Image

പെരിയാറിനെതിരെ ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ല; താന്‍ മാപ്പ് പറയില്ലെന്നും രജനീകാന്ത്

Published on 21 January, 2020
പെരിയാറിനെതിരെ ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ല; താന്‍ മാപ്പ് പറയില്ലെന്നും രജനീകാന്ത്

ചെന്നൈ: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ അപമാനിച്ച സംഭവത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. പെരിയാറിനെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ താന്‍ സൃഷ്ടിച്ചതല്ലെന്നും നേരത്തെ തന്നെ പലയിടത്തും പ്രസിദ്ധീകരിക്കപ്പെട്ട കാര്യമാണ് താന്‍ പറഞ്ഞതെന്നും രജനീകാന്ത് പറഞ്ഞു. മുമ്ബ് പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ തനിക്ക് കാണിക്കാനാകും. അതുകൊണ്ടുതന്നെ താന്‍ മാപ്പ് പറയില്ലെന്നും രജനി കൂട്ടിച്ചേര്‍ത്തു.


അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെ നഗ്നചിത്രങ്ങളുമായി 1971ല്‍ പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനീകാന്തിന്റെ വിവാദ പ്രസ്താവന. ഇത് സംബന്ധിച്ച്‌ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെയും മാസികളുടെയും കട്ടിംഗുകള്‍ രജനീകാന്ത് കാണിച്ചു. സംഭവിച്ചിട്ടില്ലാത്ത എന്തോ കാര്യം താന്‍ പറഞ്ഞുവെന്നത് പോലെയാണ് വിവാദമുണ്ടായത്. എന്നാല്‍ നടക്കാത്ത യാതൊരു കാര്യങ്ങളും താന്‍ പറഞ്ഞിട്ടില്ലെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.


രജനീകാന്തിന്റെ പ്രസ്താനയ്‌ക്കെതിരെ ദ്രാവിഡര്‍ വിടുതലൈ കഴകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധുരയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ രജനീകാന്തിന്റെ കോലം കത്തിച്ചിരുന്നു. ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനുവരി 14ന് ചെന്നൈയില്‍ വച്ച്‌ നടന്ന തുക്ക് മാസികയുടെ അമ്ബതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക