Image

പൗരത്വ പ്രക്ഷോഭണം ആളിപ്പടരുന്നത് എന്തുകൊണ്ട് ?(ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 06 January, 2020
പൗരത്വ പ്രക്ഷോഭണം ആളിപ്പടരുന്നത് എന്തുകൊണ്ട് ?(ഡല്‍ഹികത്ത്  : പി.വി.തോമസ് )
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭണത്തിന്റെ അടങ്ങാത്ത അലയൊലികളുമായി ഇന്ത്യ പ്രകമ്പനം കൊള്ളുകയാണ്.

എന്താണ് അതിന്റെ കാരണം? എന്താണ് അതിന്റെ രാഷ്ട്രീയം? പ്രതിപക്ഷവും നല്ലൊരു വിഭാഗം ജനങ്ങളും ഒട്ടനേകം ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളും ഇളകിവശായിരിക്കുകയാണ്. അവരുടെ ആരോപണപ്രകാരം പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മതനിരപേക്ഷതക്ക് എതിരുമാണ്. കൂടാതെ മതവിവേചനാപരവും. എന്നാല്‍ ഗവണ്‍മെന്റ് ഇതിനെ എല്ലാം നിരാകരിക്കുന്നു. തീരുമാനത്തില്‍ നിന്നും ഒരിഞ്ചു പോലും പിറകോട്ട് പോവുകയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉറപ്പിച്ചു പറയുന്നു. പ്രതിഷേധം പാക്കിസ്ഥാന്‍ പ്രേരിതം ആണെന്നും ആരോപിക്കുന്നു. പൗരത്വം നിഷേധിക്കുകയല്ല മറിച്ച് പൗരത്വം നല്‍കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം എന്നും വാദിക്കുന്നു. എന്നാല്‍ നിയമത്തിന്റെ അന്തര്‍ലീനമായ ഉദ്ദേശം മോഡി ഗവണ്‍മെന്റിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുത്വ ആശയം നടപ്പിലാക്കുകയാണെന്ന് വിമര്‍ശകര്‍ പ്രഖ്യാപിക്കുന്നു. അതിന്റെ യഥാര്‍ത്ഥ ഉദ്ദേശം മുസ്ലീംങ്ങളെ ഒഴിവാക്കി ഹിന്ദുരാഷ്ട്രരൂപീകരണം ആണെന്നും ഇവര്‍ വാദിക്കുന്നു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപീഡനം അനുഭവിക്കുന്ന ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടു വരുവാനാണെങ്കില്‍ അതിന് നിയമപരമായ വഴികള്‍ ഉണ്ട്. എന്തിന് മുസ്ലീങ്ങളെ ഒഴിവാക്കണം? ഈ ചോദ്യങ്ങളും പ്രക്ഷോഭകാരികളില്‍ നിന്നും ഉയരുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേശകനായ ശിവശങ്കരമേനോന്‍ ഈ നിയമം മൂലം ഇന്ത്യ ആഗോള തലത്തില്‍ ഒറ്റപ്പെടുകയാണെന്നും പ്രസ്താവിക്കുന്നു. ഇന്ത്യയെ പിന്തുണക്കുന്നതാകട്ടെ ഏതാനും ചില ഏകാധിപത്യ രാജ്യങ്ങള്‍ മാത്രമാണ്, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍.

എന്നിട്ടും എന്തുകൊണ്ട് മോഡി ഗവണ്‍മെന്റ് ഈ ഭരണഘടനാ ധ്വംസനപരമായ സാഹത്തിന് മുതിര്‍ന്നു? ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരമാണ് അതിന്റെ രാഷ്ട്രീയവും. ഏതായാലും ഇന്ത്യ ഇന്ന് രാഷ്ട്രീയമായും ഭരണഘടനാപരമായും ഒരു വലിയ പ്രതിസന്ധിയിലാണ്. കേരള നിയമസഭ പാര്‍ലമെന്റ് പാസാക്കിയ രാഷ്ട്രപതി ഒപ്പിട്ട ഈ നിയമത്തിന് എതിരായി ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇത് വളരെ അസാധാരണമായ ഒരു നടപടിയാണ്. ഒരു വലിയ ഭരണഘടനാ പ്രതിസന്ധി ഇതുമൂലം ഉരുത്തിരിയുന്നുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന ഒട്ടേറെ സംസ്ഥാനങ്ങള്‍ ഈ നിയമത്തെ എതിര്‍ക്കുകയും ഇത് അവരുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുകയില്ലെന്നും ശഠിച്ചിട്ടുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൂടാതെ ബി.ജെ.പി.യോട് കൂറുള്ള ജനതാദള്‍ യുണൈറ്റഡും(ബീഹാര്‍), ബിജു ജനതാദളും(ഒഡീശ്ശ) ഈ നിയമത്തിന് എതിരായിട്ട് പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

അണ്ണാദ്രാവിഡ മുന്നേറ്റ കഴകവും(തമിഴ്‌നാട്) ഈ കൂട്ടത്തില്‍ ചേരുവാന്‍ സാധ്യതയുണ്ട്. ഡി.എം.കെ. ഇത് സംബന്ധിച്ച് ഒരു പ്രമേയം, കേരള മാതൃകയില്‍, സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഈ നിയമത്തിനെതിരായി പ്രമേയം പാസാക്കുവാന്‍ എഴുതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് മമത ബാനര്‍ജിയും(വെസ്റ്റ് ബംഗാള്‍), അരവിന്ദ് കേജരിവാളും(ദല്‍ഹി), ഹേമന്ത് സോറനും(ഝാര്‍ഖണ്ട്) ഉദ്ധവ് താക്കറെയും(മഹാരാഷ്ട്ര), നിതീഷ് കുമാറും(ബീഹാര്‍), വൈ.എസ്.ജഗമോഹന്‍ റെഡ്ഡിയും(ആന്ധ്രാപ്രദേശ്), കമല്‍നാഥും(മദ്ധ്യപ്രദേശ്), അരമീന്ദര്‍ സിംഗും(പഞ്ചാബ്), അശോക് ഗലോട്ടും( രാജസ്ഥാന്‍), നവീന്‍ പട്‌നായിക്കും(ഒഡീശ്ശ), പി.നാരാണയണസ്വാമിയും(പുതുച്ചേരി) ആണ്. തെലുങ്കാനയും ഈ കൂടെ കൂടുവാന്‍ സാധ്യതയുണ്ട്.

എന്താണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്? എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം? ഇത്രയെല്ലാം സംഭവിച്ചിട്ടും, ജനകീയ പ്രക്ഷോഭണങ്ങളില്‍ ഒട്ടേറെപേര്‍ വെടിവെച്ച് കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഷായും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഒരു സമാധാന ചര്‍ച്ചക്ക് തയ്യാറാകാത്തത്? പകരം ഒരു പ്രതി മുന്നേറ്റത്തിനാണ് ഇവര്‍ തയ്യാറാകുന്നത്. ബി.ജെ.പി. നാടാകെ ജനങ്ങളെ  ഉദ്ബുദ്ധരാക്കുവാന്‍ യോഗങ്ങള്‍ നടത്തുന്നുണ്ട്. അങ്ങനെ ഒരു യോഗത്തില്‍ ജോധ്പൂരില്‍ വെച്ചാണ്(രാജസ്ഥാന്‍) ഷാ ഉച്ചെസ്ഥരം ഘോഷിച്ചത്, ഗവണ്‍മെന്റ് ഒരുഞ്ച് പുറകോട്ട് ഇല്ലെന്ന്.

ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്ന് അവസാനിക്കും? ഒരു ജനകീയ ഗവണ്‍മെന്റ് ഒരു നിയമം കൊണ്ടുവരുമ്പോള്‍, പ്രത്യേകിച്ചും ഇതുപോലുള്ള  ഗൗരവമേറിയ, ജനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളുമായി സംവേദിക്കേണ്ടത് അത്യാവശമല്ലേ? ഇക്കാര്യത്തില്‍ അത് ഈ ഗവണ്‍മെന്റ് ചെയ്‌തോ? ശരിയാണ്, പാര്‍ലമെന്റിന്റെ ഇരുസഭകളും ഭൂരിപക്ഷത്തോടെ പാസാക്കിയതാണ് ഈ നിയമം.(കേരള നിയമസഭയുടെ പ്രമേയവും അങ്ങനെതന്നെ പാസാക്കിയതാണ് അതും ഏകകണ്‌ഠേന).

ബി.ജെ.പി.യുടെ 2014-ലെയും 2019-ലെയും പ്രകടനപത്രികയില്‍ ഇത് ഉണ്ടായിരുന്നു എന്ന വാദം ശരിയാണ്. പക്ഷെ, പ്രകടനപത്രിക ഒരു പാര്‍ട്ടിരേഖ മാത്രമാണ്. ജനാധിപത്യത്തില്‍ പ്രക്ഷോഭിക്കുന്നത് സ്വാഭാവികമാണ്. പ്രക്ഷോഭകരെ വെടിവെച്ച് കൊല്ലുന്നതും അവരുടെ ശബ്ദം അടിച്ചമര്‍ത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. ഏറ്റവും കൂടുതല്‍ കലാപങ്ങളും കൊലപാതകങ്ങളും നടന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭകരുടെ കോടിക്കണക്കിനുള്ള വസ്തുവകകള്‍ കണ്ടുകെട്ടുവാനാണ് നീക്കം. ഏകദേശം 450 പ്രകേഷോഭകരെ ഇതിനായി കണ്ടുപടിച്ച് അവര്‍ക്ക് ഭരണകൂടം നോട്ടീസും അയച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും മുസ്ലീംങ്ങള്‍ ആണ്. ശരിയാണ്, പൊതു മുതല്‍ നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. പക്ഷെ അതൊരിക്കലും വിവേചനാപരമായിരിക്കരുത്. ഗോ സംരക്ഷകര്‍ തല്ലിത്തകര്‍ത്ത പൊതുമുതലുകളുടെയും സ്വകാര്യ മുതലുകളുടെയും കണക്ക് ആരെടുക്കും? എന്തുകൊണ്ട് അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടിയില്ല? ഇതില്‍ രാഷ്ട്രീയമില്ലേ? വിവേചനം ഇല്ലേ? അതുപോലെതന്നെ എത്രയെത്ര ജനകീയ പ്രക്ഷോഭണങ്ങളിലാണ് പൊതുമുതല്‍ ഇതുപോലെ നശിപ്പിക്കപ്പെട്ടിട്ടുള്ളത്? ജാട്ട സംവരണവും കാര്‍ണി സേനയുടെ 'പദ്മാവതി' വിരുദ്ധ സമരവും ഇതിന് ഉദാഹരണങ്ങളാണ്. അപ്പോഴെങ്ങും ഇല്ലാത്ത ഒരു നീതിനിര്‍വ്വഹണ വ്യഗ്രത ഇപ്പോള്‍ എന്തുകൊണ്ട് യോഗി ഗവണ്‍മെന്റും മറ്റും കാണിക്കുന്നു? പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ  കേരള നിയമസഭയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി അത് ഭരണഘടനാ പാര്‍ലമെന്റ് വിരുദ്ധമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ കേരള മുഖ്യമന്ത്രി ഇത് നിയമസഭയുടെ പ്രിവിലെജില്‍ ഉള്‍പ്പെടുന്നതാണെന്ന് പ്രതിവാദം ഉന്നയിക്കുകയുണ്ടായി. ഭരണഘടനയ്ക്ക് എതിരെന്ന്് ആരോപിക്കപ്പെടുന്ന ഒരു നിയമത്തിനെതിരെ ഒരു നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ അതെങ്ങനെ ഭരണഘടനാ വിരുദ്ധം ആകും? പാര്‍ലമെന്റ് പോലെ തന്നെ ഒരു നിയമനിര്‍മ്മാണ സമിതിയാണ് സംസ്ഥാന നിയമസഭയും. അത് അതിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നടത്തുന്ന ഒരു നടപടി എങ്ങനെ പാര്‍ലമെന്റ് വിരുദ്ധമാകും? കേന്ദ്രനിയമന്ത്രി അദ്ദേഹത്തിന്റെ വാദഗതിയെ സാധൂകരിക്കുവാനായി ഭരണഘടനയുടെ 245, 246, 256 എന്നീ ആര്‍ട്ടിക്കിള്‍സ് ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ മറുപക്ഷം അവരുടെ വാദഗതിക്ക് ഉപോല്‍ബലകമായി ഭരണഘടനയിലെ 14, 15, 16 എന്നീ ആര്‍ട്ടിക്കിള്‍സ് ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ ബി.ജെ.പി. എം.പി.(രാജ്യസഭ) ജി.വി.എല്‍ നരസിംഹറാവു പിണറായി വിജയനെതിരെ ഒരു ബ്രീച്ച് ഓഫ് പ്രിവിലെജ് നോട്ടീസും ഫയല്‍ ചെയ്യുകയുണ്ടായി. അങ്ങനെ ഈ സമരം പാര്‍ലമെന്റിനും നിയമസഭകള്‍ക്കും ഉള്ളിലും പുറത്തും ഒരുപോലെ കത്തിപ്പടരുകയാണ്.
കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഈ സംഘര്‍ഷത്തില്‍ ഭാഗഭാക്കാണ്. സ്വാഭാവികമായും അദ്ദേഹം കേന്ദ്രത്തെ പിന്തുണച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് യാതൊരുവിധ ഭരണഘടനാ സാധുതയും ഇല്ല. കാരണം പൗരത്വം ഒരു കേന്ദ്രവിഷയമാണ്. പക്ഷെ ഗവര്‍ണ്ണര്‍ മറന്നു പോയത് ഇന്ത്യയുടെ മഹത്തായ ഫെഡറല്‍ സംവിധാനവും കോണ്‍കറന്റ് ലിസ്റ്റും ആണ്. ഇവയില്‍ അധികാര വിഭജനവും വികേന്ദ്രീകരണവും വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം മതപരമായി ഒരു വിഭാഗത്തെ മാത്രം വിവേചിക്കുന്നതാണ്. അതിനാലാണ് അത് ഇന്ത്യയുടെ ഭരണഘടനക്കും മതേതരത്വ സംവിധാനത്തിനും വിരുദ്ധമായി വരുന്നത്. രാജ്യവിഭജനവും അതിനെ തുടര്‍ന്നുണ്ടായ പലായനവും കൂട്ടക്കൊലയും ഇന്ത്യയുടെ ചരിത്രത്തിലെ നീറുന്ന ഏടാണ്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇനി വിഭജനവുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാനില്‍ പോലും മതപീഡനം, അത് ഹിന്ദു ആയാലും മുസ്ലീം ആയാലും മറ്റ് ഏത് മതസ്ഥരായാലും അത്യധികം ഖേദകരമാണ്. ജാതിമതഭേദമെന്യെ ഇന്ത്യയിലേക്ക് തിരിച്ചു വരുവാന്‍ അതിനായി കേന്ദ്രഗവണ്‍മെന്റിനെ സമീപിക്കുവാന്‍ ഇവര്‍ക്ക് അവകാശവുമുണ്ട്. 1955-ലെ പൗരത്വ നിയമം ഇതിനൊക്കെ വഴി ഒരുക്കുന്നുണ്ട്. 1985-ലെ പൗരത്വഭേദഗതി നിയമം, ആസ്സാം ഉടമ്പടിക്കുശേഷം കൂടുതലായി ഇതിന് പോം വഴി കണ്ടെത്തുന്നുണ്ട്. ഇവയുള്ളപ്പോള്‍ വിവേചനാപരമായ ഇങ്ങനൊരു നിയമത്തിന്റെ ആവശ്യമില്ല, വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതും തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.
നയതന്ത്രവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് മുസ്ലീം രാജ്യങ്ങളില്‍ ഹിന്ദുപീഡനമാണ് നടക്കുന്നതെന്ന് യാതൊരു അന്വേഷണമോ തെളിവോ ഇല്ലാതെ അടച്ച് ആക്ഷേപിക്കുന്നത് ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് അന്താരാഷ്ട്രീയ തലത്തില്‍ വഴിയൊരുക്കും. ഒരു പക്ഷെ ഇവിടങ്ങളില്‍ ഹിന്ദുപീഡനം ഇല്ലെങ്കില്‍ അവയ്ക്ക് ഇവ വഴി ഒരുക്കിയേക്കാം. ഇന്ത്യയില്‍ മുസ്ലീം പീഡനമാണ് നടക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷ്ണര്‍ പറയുന്നതിലും അദ്ദേഹം പൗരത്വ ഭേദഗതി നിയമം വിവേചനപരമാണെന്ന് പറയുന്നതിനും ആര് മറുപടി പറയും? എന്തുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് ശ്രീലങ്കയിലെ തമിഴരുടെയും ഫിജിയിലെ ഇന്ത്യാക്കാരുടെയും രോദനങ്ങള്‍ കേള്‍ക്കുന്നില്ല?
പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമായും രാഷ്ട്രീയമായും വര്‍ഗ്ഗീയമായും ഉയര്‍ത്തിയിരിക്കുന്ന ഇന്നത്തെ ഈ അരാജകത്വത്തിന് വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. കടുംപിടുത്തമല്ല അതിന്റെ പ്രതിവിധി. സമവായമാണ്. കേന്ദ്രം ഇനിയും അതിന് താമസിക്കരുത്. അതുപോലെ സംസ്ഥാന നിയമസഭകളുടെ അധികാരത്തെയും അവകാശത്തെയും പവിത്രതയെയും കേന്ദ്രം മാനിക്കണം.

പൗരത്വ പ്രക്ഷോഭണം ആളിപ്പടരുന്നത് എന്തുകൊണ്ട് ?(ഡല്‍ഹികത്ത്  : പി.വി.തോമസ് )
Join WhatsApp News
VJ Kumr 2020-01-07 10:54:15
പൗരത്വനിയമ പ്രതിഷേധം തിരിച്ചടിയായി , കേരളത്തിന് പ്രളയ സഹായമില്ല,
മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ചത് 5908 കോടി രൂപയുടെ ധനസഹായം
Read more: https://keralakaumudi.com/news/news.php?id=219566&u=national
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക