Image

ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 17 January, 2020
ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)
ചന്ദ്രഗിരിയില്‍ നിന്നു മടങ്ങുമ്പോള്‍ അടുത്ത സ്‌പോട്ട് ആയ സ്വയംഭൂനാഥും ഒരു മലയുടെ മുകളിലാണെന്നും, ചന്ദ്രഗിരിയില്‍ നിന്ന് കണ്ടതിനെക്കാള്‍ ഭംഗിയായി നഗരം അവിടെ നിന്ന് കാണാമെന്നും നരേഷ് പറഞ്ഞു. അവിടത്തെ പടിക്കെട്ടുകളും സ്തൂപവും സിനിമകളിലൂടെ നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിചിതമാവേണ്ടതാണല്ലോ എന്നും അയാള്‍ സൂചിപ്പിച്ചു. വിനിതയും പ്രസാദുമായി പടികളുടെ എണ്ണത്തെക്കുറിച്ചുള്ള ചര്‍ച്ച മുറുകിക്കൊണ്ടിരിക്കെതന്നെ ഞങ്ങള്‍ അവിടെയെത്തിക്കഴിഞ്ഞിരിന്നു.  ഒരു ടൂറിസ്റ്റ് സ്‌പോട്ടിന്റെ ബാഹ്യ ലക്ഷണങ്ങളായ  ചെറു കച്ചവടസംഘങ്ങളും കൗതുകവസ്തുക്കളുമായി സഞ്ചാരികള്‍ക്ക് ചുറ്റും കൂടുന്ന ഒറ്റയാള്‍ വാണിഭക്കാരും ഇവിടെയുമുണ്ടായിരുന്നു.

അവധി ദിവസമല്ലാതിരുന്നിട്ട് പോലും  നല്ല തിരക്കുണ്ടായിരുന്നു. സ്‌കൂള്‍ പിക്‌നിക്ക് സംഘത്തിലെ കുട്ടികള്‍ പോപ്പ് കോണ്‍പാക്കറ്റുകളും പുല്ല് മിട്ടായിയുടെ മധുരവുമായി കലപില കൂട്ടിക്കൊണ്ട് താഴെയുള്ള പടികളില്‍ ചടഞ്ഞിരിക്കുകയും ബഹളം വെച്ച് ഓടി നടക്കുകയും ചെയ്തു. അവരാരും ചവിട്ടുപടികള്‍ കയറാന്‍ തയ്യാറല്ലായിരുന്നു. കുട്ടികള്‍ക്ക് ചുറ്റും അവരുടെ കൈയിലെതീറ്റ സാധനങ്ങള്‍ ലാക്കാക്കി കുരങ്ങന്‍മാരുടെ ഒരു കൂട്ടവും ഉണ്ടായിരുന്നു.

സ്വയംഭൂനാഥിന്റെ മറ്റൊരു പേര് തന്നെ 'മങ്കി ടെമ്പിള്‍' എന്നാണ്. ഇവിടെ ആരും കുരങ്ങന്‍മാരെ ഉപദ്രവിക്കില്ലെന്ന് മാത്രമല്ല, അവര്‍ ആരാദ്ധ്യരും കൂടിയാണ്. അതിന് പിന്നിലൊരു കഥയുമുണ്ട്. മഹായാന ബുദ്ധിസത്തിലെ ജ്ഞാന പ്രതീകമായ മഞ്ജുശ്രീബോധിസത്വന്‍ ജീവിച്ചതിവിടെയായിരുന്നെന്നും അദ്ദേഹത്തിന്റെ നീണ്ട മുടിയിഴകളില്‍ വസിച്ചിരുന്ന പേനുകളാണ് കുരങ്ങന്‍മാരായതെന്നും അതുകൊണ്ട് തന്നെ ഇത് അവരുടെ കൂടി ഇടമാണെന്നുമാണ് കഥ. കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം വഴിപാട് പോലെ കൊടുക്കാനായി ചെറിയ കൂടകളില്‍ പഴവുമായി അവിടെ കച്ചവടക്കാരും ഉണ്ടായിരുന്നു. തടാകത്തില്‍ ചെറിയ പിച്ചള നാണയങ്ങള്‍ എറിയുന്ന ആചാരമുണ്ടാക്കിയത് കച്ചവടക്കാരാണെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനുമായി.

മുകളിലേക്കുള്ള പടികള്‍ ആരംഭിക്കുന്നിടത്ത് ചെറിയ ഒരു കുളവും അതിലൊരു ബുദ്ധ പ്രതിമയും ഉണ്ട്. ചെറിയ ചെറിയ നാണയങ്ങള്‍ ബുദ്ധപ്രതിമയുടെ താഴെ വെച്ചിരിക്കുന്ന പാത്രത്തിലേക്ക് എറിഞ്ഞ് വീഴ്ത്തുന്നത് ഒരു ചടങ്ങായിട്ടുണ്ടിവിടെ.. ഈ താഴ്വാരം മുഴുവന്‍ താമരപ്പൂക്കള്‍ നിറഞ്ഞ തടാകമാണെന്നും ഇവിടെയാണ് സ്വയംഭൂ ആയി ബുദ്ധ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടത് എന്നു മാണ് സങ്കല്പം. സ്വയം ഉണ്ടായതിനെയാണല്ലോ സ്വയംഭൂ എന്ന് പരാമര്‍ശിക്കുന്നത്. ഇവിടത്തെ ബൗദ്ധതേജസും സ്വയംഭൂ ആണത്രെ.

ചരിത്രപ്രസിദ്ധമായ ക്ഷേത്രസമുച്ചയമാണ് സ്വയംഭൂനാഥ്. നേപ്പാളിലെ പഴക്കം ചെന്ന ബുദ്ധമത കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. നേപ്പാള്‍ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹന്‍ അഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഇപ്പോള്‍ ഇവിടെയുള്ള സ്തൂപം. അശോക ചക്രവര്‍ത്തി മൂന്നാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ചതിനും തെളിവുകള്‍ ഉണ്ട്. പ്രതാപമല്ലന്‍ തുടങ്ങിയ ഹിന്ദുരാജാക്കന്‍മാര്‍ നാമിന്ന് കാണുന്ന സ്തൂപത്തിന്റെ നിര്‍മ്മാണത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്. 2010 ല്‍ ഇരുപത് കിലോയോളം സ്വര്‍ണ്ണം ഉപയോഗിച്ചാണ് അത് പുതുക്കിപ്പണിതത്. സ്വര്‍ണ്ണ തിളക്കം സ്തൂപത്തെ മനോഹരമാക്കുന്നുമുണ്ട്. ബുദ്ധമത വിശ്വാസികളോടൊപ്പം ഹിന്ദുമതവിശ്വാസികള്‍ക്കും ഇതൊരു പുണ്യസ്ഥലം തന്നെയാണ്.

മുന്നൂറ്ററുപത്തിയഞ്ചോളം പടികള്‍ ചവിട്ടിക്കയറി വേണം മുകളിലെത്താന്‍. ഓരോ പടിയിലും നിരന്നിരിക്കുന്ന വില്പനക്കാരോട് വിലപേശിയും ചെറിയ ചെറിയ കൗതുകവസ്തുക്കള്‍ സ്വന്തമാക്കിയും ഞങ്ങള്‍ സാവധാനം പടികള്‍ കയറി. അതിനിടെ ഇതിലേതോ ഒരു പടവിലായിരിക്കും മോഹന്‍ലാല്‍ ഉണ്ണിക്കുട്ടനുമായി ഇരുന്നിട്ടുണ്ടാവുക എന്ന് വിശ്വേട്ടന്‍ ഓര്‍ക്കാതിരുന്നില്ല. മുകളില്‍ കാണാനുള്ള കാഴ്ചകളുടെ പ്രതീക്ഷയില്‍ വലിയ ഒറ്റക്കല്ലുകള്‍ പാകിയ സ്‌റ്റെപ്പുകള്‍ കയറുന്നതില്‍ വലിയ ആയാസം തോന്നിയില്ല. ഉയരത്തിലെത്തും തോറും താഴെ നഗരം തെളിഞ്ഞ് കണ്ടുതുടങ്ങി.

മഴയും കുറഞ്ഞ് വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ കുഞ്ഞ് കുടകള്‍ മഴയെ തടുക്കാന്‍ പ്രാപ്യമായിരുന്നില്ല. അതു കൊണ്ട് വീതിയുള്ള  ഒരു കുടയും ഞങ്ങള്‍ സ്വന്തമാക്കിയിരുന്നു. വിലപേശാനായി തൊട്ടടുത്ത കടയിലെ ഒരു നേപ്പാളി സ്വദേശിയെ കൂട്ടുപിടിച്ചു. ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ് നേപ്പാളി രൂപയ്ക്ക്. ഷോപ്പിങ്ങിലെ പണവിനിമയങ്ങള്‍ കണ്‍ഫ്യൂഷന്‍ തന്നെയാണ്.

ഒടുവില്‍ പറഞ്ഞു കേട്ടു  കാണാന്‍ കാത്തിരുന്ന മലമുകളിലെത്തി. യാത്ര അവിടെ വെച്ച് തന്നെ സഫലമാവുന്ന രീതിയിലുള്ള അതി മനോഹരമായ കാഴ്ചകളാണ് ഞങ്ങളെ കാത്തിരുന്നത്.. താഴോട്ട് നോക്കിയാല്‍ കാഠ്മണ്ഡു നഗരത്തിന്റെ വ്യക്തമായ കാഴ്ച കാണാം.

സ്വയംഭൂസ്തൂപം പ്രൗഢഗംഭീരമായി തലയുയര്‍ത്തി നിന്നു. വെളുത്ത അര്‍ദ്ധകുംഭകത്തിനു മേല്‍ സ്വര്‍ണ്ണം പൂശിയ ചതുര സ്തൂപവും അതില്‍
നാല് ദിക്കുകളിലേക്ക് നോക്കുന്ന രീതിയില്‍ ഭഗവാന്‍ ബുദ്ധന്റെ കണ്ണുകളും ആലേഖനം ചെയ്തിരിക്കുന്നു. ഇഹലോക ബദ്ധനങ്ങളില്‍ നിന്ന് വിമുക്തനായി കാരുണ്യത്തോടെ ലോകത്തിന്റെ നാലുദിക്കുകളിലും കണ്ണുകള്‍ പായിക്കുന്ന സ്തൂപം ഒരത്ഭുതക്കാഴ്ചയായിരുന്നു. പരാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ താത്പര്യമില്ലാത്തതിനാലാണത്രെ സ്തൂപത്തിന് ചെവികള്‍ ഇല്ലാത്തത്.

സ്തൂപത്തിന് മുന്നിലായി കിഴക്ക് വശത്തെ പടികള്‍ ഇറങ്ങുന്നിടത്ത് സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന ഭീമാകാരമായ ഡോര്‍ജെ (വജ്രായുധം) സ്ഥാപിച്ചിച്ചിട്ടുണ്ട്. തിബത്തന്‍ ബുദ്ധിസത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നാണ് ബോധോദയത്തിന്റെ ഈ  താന്ത്രിക്ക് ചിഹ്നം. എല്ലാ ബുദ്ധ വിഹാരങ്ങളിലും ഡോര്‍ജേ ആരാദ്ധ്യമാണ്.

പഴയ ക്ഷേത്രത്തില്‍ പൂജ നടക്കുന്നുണ്ടായിരുന്നു. ശാന്തി മന്ത്രങ്ങള്‍ ജപിച്ചു കൊണ്ട് ഭക്തന്‍മാര്‍ പ്രാര്‍ത്ഥനാ ചക്രങ്ങള്‍  തഴുകി നീങ്ങി. ഞങ്ങളും അവര്‍ക്കൊപ്പം പതുക്കെ ഞങ്ങളുടെതായ പ്രാര്‍ത്ഥനകള്‍ ചൊല്ലി  നടന്നു.

വിസ്മയിപ്പിക്കുന്ന രീതിയിലുള്ള കൊത്തുപണികളും കരിങ്കല്‍ വിഗ്രഹങ്ങളും ബുദ്ധ പ്രതിമകളും മറ്റു നിര്‍മ്മിതികളും അവിടെ പരന്ന് കിടന്നു. കുരങ്ങന്‍മാര്‍ സ്വാതന്ത്ര്യത്തോടെ പ്രസാദമായി ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന പഴങ്ങളും പൂക്കളും എടുത്തു നടക്കുകയും കഴിക്കുകയും ചെയ്തു.
ഭൂകമ്പം തകര്‍ത്തെറിഞ്ഞ പഴയ ക്ഷേത്രത്തിന്റെ പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് അവിടെ. നിറങ്ങള്‍ അതിമനോഹരമായി ചേര്‍ത്ത് വെക്കാന്‍ ഇവര്‍ക്കുള്ള കഴിവ് പറഞ്ഞറിയിക്കേണ്ടതാണ്. അമ്പലത്തിന് ചുറ്റുമുള്ള പഴയ കെട്ടിടങ്ങളില്‍ സൂക്ഷ്മമായ തന്ത്ര ആര്‍ട്ട് ചെയ്ത് കൊണ്ടിരൂന്ന ബുദ്ധ സന്യാസിമാരേയും ശിഷ്യന്‍മാരെയും കാണാമായിരുന്നു.

അവിടെ വില്പനയ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളും, വിഗ്രഹങ്ങളും, പലതരം മണികളും പ്രതിമകളും കൗതുകവസ്തുകളും നമ്മെ കൊതിപ്പിക്കുന്നതാണ്. കൊതി മനസ്സിലടുക്കി ഓരോന്നും തൊട്ടും തലോടിയും വില ചോദിച്ചും ഞങ്ങളവിടെ ചുറ്റിനടന്നു.

സ്വയംഭൂ നാഥിന് തൊട്ടടുത്ത് തന്നെയാണ് ശാന്തിപുര്‍ എന്ന ക്ഷേത്രം. സമാധാനം നല്‍കുന്ന ഒരിടം എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എട്ടാം നൂറ്റാണ്ട് മുതല്‍ കാലങ്ങളോളം ധ്യാനസൂത്രങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന താന്ത്രികാചാര്യന്‍ 'ശാന്തികര്‍' ഈ ക്ഷേത്രത്തിനുള്ളിലെ അടഞ്ഞുകിടക്കുന്ന നിലവറയിലായിരുന്നത്രെ താമസിച്ചിരുന്നത്. പ്രകൃതിയെ നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹായം വരള്‍ച്ചാക്കാലങ്ങളില്‍ രാജാക്കന്‍മാര്‍ തേടിയിരുന്നത്രെ. തീര്‍ത്തും വൈചിത്ര്യമാര്‍ന്ന കഥകള്‍ നിറഞ്ഞ ഈ ക്ഷേത്രവും പക്ഷേ കഴിഞ്ഞ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല.
പ്രകൃതിദത്തമായ മ്യൂറല്‍ പെയിന്റിങ്ങുകള്‍ ആയിരുന്നു ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ഈ ക്ഷേത്രത്തിന്റെ ചുവരുകളോടൊപ്പം മ്യൂറലുകളും ഭൂകമ്പത്തില്‍ നശിച്ചുപോയത് വിദേശ സഹായത്തോടെ പുനര്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

ചരിത്രം കഥകളുമായി കൂട്ട് ചേര്‍ന്ന് ദൃശ്യവിരുന്നൊരുക്കിയിരിക്കുന്ന ഇടമാണ് സ്വയംഭൂനാഥ് ക്ഷേത്രസമുച്ചയം. ലോക പൈതൃകപ്പട്ടികയില്‍ ഇത് സ്ഥാനം പിടിച്ചതില്‍ അത്ഭുതമില്ല.

കാഴ്ചകള്‍ കൗതുകങ്ങളാവുന്ന ഇടം കൂടിയാണിവിടം.

സൂര്യന്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. പല ആംഗിളുകളില്‍ നിന്ന് ഫോട്ടോയെടുക്കാനുള്ള തിരക്കിലായിരുന്നു സന്ദര്‍ശകരെല്ലാവരും തന്നെ. കാഴ്ചക്കാരുടെ കൗതുകങ്ങള്‍ സാകൂതം വീക്ഷിക്കുന്ന ചില കുരങ്ങന്‍മാര്‍ മറ്റൊരു കാഴ്ചയായി ഞങ്ങള്‍ക്ക്.

വിവിധ നിറങ്ങളിലുള്ള തുണിയില്‍ ശാന്തി മന്ത്രങ്ങള്‍ കുറിച്ച തോരണങ്ങള്‍ അലങ്കരിച്ച വഴിയിലൂടെ ഞങ്ങള്‍
പടികള്‍ ഇറങ്ങിത്തുടങ്ങി.
ലോകത്തിനു മുഴുവന്‍ ശാന്തിയും സമാധാനവും നന്മയും അനുഗ്രഹിച്ച് കൊണ്ട് കരുണാര്‍ദ്രമായ മിഴികളിലൂടെ ലോകത്തെ കണ്ടു കൊണ്ട് സ്വയംഭൂനാഥന്‍ കാവലായി ഉണ്ട് എന്ന വിശ്വാസത്തോടെ ഞങ്ങള്‍ സാവധാനം പടിയിറങ്ങി.

'ഓം മണിപത്മേ ഹൂം' എന്ന ശാന്തി മന്ത്രത്തിന്റെ അലയൊലികള്‍ ആ താഴ്വാരത്തില്‍ മുഴങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുകയായിരുന്നു .....

അടുത്ത യാത്ര കുമാരിയുടെ അടുത്തേക്കാണ്, ഭക്താപ്പൂര്‍ ദര്‍ബാര്‍ സ്‌ക്വയറിലെ കുമാരീ ദേവിയെ കാണാനാണ്.

ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 5: ശാന്തിമന്ത്രം സ്‌നേഹമന്ത്രമായി പരിണമിക്കുമ്പോള്‍ (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക