പന്തീരങ്കാവ്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍നിന്ന് ആഭരണങ്ങളും മറ്റും സ്ഥിരമായി മോഷ്ടിക്കുന്ന കള്ളന്‍ പോലീസ് പിടിയില്‍ ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശി അനസ് എന്ന ഹ്യുണ്ടായ് അനസാണ് (32) പോലീസിന്റെ പിടിയിലായത്. പന്തീരങ്കാവ് പോലീസും സിറ്റി സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.
വീടിന്റെ ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയുമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം കുറ്റിക്കാട്ടൂരിനടുത്ത് ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞിരുന്നു. പുത്തൂര്‍ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയിരുന്നതായി പോലീസ് പറയുന്നു.
മോഷണ മുതലുകള്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മോഷണ രീതിയുള്ള കള്ളന്മാരുടെ പട്ടിക തയ്യാറാക്കി അന്വേഷണം നടത്തി വരുന്നതിനിടയില്‍ പ്രതിയെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനസിനെ നിരീക്ഷിച്ചുവന്ന പോലീസ് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം അനസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.