Image

കോട്ടയത്ത് നിന്ന് പാലയ്ക്കുള്ള ആദ്യത്തെ ബഡ്ജറ്റ് :- ജോസ് കാടാപുറം

ജോസ് സ്റ്റീഫന്‍ Published on 11 July, 2011
കോട്ടയത്ത് നിന്ന് പാലയ്ക്കുള്ള ആദ്യത്തെ ബഡ്ജറ്റ് :- ജോസ് കാടാപുറം
കേരള ധനമന്ത്രി ബഹു.കെ.എം. മാണി നിയമസഭയിലിപ്പോള്‍ അവതരിപ്പിച്ച ബഡ്ജറ്റ്, ഫെബ്രുവരിയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിന്റെ അപക്വമായ ഒരു വികൃതാനുകരണം മാത്രമാണെന്നു പറയുന്നതില്‍ മാണി ഭക്തിയുള്ളവര്‍ ക്ഷമിക്കുക.

കേരള ബഡ്ജറ്റ് കേരള വികസനത്തിന്‍ തിരിച്ചടിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുന്ന തരത്തിലുമായതാണ് മാണി സാര്‍ അവതരിപ്പിച്ച ബഡ്ജറ്റിലൂടെ പോകുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്. മാത്രമല്ല വരുമാന സ്രോതസ്സിനെ സംബന്ധിച്ച് യാതൊരു യഥാര്‍ത്ഥ വിവരവും വരുംവര്‍ഷ ചെലവുകളെ മുന്‍നിര്‍ത്തി ബഡ്ജറ്റ് തരുന്നില്ലയെന്നുള്ളത് ഈ ബഡ്ജറ്റിന്റെ ഒരു കുറവ് തന്നെയാണ്… ഹിന്ദുദിനപത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 9 ബഡ്ജറ്റ് അവതരിപ്പിച്ച ബഹു.മാണി സാര്‍ അസംന്തുലിത ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യത്തെ ധനമന്ത്രി കൂടിയാണ്…കേരളത്തിലെ 2 ഓ 3 ഓ ജില്ലകളിലുള്ളവര്‍ക്ക് ഒഴികെ മാണി സാറെന്ന ധനമന്ത്രിയെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസെക്കിനോട് താരതമ്യം ചെയ്യാന്‍ പോയിട്ട് തരംതാഴ്‌ത്തേണ്ട ഗതികേടിലേക്ക് എത്തി കഴിഞ്ഞു.

ഒരു പക്ഷേ കേരളത്തിലെ 12 ജില്ലകളെ അവഗണിച്ച ആദ്യത്തെ ബഡ്ജറ്റാണ് ബഹു.മാണി സാറിന് ഇപ്പോഴത്തെ ബഡ്ജറ്റ് എന്നാല്‍ ഈ ബഡ്ജറ്റ് കോട്ടയത്ത് നിന്നും പാലായ്ക്കും പിന്നെ അത് പാണാക്കാട്ടെയ്ക്കും നീട്ടിയിട്ടുണ്ട്…ഇടയ്ക്കുള്ള ഒരു ജില്ലയിലും ബഡ്ജറ്റ് തൊട്ടിട്ടില്ല. അതുകൊണ്ടായിരിക്കാം കോണ്‍ഗ്രസിലെ തന്നെ എം.എല്‍ .എ. മാരായ ടി.എന്‍.പ്രതാപനും, ബെന്നി ബഹനാനും ഈഡനും ഒക്കെ നിശിതമായി വിമര്‍ശിച്ച ബഡ്ജറ്റായി മാണി സാറിന്റെ ബഡ്ജറ്റ് മാറിയത്, ഇതുകൊണ്ട് തന്നെയാണ് ധനകാര്യം പോലുള്ള വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്ന് എ.കെ.ആന്റണി പോലുള്ളവര്‍ ആഗ്രഹിച്ചത്. അധികാര മോഹികളായ ഉമ്മന്‍ ചാണ്ടിയും രമേശ്ജിയും ഒന്നും അപ്പോള്‍ തലയില്‍ കയറിയില്ല…എന്നാലിപ്പോള്‍ തിരിച്ച് ചിന്തിച്ചു തുടങ്ങി!!!

ഒരു സംസ്ഥാനത്തിന്റെ വരവ് ചെലവ് കണക്കുകളും ഒരു വര്‍ഷത്തെ വികസനത്തെ സംബന്ധിച്ച് പ്രതീക്ഷകളും യാഥാര്‍ത്ഥ്യങ്ങളും എല്ലാ ജില്ലകളിലേയ്ക്കും ഏകദേശമെങ്കിലും സംന്തുലിതമായ വിതരണം ചെയ്യേണ്ടതായിരിക്കണം ഒരു വര്‍ഷത്തെ ബഡ്ജറ്റ്…നിര്‍ഭാഗ്യവശാല്‍ പാലായിലൊതുങ്ങുന്ന പാര്‍ട്ടിക്ക് കേരളത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ടി.എന്‍ . പ്രതാപനോ ബഹനാനോ പറഞ്ഞാല്‍ ആകിലല്ലോ!!

ട്രഷറിയില്‍ 2000 കോടി മിച്ചമുണ്ടെന്ന കാര്യം ബഡ്ജറ്റിലൂടെ മാണി സാറിന് സമ്മതിക്കേണ്ടി വന്നു.!! ധനമന്ത്രിയായി ചാര്‍ജെടുത്തപ്പോള്‍ തന്നെ ഖജനാവ് കാലിയാണെന്ന് പറഞ്ഞ മാണിസാറിന് പിന്നീട് അത് തിരുത്തേണ്ടി വന്നത് നല്ല കാര്യം. മുന്‍ യുഡിഫ് സര്‍ക്കാരുകള്‍ ധനപരമായ അച്ചടക്കം കൊണ്ടുവന്നുയെന്നോക്കെ മാണി സാര്‍ നിയമസഭയില്‍ പറഞ്ഞത് നാട്ടുകാരില്‍ ചിരിയുണ്ടാക്കി…ആ അഞ്ചു വര്‍ഷക്കാലം എത്ര തവണ ട്രഷറി പൂട്ടിയിട്ടുവെന്ന കാര്യം മാണിസാര്‍ തക്കസമയം മറന്നു പോയികാണും…വിവിധ ക്ഷേമപെന്‍ഷനുകള്‍ മുതല്‍ കരാറുകാരുടെ വലിയ ബില്ലുകള്‍ വരെ എത്രയോ മാസങ്ങളായി കുടിശികയായിരുന്നു. വിഭവ സമാഹരണം വളരെ കുറച്ച് മാത്രമായിരുന്നു നടന്നത്…എന്നാല്‍ 19000 കോടി രൂപയായിരുന്നു എല്‍ .ഡി.എഫ് സര്‍ക്കാര്‍ പിരിച്ചെടുത്തത്…അതുകൊണ്ട് തന്നെ മണി മാനേജ്‌മെന്റിന്റെ കാര്യത്തില്‍ എല്‍ .ഡി.എഫ് കുറ്റമതായിരുന്നു..

മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട നല്ലകാര്യങ്ങളെ അംഗീകരിക്കാതെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തില്‍ യാഥാര്‍ത്ഥ്യം മൂടി വച്ച് ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ ഭരണകക്ഷി അംഗങ്ങളെ പോലും തൃപ്തിപ്പെടുത്താന്‍ പറ്റാത്ത ബഡ്ജറ്റായി അത് മാറും !!!മാണി സാര്‍ ചാര്‍ജെടുത്തപ്പോള്‍ പറഞ്ഞത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ഒരു ധവളപത്രമിറക്കുമെന്നാണ്. എവിടെയാണ് ആ ധവളപത്രം പാണക്കാട്ടോ? പാലയിലോ? 2000 കോടി ട്രഷറിയില്‍ മിച്ചമുണ്ടെന്ന് സമ്മതിച്ചപ്പോള്‍ “ധവളപത്രത്തിന്റെ ഗതി തവളപത്രമായി”!!

നവജാത ശിശുക്കള്‍ക്ക് 10000 രൂപായുടെ കരുതല്‍ നിക്ഷേപപദ്ധതി, അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് വേതനത്തോടെ ഉള്ള പ്രസവാവധി ഇതിനു പുറമെ റോഡ്, പാലം നിര്‍മ്മാണത്തിനുള്ള 5000 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതും കൂടി മാണി സാര്‍ അട്ടി മിറച്ചു…35 ലക്ഷം കുടുംബങ്ങള്‍ക്ക് 1 രൂപാ വച്ച് 25 കിലോ അരി കൊടുക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് പറഞ്ഞിരുന്നു. ഇതിന്‍ ഏകദേശം 500 കോടി രൂപാ വേണം എന്നാല്‍ മാണി സാര്‍ ആകെ ബഡ്ജറ്റില്‍ നീക്കി വെച്ചത് 200 കോടി മാത്രമാണ്. ചുരുക്കത്തില്‍ 1 രൂപാ അരി വിതരണം മാണി സാര്‍ കോട്ടയത്ത് നിന്ന് പാലായ്ക്ക് മാത്രമാക്കി ചുരുക്കി….ആദ്യമായിട്ടാണ് ബഡ്ജറ്റ് സമ്മേളനം ഭരണകക്ഷി അംഗങ്ങള്‍ക്ക് ബഹളം വയ്‌ക്കേണ്ടി വന്നത്!!സ്വന്തം മുന്നണിയെ പോലും തൃപ്തിപ്പെടുത്താന്‍ പറ്റാത്ത ഈ ബഡ്ജറ്റ് കോട്ടയത്ത് നിന്ന് പാലായ്ക്കും അവിടെ നിന്ന് പാണക്കാട്ടെയ്ക്കും,മാത്രമാണ്…പ്രവാസികളായ മലയാളികള്‍ക്ക് ഗുണം വരുന്ന ഒരു പരാമര്‍ശം വരെ ബഡ്ജറ്റില്‍ ഇല്ലെന്നുള്ളത് വളരെ സങ്കടകരമാണ്…വരും ദിവസങ്ങളില്‍ ജില്ല തിരിച്ചുള്ള ബജറ്റ് വിരുദ്ധ സമ്മേളനങ്ങളുടെ ഘോഷയാത്ര തന്നെ കേരളത്തില്‍ നടക്കും….സങ്കടകരമെന്നെല്ലാതെന്തു പറയാന്‍ ….!!!
കോട്ടയത്ത് നിന്ന് പാലയ്ക്കുള്ള ആദ്യത്തെ ബഡ്ജറ്റ് :- ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക