Image

അഞ്ചാം പാതിര: ഭീതിയുടെ മുള്‍മുനയില്‍ ഈ സസ്‌പെന്‍സ്‌ത്രില്ലര്‍

Published on 11 January, 2020
അഞ്ചാം പാതിര: ഭീതിയുടെ മുള്‍മുനയില്‍ ഈ സസ്‌പെന്‍സ്‌ത്രില്ലര്‍

ആട്‌ ഒരു ഭീകരജീവിയാണ്‌ എന്ന സിനിമയും ഷാജി  പാപ്പനുമെല്ലാം ഇപ്പോഴും മനസിലുള്ളവര്‍ക്ക്‌ മിഥിന്‍ മാനുവല്‍ തോമസ്‌ എന്ന സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുമെല്ലാം ഒരു മിനിമം വിലയിരുത്തലും മുന്‍ധാരണകളും കാണും. അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. 

ഏതൊരു സംവിധായകനെയും പ്രേക്ഷകന്‍ അങ്ങനെ തന്നെയാണ്‌ കാണുന്നത്‌. ആടില്‍ നിന്നും അഞ്ചാം പാതിരയിലെത്തുമ്പോള്‍ ഇതു വരെ താന്‍ സംവിധാനം ചെയ്‌ത എല്ലാ സിനിമകളുടെയും നിഴല്‍ പോലുമില്ലാത്ത തികച്ചും വ്യത്യസ്‌തവും അങ്ങേയറ്റം യുക്തിഭദ്രവും കൈയ്യടക്കവുമുള്ള ഒരു സിനിമയാണ്‌ പ്രേക്ഷകര്‍ക്കായി മിഥുന്‍ അവതരിപ്പിക്കുന്നത്‌.

സമീപ കാലത്ത്‌ മലയാളത്തില്‍ റിലീസായതില്‍ ഏറ്റവും മികച്ചത്‌ എന്നവകാശപ്പെടാവുന്ന ഒരുഗ്രന്‍ സൈക്കോളജിക്കല്‍ ത്രില്ലറാണ്‌ അഞ്ചാം പാതിര എന്ന്‌ നിസംശയം പറയാം. 

സീരിയല്‍ കില്ലര്‍മാരുടെ കഥകള്‍ മലയാളം, തമിഴ്‌, ഹിന്ദി തുടങ്ങി പല ഭാഷകളിലായി നമ്മള്‍ ഒരുപാട്‌ കണ്ടിട്ടുണ്ട്‌. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്‌ അഞ്ചാം പാതിരയിലെ കില്ലര്‍. 

അയാള്‍ കൊല്ലുന്നതെല്ലാം പോലീസുകാരെയാണ്‌. തെളിവിനായി ഒന്നും ബാക്കി വയ്‌ക്കാതെ അയാള്‍ ഈ സമൂഹത്തില്‍ തന്നെ നിലകൊള്ളുന്നു. തന്നെ പിടിക്കാന്‍ പോലീസ്‌ അന്വേഷണവുമായി നെട്ടോട്ടമോടുന്നത്‌ കാണുമ്പോള്‍ അയാള്‍ അതെല്ലാം നിഗൂഢമായ ഒരാനന്ദത്തോടെ മറഞ്ഞു നിന്ന്‌ വീക്ഷിക്കുന്നു.

`` ചുറ്റിക കൊണ്ട്‌ ആള്‍ക്കാരുടെ തലയ്‌ക്കടിക്കുമ്പോള്‍ തലയോട്‌ പൊട്ടിപ്പൊളിയുന്ന ഒരു ശബ്‌ദം കേള്‍ക്കാം. ഒപ്പം ഒരു നിലവിളിയും,. ഈ രണ്ടു ശബ്‌ദങ്ങളും ഒരുമിച്ച്‌ എന്നിലേക്ക്‌ വരുമ്പോള്‍ അതൊരു ലഹരിയായി എന്നിലേക്ക്‌ പടരും. '' സിനിമ ആരംഭിക്കുന്നത്‌ 14 കൊലപാതകങ്ങള്‍ നടത്തി തൂക്കുകയറിനായി കാത്തിരിക്കുന്ന രവിയുടെ ഈ തുറന്ന്‌ പറച്ചിലിലൂടെയാണ്‌. 

ഇന്ദ്രന്‍സ്‌അവതരിപ്പിക്കുന്ന രവിയെന്ന ഈ ക്‌ഥാപാത്രത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ വരാന്‍ പോകുന്ന സംഭവ വികാസങ്ങളുടെ സൂചന പ്രേക്ഷകന്‌ ലഭിക്കുന്നു.

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമാണ്‌ ചിത്രത്തിലെ നായകന്‍. സൈക്കോളജിസ്റ്റാണ്‌. സ്വന്തമായി ഒരു ക്‌ളിനിക്കും നടത്തുന്നു. ക്രിമിനോളജിയിലും ക്രിമിനല്‍ സൈക്കോളജിയിലും വലിയ താല്‍പ്പര്യമാണ്‌ പുള്ളിക്ക്‌. 

അങ്ങനെയാണ്‌ പോലീസുകാര്‍ക്ക്‌ കേസ്‌ തെളിയിക്കാന്‍ ചില സഹായങ്ങളൊക്കെ അന്‍വര്‍ ചെയ്‌തു കൊടുക്കുന്നത്‌. ഇതു കൂടാതെ സ്വന്തം നിലയ്‌ക്കും ചില കേസന്വേഷണങ്ങളൊക്കെ അനവര്‍ നടത്താറുണ്ട്‌. പ്രശസ്‌തനായഒരു ക്രിമിനോളജിസ്റ്റാവുക എന്നതാണ്‌ അന്‍വറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ്‌ പതിനാല്‌ കൊലപാതകങ്ങള്‍ നടത്തിയ രവിയെ അനവര്‍ ജയിലില്‍ പോയി കാണുന്നതും.

പോലീസുകാരുമായി അന്‍വറിന്‌ അടുത്ത ബന്ധമുണ്ട്‌. പ്രത്യേകിച്ചും കൊച്ചിയിലെ എ.സി.പി അനില്‍ തോമസുമായുള്ള ബന്ധം അനവറിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെ കുറച്ചൊക്കെ സഹായിക്കുന്നുണ്ട്‌. ഇങ്ങനെയിരിക്കെ ഡി.വൈ.എസ്‌.പി അബ്രഹാം കോളി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. 

ഹൃദയവും കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയില്‍ കാണപ്പെട്ട മൃതദേഹം നഗരത്തിലെവിടോ ഒരു സീരിയല്‍കില്ലര്‍ പതിയിരുപ്പുണ്ടെന്ന സൂചന മാത്രം നല്‍കുന്നു. കാരണം എല്ലാ കൊലപാതകങ്ങള്‍ക്കും ശേഷം മൃതദേഹത്തില്‍ നിന്നും കണ്ണുകള്‍ മൂടിക്കെട്ടാത്ത മലയാളിത്തമുള്ള നീതിദേവതയുടെ മനോഹരമായ ഒരു പ്രതിമ കാണാന്‍ കഴിയുന്നുണ്ട്‌. എന്നാല്‍ മറ്റു തെളിവൊന്നും അവശേഷിപ്പിക്കാതെയാണ്‌ കൊലപാതകം.

 ഇരുട്ടില്‍ തപ്പി കുറേ അന്വേഷണം നടന്നെങ്കിലും അതെങ്ങുമെത്തുന്നില്ല. പിന്നീട്‌ ഇതേ രീതിയില്‍ മറ്റൊരു കൊലപാതകം കൂടി നടക്കുന്നു. ഇതോടെ പോലീസ്‌ നടത്തുന്ന കേസന്വേഷണത്തിന്റെ ഭാഗമായുള്ള ടീമില്‍ അന്‍വറും ഒരംഗമാകുന്നു.
നാടെങ്ങും ഭയം വിതച്ചു കൊണ്ട്‌ സീരിയല്‍ കില്ലര്‍ മാറുന്നതോടെ കേസന്വേഷണത്തിന്റെ ചുമതല കാതറിന്‍ എന്ന ഐ.പി.എസ്‌ ഉദ്യോഗസ്ഥയ്‌ക്ക്‌ നല്‍കുന്നു. 

എല്ലാ പഴുതും അടച്ച്‌ പോലീസിനെ വട്ടം ചുറ്റിച്ച്‌, പിടികൊടുക്കാതെ മാറി നടക്കുന്ന സൈക്കോ കില്ലറെ കണ്ടെത്താന്‍ പോലീസ്‌ നടത്തുന്ന അന്വേഷണങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ കഥ. സിനിമയുടെപേര്‌ സൂചിപ്പിക്കുന്നതു പോലെ തന്നെ എല്ലാ കൊലപാതകങ്ങളും പാതിരാത്രിയിലാണ്‌ നടക്കുന്നത്‌. കൊച്ചിയിലെ രാത്രികാലങ്ങളിലാണ്‌ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്‌.

കൊലയാളിയെ പിടിക്കാന്‍ പോലീസും അവരെ സമര്‍ത്ഥമായി വെട്ടിച്ചു മുന്നേറുന്ന തന്ത്രശാലിയായ കൊലയാളിയും തമ്മിലുള്ള ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ തുടക്കം മുതല്‍ കാണാന്‍ കഴിയുക. ചെന്നായയുടെ മുഖംമൂടിധരിച്ചെത്തുന്ന കൊലയാളി തിയേറ്ററിലാകെ പേടി പരത്തുന്നു. തൊട്ടടുത്ത സീറ്റിലേക്ക്‌ നോക്കാന്‍ പോലും പേടിപ്പെടുത്തുന്ന ഭയാനകത നിറച്ചു കൊണ്ടാണ്‌ ഓരോ രംഗവും കടന്നു വരുന്നത്‌. നെഞ്ചിടിപ്പോടെയല്ലാതെ ഓരോ രംഗവും കണ്ടിരിക്കാന്‍ പ്രേക്ഷകന്‌ കഴിയില്ല.

മലയാളത്തിലും ഇതര ഭാഷകളിലും റിലീസായിട്ടുള്ള ത്രില്ലര്‍ മുവീകളില്‍ നിന്നും ഒരു പടി മുകളില്‍ തന്നെയാണ്‌ മിഥുന്‍ മാനുവല്‍ അഞ്ചാം പാതിര ഒരുക്കിയിട്ടുള്ളത്‌. ഒരു നായകനില്‍ മാത്രം കഥ കേന്ദ്രീകരിക്കാതെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആവശ്യമായ സ്‌പേസ്‌ കൊടുത്തുകൊണ്ടു തന്നെയാണ്‌ കഥ മുന്നോട്ട്‌ നീങ്ങുന്നത്‌. 

അനവര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ മികച്ചതാക്കി.പുതുവര്‍ഷത്തുടക്കം അദ്ദേഹത്തിന്‌ മികച്ച ഒരു കഥാപാത്രത്തെ നല്‍കിയിരിക്കുന്നു. കരിയറില്‍ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അന്‍വര്‍ ഹുസൈന്‍ മാറും എന്നത്‌ വ്യക്തമാണ്‌. 

തന്റെ പതിവ്‌ കഥാപാത്രങ്ങളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹത്തിന്‌ ലഭിച്ച മികച്ച പുതുവല്‍സര സമ്മാനമാണ്‌ ഈ കഥാപാത്രം. ഉണ്ണിമായഅവതരിപ്പിച്ച കാതറിന്‍ എന്‌ കഥാപാത്രവും അവര്‍ മികച്ച കൈയ്യടക്കത്തോടെ ചെയ്‌തിട്ടുണ്ട്‌. ചിത്രത്തിന്റെ ഓരോ രംഗത്തും ഭയം ജനിപ്പിക്കുന്നതിന്‌ ആവശ്യമായ സംഗീത സംവിധാനം സുഷിന്‍ ശ്യാമിന്റേതാണ്‌. 

ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മികവിന്‌ ഏറെ സഹായിച്ചു. രചനയും സംവിധാനവും ഛായാഗ്രഹണവും ഇഞ്ചോടിഞ്ച്‌ മികച്ചു നിന്നതിന്‌ നല്ല ഗൃഹപാഠം ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ഓരോ സീനും കാണുമ്പോള്‍ പ്രേക്ഷകന്‌ അനുഭവിക്കാന്‍ കഴിയും. 

പ്രത്യേകിച്ച്‌ രാത്രിയിലെ ഇരുട്ടും അതിന്‌ ചേരുന്ന പശ്ചാത്തല സംഗീതവും ആ രംഗങ്ങളില്‍ നല്‍കിയിരിക്കുന്ന പ്രത്യേക കളര്‍ ടോണും. കൂടുതല്‍ പറയാനില്ല. കാണാത്തവര്‍ അനുഭവിച്ചറിയുക തന്നെ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക