Image

എന്റെ വര്‍ത്തമാനം (കവിത: എല്‍സ നീലിമ മാത്യു-കാൻസാസ്)

Published on 25 January, 2020
എന്റെ വര്‍ത്തമാനം (കവിത: എല്‍സ നീലിമ മാത്യു-കാൻസാസ്)
പരിചിതങ്ങളെങ്കില്‍
കരുണം; ദുഃഖം.
അപരിചിതങ്ങളെങ്കില്‍
ആശ്ചര്യം; കൗതുകം.
എന്നെത്തേടിവരുന്ന
കണ്ണുകളില്‍ തെളിയുന്നത്
എന്താണെന്നു എനിക്കിപ്പോള്‍
നന്നായറിയാം.
എനിക്ക് തെറ്റിയതല്ല.
ഒന്നൊഴിയാതെ എല്ലാവരും
എന്‍റെ മുഖത്തേക്കുതന്നെയാണ്
നോക്കുന്നത്.
നിറയെ ചോദ്യങ്ങളാണ് എല്ലാവര്‍ക്കും.
ഒറ്റയുത്തരം പോലും
ആര്‍ക്കുമറിയില്ല താനും.
        

അവര്‍ തിരയുന്നത്
എന്താണെന്ന്
എന്നെക്കാള്‍ നന്നായി
നിനക്ക് മനസിലാവും.
വിശാലമായ കാന്‍വാസ് പോലെ
എന്ന് നീ വിശേഷിപ്പിച്ചിരുന്ന
എന്‍റെ മുഖത്ത്
നീ തന്നെ വരച്ചുചേര്‍ത്ത
ആ ചിരിച്ചുവപ്പ്.
ഇളംവിളര്‍പ്പാര്‍ന്ന എന്‍റെ മുഖം
വെയിലില്‍ വിളങ്ങട്ടെയെന്നും
ഇരുളില്‍ തിളങ്ങട്ടെയെന്നും
ആശംസിച്ചു നീ പകര്‍ന്ന
അതേ ചിരിച്ചുവപ്പ്.
ഇന്ന് പാതിരാസ്വപ്നങ്ങളില്‍ മാത്രം
മിന്നിമായാറുള്ള നിറക്കൂട്ട്..

പക്ഷേ, അവിടെയും
നിറങ്ങള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു.
ഉറക്കമുണരുമ്പോള്‍
അന്യമാകുന്ന നിറങ്ങള്‍;
നിറചിരികള്‍;
പിന്നെ ഓരോ പകലും സമ്മാനിക്കുന്ന
എണ്ണമില്ലാതത്ര നയനാന്വേഷണങ്ങള്‍;
എല്ലാത്തിനുമിടയില്‍,
മുറ തെറ്റാതെ
ഉദിച്ചസ്തമിക്കുന്ന
അരുണകിരണങ്ങള്‍;
നേരം തെറ്റാതെ
മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന 
ഘടികാരസൂചികള്‍;
ഇതൊക്കെയുമാണ്
എന്റെ  വര്‍ത്തമാനം.

ഏവര്‍ക്കും, ഒപ്പം  നിനക്കുമായ്
ഒന്നു പറഞ്ഞുവക്കട്ടെ ഞാന്‍:
മറന്നുവച്ചതല്ലെന്‍റെ  ചിരിച്ചുവപ്പുകള്‍;
ഉരുകിയമര്‍ന്നതാണവ, പിന്നെയോ
നിന്‍റെ ചുവടുകള്‍ക്കൊപ്പം!

Elza Neelima Mathew

Graduate Research Assistant | Nanotechnology Innovation Center of Kansas State 

Department of Anatomy and Physiology | College of Veterinary Medicine | Kansas State University

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക