Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 62: ജയന്‍ വര്‍ഗീസ്)

Published on 14 January, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍  62: ജയന്‍ വര്‍ഗീസ്)
ന്യൂയോര്‍ക്കില്‍ നിന്ന് ്ര്രപസിദ്ധീകരിക്കുന്ന ' കൈരളി ' എന്ന  മലയാള പ്രസിദ്ധീകരണം ആയിടെയാണ് ശ്രദ്ധയില്‍ പെട്ടത്. സാഹിത്യ രചനകള്‍ക്ക് പ്രമുഖമായ പരിഗണന നല്‍കിക്കൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന കൈരളി തികച്ചും സൗജന്യമായിട്ടാണ് വിതരണം ചെയ്തിരുന്നത്. അന്ന് നിലവില്‍ ഉണ്ടായിരുന്ന മറ്റൊരു പത്രമായ ' മലയാളം പത്രം ' വരിസംഖ്യയായി നിശ്ചയിച്ചിരുന്ന തുക മുന്‍കൂറായി അടച്ചാല്‍ മാത്രമേ ലഭ്യമാകുമായിരുന്നുള്ളു എന്നതിനാല്‍ സൗജന്യമായി ലഭിച്ചിരുന്ന കൈരളിയെയാണ് അധികം ജനങ്ങളും വായനക്കായി ആശ്രയിച്ചിരുന്നത്. ചിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളാ എക്‌സ്പ്രസ്സ്, ഫിലാ ഡല്‍ഫിയായില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം വാര്‍ത്ത. ന്യൂ യോര്‍ക്കില്‍ നിന്ന് തന്നെയുള്ള മാസികയായ 'ജനനി ' എന്നിവയായിടുന്നു അന്ന് നിലവിലുണ്ടായിരുന്ന മറ്റു പ്രമുഖ  പ്രസിദ്ധീകരണങ്ങള്‍.

നാടക രചനയില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന എനിക്ക് ഇവിടെ അതിനുള്ള സാധ്യതകള്‍ വളരെ ശുഷ്ക്കമാണെന്നു ബോധ്യപ്പെട്ടു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതാ കിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് എന്‍. ബി. എസ്. ല്‍ എന്റെ അഞ്ചാം നാടകമായി  പ്രസിദ്ധീകരണത്തിന് റെഡിയായിരുന്ന 'ജ്യോതിര്‍ഗമയ ' എന്ന നാടകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞു കൊണ്ട് അതിന്റെ കയ്യെഴുത്തു പ്രതി തിരിച്ചു വാങ്ങിക്കൊണ്ടു പോന്നത്. മലയാളത്തില്‍ നിലവിലുണ്ടായിരുന്ന നിലവാരത്തിന്റെ മുകളില്‍ ആയിരുന്നു എന്റെ രചനകള്‍ എന്നതിനാലാണല്ലോ, ആരും പരിചയപ്പെടുത്താന്‍ ഇല്ലാതിരുന്നിട്ടും ആകാശ വാണിയിലും, അക്കാദമിയിലും ഒക്കെ എനിക്ക് അഭിമാനത്തോടെ കടന്നു ചെല്ലാന്‍ കഴിഞ്ഞത് എന്ന സത്യം നില നില്‍ക്കുന്‌പോളും, അമേരിക്കയിലെ മലയാള നാടക വേദി വളര്‍ച്ചയെത്താത്ത ഒരു മന്ദബുദ്ധിക്കുട്ടിയുടെ നിലയിലായിരുന്നു എന്നാണു എന്റെ എളിയ വിലയിരുത്തല്‍.

തൊഴിലധിഷ്ഠിതമായ ഒരു സാമൂഹ്യ പശ്ചാത്തലം രൂപപ്പെട്ടു വന്നിട്ടുള്ള അമേരിക്കയില്‍ ഒന്നാം സ്ഥാനം തൊഴിലിനു തന്നെയാണ്. തൊഴില്‍ കഴിഞ്ഞുള്ള ജീവിത വ്യാപാരങ്ങളില്‍ മുന്‍ഗണനാ ക്രമത്തില്‍ വിലയിരുത്തുന്‌പോള്‍ എത്രയോ പിറകിലാണ് കലയുടെയും, സാഹിത്യത്തിന്റെയും സ്ഥാനം എന്ന് മനസിലാക്കാന്‍ ആവുമെങ്കിലും, വാചകമടി കൊണ്ട് എല്ലാറ്റിനെയും മുന്നിലാക്കുകയും, ' ഞാനാരാ പുള്ളി ' എന്ന ഭാവത്തോടെ ' സെല്‍ഫ് പ്രമോട്ടര്‍ ' മാരുടെ ആട്ടിന്‍ തോലണിഞ്ഞു നടക്കുകയും ചെയ്‌യുന്ന പാവക്കാകുട്ടന്മാരുടെ ഈ സമൂഹത്തില്‍ ഇനി നാടകാവതരണം ഒന്നും നടക്കാന്‍ പോകുന്നില്ല എന്നും എനിക്ക് മനസ്സിലായി.

മറ്റു പത്ര മാധ്യമങ്ങളില്‍ മിക്കതും, ഏതെങ്കിലും ഒരു മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, സ്ഥാപിതമായ ഒരു താല്പര്യത്തിന്റെയോ സപ്പോര്‍ട്ട് കാരായി നില കൊണ്ടപ്പോള്‍ കൈരളിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ ജോസ് തയ്യില്‍ സ്വതന്ത്രമായ പത്ര പ്രവര്‍ത്തനത്തിന്റെയും, സമഗ്രമായ സാമൂഹ്യ മാറ്റത്തിന്റെയും വാക്താവായി നില കൊണ്ട് കൊണ്ട്, ആ ദിശയിലാണു തന്റെ പത്രത്തെ നയിച്ചിരുന്നത്. അത് കൊണ്ട് തന്നെ ആ പത്രത്തെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുകയും, അതില്‍ കവിതകളും ലേഖനങ്ങളും മാത്രമല്ലാ, സാമൂഹ്യ ദ്രോഹ പ്രസ്ഥാനങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടുള്ള  നര്‍മ്മ കഥകളും  എഴുതുവാന്‍ തുടങ്ങിയതോടെ ' ഇവനാരെടാ ' എന്ന ഉദ്വേഗത്തോടെ അമേരിക്കന്‍ മലയാളികളിലെ ചില വായനക്കാരെങ്കിലും ചെവി കൂര്‍പ്പിച്ചു നിന്നു.

കൈരളിക്ക് മാറ്ററുകള്‍ അയക്കുന്‌പോള്‍ മറ്റു പത്രങ്ങള്‍ക്കു കൂടി അതേ മാറ്ററുകള്‍ അയക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നതു കൊണ്ട് ഒരേ കാലത്തു നാലഞ്ചു പത്രങ്ങളില്‍ ആണ് എന്റെ രചനകള്‍ അച്ചടിച്ച് വന്നത്. ' ഇത് പറ്റില്ല ' എന്ന് ചില പത്രങ്ങള്‍ എന്നെ ഉപദേശിച്ചുവെങ്കിലും, എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കുന്ന രീതി  ഇവിടെ നിലവില്‍ ഇല്ലായിരുന്നു എന്നതോ പോകട്ടെ, സ്വന്തം രചനകള്‍ പ്രസിദ്ധീകരിച്ച പത്രത്തിന്റെ  ഒരു കോപ്പി രചയിതാവിന് അയച്ചു കൊടുക്കുകയെന്ന സാമാന്യ മര്യാദ പോലും പാലിക്കാത്തവരായിരുന്നു ഇവിടുത്തെ ചില പത്രങ്ങള്‍ എന്നതിനാല്‍, ഒരു പത്രത്തിന് മാത്രമായി എഴുതുക എന്ന കമ്മിറ്റ്‌മെന്റ് ഏറ്റെടുക്കവാന്‍ എനിക്ക് സാധ്യമാവില്ല എന്ന് ഞാന്‍ തുറന്നടിച്ചത് ചിലരിലെങ്കിലും അസ്വസ്ഥത ഉളവാക്കിയിട്ടുണ്ടാവാം എന്ന് ഞാന്‍ കരുതുന്നു. എന്നിട്ടും എല്ലാ പത്രങ്ങളും തന്നെ എന്റെ രചനകള്‍ പതിവായി പ്രസിദ്ധീകരിച്ചിരുന്നു. കൈരളി പത്രാധിപര്‍ എന്നെ വിളിക്കുകയും, എന്റെ സമ്മതത്തോടെ  കൈരളിയുടെ കോണ്‍ട്രിബ്യുട്ടിങ് എഡിറ്ററായി എന്നെ നിയമിക്കുകയും, ചെയ്തതിനെ തുടര്‍ന്ന്  ' നമുക്ക് ചുറ്റും ' എന്ന സാമൂഹ്യ വിമര്‍ശന പരമായ ഒരു പംക്തി വളരെക്കാലത്തോളം തുടരെ ഞാന്‍ കൈരളിയില്‍ എഴുതിക്കൊണ്ടിരുന്നു.

നാട്ടിലെ ചില നാടക സിംഹങ്ങള്‍ തങ്ങളുടെ അധിനിവേശ മേഖല കയ്യടക്കാന്‍ വന്നതാണെന്ന ധാരണയോടെ എന്നെ ആട്ടിയോടിക്കാന്‍ ശ്രമിച്ചത് പറഞ്ഞുവല്ലോ ?സമാനമായ അനുഭവങ്ങള്‍ ഇവിടെ അമേരിക്കന്‍ മലയാള സാഹിത്യ രംഗത്തും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന സത്യം തുറന്നു പറയാന്‍ കൂടി ഈ സന്ദര്‍ഭം ഉപയോഗിച്ച് കൊള്ളട്ടെ.

എന്റെ രചനകള്‍ പതിവായി ഇവിടുത്തെ  മലയാള മാധ്യമങ്ങളില്‍  പ്രസിദ്ധീകരിക്കപ്പെടുകയും, അവയില്‍ ചിലതിന് ചില അവാര്‍ഡുകള്‍ ഒക്കെ ലഭിക്കുകയും ചെയ്തപ്പോള്‍ എന്നെക്കുറിച്ചുള്ള ചില വൈയക്തിക കുറിപ്പുകള്‍ പത്രങ്ങളില്‍ വന്നു. അതില്‍ നാട്ടില്‍ വച്ചേ പത്തോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഒരാളാണ് ഞാനെന്ന പ്രസ്താവനയാണ് ഇവിടുത്തെ ആസ്ഥാന പണ്ഡിതന്മാരായി ഭാവിച്ചവരെ ചൊടിപ്പിച്ചത്.  നാട്ടിലെ  ഒരു കോളേജില്‍ മുന്‍ അധ്യാപകനായിരുന്ന ഒരു മാന്യ ദേഹത്തിനായിരുന്നു കൂടുതല്‍ അസ്വസ്ഥത. മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നിരിക്കാം എങ്കിലും അവരാരും തന്നെ പരസ്യമായി പറയാന്‍ തയാറായില്ല എന്നത് കൊണ്ട് അവരെ വിടുന്നു. ഈ മാന്യ ദേഹമാകട്ടെ അദ്ദേഹത്തിന്‍റെ പ്രായത്തിന്റെ മാന്യതക്ക് പോലും വില കല്‍പ്പിക്കാതെ പരസ്യമായി പ്രതികരിച്ചു കളഞ്ഞു എന്നതിനാലാണ് അദ്ദേഹത്തെ എടുത്തു പറയുന്നത്.

( റിട്ടയര്‍മെന്റിനു ശേഷം സ,അമേരിക്കയില്‍ എത്തിയ ഇദ്ദേഹം,  ഞാന്‍ കട്ടര്‍ ആയി ജോലി ചെയ്‌യുകയായിരുന്ന  പ്ലിമത്ത് മില്‍സിലെ കട്ടിംഗ് റൂമില്‍ ജോലിക്കെത്തിയിരുന്നു. അവിടെ ' റാഗ് കളക്ടര്‍ '  ആയിട്ടാണ് നിയമനം കിട്ടിയത്. അല്‍പ്പം ശാരീരിക അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ് റാഗ് കളക്ടറുടേത്. ഞങ്ങളെക്കാളൊക്കെ തണ്ടും, തടിയുമുള്ള അദ്ദേഹം രണ്ടാഴ്ച്ചക്കാലം അത് ചെയ്തിരിക്കണം. പിന്നെ ' തനിക്കിതൊന്നും പറ്റില്ലെന്നും, ഏതെങ്കിലും പള്ളിയില്‍ പോയി സുവിശേഷം പറഞ്ഞാല്‍ ഇവിടെ ഒരാഴ്ച കിട്ടുന്നത് അവിടെ ഒരു ദിവസം കൊണ്ട് കിട്ടുമെന്നും' പറഞ്ഞ് ജോലി ഉപേക്ഷിച്ചു പോയത് എനിക്കറിയാം. ശ്രദ്ധേയങ്ങളായ രചനകളൊന്നും അദ്ദേഹത്തിന്റേതായി പുറത്തു വന്നത് എനിക്കറിയില്ലെങ്കിലും, അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വല്യേട്ടനായി സ്വയം ഭാവിച്ചു കൊണ്ട് ഇദ്ദേഹം ഫിലാഡല്‍ഫിയായിലേക്ക് ചേക്കേറി. )

' എല്ലാ പത്രങ്ങളിലും എല്ലാ ആഴ്ചകളിലും പേര് വന്നു കാണണം എന്നുള്ളത് തികഞ്ഞ അഹങ്കാരമാണ് ' എന്നും, ' നാട്ടിലെ അവാര്‍ഡുകള്‍ എല്ലാം വാരിക്കൂട്ടിയിട്ട് ഇനി നോബല്‍ സമ്മാനത്തിനായിരിക്കും കാത്തിരിക്കുന്നത് ' എന്നും ഒരു പ്രമുഖ മാസികയില്‍ എന്നെക്കുറിച്ച് അദ്ദേഹം  പേര് വച്ച് എഴുതികളഞ്ഞു. ( ഇന്നാണെങ്കില്‍ ഒരു വ്യാജ ഇ മെയില്‍ ഐ. ഡി. യില്‍ ഒളിച്ചിരുന്നു കൊണ്ട് ആരെക്കുറിച്ചും എന്തും എഴുതാം എന്ന സ്വാതന്ത്ര്യത്തോടെ സൈബര്‍ ഒളിയിടത്തില്‍ മുഖം മറച്ചു കൊണ്ട് ഇവിടുത്ത ചില നിരൂപണ പ്രവരന്മാര്‍ ഈ തറ വേല തന്നെ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ) അദ്ദേഹത്തെ നേരിട്ട് അടുത്തു പരിചയമില്ലാതിരുന്നിട്ടും, യാതൊരു ഇടപാടുകളും ഞങ്ങള്‍ തമ്മില്‍ ഇല്ലാതിരുന്നിട്ടും എന്തിനാണ് അദ്ദേഹം ഇങ്ങനെ എന്നെ പരിഹസിച്ചു എഴുതിയത് എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല. ഞങ്ങളുടെ നാട്ടിലെ സാധാരണ ജനങ്ങള്‍ ഈ സുഖക്കേടിന് ' കുശുന്പ് ' എന്നാണു പറയാറുള്ളത് എന്നതിനാല്‍, ഏതൊരു വലിയ മഹാനും രോഗം വരാവുന്നതാണല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു.

എന്റെ രചനകളെ ആവേശത്തോടെ നെഞ്ചിലേറ്റിയ വായനക്കാരും, ആസ്വാദകരും ഇവിടെയും ഉണ്ടായിരുന്നു എന്ന് നന്ദി പൂര്‍വം ഞാന്‍ തുറന്നു സമ്മതിക്കുന്നുണ്ട്. കൈരളിയില്‍ സാഹിത്യാസ്വാദനം എഴുതിയിരുന്ന ശ്രീ വാസുദേവ് പുളിക്കല്‍ ആണ് അതിലൊരാള്‍. ' അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ മുനിവാടങ്ങളില്‍ അക്ഷരങ്ങളുടെ അരണി കടഞ്ഞ് അഗ്‌നിയുണ്ടാക്കുന്ന കവിയാണ് ജയന്‍ വര്‍ഗീസ് ' എന്ന് അദ്ദേഹം കൈരളിയില്‍ എഴുതി. മലയാളം പത്രത്തില്‍ വരുന്ന രചനകളെ അധികരിച്ചു ' സാഹിത്യ വാരഫലം ' എന്ന പംക്തി എഴുതിയിരുന്ന ബഹുമാന്യനായ പ്രൊഫസര്‍ എം. കൃഷ്ണന്‍ നായരായിരുന്നു മറ്റൊരാള്‍. ഇരുപതാം നൂറ്റാണ്ടിനു വിട പറഞ്ഞു കൊണ്ട് ഞാനെഴുതിയ ' യാത്രാ മൊഴി ' എന്ന കവിതക്ക് അദ്ദേഹമെഴുതിയ ആസ്വാദനത്തില്‍ ' ചങ്ങന്പുഴക്കവിതകള്‍ക്കു ശേഷം  താന്‍ വായിച്ച ഭാവ സാന്ദ്രമായ കവിതയാണ്   ജയന്‍ വര്‍ഗീസ് രചിച്ച യാത്രാമൊഴി ' എന്ന് എഴുതിയിരുന്നു. അമേരിക്കയില്‍ അക്കാലത്തെഴുതിയിരുന്ന മിക്കവരോടും ' ദയവായി ഈ പേനയുപേക്ഷിച്ചു തൂന്പാപ്പണിക്ക് പോകുന്നതാണ് മെച്ചം ' എന്നുപദേശിച്ചിരുന്ന അദ്ദേഹത്തില്‍ നിന്നാണ് ഈ അഭിപ്രായ പ്രകടനം വന്നത് എന്നോര്‍ക്കുന്‌പോള്‍ ഇന്നും അല്‍പ്പം അഭിമാനമൊക്കെ തോന്നുന്നുമുണ്ട്.

ഇരുപതാം ശതകമേ, അഭിവാദനം,
ഇതുവഴി വന്നതി, നഭിവാദനം,
ഇവിടെയീ കാല പ്രവാഹിനീ തീരത്തെ 
യീറക്കുടിലില്‍, എന്നീറക്കുടിലില്‍,
അഭിവാദനം, അഭിവാദനം !

കോടി യുഗങ്ങളും നമ്മളും ഭൂമി ത
ന്നാരംഭ കാലം മുതല്‍ക്കേ,
തേടിയലഞ്ഞതാണീ യുഗ്മ സംഗമ
തീരം ! അനശ്വര തീരം !!
എന്നായിരുന്നു ആ കവിതയുടെ തുടക്കം.

' രണ്ടായിരാമാണ്ടു തികയുന്നതിനു മുന്‍പ് ലോകം അവസാനിക്കും '  എന്ന് രഹസ്യമായി പ്രചരിപ്പിച്ചിരുന്ന മതമേധാവികളെ വെല്ലുവിളിച്ചു കൊണ്ട് മലയാളം പത്രത്തില്‍ ഞാനെഴുതിയ ' ദൈവം ഗര്‍ജ്ജിക്കുന്നു ' എന്ന കവിതയെയും അദ്ദേഹം മുക്ത കണ്ഠം പ്രശംസിച്ചിരുന്നു. ' അമേരിക്കന്‍ മലയാള കവിതക്കളത്തില്‍ പിള്ളേര് കളി നടത്തുന്നവര്‍ക്കിടയില്‍ കാതലുള്ള കവിയാണ് ജയന്‍ വര്‍ഗീസ് ' എന്നും അദ്ദേഹം കുറിച്ചിട്ടു.

ആരാണ് ചൊന്നതെന്‍ ഭൂമി നശിക്കുവാന്‍
പോകയാണെന്നുള്ള മിഥ്യ ?
ആരാണതിന്റെയും പേരില്‍ മനുഷ്യനെ
ചൂഷണം ചെയ്‌യുന്ന വര്‍ഗ്ഗം ?

കോടാനുകോടി യുഗങ്ങളായ് നിങ്ങളെ  ,
ത്താരാട്ടു പാടിയുറക്കി,
ഓരോ പ്രഭാത ത്തുടുപ്പിലു, മുമ്മതന്‍ 
ചൂടില്‍ തഴുകിയുണര്‍ത്തി,

ജീവന്റെ താളത്തുടുപ്പില്‍ അമ്മിഞ്ഞ തന്‍
സ്‌നേഹ പ്രവാഹം ചുരത്തി,
വാഴുമീയമ്മ, യെന്‍ മാനസ പുത്രിയെ 
യാരാണ് തച്ചുടച്ചീടാന്‍ ?

കീടങ്ങളെ, നരകീടങ്ങളെ, മമ
സ്‌നേഹത്തില്‍ നിന്നു ഞാന്‍ രൂപപ്പെടുത്തിയ
താരങ്ങളേ, മണ്ണിന്‍ മോഹങ്ങളേ,
ദീപ നാളങ്ങളേ, രോമ ഹര്‍ഷങ്ങളേ !     എന്ന് തുടങ്ങുന്നതായിരുന്നു
'  ദൈവം ഗര്‍ജ്ജിക്കുന്നു ' എന്ന കവിത.

എഴുത്തിന്റെ പേരില്‍ ഒരു പത്രാധിപരുമായി ചീത്ത വിളിച്ചു പിരിയേണ്ട ഒരു ഗതികേടും എനിക്കുണ്ടായി. പരമമായ മനുഷ്യ താല്പര്യങ്ങള്‍ക്കെതിരെ മുഖം തിരിച്ചു നില്‍ക്കുന്ന പ്രവണതകളെ നിരുപദ്രവകരമായ നര്‍മ്മത്തിലൂടെ ചോദ്യം ചെയ്തു കൊണ്ടുള്ള കൊച്ചു കൊച്ചു നര്‍മ്മ കഥകള്‍ ഞാന്‍ എഴുതിയിരുന്നു.

െ്രെകസ്തവ സുവിശേഷീകരണത്തിന്റെ വ്യാജപ്പേരില്‍ അമേരിക്കന്‍ ഡോളറിന്റെ വയലേലകള്‍ കൊയ്‌തെടുക്കാന്‍ വരുന്ന വിവിധ െ്രെകസ്തവ ഗ്രൂപ്പുകളില്‍ പെട്ടവര്‍ പലപ്പോഴും എന്റെ കഥാപാത്രങ്ങളാവാറുണ്ടായിരുന്നു. നാട്ടിലെ തന്റെ ഇടവക ഭരണം ചെറിയ പ്രതിഫലത്തില്‍ സബ്സ്റ്റിറ്റിയുട്ടിനെ വച്ച് നടത്തിക്കൊണ്ട് അവിടുത്തെ വരുമാനത്തിന്റെ സിംഹ ഭാഗവും കൈക്കലാക്കുകയും, ഇവിടെ വന്നു സമൃദ്ധമായി പള്ളി ഭരിച്ചു ഡോളര്‍ കൊയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന   ധാരാളം കത്തനാരന്മാര്‍ അമേരിക്കയില്‍ ഉണ്ടെന്ന് മനസിലാക്കിയ ഞാന്‍ അത്തരം ഒരു കഥാപാത്രത്തെ നായകനാക്കി എഴുതിയ ഒരു നര്‍മ്മ കഥ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ അത് വലിയ പശ്‌നങ്ങളുണ്ടാക്കി.  പൊതുവായി നടപ്പില്‍ ഉണ്ടായിരുന്ന ഒരു വിഷയം കഥയുടെ രൂപത്തിലായപ്പോള്‍ ആ കഥയിലെ കഥാപാത്രം താനാണെന്ന് ഒരു പള്ളീലച്ചന്‍ ഭാവിച്ചതോടെയാണ് പ്രശ്‌നം ഗുരുതരമായത്.

അച്ചന്റെ മകന്‍ നെഞ്ചു വിരിച്ചു പത്രമാപ്പീസിലെത്തി പത്രാധിപരെക്കൊണ്ട് എന്നെ വിളിപ്പിക്കുന്നു. ആരെയും മനഃപൂര്‍വം ഉദ്ദേശിച്ചല്ലാ കഥ എഴുതിയിട്ടുള്ളതെന്നും, പൊതുവായി നടപ്പിലുള്ള ഒരു രീതിയെ പരാമര്‍ശിച്ചു പോയതാണെന്നും, ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും ഞാന്‍ പറഞ്ഞു. സ്പീക്കര്‍ ഫോണില്‍ പരാതിക്കാരനെയും കൂടി കേള്‍പ്പിച്ചു കൊണ്ടാണ് സംസാരം എന്ന് എനിക്ക് മനസ്സിലായി. ഇത്രയും പറഞ്ഞിട്ടും പരാതിക്കാരന് തൃപ്തിയായില്ല എന്നത് കൊണ്ടായിരിക്കണം, ' താന്‍ എന്റെ പത്രത്തിന്റെ റെപ്യൂട്ടേഷന്‍ കളഞ്ഞു ' എന്നായി പത്രാധിപര്‍. ' എങ്കില്‍പ്പിന്നെ എന്തിനാണ്   സാര്‍  ഈ മാറ്റര്‍ പ്രസിദ്ധീകരിച്ചത് ?' എന്ന എന്റെ ചോദ്യത്തിന് ' താന്‍ ആശുപത്രിയില്‍ ആയിരുന്നത് കൊണ്ടാണ് ' ഇത് സംഭവിച്ചത് എന്ന് പത്രാധിപര്‍. അതറിഞ്ഞു ഞാന്‍ വീണ്ടും'  സോറി ' പറഞ്ഞു.

സ്വാഭാവികമായി ഇത്രയും കൊണ്ട് അവസാനിക്കേണ്ടിയിരുന്ന ഈ സംഭവം അവിടെ നിന്നില്ല. തികഞ്ഞ ദേഷ്യത്തോടെ പത്രാധിപര്‍ എന്നോട് പറയുകയാണ്. ' തന്നെപ്പോലുള്ളവരുടെ കൈയില്‍ തല്ലുകൊള്ളിത്തരം ആണ് ഇരിക്കുന്നതെ ' ന്നും, ' ഇതും വച്ച് കൊണ്ട് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഇരുന്നു കൊള്ളണമെ ' ന്നും, അവിടുന്ന് പുറത്തിറങ്ങിയാല്‍ നല്ല തല്ലു കൊള്ളുമെന്നും ' പത്രാധിപര്‍ എന്നെ ഭീഷണിപ്പെടുത്തി. ഇത്രയും കേട്ടപ്പോള്‍ പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാനായില്ല. യാതൊരു പ്രതിഫലവും ലഭിക്കാതെ, പത്രത്തിന്റെ ഒരു കോപ്പി പോലും ലഭിക്കാതെ തുടരെ എഴുതിക്കൊണ്ടിരിക്കുന്ന ഒരാളോട് ഒരു പത്രാധിപര്‍ തല്ലിക്കളയും എന്ന് ഭീഷണിപ്പെടുത്തുന്‌പോള്‍ ഞാന്‍ കര്‍ത്താവീശോ മിശിഹായോ, മദര്‍ തെരേസയോ ഒന്നുമായില്ല. ' നീ അത്രയ്ക്ക് വലിയ തല്ലു കാരനാണെങ്കില്‍ ഞാന്‍ നിന്റെ ഓഫീസിലേക്ക് വരാമെടാ, എപ്പോളാണ് വരേണ്ടതെന്നു പറയെടാ ' എന്നായി ഞാന്‍.  അപ്പോഴേക്കും പരാതിക്കാരനും വിഷയം ഏറ്റു പിടിച്ചു. പിന്നെ പരസ്പരം തെറിയായിരുന്നു. സാധാരണ  തെറിയല്ല ; നല്ല കട്ടത്തെറി. പരസ്പരം കൊന്നുകളയും എന്ന് വരെയായി ഭീഷണി. ആ പത്രവുമായി ഉണ്ടായിരുന്ന സുദീര്‍ഘമായ  ബന്ധം അങ്ങനെ  അവസാനിച്ചു. വര്‍ഷങ്ങള്‍ കുറെ ആയിരിക്കുന്നു. പിന്നീട്  ഒരവസരം കിട്ടിയപ്പോള്‍ ' ഒന്നും മനസ്സില്‍ വയ്ക്കരുത് ' എന്ന് ക്ഷമാപണ പൂര്‍വം പരാതിക്കാരനോട് ലോഹ്യം പറയുവാനും എനിക്ക് സാധിച്ചു.

കാലത്തിന്റെ കുത്തൊഴുക്കില്‍ തട്ടിത്തകര്‍ന്ന് മലയാളം പത്രം നിന്ന് പോയി. മറ്റു കക്ഷികളുമായി തികഞ്ഞ സൗഹൃദത്തിലുമാണിന്ന്. ഇന്നാലോചിക്കുന്‌പോള്‍ വിഷമമുണ്ട്. എന്നെ സ്വയം നിയന്ത്രിച്ചു കൊണ്ട് എനിക്ക് മിണ്ടാതിരിക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. ബന്ധപ്പെട്ട എല്ലാവരോടുമായി ഒരിക്കല്‍ക്കൂടി പറയുകയാണ്, " സോറി ! റിയലി സോറി !! "

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക