Image

മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ പീഡനക്കേസ്; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 19 പേര്‍ കുറ്റക്കാര്‍

Published on 20 January, 2020
മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ പീഡനക്കേസ്; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 19 പേര്‍ കുറ്റക്കാര്‍

ദില്ലി: ബിഹാറിലെ മുസഫര്‍പൂരില്‍ ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുന്‍ എംഎല്‍എ ബ്രിജേഷ് താക്കൂര്‍ ഉള്‍പ്പെടെ 19 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ദില്ലി സാകേത് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ഠയാണ് വിധി പ്രഖ്യാപിച്ചത്.


ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ , പോക്‌സോ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 28ന് പ്രഖ്യാപിക്കും. കേസില്‍ 20 പ്രതികളാണുണ്ടായിരുന്നത്. ഒരാളെ കോടതി വെറുതെവിട്ടു.


ഷെല്‍ട്ടര്‍ ഹോമില്‍ ടാറ്റ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിനിടെയാണ് സംശയാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. പിന്നീടാണ് കുട്ടികളെ പീഡിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. നിരവധി പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഷെല്‍ട്ടര്‍ ഹോമിനോട് ചേര്‍ന്ന സ്ഥലത്ത് പെണ്‍കുട്ടികളെ കുഴിച്ചുമൂടി എന്ന ആരോപണവും ഉയര്‍ന്നിരുന്നു.


2018 ജുലൈ 28ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്നു ബ്രിജേഷ് താക്കൂര്‍. സമൂഹത്തിന്‍ ഏറെ മാന്യനായ ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടത് വന്‍ ചര്‍ച്ചയായിരുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കേസ് ബിഹാറില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക