Image

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് കെജരിവാള്‍ സര്‍ക്കാരിന്റെ അവഗണന കൊണ്ട്; ആരോപണവുമായി കേന്ദ്രമന്ത്രി ജാവദേക്കര്‍

Published on 16 January, 2020
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് കെജരിവാള്‍ സര്‍ക്കാരിന്റെ അവഗണന കൊണ്ട്; ആരോപണവുമായി കേന്ദ്രമന്ത്രി ജാവദേക്കര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് നിര്‍ഭയ കേസില്‍ നീതി വൈകിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 2012-ല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് ഡല്‍ഹി സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ്. നീതി വൈകിക്കുന്നത് ആം ആദ്മിയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയ്ക്ക് ദയാഹര്‍ജി നല്‍കുന്നതിന് പ്രതികള്‍ക്ക് നോട്ടീസ് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.


നാലു പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജി നല്‍കിയതോടെ മരണ വാറണ്ടില്‍ പറഞ്ഞിരിക്കുന്ന ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാരും പോലീസും തിഹാര്‍ ജയില്‍ അധികൃതരും ബുധനാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് ഉറപ്പായത്. പ്രതി മുകേഷ് കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ച ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് സര്‍ക്കാരും പോലീസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.


അതേസമയം, കേസില്‍ വിധി വന്ന് രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ വൈകിപ്പിച്ചത് എന്തിനെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. പ്രതികള്‍ ഇത്തരത്തില്‍ പല തവണകളായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് നിയമത്തിന്റെ നടപടി ക്രമത്തെ പരാജയപ്പെടുത്താനാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ വാദിച്ചിരുന്നു. ഈ മാസം 22 ന് രാവിലെ ഏഴു മണിക്ക് നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കാണ് ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ തിഹാര്‍ ജയിലില്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണവും നടന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക