Image

ആരോട് പറയുമവള്‍? (കവിത: അനിത പ്രേംകുമാര്‍)

Published on 09 January, 2020
ആരോട് പറയുമവള്‍? (കവിത:  അനിത പ്രേംകുമാര്‍)
ഏതാനും മാസങ്ങള്‍ക്കു മുന്നേ
അവളൊന്നു മരണപ്പെട്ടു
മരണം ആകസ്മികമായിരുന്നില്ല
കാത്തു കാത്തിരുന്നതായിരുന്നു

പെട്ടെന്നവളാകെ പകച്ചുപോയി
സ്വന്തം മരണമിതാദ്യമാണ്!
ഇതുവരെ ആരുമറിഞ്ഞിട്ടില്ല
എങ്ങിനെ,എല്ലാരേമറിയിക്കും!?

തുറന്ന വായ അടപ്പിക്കണം
കാലുകള്‍ കൂട്ടി കെട്ടിവയ്ക്കണം
മൂക്കില്‍ പഞ്ഞിയും വയ്ക്കണ്ടേ?
എന്തൊക്കെയാണോ ഇനി പൊല്ലാപ്പ്!

ആരോട് പോയി പറയുമവള്‍!
ഭര്‍ത്താവ് ജോലിത്തിരക്കിലാണ്,
കുട്ടികള്‍ ഫോണില്‍ ചാറ്റിലാണ്
അപ്പനും അമ്മയും കിടപ്പിലാണ്
നാത്തൂന്മാരൊക്കെയും പുറംനാട്ടിലും!

ചാവാന്‍ കണ്ടൊരു നേരമെന്ന്
ഭര്‍ത്താവ് കുറ്റപ്പെടുത്തുമല്ലോ!
ഇനിയാര് തങ്ങളെ നോക്കുമെന്നു
അപ്പനുമമ്മയും പ്രാകുമല്ലോ!
പോക്കറ്റ് മണിതരാനാരിനിയെന്നു
മക്കള്‍ പതം പറഞ്ഞുരുകുമല്ലോ!

കെട്ടുകഴിഞൊരുനാളില്‍ തുടങ്ങിയ
കഷ്ടമാണവനവള്‍ എന്നോതിയ
നാത്തൂന്മാര്‍ ഒക്കെയും ചിന്തിച്ചിടും,
"അമ്മയേം അപ്പനേം നോക്കാന്‍ മടിച്ചിട്ടു
പോയതല്ലേയവള്‍ കുശുമ്പുകാരി!"

ആരോടുപറയുമവള്‍, താന്‍ മരിച്ചെന്നു,
പറഞ്ഞാല്‍ പിണങ്ങുമവരെല്ലാവരും!
പറഞ്ഞില്ലേല്‍ ഇനിയുമെഴുന്നേല്‍ക്കാത്തതിന്
കുറ്റപ്പെടുത്തലുകള്‍ വേറെയുമുണ്ടാം!

അവളുടെ ധര്‍മ്മ സങ്കടം കണ്ടപ്പോള്‍
കാലന് പോലും ചിരിവന്നുപോയി!
പിന്നയാള്‍ അവളെ ചേര്‍ത്ത് പിടിച്ചിട്ടു
ജീവന്‍ തിരിച്ചു കൊടുത്തിട്ടു പോയി!

ഏതാനും മാസങ്ങള്‍ക്കു മുന്നേ
അവളൊന്നു മരണപ്പെട്ടു
മരണം ആകസ്മികമായിരുന്നില്ല
കാത്തു കാത്തിരുന്നതായിരുന്നു.
എന്നിട്ടുമവളന്നു! പുനര്‍ജ്ജനിച്ചു
കാലന്‍ കൊടുത്ത വരത്തിനാലെ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക