Image

ശിലയില്‍ നിന്നും ശില്‍പ്പമൊരുക്കിയ ശില്‍പ്പി (നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 26 January, 2020
ശിലയില്‍ നിന്നും ശില്‍പ്പമൊരുക്കിയ ശില്‍പ്പി (നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
(ജോണ്‍ ഇളമതയുടെ "കഥകള്‍ പറയുന്ന കല്ലുകള്‍" എന്ന നോവല്‍ നിരൂപണം)

ശ്രീ ജോണ്‍  ഇളമതയുടെ പുതിയ നോവലാണ് "കഥ പറയുന്ന കല്ലുകള്‍". കല്ലുകള്‍ കഥ പറയുന്നു  എന്നല്ല നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തില്‍  ഉടനീളം ഉപയോഗിച്ചിരിക്കുന്ന ഭാഷയും അതേപോലെയാണ്. കര്‍മ്മണി പ്രയോഗം (Passive voice) എന്ന് വിശേഷിപ്പിക്കാവുന്ന രീതി. അതുകൊണ്ട് പുസ്തകത്തിലെ ഭാഷക്ക് പരിഭാഷയുടെ ഒരു സവിശേഷത വായനക്കാര്‍ക്ക് അനുഭവപ്പെടാവുന്നതാണ്. ഒരു പക്ഷെ മൈക്കിള്‍ ആഞ്ജലോവിന്റെ വിവരങ്ങള്‍ സ്വാഭാവികമായും ഇംഗളീഷ് ഭാഷയില്‍ നിന്നായിരിക്കുമല്ലോ അദ്ദേഹം  കണ്ടെത്തിയിട്ടുണ്ടാകുക. അതുകൊണ്ട് വിവര്‍ത്തന സ്വഭാവം വരികളില്‍ വന്നിട്ടുണ്ടാകുമെന്ന്  അനുമാനിക്കാം.

ചരിത്ര സംഭവങ്ങള്‍  ശേഖരിച്ച് തയ്യാറാക്കിയ പുസ്തകമെന്നു വായനയില്‍ അനുഭവപ്പെടുമെങ്കിലും നോവലിസ്റ്റ് നേരിട്ട് അന്വേഷിച്ച് കണ്ടെത്തിയതിനേക്കാള്‍ മറ്റുള്ളവര്‍ രേഖപ്പെടുത്തിയ വിവരങ്ങളെ ആസ്പദമാക്കി തന്റേതായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടാണ് പുസ്തകം പുരോഗമിക്കുന്നത് എന്ന പ്രതീതി അതുളവാക്കുന്നു. മൈക്കിള്‍ ആഞ്ചലോവിനെക്കുറിച്ച് ഇതില്‍ പറഞ്ഞ വിവരങ്ങളുടെ ആധികാരികത സാക്ഷ്യപ്പെടുത്താന്‍ ഒരു പക്ഷെ അതുകൊണ്ട് നോവലിസ്റ്റിനു കഴിയാതേ വന്നേക്കാം. ഒരു ഉദാഹരണമായി പറയാവുന്നത് ദാവീദിന്റെ പ്രതിമ പൂര്‍ത്തിയായപ്പോള്‍ അത് കാണാനെത്തിയ  ടൗണ്‍ മേയര്‍  ദാവീദിന്റെ മൂക്കിന്റെ വലുപ്പം അല്‍പ്പം കൂടുതലാണെന്നു അഭിപ്രായപ്പെട്ടു. വളരെ ഉയരത്തില്‍ നില്‍ക്കുന്ന പ്രതിമയുടെ മൂക്കിന്റെ വലുപ്പം മനസ്സിലാക്കാന്‍ മേയര്‍ക്ക് കഴിയില്ലെന്ന് മൈക്കിളിനു അറിയാമായിരുന്നെങ്കിലും അദ്ദേഹം ഉളിയും കൂടവുമെടുത്ത് മുകളില്‍ കയറി രാകിമിനുക്കി ലോലമാക്കിയെന്നാണ് നോവലിസ്റ്റ് എഴുതിയിരിക്കുന്നത്. എന്നാല്‍ മുന്‌കോപിയും തന്റെ സൃഷ്ടിയില്‍ അപാകതകള്‍ വരില്ലെന്ന് വിശ്വസിക്കുന്നവനുമായ മൈക്കിള്‍ ആഞ്ചലോ വാസ്തവത്തില്‍ മൂക്ക് രാകിമിനുക്കുന്നു എന്ന വ്യാജേന ഉളികൊണ്ട് കൊട്ടുകയും താഴെ നിന്നും കയ്യില്‍ കരുതിയ മാര്‍ബിള്‍ പൊടികള്‍ താഴോട്ട് പൊഴിച്ച് തന്റെ പ്രവര്‍ത്തി വിശ്വാസയോഗ്യമാക്കുകയുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്.

എന്നാലും സമാഹരിച്ച വിവരങ്ങള്‍ ദൃക്ക്‌സാക്ഷി വിവരണം പോലെ നല്‍കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ടെന്നുള്ളത് പ്രശംസനീയമാണ്. ഇംഗളീഷ് ഭാഷയില്‍ മൈക്കിള്‍ ആഞ്ചലോയെ  കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഉണ്ടെങ്കിലും മലയാളത്തില്‍ അധികം പുസ്തകങ്ങള്‍ ഉള്ളതായി  അറിയുകയില്ല. അതുകൊണ്ട് ഈ പുസ്തകം വായനക്കാര്‍ക്ക് ഉപയോഗപ്രദമാകും. മനുഷ്യന്റെ വിരലുകള്‍ തൊടാന്‍ ദൈവം താഴേക്ക് സ്വന്തം  കൈവിരല്‍ നീട്ടുന്ന പ്രസിദ്ധമായ ചിത്രമെഴുത്തിന്റെ പടമാണ് പുസ്തകത്തിന്റെ പുറംച്ചട്ടയില്‍ കൊടുത്തിരിക്കുന്നത്.  മൈക്കിള്‍ ആഞ്ചലോയുടെ   കരവിരുത് പ്രകടമാക്കുന്ന ഈ ചിത്രം ദൈവം ആദാമിന് ജീവന്‍ നല്‍കുന്നതാണ്. ശ്രീ ഇളമത എന്ന നോവലിസ്റ്റ് മൈക്കിള്‍ ആഞ്ചലോ എന്ന ചരിത്രപുരുഷനെ വീണ്ടും അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കി ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായിട്ടാകാം ആ ചിത്രം കൊടുത്തത്.

മദ്ധ്യകാലയൂറോപ്പിന്റെ  ഇരുണ്ട കാലഘട്ടത്തില്‍ കല, സാഹിത്യം, മാനവികത എന്നീ കലാരൂപങ്ങളോടുണ്ടായിരുന്ന സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഒരു നവോത്ഥാനം ഇറ്റലിയില്‍ രൂപം കൊണ്ടു. അതിനുമുമ്പ് എല്ലാ വിഷയങ്ങളിലും മതത്തിന്റെ കൈകടത്തലുകളും നിയന്ത്രണവുമുണ്ടായിരുന്നു.  കല, സാഹിത്യം ഇത്യാദി വിഷയങ്ങള്‍ക്ക് വളരാന്‍ മതത്തിന്റെ ഇടപെടലുകള്‍ അനുവദിച്ചിരുന്നില്ല. നവോത്ഥാനം എന്നത് സാംസ്കാരികപ്രസ്ഥാനമായിരുന്നു. അതിന്റെ ആവിര്‍ഭാവത്തില്‍  കലയും സാഹിത്യവും ജനകീയമായി. ഇതെല്ലാം മതപരമായ ഉദ്ദേശ്യത്തിനു മാത്രമല്ല മനുഷ്യരുടെ വിനോദത്തിനും നേരമ്പോക്കിനും കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന ബോധം എല്ലാവരിലുമുണ്ടായി. ഗ്രീക്കിലെയും റോമിലെയും ക്ലാസിക്കുകള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയം ഉണ്ടായി. ഇറ്റലിയുടെ നവോത്ഥാനപ്രസ്ഥാനത്തില്‍ മറ്റു പ്രശസ്ത ശില്പികള്‍ക്കൊപ്പം മൈക്കിള്‍ ആഞ്ചലോവിന്റെ പങ്കാളിത്തം അദ്ദേഹം പണിതീര്‍ത്ത മനോഹര ശില്‍പ്പങ്ങള്‍ സാക്ഷ്യം വഹിച്ചു നില്‍ക്കുന്നുവെന്ന് നോവല്‍ വിശദീകരിക്കുന്നു.

ഈ പുസ്തകം ഒരു ജീവചരിത്രമാണോ? അതോ ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതോ? അന്നത്തെ പോപ്പുമാരുടെ ജീവിതവും അവരുടെ അധികാരങ്ങളെയും കുറിച്ചുള്ള അറിവുകളാണോ? മൈക്കിള്‍ ആഞ്ചലോക്കൊപ്പം  ഉണ്ടായിരുന്ന മറ്റു ചിത്രകാരന്മാരുടെ/ശില്പികളുടെ കഥയാണോ? വാസ്തവത്തില്‍ മൈക്കിള്‍ ആഞ്ജലോവിന്റെ ജീവിതയാത്രയിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന നോവലിസ്റ്റ്  അനായേസേന  പ്രസ്തുത വിവരങ്ങളും  പകര്‍ന്നു തരുന്നു. കൂടുതലായും ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇറ്റാലിയന്‍ ശില്‍പ്പി മൈക്കിള്‍ ആഞ്ചലോയുടെ  ജീവിത കഥയാണ്. കല്ലില്‍ നിന്നും മാലാഖമാരെ കടഞ്ഞെടുത്ത ശില്പചാതുര്യത്തിന്റെ വിസ്മയാവഹമായ ജീവിത കഥ.

നഗ്‌നനായ ദാവീദിന്റെ ശില്‍പ്പം കൊത്തുന്നവനായിട്ടാണ് പുസ്തകത്തിന്റെ ആരംഭത്തില്‍ നമ്മള്‍ മൈക്കിള്‍ ആഞ്ചലോയെ   കാണുന്നത്. നഗ്‌നത മതമേലധ്യക്ഷന്മാര്‍ അനുവദിക്കുമോ എന്ന ഭയം ഉള്ളില്‍ നിറയുമ്പോഴും ശില്പികളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹം അന്നേ ബോധവാന്‍ ആയിരുന്നു.  ഉയര്‍ത്തെഴുന്നേല്‍പ്പിനായി കാത്തുകിടന്ന മാര്‍ബിള്‍ കല്ലുകളെ ജീവിക്കുന്ന പ്രതിമകളാക്കി മാറ്റിക്കൊണ്ട്  മൈക്കിള്‍ ആഞ്ചലോ അന്നത്തെ പ്രശസ്ത ചിത്രകാരന്മാരുടെയും ശില്പികളുടെയും  അസൂയക്ക് പാത്രമായി.

മൈക്കിള്‍ ആഞ്ചലോ തന്റെ കഴിവില്‍ ഉറച്ച് വിശ്വസിക്കുന്നവനായി തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കിയ വ്യക്തിത്വത്തിന്റെ ഉടമായിരുന്നുവെന്ന് പുസ്തകത്തിലെ വിവരണങ്ങളില്‍ നിന്നും മനസ്സിലാക്കാം. മൈക്കിള്‍ ആഞ്ചലോവിനെ മഹാശില്പിയായ ലിയോണാഡ്   ഡാവിന്‍ചി  വരെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുന്നതായ സന്ദര്‍ഭങ്ങള്‍  നോവലില്‍ ഉണ്ട്. ശിലകളില്‍ നിന്നും അനുപമ സൗകുമാര്യമുള്ള പ്രതിമകള്‍ കൊത്താന്‍ മൈക്കിള്‍ ആഞ്ചലോയുടെ കൈകള്‍ക്കുള്ള കരുത്ത് അവര്‍ കണ്ടറിഞ്ഞിരുന്നുവെന്നതിന്റെ സൂചനയാണത്. ശില്പകലയില്‍ പൂര്‍ണ്ണത പ്രാപിക്കാന്‍ സെമിത്തേരിയിലെ ശവങ്ങള്‍ പുറത്തെടുത്ത് കീറിപഠിക്കാന്‍ പ്രശസ്ത ശാസ്ത്രക്രിയാവിദഗ്ധരുടെ കീഴില്‍ മൈക്കിള്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയെന്ന് നോവലില്‍ ഉണ്ട്. തന്റെ ശില്പങ്ങള്‍ക്ക് ജീവനോടെ ഇരിക്കുന്ന പ്രതീതി നല്‍കാന്‍ മനുഷ്യശരീരത്തെ കുറിച്ചുള്ള പഠനം അദ്ദേഹത്തെ സഹായിക്കുകയും മറ്റുള്ളവരുടെ പ്രതിമകളില്‍ നിന്ന് ഇദ്ദേഹത്തിന്റെ പ്രതിമകള്‍ വ്യത്യസ്തരാകുകയും ചെയ്തു.  ദാവീദിന്റെ കൈപ്പത്തിക്ക് മേലെ പുണര്‍ന്നുനില്‍ക്കുന്ന ഞരമ്പുകള്‍ സൂക്ഷ്മതയോടെ അദ്ദേഹം കൊത്തിവച്ചിട്ടുണ്ട്. 

നോവലിസ്റ്റിന്റെ വിവരണങ്ങളില്‍ നിന്നും അക്കാലത്ത് പ്രഭുകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് വിലക്കുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. അതിനെ കല്ലുവെട്ടുകാരുടെ പണിയായി തരംതാഴ്ത്തിയിരുന്നു അവര്‍. മൈക്കിള്‍ ആഞ്ചലോയെ  മഹാനായ ശില്പിയായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നതിന് ഉദാഹരണങ്ങള്‍ ഉണ്ട്.  പരിശ്രമം കൊണ്ട് മാത്രം നേടിയ കഴിവായിരുന്നില്ല അത്. ശില്പകലയും ചിത്രകലയും ദൈവത്തിന്റെ വരദാനമായി അദ്ദേഹത്തിന് ലഭിച്ചിരുന്നു. സൗന്ദര്യം മൈക്കിള്‍ ആഞ്ചലോയുടെ ബലഹീനതയായിരുന്നു.  കത്തീഡ്രലില്‍ കോറസ് പാടിയിരുന്ന അംഗങ്ങളില്‍ അഞ്ചു വയസ്സ് മൂപ്പുണ്ടായിരുന്ന ഒരാളുടെ കാമുകിയുടെ വര്‍ണ്ണചിത്രം മൈക്കിള്‍ ആഞ്ചലോ വരച്ചത് അയാളെ ആകര്‍ഷിക്കുകയും ചിത്രരചനയില്‍ നിന്നും ശില്പകലയിലേക്ക് മൈക്കിള്‍ ആഞ്ചലോയെ അദ്ദേഹം കൂട്ടികൊണ്ടുപോകുകയും ചെയ്തു. ഇത്തരം വിവരങ്ങള്‍ ഭാവനയില്‍ നിന്നും  വികസിച്ചതാണെങ്കിലും നോവലിസ്റ്റ് വളരെ മികവോടെ ആവിഷ്ക്കരിക്കുന്നുണ്ട്.

സ്വന്തം തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ വിസമ്മതിക്കുന്ന വ്യക്തിത്വമായിരുന്നു മൈക്കിള്‍ ആഞ്ചലോയുടെ എന്നതിന് ഉദാഹരണങ്ങള്‍ അനവധിയുണ്ട്. ഒമ്പത് പോപ്പുമാരുടെ ആവശ്യങ്ങള്‍ക്കും ആജ്ഞകള്‍ക്കും വഴങ്ങികൊണ്ട് പ്രതിമകള്‍ സൃഷ്ടിക്കുമ്പോഴും തന്റെതായ രീതികള്‍ അദ്ദേഹം പിന്തുടര്‍ന്നു. അന്ന് നവോത്ഥാനത്തിന്റെ ഭാഗമായി സഭകള്‍  കലാകാരന്മാര്‍ക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യം നല്‍കിയിരുന്നു. പോപ്പായി നിയമിക്കപ്പെടുന്നവര്‍ പ്രഭുകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവരില്‍ പലരും ആത്മീയതയില്‍ നിന്നുമകന്ന് സുഖലോലുപരായി തീര്‍ന്നപ്പോള്‍  നവോത്ഥാനത്തിന്റെ പേരില്‍ നടക്കുന്നത് സാത്തന്റെ പ്രവര്‍ത്തനമാണെന്നു അട്ടഹസിച്ച്‌കൊണ്ട്  ഒരു സന്യാസിവര്യന്‍ പ്രത്യക്ഷപ്പെട്ടു.  നവോത്ഥാനത്തിന് ആരംഭം കുറിച്ച ഫ്‌ലോറന്‍സ് നഗരം പുളകം കൊള്ളുമ്പോള്‍ അതിനെ നോക്കി സാവര്‍ണോള എന്ന ആ സന്യാസിവര്യന്‍ കോപിച്ചുകൊണ്ട് പറഞ്ഞു. ഫ്‌ലോറന്‍സ് നഗരമേ നിന്റെ മേല്‍ ദൈവകോപമുണ്ടായിരിക്കുന്നു. പോപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കയും നവോത്ഥാനത്തിന് വിഘ്‌നമായി നില്‍ക്കുകയും ചെയ്ത അദ്ദേഹത്തെ ഫ്‌ലോറന്‍സ് നഗരം തൂക്കിലേറ്റി ശവം കത്തിച്ച് ചാരമാക്കി പുഴയില്‍ ഒഴുക്കിക്കളഞ്ഞു.  എല്ലാ പുരോഗമനവും ബൈബിളിനു വിപരീതമാണെന്നു തെറ്റിദ്ധരിച്ച കുറെപേര്‍ നവോത്ഥാനത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ കത്തോലിക്കാ സഭ പില്‍ക്കാലത്ത് വിഭജിക്കപ്പെടാന്‍ കാരണഭൂതനായ മാര്‍ട്ടിന്‍ ലൂഥര്‍ 95 ചട്ടങ്ങള്‍ കൊണ്ട് വന്നു. ഇത് പിന്നീട് പ്രൊട്ടസ്റ്റന്റ്  വിഭാഗക്കാര്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടയിലും മൈക്കിള്‍ ആഞ്ചലോ തികഞ്ഞ കത്തോലിക്ക വിശ്വാസിയായി ജീവിതാവസാനം വരെ നിലകൊണ്ടു.

മൈക്കിള്‍ ആഞ്ചലോയെ മാനസിക വികാരങ്ങള്‍ നോവലിസ്റ്റ് സങ്കല്പിച്ചെഴുതുന്നുണ്ട്. അത് സ്വാഭാവികമായി തോന്നുംവിധമാണ്. ദാവീദിന്റെ പ്രതിമ ഉണ്ടാക്കുന്നതിനു മുമ്പ് മൈക്കിള്‍ ആഞ്ചലോ ഇങ്ങനെ ചിന്തിക്കുന്നതായി നോവലിസ്റ്റ് വിവരിക്കുന്നു. ദാവീദ് എങ്ങനെയായിരിക്കണം.  സുമുഖന്‍, സുന്ദരന്‍, ബലിഷ്ഠന്‍, ആകാരവടിവില്‍  ഒന്നാമന്‍. അതേപോലെ തന്നെ മറ്റു പ്രതിമകളുടെ നിര്‍മ്മാണത്തിലും മൈക്കിള്‍ ആഞ്ചലോ എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയെന്നു നോവലിസ്റ്റ് നമ്മെ ബോധ്യപ്പെടുത്തുന്നവിധം വിവരിച്ചിട്ടുണ്ട്. ദാവീദിനെ നഗ്‌നനായി മനുഷ്യരാശിയുടെ മുന്നില്‍ നിറുത്തിയത് ദൈവവിശ്വാസിയായ മൈക്കിള്‍ ആഞ്ചലോവിന്റെ പ്രതികാരമായിരിക്കാം. വയസ്സാന്‍ കാലത്ത് തന്റെ മട്ടുപ്പാവില്‍ നിന്ന് നോക്കിയപ്പോള്‍ കുളിച്ചുകൊണ്ട് നിന്ന ഒരു പെണ്ണിനെ മോഹിച്ച് അവളുടെ ഭര്‍ത്താവിനെ കൊലക്ക് കൊടുത്ത് അവളെ സ്വന്തമാക്കിയവന്‍ സമൂഹത്തിന്റെ മുന്നില്‍ നഗ്‌നനാണ്.  നോവലിസ്റ്റ് മൈക്കിള്‍ ആഞ്ചലോയുടെ ജീവിതകഥ പുസ്തകങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞു പുനര്‍ലിഖിതം ചെയ്തപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കു തുനിയുന്നില്ല.

നഗ്‌നമായ പ്രതിമകള്‍ അന്നത്തെ ശില്‍പ്പികള്‍ക്ക് ഹരമായിരുന്നുവെന്നു കാണാം. സൃഷ്ടിയുടെ പൂര്‍ണ്ണത പ്രദര്‍ശിപ്പിക്കാന്‍ വസ്ത്രങ്ങള്‍ പാടില്ലെന്നവര്‍ വിശ്വസിച്ചുവെന്നു നോവലിസ്റ്റ് പറയുന്നു. നവോത്ഥാനം മധ്യകാലത്തെ ചിന്തകളെ പാടെ മാറ്റിമറിക്കുന്നതായിരുന്നുവെന്ന സൂചന. ഓരോ പ്രതിമകള്‍ കൊത്തുന്നതിനുമുമ്പും മൈക്കിള്‍ ആഞ്ചലോ ആ രൂപത്തെ മനസ്സിലിട്ട് ചെത്തിമിനുക്കിയിരുന്നുവെന്നും "പിയറ്റ "എന്ന പ്രതിമയുടെ പണിതുടങ്ങും മുമ്പേ മാതാവിനെ മനസ്സില്‍ കണ്ട് അവരുടെ അനുഗ്രഹം വാങ്ങിയെന്നും നോവലിസ്റ്റ് പറയുന്നുണ്ട്. മൈക്കിള്‍ ആഞ്ചലോയുടെ ജീവിത കഥ പറയുമ്പോള്‍ അത് ചരിത്രരേഖകള്‍ അനുസരിച്ച് പകര്‍ത്തുകയല്ല മറിച്ച് അദ്ദേഹത്തിന്റെ വിചാരവികാരങ്ങള്‍ തന്റെ ഭാവനയിലൂടെ മനസ്സിലാക്കി എഴുതാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. മൈക്കിള്‍ ആഞ്ചലോ നല്ല വായനക്കാരനും സ്വയം ഒരു കവിയുമായിരുന്നുവെന്നും ഇറ്റാലിയന്‍ കവി ഡാന്റെയെ അദ്ദേഹം ആരാധിച്ചിരുന്നുവെന്നും നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. വിവാഹിതനായിരുന്നില്ലെങ്കിലും ഒരു പ്രണയിനിയുണ്ടായിരുന്നുവെന്നും അവര്‍ക്കായി ധാരാളം കവിതകള്‍ മൈക്കിള്‍ ആഞ്ചലോ എഴുതിയിരുന്നുവെന്നും നോവലില്‍ പറയുന്നുണ്ട്.

ഈ പുസ്തകം മൈക്കിള്‍ ആഞ്ചലോയുടെ ജീവചരിത്രവും ശില്പകലയിലും, ചിത്രരചനയിലും അദ്ദേഹം നേടിയ വിജയങ്ങളുടെ വിവരങ്ങളും  നല്‍കുന്നു. ജീവചരിത്രം അല്ലെങ്കില്‍ നോവല്‍ എന്ന വിഭാഗത്തിന്റെ മധ്യത്തില്‍പ്പെടുത്താവുന്ന ഒരു സാഹിത്യസൃഷ്ടിയായി ഈ പുസ്തകത്തെ കാണാവുന്നതാണ്. മൈക്കിള്‍ ആഞ്ചലോയുടെ ജീവിതത്തെയും അദ്ദേഹം നവോത്ഥാനത്തിന് നല്‍കിയ സംഭാവനകളെയും കുറിച്ച് കൂടുതല്‍ പഠനങ്ങളും കണ്ടെത്തുലുകളും ഇപ്പോള്‍ നടക്കുന്നുണ്ട്.  ശ്രീ ഇളമത പൂര്‍വകാല എഴുത്തുകാരുടെ വിവരങ്ങളിലൂടെ സഞ്ചരിച്ച് ഒരു കാല്‍പ്പനിക സൃഷ്ടിയായി നിര്‍വഹിച്ച നോവലാണിത്. ചരിത്ര സംഭവങ്ങളും ഭാവനയും കലര്‍ത്തി രചിച്ച ഈ പുസ്തകം മൈക്കിള്‍ ആഞ്ചലോയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു.

നോവലിസ്റ്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

ശുഭം
ശിലയില്‍ നിന്നും ശില്‍പ്പമൊരുക്കിയ ശില്‍പ്പി (നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
George Neduvelil 2020-01-27 10:11:23
ഇമ്മാതിരി ഒരു നോവൽ കൈരളിക്കു കാഴ്ച വെച്ച ശ്രീ. ജോൺ ഇളമതക്ക് അഭിനന്ദനങ്ങൾ, ആശംസകൾ. പ്രകാശനവേളയിൽ നാട്ടിലിണ്ടായിരുന്നിട്ടും സന്നിഹിതനാകാൻ സാധിക്കാഞ്ഞതിലുള്ള കുറ്റബോധവും നഷ്ടബോധവും ഈ സ്നേഹിതൻറ്റെ മനസ്സിനെ മാറാതെ മഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക