Image

ക്രിസ്മസ്, ന്യൂ ഇയറില്‍ "കുടി'യേറി: ടച്ചിങ്‌സില്ലാതെ ഒരു മദ്യ വിചാരം (ശ്രീനി)

Published on 03 January, 2020
ക്രിസ്മസ്, ന്യൂ ഇയറില്‍ "കുടി'യേറി: ടച്ചിങ്‌സില്ലാതെ ഒരു മദ്യ വിചാരം (ശ്രീനി)
മരണം വരെ, സന്തോഷത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സ്‌നേഹത്തോടും വിശ്വസ്ഥതയോടും വില കൂടിയതും കുറഞ്ഞതുമായ മദ്യം കേരളത്തിലെ മുക്കുടിയന്‍മാരോടു കൂടെയുണ്ടായിരിക്കും. മലയാളിക്ക് വെള്ളമടിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. സന്തോഷം വന്നാലും സങ്കടം വന്നാലും ഇത് രണ്ടുമില്ലാതെ നിര്‍ഗുണ രപബ്രഹ്മമായിരുന്നാലും മലയാളി മദ്യ പ്രേമികള്‍ കള്ളുകൊണ്ട് പള്ള നിറച്ചിരിക്കും. പൂസായാല്‍ പലര്‍ക്കും പലരീതിയിലുള്ള കലാപരിപാടികളിലാണ് താത്പര്യം. ചിലര്‍ വൈലന്റാവും, ചിലര്‍ സസൈലന്റും. ബോധം പോയാല്‍ മൂന്നാം പക്കം എഴുന്നേല്‍ക്കുന്നവരുമുണ്ട്.

തെറിപ്പാട്ട്, ജൗളി പൊക്കിക്കാണിക്കല്‍, ഭാര്യാ മര്‍ദനം, നാട്ടുകാരുടെ മേക്കിട്ടു കേറല്‍, വാളുവയ്പ്പ്...എല്ലാം കഴിഞ്ഞ് ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ആള് പഞ്ച പാവം. ഒരു ബ്ലാക്കൗട്ട്. നാലുകാലില്‍ തലേ ദിവസം കാട്ടിക്കൂട്ടിയതൊന്നും ഓര്‍ക്കാനാവുന്നില്ല. വേണ്ടപ്പെട്ടവര്‍ ടിയാന്റെ തലയില്‍ തൈര് പാത്രം കമഴ്ത്തി "സ്റ്റെബിലൈസ്' ചെയ്‌തെടുക്കും. എന്നിട്ടും കൈവിറയല്‍ മാറ്റാന്‍ രാവിലെ തന്നെ രണ്ടെണ്ണെം കേറ്റി ലെവലാക്കി പിന്നെയും പരിപാടി തുടങ്ങും. ചിലര്‍ ഇടയ്‌ക്കൊരു ഗ്യാപ്പിടും. ആപ്പിറ്റൈസര്‍ എന്ന നിലയില്‍ ഒന്നോ രണ്ടോ പെഗ്ഗ് കഴിക്കുന്നവരുണ്ട്. കരളും കിഡിനിയും അടിച്ച്‌പോയി ഇഹലോകവാസം വെടിഞ്ഞവരും അനവധി. ഇത് മലയാളി മദ്യപരുടെ പതിവാണ്. മല്ലു പാരമ്പര്യമാണ്.

കേരളത്തില്‍ കുടിയന്മാര്‍ ജനിക്കുന്നത് 12 വയസ്സിലാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മരിക്കുന്നതാകട്ടെ കഴിപ്പിന്റെ അടിസ്ഥാനത്തിലും. അതിനാല്‍ മരണം പ്രവചിക്കാനാവില്ല. എന്നാല്‍  കേരളത്തില്‍ മദ്യപിക്കാനുള്ള പ്രായ പരിധി പിണറായി സര്‍ക്കാര്‍ 2018ല്‍ കൂട്ടുകയുണ്ടായി. 21 വയസില്‍ നിന്ന് 23 ലേക്കാണ് ഉയര്‍ത്തിയത്. ഇടയ്ക്കിടെ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഉല്‍സവാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ മദ്യമാണ് നാട്ടില്‍ ഒഴുകുന്നത്. വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യ വില്‍പ്പന അടുത്ത കാലത്തായി ചരിത്രം സൃഷ്ടിച്ചു. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഇന്ത്യയിലെ മദ്യവില്‍പ്പനയുടെ 16 ശതമാനവും കേരളത്തിലാണെന്നും പരിഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. യുവ മദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണെന്നും പഠനത്തില്‍ പറയുന്നു. റോഡ് ആക്‌സിഡന്റും പീഡനവും വേറെ.

സംസ്ഥാനത്തെ പുരുഷ ജനസംഖ്യയില്‍ 48 ശതമാനത്തോളം മദ്യപിക്കുന്നവരാണ്. അതേസമയം സ്ത്രീകളില്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ എണ്ണം ഏതാണ്ട് പത്ത് ലക്ഷത്തിലധികമാണ്. അതേസമയം സ്ത്രീകളുടെ മദ്യപാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ പഠന റിപ്പോര്‍ട്ടിലില്ല. സ്ത്രീകളില്‍ ഏത് പ്രായത്തിലുള്ളവരാണ് മദ്യത്തിന് അടിമകളായിരിക്കുന്നതെന്നോ ഏത് പ്രദേശത്താണ് മദ്യപാനികള്‍ കൂടുതലുള്ളതെന്നോ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല. മലയാളികള്‍ ഒരു വര്‍ഷം അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യം വാങ്ങാനായി ചെലവഴിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

മൂവായിരം കോടി രൂപ അരി വാങ്ങാനായി ചെലവാക്കുമ്പോള്‍ മദ്യത്തിനായി ഒഴുക്കുന്നത് പതിനയ്യായിരം കോടിയോളം രൂപയാണ്. ആളൊന്നുക്ക് ഏറ്റവും കുറഞ്ഞത് ഒമ്പത് ലിറ്റര്‍ മദ്യം പ്രതി മാസം അകത്താക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപര്‍ക്കായി ഫോട്ടോ ഐഡി കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ മാതൃകയില്‍ പെര്‍മിറ്റും ഏര്‍പ്പെടുത്തമെന്നാണ് മറ്റൊരു കൗതുകകരമായ ശുപാര്‍ശ. ഇത്തരം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ ഒരു പരിധി വരെ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു

എന്നാല്‍ ഉമ്മന്‍ ചാണണ്ടി സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ യഥേഷ്ടം തുറന്നു കൊടുത്ത ഇടതു സര്‍ക്കാര്‍ ഏതായാലും മദ്യവില്‍പ്പന നിയന്ത്രിക്കുമെന്ന് മദ്യവിരുദ്ധര്‍ മനപ്പായസമുണ്ണേണ്ട. കരണം സര്‍ക്കാരിനത് അനേക കോടികളുടെ നികുതി വരുമാനമാണ്. ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര സീസണില്‍ മലയാളി കുടിച്ച് തീര്‍ത്തത് 522.93 കോടി രൂപയുടെ മദ്യമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 512.54 കോടി രൂപയുടെ മദ്യമായിരുന്നു ഇതേ കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.39 കേടിയുടെ ലാഭമുണ്ടാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന് സാധിച്ചു. മദ്യവില്‍പനയില്‍ ഏറ്റവും മുന്നില്‍ തിരുവനന്തപുരം നഗരമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വെറും രണ്ട് ശതമാനത്തിന്റെ വര്‍ദ്ധന മാത്രമേയുള്ളൂ. എന്നാല്‍ ആഘോഷദിവസങ്ങളുടെ തലേന്ന് വിറ്റ മദ്യത്തിന്റെ ആകെ കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ടത്രേ.

ന്യൂ ഇയറിന്റെ തലേ ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നിരിക്കുന്നത് തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പനശാല വഴിയാണ്. ഇവിടെ നിന്ന് മാത്രം 88.01 ലക്ഷം രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 64.37 ലക്ഷം രൂപയുടെ മദ്യമായിരുന്നു ഇവിടെ നിന്ന് വില്‍പ്പന നടത്തിയത്. ഡിസംബര്‍ 31ന് മാത്രം സംസ്ഥാനത്തൊട്ടാകെ വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കുകയാണെങ്കില്‍ ഇത് 76.97 കോടി യായിരുന്നു. ന്യൂ ഇയര്‍ തലേന്ന് മാത്രം മലയാളി 12.15 കോടി രൂപയുടെ മദ്യം കൂടുതല്‍ വാങ്ങി. 16 ശതമാനം വര്‍ദ്ധന ഒരു ദിവസം കൊണ്ട് മാത്രം ഉണ്ടായി.

നാട്ടിലിപ്പോള്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനമുണ്ട്. ""മദ്യപിക്കാം, എന്നാല്‍ പാമ്പാവരുത്...'' എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും വീടുകളിലുണ്ട്. "റിലേ' പോകാതെ മദ്യപിക്കുക എന്നത് ഇപ്പോള്‍ വലിയ തെറ്റായി ആരും വകാണുന്നില്ല. മദ്യക്കുപ്പിമേലുള്ള പിടി മലയാളി വിടില്ല. കഴിഞ്ഞ വര്‍ഷം "നല്ല' ബ്രാന്‍ഡുകളുടെ ക്ഷാമമുണ്ടായപ്പോള്‍ മദ്യ സ്‌നേഹികള്‍ നന്നേ വിഷമിച്ചു. അതായത് "കുടിവെള്ള ദൗര്‍ലഭ്യം'. വിദേശമദ്യ കമ്പനികള്‍ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉത്പാദനം വെട്ടിച്ചുരുക്കിയിരുക്കിയതാണ് കാര്യം കഷ്ടത്തിലാക്കിയത്.

സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന വിലകുറഞ്ഞ കൂതറ ബ്രാണ്ടിയും റമ്മിന്റെ ചില ഇനങ്ങളുമാണ് കിട്ടാതായത്. ഇവയുടെ സ്ഥാനത്ത് പുതിയ ഇനങ്ങള്‍ എത്തിയെങ്കിലും "ഡ്രങ്കേഴ്‌സ് ഫ്രണ്ട്‌ലി'യായില്ല. ബിവറേജ് വെയര്‍ ഹൗസുകളില്‍ വേണ്ടത്ര സ്‌റ്റോക്കും എത്താതായി. കഴിഞ്ഞ ഓണക്കാലത്തും ക്ഷാമം നേരിട്ടിരുന്നു. മദ്യം ഉത്പാദിപ്പിക്കുന്ന പ്രധാന അസംസ്കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (ഇ.എന്‍.എ) വില കുത്തനെ ഉയര്‍ന്നതോടെയാണ് ഉത്പ്പാദനം വെട്ടിച്ചുരുക്കിയത്. ചില്ലറ വില്‍പ്പനശാലകളില്‍ ഇവയ്ക്ക് കടുത്ത ക്ഷാമം നേരിട്ടു. എവരിഡെ ഗോള്‍ഡ്, സെലിബ്രേഷന്‍, ഓള്‍ഡ്‌പോര്‍ട്ട്, ഓള്‍ഡ് പേള്‍, എം.സി.വി.എസ്.ഒ.പി ബ്രാണ്ടി, സീസര്‍ തുടങ്ങിയ ബ്രാന്റുകള്‍ക്കാണ് ഓണക്കാലത്ത് ഏറ്റവും അധികം ക്ഷാമം നേരിട്ടത്.

അത്താഴപ്പട്ടിണിക്കാരന്റെ ദാഹശമനിയായ ജവാന്‍ റം തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ആവശ്യത്തിന് കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. 15 രൂപ മുതല്‍ 20 രൂപ വരെ ഇതിന് വില കൂടിയത് ഇടിത്തീയായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ നിര്‍മ്മാണ കമ്പനിയായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന്റെ ഉത്പന്നമാണ് ജവാന്‍. "കിക്ക് കൂടുതല്‍ എന്നാല്‍ കാശ് കുറവ്' എന്നതാണ് മദ്യപരെ ജവാനിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു ദിവസം 6000 കെയ്‌സാണ് കമ്പനിയില്‍ ഉത്പാദിപ്പിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ അടുത്തുള്ള ജില്ലകളില്‍ മാത്രമേ കമ്പനി ഇത് എത്തിക്കുന്നുള്ളൂ.

ബിവറേജസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന മദ്യത്തിന് വില വര്‍ദ്ധിപ്പിക്കണണെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കോര്‍പറേഷന്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതോടെയാണ് കമ്പനികള്‍ സപ്ലേ കുറച്ചത്. കര്‍ണാടകത്തില്‍ നിന്നാണ് മുമ്പ് ഇ.എന്‍.എ വന്നിരുന്നത്. അവിടെനിന്നുള്ള വരവ് കുറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഇ.എന്‍.എ എത്തുന്നത്. 60 രൂപയുടെ വര്‍ധന ട്രാവന്‍കൂര്‍ ഷുഗേര്‍സ് 48 രൂപയ്ക്കായിരുന്നു ഇ.എന്‍.എ വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 63 രൂപയ്ക്കാണ് അവര്‍ക്ക് കിട്ടുന്നത്. ഒരു കെയ്‌സ് മദ്യത്തിന്റെ ഉത്പാദന ചിലവില്‍ 60 രൂപയുടെ വര്‍ധനവാണ് ഇ.എന്‍.എയുടെ വില വര്‍ധനവോടെ ഉണ്ടാവുന്നത്. എന്നാല്‍ മദ്യത്തിന് വില കൂട്ടാനും സധിക്കുന്നില്ല. മദ്യ ഉത്പാദനം കുറയുന്നതിന് ഇത് കാരണമായി.

ഇതിനിടെ മദ്യപന്‍മാരുടെ സ്വര്‍ഗരാജ്യമെന്നറിയപ്പെടുന്ന മാഹിയില്‍ പുതുച്ചേരി സര്‍ക്കാര്‍ മദ്യത്തിനു കുത്തനെ വിലകൂട്ടിയത് സമീപത്തുള്ള മദ്യപരെ സംബന്ധിച്ചിടത്തോളം കൊലച്ചതിയായി. സര്‍ക്കാര്‍ മദ്യത്തിന് എക്‌സൈസ് ഡൂട്ടിയും, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെ മദ്യവില കുത്തനെ 2019 ജൂലൈ 24 മുതല്‍ കൂടിയത്. ഒരു കെയ്‌സിന് 400 രുപ മുതല്‍ 600 രൂപ വരെയാണ് വര്‍ദ്ധന. ഇതോടെ മുന്തിയ ഇനത്തിന് കുപ്പിക്ക് 80 രൂപയോളവും, മീഡിയത്തിന് 40 രൂപ മുതല്‍ 50 രൂപ വരേയും, വില കുറഞ്ഞ മദ്യത്തിന് 30 രൂപയും വര്‍ദ്ധിച്ചു. മാഹിയില്‍ വില കുറഞ്ഞ മദ്യം തേടിയെത്തുന്നവര്‍ക്ക് ചെറിയ 180 മില്ലി കാല്‍ കുപ്പിക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. മാഹിയില്‍ ഏറ്റവും താണ മദ്യത്തിന് ക്വാട്ടറിന് 30 രൂപയായിരുന്നു പഴയ വില. കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ മധ്യത്തില്‍ ഒന്‍പതു ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലെ മാഹി മേഖലയില്‍ ബാറുകള്‍ ഉള്‍പ്പെടെ 65 മദ്യശാലകള്‍ പ്രവൃത്തിക്കുന്നു്.

പള്ളൂര്‍,കോപ്പാലം, മാഹി, പന്തക്കല്‍ എന്നീസ്ഥലങ്ങളിലാണ് റോഡരികില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തെ അപേക്ഷിച്ച് മദ്യത്തിന് വിലകുറവായതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലേക്ക് ഊടുവഴികളിലൂടെ ഇവിടെ നിന്നും മദ്യക്കടത്ത് സജീവമാണ്. മാഹിയില്‍ സ്പിരിറ്റു കലര്‍ന്ന വ്യാജമദ്യവില്‍പന വ്യാപകമായതിനാല്‍ ഇവിടെ ബാറുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. വ്യാജമദ്യം സ്ഥിരമായി കഴിക്കുന്നവരില്‍ പലരും മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും പാലത്തിനരികിലും കുഴഞ്ഞുവീണു മരിക്കുന്നതും പതിവാണ്. ചുരുങ്ങിയ ചെലവില്‍ മദ്യം ലഭിക്കുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ധാരാളമെത്തുന്നുണ്ട്.

""ചിയേഴ്‌സ്...ഗോഡ് ബ്ലസ്...''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക