Image

പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍-ഗവണ്‍മെന്റ് പോരില്‍ വെടിനിര്‍ത്തലില്ല (ശ്രീനി)

Published on 20 January, 2020
 പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍-ഗവണ്‍മെന്റ് പോരില്‍ വെടിനിര്‍ത്തലില്ല (ശ്രീനി)
പൗരത്വ നിയമം സംബന്ധിച്ച് കേരള സര്‍ക്കാരും സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലും വാഗ്വാദം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരേ തന്റെ അറിവില്ലാതെ സുപ്രീംകോടതിയില്‍ പോയതിന് സംസ്ഥാന സര്‍ക്കാരിനോടു ഗവര്‍ണര്‍ വിശദീകരണം ചോദിക്കും മുമ്പേ ഇരു വിഭാഗവും പോര്‍മുഖം തുറന്നിരുന്നു. ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കിയത്. പൗരത്വ നിയമത്തെ അനുകൂലിച്ച് രാഷ്ട്രീയക്കരനേപ്പോലെ, ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണ സംസാരിക്കുന്നവെന്ന ആക്ഷേപം നേരത്തെ തന്നെ സി.പി.എം, ഇടത് നേതാക്കള്‍ പരസ്യമായി ആരോപിച്ചിരുന്നു. യു.ഡി.എഫും ഗവര്‍ണര്‍ പരിധി വിടുന്നുവെന്ന നിലപാടിലാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിതോടെ പോരിന് ഉശിര്കൂടിയിരിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭയും തീരുമാനിച്ചു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സംഭവത്തില്‍ കേരള ഗവര്‍ണറെ മനപൂര്‍വം അവഗണിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. പൗരത്വ ഭേദഗതി നിയമത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. നിയമത്തില്‍ ചില അവ്യക്തതകളുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍പും ഇത്തരം സന്ദര്‍ഭങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ കേരള ഗവര്‍ണറെ മുന്‍കൂട്ടി അറിയിച്ചിട്ടില്ല. ഗര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ ഉദ്ദേശമില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. വാക്കാലാണ് വിശദീകരണം നല്‍കിയത്. വിശദീകരണത്തില്‍ ഗവര്‍ണര്‍ ഒട്ടും തൃപ്തനല്ല. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഏതായാലും സര്‍ക്കാര്‍ ചട്ടലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ നിലപാട് നിര്‍ണായകമാകും.

''ഭരണഘടനയുടെ 166-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ കാര്യനിര്‍വഹണ ചട്ടം (ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍സ്) ഉണ്ടാക്കിയത്. സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് അത് ഗവര്‍ണറുടെ അനുമതിക്ക് സമര്‍പ്പിക്കണം. ഇക്കാര്യം നിര്‍ബന്ധമാണെന്നാണ് സുപ്രീംകോടതി ഉത്തരവ്. അത് ലംഘിക്കാനാവില്ല. കേന്ദ്രത്തിനെതിരെയോ മറ്റൊരു സംസ്ഥാനത്തിനെതിരെയോ കേസിനു പോകുമ്പോള്‍ തീര്‍ച്ചയായും ഗവര്‍ണറുടെ അനുമതി വേണം. അനുമതിയില്ലാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമലംഘനം തന്നെയാണ്. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഭരണഘടനയ്ക്കും അനുസൃതമായിട്ടാകണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്...'' ഇതാണ് ഗവര്‍ണറുടെ വാദം. സംസ്ഥാനവും കേന്ദ്രവും തമ്മിലോ മറ്റു സംസ്ഥാനങ്ങളുമായോ ഉള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉത്തരവിറക്കും മുമ്പ് ഗവര്‍ണറെ മുഖ്യമന്ത്രി അറിയിക്കണമെന്നാണു ചട്ടം. അതു പാലിക്കപ്പെട്ടില്ലെന്നാണ് ഗവര്‍ണര്‍ ശക്തമായ ഭാഷയില്‍ ആരോപിച്ചത്.

ഗവര്‍ണറെ വിവരങ്ങള്‍ അറിയിക്കേണ്ടതു സംബന്ധിച്ച് പറയുന്നത് ഭരണഘടനയുടെ 167-ാം അനുച്ഛേദത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമനിര്‍മാണ നിര്‍ദേശങ്ങള്‍, ഭരണം എന്നിവ സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണം. അതായത് നിയമവും ചട്ടവും പാലിക്കുകയാണെങ്കില്‍ കേന്ദ്രനിയമത്തിനെതിരേ ഹര്‍ജി നല്‍കുന്നതും ഗവര്‍ണറെ അറിയിക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍, കേന്ദ്രം പാസാക്കിയ പൗരത്വ നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് ഗവര്‍ണര്‍ പരസ്യമായി വിയോജിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍നീക്കം ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ടോയെന്ന ചോദ്യമാണുയര്‍ന്നത്.

മുന്‍കാലങ്ങളില്‍ സര്‍ക്കാരുകളോട് വിവിധ സംഭവങ്ങളുടെയും പേരില്‍ ഗവര്‍ണര്‍മാര്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ നിലപാട് ഇത്രമേല്‍ കടുപ്പിച്ച് കാര്‍ക്കശ്യ സ്വഭാവത്തില്‍ കേരളത്തില്‍ ഇതാദ്യമായാണ് ഗവര്‍ണര്‍ ഒരു സര്‍ക്കാരിനോട് വിശദീകരണം തേടുന്നത്. പലകാലത്തും സംസ്ഥാന ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവനും ഗവര്‍ണര്‍ തന്നെയും മാധ്യമങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. ഗവര്‍ണര്‍ നല്‍കുന്ന വാര്‍ത്താക്കുറിപ്പുകളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ വിവാദ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ വിവിധ മാധ്യമങ്ങളെ ഒറ്റയ്ക്കും കൂട്ടായും കാണുകയും പ്രസ്താവനകളും സുദീര്‍ഘമായ അഭിമുഖങ്ങളും നിരന്തരം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും കടുത്ത വാക്കുകളും മോദി സര്‍ക്കാരിനെ പ്രത്യക്ഷമായി സാധൂകരിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസിന്റെ ഏജന്റാമെന്നും മോദിയുടെ രാഷ്ട്രീയ പ്രചാരകനാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. രാജ്ഭവനും സര്‍ക്കാരും നേര്‍ക്കുനേര്‍ പോരാടുന്ന ഘട്ടമാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ ഇത്തവണ ഗവര്‍ണറുടെ വിശദീകരണം തേടലിനു ഗൗരവമേറെയുണ്ട്.

നേരത്തെ, കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നപ്പോഴും ശബരിമല സമരത്തിന്റെ പേരില്‍ ഹര്‍ത്താലും അക്രമവും ഉണ്ടായപ്പോഴും അന്ന് ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി സദാശിവം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അപ്പോഴൊക്കെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരൊക്കെ രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുമുണ്ട്്. ചില ഘട്ടങ്ങളില്‍ ഡി.ജി.പി.മാരെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെപ്പോലെ ക്ഷുഭിതനായിരുന്നില്ല. പി സദാശിവത്തിനുമുമ്പും പല വിഷയങ്ങളിലും ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മിക്കപ്പോഴും രാജ്ഭവനില്‍ കിട്ടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ക്കൂടിയാകും ഇത്. സര്‍ക്കാര്‍ അയക്കുന്ന ഓര്‍ഡിനന്‍സോ നിയമസഭ അംഗീകരിച്ച ബില്ലോ ഒപ്പിടാതെ വിശദീകരണമോ തിരുത്തലുകളോ ആവശ്യപ്പെട്ട് തിരിച്ചയക്കുന്നതും പതിവാണ്. തിരുത്തലും വ്യക്തതയും വരുത്തി വീണ്ടും സമര്‍പ്പിക്കുമ്പോള്‍ ഗവര്‍ണര്‍ ഒപ്പിടുകയും ചെയ്യുമെന്നതായിരുന്നു രീതി.

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ തിരുത്തല്‍ വരുത്തുകയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പേരുകള്‍ മാറ്റുന്നതുമൊക്കെ സാധാരണമായിരുന്നു. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ, സുപ്രീംകോടതിയില്‍ താനറിയാതെ കേസിനു പോയതിനെതിരേ റൂള്‍സ് ഓഫ് ബിസിനസിലാണ് ഗവര്‍ണര്‍ പിടിമുറുക്കിയത്. അതും ഗവര്‍ണര്‍-ഗവണ്‍മെന്റ് ബന്ധം അത്യന്തം വഷളയായ ഘസാഹചര്യത്തിലും. ഈ ഭിന്നതയാണ് സര്‍ക്കാരിനു മുന്നിലെ പ്രതിസന്ധി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം അടുത്തിരിക്കെ ഈ ഈടര്‍ച്ചയ്ക്ക് പ്രത്യാഘാതമുണ്ടാവും. ഭരണഘടന പ്രകാരം എല്ലാ എം.എല്‍.എ.മാരും ഗവര്‍ണറും ചേരുന്നതാണ് നിയമസഭ. അതിനാല്‍ സഭയില്‍ നടക്കുന്ന കാര്യങ്ങളറിയണം എന്നാണ് ഗവര്‍ണറുടെ വാദം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പാലമായാണ് ഗവര്‍ണറെ കാണുന്നത്. കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലുണ്ടായാല്‍ ഗവര്‍ണറുടെ നിലപാട്, നിഷ്പക്ഷത എന്നിവയാണ് എല്ലാവരും ഉറ്റുനോക്കുന്നതും. ഇനിയങ്ങോട്ട് ഗവര്‍ണറില്‍നിന്ന് അനുകൂല സമീപനം സര്‍ക്കാരും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്.

ഗവര്‍ണര്‍ മുറുകെപ്പിടിച്ച ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍സ് ഭരണഘടനയുടെ 166-ാം അനുഛേദത്തെ അടിസ്ഥാനമാക്കിയുള്ളതാണല്ലോ. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗവണ്‍മെന്റം ഗവര്‍ണറും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ബിസിനസ് റൂള്‍സിന്റെ ഭരണഘടനാപരമായ നിലയെന്താണെന്നും ഈ ചട്ടം ലംഘിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നും പരമോന്നത കോടതി തന്നെ സുപ്രധാനമായ ചില വിധിന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 166-ാം അനുഛേദം നിര്‍ബന്ധമായി പാലിക്കേണ്ട ഒന്നല്ലെന്ന് 1952ലെ 'ദത്താത്രേയ മുറേശ്വര്‍ പങ്കാര്‍ക്കര്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബോംബെ' കേസിന്റെ വിധിയില്‍ പറഞ്ഞിട്ടുണ്ടെന്ന് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ പിന്നീടുള്ള പല കേസുകളിലും ഉണ്ടായിട്ടുണ്ടത്രേ.

ഇതിനിടെ ഗവര്‍ണക്കതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ രാജഗോപാല്‍ രംഗത്തുവന്നത് ശ്രദ്ധേയമായി. ബി.ജെ.പി-ആര്‍.എസ്.എസ് കക്ഷികളെല്ലാം ഗവര്‍ണറെ വാഴ്ത്തുന്ന ഘട്ടത്തിലാണ് രാജഗോപാലിന്റെ നിലപാട് ചര്‍ച്ചയാകുന്നത്. ''ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു. ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. ഇരുവരും സംയമനം പാലിക്കണം. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കണമായിരുന്നു...'' എന്ന് രാജഗോപാല്‍ പറഞ്ഞു. കേരള ഗവര്‍ണര്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ പോലെ പെരുമാറുന്നു എന്ന് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് രാജഗോപാലിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ സഭയിലെ ഏക ബി.ജെ.പി എം.എല്‍.എയായ ഒ രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതും ചര്‍ച്ചയായിരുന്നു. സഭയില്‍ പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുക മാത്രമാണ് ഒ രാജഗോപാല്‍ ചെയ്തത്. പ്രമേയം അവതരിപ്പിക്കരുതെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഒ രാജഗോപാലിന്റെ നിലപാട്. പ്രമേയത്തെ എതിര്‍ക്കാന്‍ വോട്ടെടുപ്പ് ചോദിക്കാതിരുന്നതും വോട്ട് ചെയ്യാതിരുന്നതും സഭയിലെ അംഗങ്ങളെയും ബി.ജെ.പി നേതാക്കളെയും അമ്പരിപ്പിച്ചിരുന്നു. പ്രമേയത്തിനെതിരെ ബി.ജെ.പി പരസ്യമായി രംഗത്തു വന്നെങ്കിലും രാജഗോപാല്‍ വോട്ട് ചെയ്യാതിരുന്നത് പാര്‍ട്ടിക്കുളളിലും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ആരംഭിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക