കാലഘട്ടം. ചിതറി കിടക്കുന്ന പുസ്തകങ്ങള്‍ വാരി ബാഗിനുള്ളിലാക്കി ബ്രേക്ക്ഫാസ്റ്റിനായി ഡൈനിങ് ടേബിളില്‍ ഇരിക്കുമ്പോള്‍ കലാലയത്തെ പറ്റിയുള്ള ഓര്‍മ്മകളായിരുന്നു മനസ്സില്‍.ബസ് സ്‌റ്റോപ്പിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മമ്മി ഓര്‍മ്മിപ്പിച്ചു, ടിഫിന്‍ ബോക്‌സ് എടുക്കാന്‍ മറന്നിരിക്കുന്നു.

കോട്ടയം സി. എം.സ് കോളേജ് ക്യാംപസില്‍ കൂടി ചന്ദനമരങ്ങളുടെയും വാകമരത്തിന്റെയും തണല്‍ ആഗ്രഹിച്ചു നടന്നകാലം. ചന്ദനസുഗന്ധം നിറഞ്ഞ ക്യാംപസിനോട് വല്ലാത്ത പ്രണയമായിരുന്നു അവള്‍ക്ക്. ഒഴിവ്‌സമയങ്ങളില്‍ കൂട്ടുകാരികളുമൊത്ത് വെറുതെ ചുറ്റിനടക്കും.ക്യാംപസിലെ ബൊഗൈന്‍ വില്ലകളുടെ പൂക്കള്‍ കാണും.ചില നേരങ്ങളില്‍ ചാപ്പലിനരികിലെ ചൂളമരചുവട്ടില്‍ ഏകാന്തമായി ഇരിക്കും. കാറ്റിനോടൊപ്പം ഉയരുന്ന ചൂളം വിളികള്‍.ഒരു പ്രത്യേകതരം സംഗീതമായിരുന്നു അതിന്. ഏകാന്തമായിരിക്കുന്ന നേരങ്ങളില്‍ മാത്രം സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരുന്ന ഒരു ചിത്രശലഭം എന്നോടൊപ്പം കാണും. എന്റെ മനസിലെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയത് ഈ ചിത്രശലഭമായിരുന്നു. മുന്‍ജന്മങ്ങളില്‍ സ്വര്‍ഗ്ഗകുമാരിയായ ഒരു ചിത്രശലഭംആയിരുന്നോഞാന്‍ എന്നുപോലുംചിന്തിച്ചിട്ടുണ്ടായിരുന്നു.എന്റെ രാവിന്‍ മായലോകം സ്‌നേഹലോലമായിരുന്നു.എല്ലാ രാത്രികളിലും എന്റെ നിദ്രയില്‍ സ്വപ്നം വന്നു പൂത്തുലഞ്ഞിരുന്നു.

ചിത്രശലഭങ്ങളുടെ തോളിലേറി ശലഭനികുഞജങ്ങളിലേക്കൊരു യാത്ര. നീര്‍ചോലയിലെ പുല്‍ത്തകിടിയിലേക്ക് എന്നെ സാവാധാനം കിടത്തി. പിന്നെയെല്ലാം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോയിരുന്നു.

പിന്നീടൊരിക്കല്‍ തുഷാര മേഘങ്ങളോടൊപ്പം മഞ്ഞുമെത്തയില്‍ കിടന്നു വാനവിതാനത്തിലെ കാഴ്ചകളാണ് കണ്ടത്.എന്നെ തലോടിനില്‍ക്കുന്ന ചന്ദ്രകിരണങ്ങള്‍, തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച മാലാഖമാര്‍, അങ്ങനെ പലതും.......

വയലാറിന്റെ വരികള്‍ ഞാന്‍ ഓര്‍ത്തു."നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം.”മങ്ങിയും മറഞ്ഞുമല്ലാതെ ഒരു സ്വപ്നം പോലും എന്റെ ഓര്‍മ്മയില്‍ വന്നിരുന്നില്ല.അപൂര്‍ണ്ണങ്ങളായിരുന്നു അവയൊക്കെ.ചിത്രശലഭങ്ങള്‍,ഉദ്യാനങ്ങള്‍, മാലാഖമാര്‍ തുഴയുന്ന മുല്ലപ്പൂത്തോണി… അങ്ങനെ വര്‍ണ്ണശബളമായ സ്വപ്നങ്ങള്‍. ഓരോ നിമിഷങ്ങളിലും സ്വപ്നങ്ങളുമായി അലിഞ്ഞു ചേര്‍ന്നിരുന്നു ജൂലിയറ്റ്.

മറ്റൊരിക്കല്‍ ചന്ദനമണമുള്ള ഗന്ധര്‍വ്വന്‍ എന്റെ അടുത്തു വന്നു.പൂര്‍ണ്ണചന്ദ്രന്റെ നിലാവുള്ള രാത്രിയില്‍ ഇന്ദ്രനീലംപതിച്ച,പറക്കുന്ന തൂവെള്ളക്കുതിരകള്‍ വലിക്കുന്നതേരില്‍, താരക രാജകുമാരന്മാരുടെ ഇടയില്‍ കൂടി എന്നെയും കൂട്ടി പറന്നു.

താരകങ്ങള്‍ എന്റെമേല്‍ പനിനീര്‍ തുള്ളികള്‍ പൊഴിച്ചു. ഏഴാം കടലിനുള്ളില്‍ പവിഴദ്വീപിന്റെ നടുവില്‍ അപ്‌സരകന്യകമാര്‍ കാവല്‍ നില്‍ക്കുന്ന പളുങ്കു കൊട്ടാരത്തില്‍ എത്തി. വൈഡൂര്യവും പുഷ്യരാഗവും മരതകവും മാണിക്യവും പതിച്ച കൊട്ടാരം. നവരത്‌നമണികള്‍ കൊണ്ടുണ്ടാക്കിയ മാല എനിക്കവിടെവെച്ച് സമ്മാനമായി കിട്ടി. ഇതായിരുന്നു ഞാന്‍ ഇതുവരെ കണ്ട അതിമനോഹരമായ സ്വപ്നങ്ങളില്‍ ഒന്ന്. പക്ഷെ അപൂര്‍ണ്ണമായിരുന്നു.

ഓരോ രാത്രികളിലും ഞാന്‍ സ്വപ്ന ലോകത്തേയ്ക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. ഈ സ്വപ്ന രാജകുമാരന്റെ കൈയില്‍ ഇത്രയും അധികം സ്വപ്നം എവിടുന്നാണ് വരുന്നത്...? ഒരു മുത്തുച്ചിപ്പിക്കകത്ത് ഒളിപ്പിച്ചുവച്ചതാകാം.അതോ രാജകുമാരന്റെ ഹൃദയത്തില്‍ നിന്നോ, അല്ലെങ്കില്‍ കുമാരന്‍ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ലോകത്തില്‍ നിന്ന് കൊണ്ടുവന്നതായിരിക്കാം…എന്റെ ചിന്തകള്‍ അങ്ങനെ പോയി.

കലാലയ ജീവിതത്തിന്റെ അവസാന ദിനങ്ങള്‍.വിരഹത്തിന്റെ തേങ്ങലായിരുന്നു മനസില്‍.ഈ കാമ്പസിന്റെ ഓര്‍മ്മകളായിരുന്നു എന്റെ രാവുകളിലെ സ്വപ്നങ്ങള്‍. ഇവിടുത്തെ ചന്ദനസുഗന്ധം എന്റെ ഹൃദയങ്ങളില്‍ തലോടി എന്നും ഒരു കുളിരുള്ള ഓര്‍മ്മയായി. കൂട്ടുകാരുമായി വിടചൊല്ലി പിരിഞ്ഞ രാത്രിയില്‍ കാമ്പസിലെ ഓര്‍മ്മകള്‍ അയവിറക്കി ഉറങ്ങിപോയി.

അന്നുരാത്രിയില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു. ഭയപ്പെടുത്തുന്നഒരു വിചിത്രസ്വപ്നം.
ഞാന്‍ എകയായി ഒരുവിജനമായ സ്ഥലത്തു കൂടി നടന്നു പോകുന്നു;അല്ല,ഒരജ്ഞാതശക്തി എന്നെ കൂട്ടി കൊണ്ടുപോകുന്നു. അകലങ്ങളിലേക്ക് ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എങ്ങോട്ടെന്നില്ലാത്ത യാത്ര. കുറേ ദൂരം പിന്നിട്ടപ്പോള്‍ എനിക്ക് മനസ്സിലായി മെല്ലെ മെല്ലെ വഴിയുടെ വീതി കുറഞ്ഞു വരുന്നു. രണ്ടു പേര്‍ക്കു മാത്രം നില്‍ക്കാവുന്ന വീതി. കുറഞ്ഞു വരിക മാത്രമല്ല, ഇരുവശങ്ങളിലുംഅഗാതഗര്‍ത്തങ്ങള്‍.ഗര്‍ത്തങ്ങള്‍ക്കപ്പുറം പച്ചപ്പ് നിറഞ്ഞ പ്രകാശം പരത്തുന്ന പുല്‍മൈതാനം. അടിവാരത്ത് ഓരോ വശങ്ങളിലും രണ്ടു സിംഹങ്ങള്‍ ഗര്‍ജ്ജിച്ചു നില്‍ക്കുന്നു. ചുറ്റിനും അരണ്ട വെളിച്ചം മാത്രം. ഒന്നൊച്ചവെക്കാന്‍ പോലും ശബ്ദം കിട്ടാതെ ഭയം എന്നെ വന്നു മൂടിയിരുന്നു.പെട്ടെന്ന് സിംഹങ്ങള്‍ കുഴികളില്‍ നിന്ന് ചാടി പറന്ന് എന്നെ ആക്രമിക്കാന്‍ തുടങ്ങി.ഞാന്‍ വെട്ടിത്തിരിഞ്ഞു മാറിയതുകൊണ്ട് സിംഹങ്ങള്‍ എതിര്‍ദിശയിലുള്ള കുഴിയിലേക്ക് പതിച്ചു.എന്നെയും കൊണ്ട് കുഴിയിലേക്ക്ചാടനായിരുന്നു ഉദ്ദേശം. എന്റെ ദേഹം മുഴുവനും വിയര്‍ത്ത് ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.പല പ്രാവശ്യം ഇരുസിംഹങ്ങളും എന്നെ മാറി മാറി ആക്രമിച്ചുകൊണ്ടിരുന്നു. തിരിഞ്ഞുമാറിയതുകൊണ്ട് ഓരോ പ്രാവശ്യവും ഞാന്‍ രക്ഷപ്പെട്ടു.പെട്ടെന്ന് സകല ധൈര്യവും സംഭരിച്ച്, പറന്നു വന്ന സിംഹത്തിന്റെ കാലുകളില്‍ പിടിച്ചു തൂങ്ങി.ആ ശക്തിയില്‍ ഞാന്‍ കുഴികള്‍ക്കപ്പുറമുള്ള വിശാലമായ വെളിച്ചം വീശുന്ന പുല്‍മൈതാനത്തില്‍ വീണു രക്ഷപ്പെട്ടു. സിംഹങ്ങള്‍ കുഴികളിലേക്കും പതിച്ചു.

ഞെട്ടി എഴുന്നേറ്റ് ജൂലിയറ്റ് കട്ടിലില്‍ നിന്ന് വിയര്‍ത്ത ദേഹത്തോടു കൂടി മേശ പുറത്തുള്ള ഫ്‌ലാസ്ക്കില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു ചുമരിലെ ക്ലോക്കില്‍ നോക്കിയപ്പോള്‍ രണ്ടു മണിയായിരുന്നു സമയം.മുറിക്കുള്ളിലെ കസേരയില്‍ ഇരുന്ന് വീണ്ടും ഫ്‌ലാസ്ക്കില്‍ നിന്ന് വെള്ളം കുടിച്ചു. പുറത്ത് കൂരിരുട്ടും കട്ടപിടിച്ച നിശബ്ദതയും.മുറിയ്ക്കുളില്‍ ഞാനും മൗനവും മാത്രം.പുറത്ത് കാട്ടുപൂക്കളുടെ രുക്ഷഗന്ധം കാറ്റത്തു മുറികളില്‍നിറഞ്ഞിരുന്നു. ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍പുറപ്പെടുവിക്കുന്ന ചിലപക്ഷികള്‍ ജനാലകള്‍ക്കപ്പുറമുള്ള മരത്തില്‍ ഇരിക്കുന്നത്ഞാന്‍ കണ്ടു.ഭയം വിട്ടുമാറാത്ത മനസ്സില്‍ നിറയെആകുലതകളായിരുന്നു.

സ്വര്‍ഗ്ഗലോകത്തെന്താണ് സംഭവിച്ചത്?എന്തോ അനര്‍ത്ഥം കുമാരിമാര്‍ക്ക്‌സംഭവിച്ചിട്ടുണ്ടാകാം….അവരാകെ അസ്വസ്തരാണല്ലോ ..... ഇനി നക്ഷത്രജാലങ്ങള്‍ക്കിടയില്‍ എന്തെങ്കിലും .... അതോ എന്തെങ്കിലും കുറ്റം ചെയ്തതിന് ദൈവം കുമാരന്മാരെസ്വര്‍ഗ്ഗലോകത്തില്‍ നിന്ന് പുറത്താക്കിയതാണോ....?ജൂലിയറ്റ് വളരെ ചിന്താകുലയായി...
ആ രാത്രിയില്‍ ജൂലിയറ്റിനെ ഉറങ്ങാന്‍ സാധിച്ചില്ല. മുറിയ്ക്കുള്ളിലെ കസേരയില്‍ ഉറങ്ങാതിരുന്ന് പല ചിന്തകളില്‍ മുഴുകി നേരം പുലര്‍ന്നു.

അതിന് ശേഷം പല ദിനരാത്രങ്ങളും കഴിഞ്ഞു പോയി. പക്ഷെ എന്റെ നിദ്രകളില്‍ സ്വര്‍ഗ്ഗകുമാരിമാര്‍ മാത്രം വന്നില്ല. ക്യാംപസില്‍ ചാപ്പലിനരികിലെ ചൂളമരച്ചുവട്ടില്‍ ഏകയായി കാത്തിരുന്നു.ഒറ്റെക്കിരിക്കുമ്പോള്‍ മാത്രം വന്നിരുന്ന ചിത്രശലഭത്തെയും അവിടെ കാണാന്‍ കഴിഞ്ഞില്ല. സ്വപ്നങ്ങളില്ലാത്ത രാത്രികള്‍ എന്റെ മനസ്സില്‍ ശൂന്യത സൃഷ്ടിച്ച് വല്ലാത്തൊരു ഏകാന്തതയായിരുന്നു. വിരസതയിലൂടെ നീങ്ങി, ജൂലിയറ്റിന്റെ ജീവിതനിമിഷങ്ങള്‍ പല നാളുകള്‍ പിന്നിട്ട് കഴിഞ്ഞു.

വീണ്ടുമൊരു ക്രിസ്മസ് കാലം എത്തി. ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങി എവിടെയും മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളും പുല്‍ക്കൂടുകളും. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, സന്മനസുള്ളവര്‍ക്ക് സമാധാനമുള്ള, തുമഞ്ഞു പെയ്യുന്ന സ്വര്‍ഗ്ഗീയ രാത്രികള്‍. മാനത്തുനിന്ന് താരകങ്ങള്‍ താഴെക്കിറങ്ങിവന്ന്, വിണ്ണില്‍ നിന്നു മാലാഖമാര്‍ പാടുന്ന കാലം.
പപ്പയോടൊത്ത് പുല്‍ക്കൂടൊരുക്കിയും,ക്രിസ്മസ് ട്രീ ഒരുക്കിയും ജൂലിയറ്റ് വളരെ സന്തോഷവതിയായി. എവിടെയും കരോള്‍ ഗാനങ്ങള്‍ നിറഞ്ഞസന്ധ്യകള്‍. മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ബലൂണുകളും കൊണ്ട് വീട് മുഴുവനും മനോഹരമാക്കി. മാനത്ത് പൂത്തിങ്കള്‍ വിടരുന്ന രാത്രി. കുട്ടുകാര്‍ക്കെല്ലാം ക്രിസ്മസ് കാര്‍ഡ് അയച്ചും മമ്മിയോടൊപ്പം കേക്ക് ഉണ്ടാക്കിയും ക്രിസ്മസ് രാത്രിക്കായി കാത്തിരുന്നു.

കാത്തിരിപ്പിനൊടുവില്‍ വന്ന ക്രിസ്മസ് രാത്രിക്കായി ജൂലിയറ്റ് ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഇളം റോസ് നിറത്തില്‍, ഗോള്‍ഡന്‍ പൂക്കളാലും, മഞ്ഞുതുള്ളി പോലെയും അലങ്കരിച്ച ഫ്രോക്കില്‍ ജൂലിയറ്റ് ഇംഗ്ലിഷ് കാല്പനിക കഥയിലെ സിന്‍ഡ്രെല്ല പോലെ അതീവസുന്ദരിയായിമാറി. യെരുശലേമില്‍, മഞ്ഞില്‍ വിരിയുന്ന ഓര്‍ക്കിഡ് പുഷ്പങ്ങളെ പോലെ....പപ്പയോടും മമ്മിയോടുമൊപ്പം പാതിരാ കുര്‍ബാനയ്ക്കായി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള വിമലഗിരി കത്തീഡ്രലിലേക്ക് പോകുമ്പോള്‍ ഇത്രയുംനാള്‍ കാത്തിരുന്ന രാത്രിയുടെ ആനന്ദം ആയിരുന്നു ജൂലിയറ്റിന്റെ മുഖത്ത്.വഴികളില്‍ നീളെ കരോള്‍ ഗാനസംഘങ്ങളും, മിന്നിത്തിളങ്ങുന്ന ലൈറ്റുകളും നിറഞ്ഞ അന്തരീക്ഷം. കാറില്‍ നിന്നിറങ്ങി പള്ളിമുറ്റത്തേക്ക് നടന്നപ്പോള്‍ ക്രിസ്മസ് പടക്കങ്ങള്‍ നാടെങ്ങും ആകാശത്തെ വര്‍ണ്ണവിസ്മയം ഒരുക്കിയിരുന്നു. Hark! the herald angels sing, "Glory to the new-born King! വാനമേഘങ്ങളില്‍ നിന്നു മാലാഖാമാര്‍പാടി.

പള്ളിമുറ്റത്തുനിന്ന് നോക്കിയാല്‍ മാനത്തു നിന്നും താരകങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നതു പോലെ. എന്റെ ചുറ്റിനും അകലെ നീലാകാശവിതാനത്തിലെ നക്ഷത്രങ്ങള്‍ ഒഴുകുന്നതായി തോന്നി. വിസ്മയ കാഴ്ചകളില്‍ ജൂലിയറ്റിന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നു.

പാതിരാകുര്‍ബാനയ്ക്ക് ശേഷം കുട്ടുകാര്‍ക്ക് പരസ്പരം ആശംസകള്‍ നേര്‍ന്ന് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സമയം രണ്ടുമണി കഴിഞ്ഞിരുന്നു. കാത്തിരുന്നുവന്ന ക്രിസ്മസ് രാത്രിയുടെ സന്തോഷത്തില്‍ മുറിക്കുള്ളിലേക്ക് കയറി കട്ടില്‍ കിടന്നു.പുറത്ത് നല്ല മഞ്ഞുള്ള രാത്രി. ദൂരെ എവിടെ നിന്നോ കരോള്‍ സംഘങ്ങളുടെ പാട്ടുകള്‍ കേള്‍ക്കമായിരുന്നു. നാടെങ്ങും ക്രിസ്മസിന്റെ ആഘോഷത്തിമിര്‍പ്പില്‍.അല്പസമയത്തിന് ശേഷം രണ്ടു മിന്നാമിനുങ്ങുകള്‍ മുറിയ്ക്കുളിലേക്ക് പറന്ന് വന്നു. മെല്ലെ മെല്ലെ പല നിറത്തിലുള്ള പ്രകാശം പരത്തുന്ന മിന്നാമിന്നുങ്ങുകള്‍ മുറിയിലാകെ നിറഞ്ഞു.ആയിരമുന്മാദ രാത്രികളുടെ ചന്ദനസുഗന്ധം. എവിടെ നിന്നോ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനം വയലിനില്‍ ആരോവായിക്കുന്നുണ്ടായിരുന്നു.അപ്പഴേക്കും ജൂലിയറ്റ് രാത്രിയുടെ ഏഴാംയാമങ്ങളിലുള്ള ഗാഢനിദ്രയിലായിരുന്നു.

ഒരു പുതിയ സന്ദേശം ലോകത്തിന് നല്‍കിക്കൊണ്ട് ക്രിസ്മസ് പ്രഭാതം പുലര്‍ന്നു.സാധാരണ ദിവസങ്ങളില്‍ ഉണരുന്നതിനേക്കാള്‍ വളരെ വൈകിയാണ് ജൂലിയറ്റ് ഉണര്‍ന്നത്. കട്ടിലില്‍ ഇരുന്നുകൊണ്ട് ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയംഎട്ടു മണികഴിഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ രാത്രിയില്‍ പള്ളിയില്‍ പോയ അതേ ഫ്രോക്കില്‍ തന്നെയാണ് ഉറങ്ങി പോയത്. പക്ഷെ ഫ്രോക്കില്‍ ഒരു ചുളുക്കം പോലും വന്നിരുന്നില്ല. ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ പോയതുപോലെ തന്നെ. മുറിക്കുള്ളിലെ ജനല്‍കര്‍ട്ടന്‍ ഇളം കാറ്റത്ത് ചെറുതായി ഉലയുന്നുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയുടെ ചന്ദനസുഗന്ധം മുറികളില്‍ മായാതെ നിന്നു.സ്വര്‍ഗ്ഗത്തില്‍ നിന്നു കുമാരിമാര്‍ മെല്ലെ ഓര്‍മ്മച്ചെപ്പുകള്‍ തുറന്നു. കഴിഞ്ഞ രാവില്‍ സ്വര്‍ഗ്ഗകുമാരിമാര്‍ എന്റെ കാതുകളില്‍ മൃദുരവം ഉണര്‍ത്തിയിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ രാത്രിയില്‍ ജൂലിയറ്റിന്റെ നിദ്രയില്‍ സ്വപ്നം വന്ന് പൂത്തുലഞ്ഞിരുന്നു. രാത്രിയുടെ അവസാനയാമങ്ങളില്‍ കണ്ട സ്വപ്നം. അനിര്‍വചനീയവും അവര്‍ണ്ണനീയവുമായിരുന്ന സ്വപ്നം ഭൂമിയിലുള്ള ഒരു മനുഷ്യരോടു പോലും പറയാന്‍ സാധിക്കുമായിരുന്നില്ല. ഭൂമിയിലുള്ള ഒന്നിനോടും താരതമ്യം ചെയ്യാന്‍ പറ്റാത്ത സ്വപ്നം.മറ്റാരോടും പറയാന്‍ സാധിക്കാത്ത എന്റെ ഹൃദയത്തില്‍ മാത്രമുള്ള സ്വപ്നം. എനിക്കായി മാത്രം ക്രിസ്മസ് ദിനത്തില്‍ മാലാഖാമാര്‍ സമ്മാനിച്ച സ്വപ്നം.

ജൂലിയറ്റ് അത്രയും നാളും കണ്ട സ്വപ്നങ്ങളില്‍ പൂര്‍ണ്ണതയുള്ളത് ഇതിനു മാത്രമായിരുന്നു. സ്വപ്നങ്ങളെ കാക്കുന്ന സ്വര്‍ഗ്ഗരാജകുമാരന്‍ ഭൂമിയില്‍ ആര്‍ക്കും നല്‍കാതെവെച്ച സ്വപ്നം രാജകുമാരിമാരുടെ കൈയില്‍ കൊടുത്തുവിട്ടതാകാം.ഇന്നേവരെ പ്രപഞ്ചത്തിലാരും ഒരു സ്വപ്നത്തില്‍ പോലും കാണാത്ത സ്വപ്നം.
സ്വപ്നങ്ങളെ സ്‌നേഹിച്ച ജൂലിയറ്റ് (കഥ: സിസില്‍ മാത്യു കുടിലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക