Image

പ്രണയത്തിന്റെ ഗന്ധര്‍വന്‍, പത്മരാജന്‍ ഓര്‍മയായിട്ട് 29 വര്‍ഷം

Published on 23 January, 2020
പ്രണയത്തിന്റെ ഗന്ധര്‍വന്‍, പത്മരാജന്‍ ഓര്‍മയായിട്ട് 29 വര്‍ഷം

വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല..... നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക" ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക'' -പത്മരാജന്‍.

മലയാളികളുടെ മനസ്സില്‍ നിന്ന് അത്രവേഗം മാഞ്ഞ് പോകാത്ത ഒരു വാചകമാണ്. പ്രണയത്തിന്റേയും വിരഹത്തിന്റേയും ഏറ്റവും തീവ്രമായ ഭാവം മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായനാകാണ് പത്മരാജന്‍. മലയാള സിനിമയുടെ ഗന്ധര്‍വന്‍ ഓര്‍മയായിട്ട് 29 വര്‍ഷം പിന്നിടുകയാണ്.


പ്രണയത്തിന് സൗമ്യ ഭാവം മാത്രമല്ല അതിന്റെ തീവ്രത ഒരു ഫ്രെയിമിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന കലാകാരനാണ് പത്മരാജന്‍. കണ്ടു വന്ന പ്രണയ സങ്കല്‍പ്പങ്ങളെ തച്ചുടച്ചു കൊണ്ടാണ് പത്മരാജന്‍ ചിത്രങ്ങളെത്തിയത്. പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തുന്ന നായകന്‍ അല്ലെങ്കില്‍ നായിക, പ്രണയം തിരിച്ചറിഞ്ഞ് ഇവര്‍ ഒരുമിക്കുന്ന ഹാപ്പി എന്‍ഡിങ്ങ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ,പ്രണയത്തിന്റെ അവസാനം വിവാഹം അല്ലെന്നും രണ്ട് മനസ്സുകളുടേയും ശരീരങ്ങളുടേയും പവിത്രമായ കൂടിച്ചേരല്‍ കൂടിയാണെന്നും അദ്ദേഹം പ്രണയത്തെ സിനിമയില്‍ തങ്കലിപികൊണ്ട് എഴുതി ചേര്‍ക്കുകയായിരുന്നു. പറയാതെ പറയുന്നതും അറിയാതെ അറിയുന്നതും ഒടുവില്‍ ജീവിതത്തില്‍ ഒന്നാകാതെ മനസ്സുകള്‍ കൊണ്ട് ജീവിതകാലം മുഴുവന്‍ പ്രണയിക്കുന്ന നായകനേയും നായികയേയുമാണ് പത്മാരാജന്‍ തന്റെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ക്ലാരയും ജയകൃഷ്ണനും ഭാമയും ദേവനുമെല്ലാം ഇപ്പോഴും നമുക്ക് ചുറ്റിലുമുള്ള പല മനുഷ്യരേയും പ്രതിനധികരിക്കുന്നവരാണ്.


ഒരുപിടി മികച്ച ക്ലാസിക് ചിത്രങ്ങളാണ് മലയാള സിനിമ ലോകത്ത് അദ്ദേഹം നല്‍കിയതെങ്കിലും ജീവിച്ചിരുന്നപ്പോള്‍ സിനിമയില്‍ വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. മലയാള സിനിമയുടെ ഗന്ധര്‍വന്‍ ഭൂമി വിട്ട് പോയത് ചെയ്യാനും പറയാനും ബാക്കി വെച്ച നിരവധി കഥാപാത്രങ്ങളേയും കൊണ്ടാണ്. ഭൂമിയില്‍ നിന്ന് വിടപറഞ്ഞ് 29 വര്‍ഷം പിന്നിടുമ്ബോഴും ഇന്നും പത്മരാജന്‍ അദ്ദേഹത്തിന്റെ കഥകളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക