Image

ജര്‍മനിയിലെ അഭയാര്‍ഥിത്വ അപേക്ഷകളില്‍ 14 ശതമാനം ഇടിവ്

Published on 10 January, 2020
ജര്‍മനിയിലെ അഭയാര്‍ഥിത്വ അപേക്ഷകളില്‍ 14 ശതമാനം ഇടിവ്
ബര്‍ലിന്‍: ജര്‍മനിയിലെ അഭയാര്‍ഥിത്വ അപേക്ഷകളുടെ എണ്ണത്തില്‍ 14 ശതമാനം കുറവു കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ചത് 111,094 പേര്‍. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ കുറവാണ് എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 18534 പേരുടെ കുറവ്. 2018ല്‍ 129,628 പേര്‍ അപേക്ഷ നല്‍കിയിരുന്നു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് രാജ്യത്തേക്കുള്ള അഭയാര്‍ഥിത്വ അപേക്ഷകളുടെ എണ്ണത്തില്‍ കുറവ് വരുന്നത്. സമീപകാലത്ത് അഭയാര്‍ഥിത്വവും കുടിയേറ്റവും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാകുന്നതിന്റെ തെളിവാണിതെന്ന് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍ അവകാശപ്പെട്ടു.

രാജ്യത്തെത്തിയ ശേഷം അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നവരെയാണ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതലാളുകള്‍ സിറിയയില്‍നിന്നാണ് 26,453 പേര്‍. ഇറാക്കില്‍ നിന്ന് 10,894 പേരും തുര്‍ക്കിയില്‍ നിന്ന് 10,275 പേരും.

ജര്‍മനിയില്‍ ജനിച്ച, ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ പട്ടിക പ്രത്യേകമാണ് തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 31,415 അപേക്ഷകളുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക