Image

പൗരത്വഭേദഗതി നിയമത്തിനെതിരെ കാനഡയില്‍ പ്രതിഷേധം

Published on 27 January, 2020
പൗരത്വഭേദഗതി നിയമത്തിനെതിരെ കാനഡയില്‍ പ്രതിഷേധം
ടൊറന്റോ: ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനും പൗരത്വ റജിസ്‌ട്രേഷനും എതിരെ കാനഡയിലും പ്രതിഷേധം. പുരോഗമന മലയാളിസംഘടനയായ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്റെ  നേതൃത്വത്തില്‍ മിസ്സിസാഗാ സെലിബ്രേഷന്‍ സ്ക്വയറില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കൊടുംതണുപ്പിനെ അവഗണിച്ച് നൂറുകണക്കിനു പേര്‍  അണിചേര്‍ന്നു. പൗരത്വ നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ ഉയരുന്ന മനുഷ്യച്ചങ്ങലയ്ക്കും രാജ്യമാകെ നടക്കുന്ന സമാനരീതിയിലുള്ള പ്രക്ഷോഭങ്ങള്‍ക്കും  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കാനഡയിലും മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.

പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. കാനഡയിലെ സാധാരണ രീതിയിലുള്ള പ്രക്ഷോഭങ്ങളില്‍നിന്ന്  വ്യത്യസ്തമായ സമരരീതി കാഴ്ചക്കാര്‍ക്കും വേറിട്ട അനുഭവമായി.

മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി നടന്ന യോഗത്തില്‍ സമന്വയ സെക്രട്ടറി പ്രദീപ് ചേന്നംപള്ളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമന്‍ , സൂരജ് അത്തിപ്പറ്റ, അനീഷ് അലക്‌സ് എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് സൂരി, സാജു ഇവാന്‍സ്, ശരത് രമണന്‍, ഹ്യുബര്‍ട്ട് ജെറോം, സയോണ സംഗീത്, സജിലാല്‍, അരുണ്‍ദാസ് , സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


പൗരത്വഭേദഗതി നിയമത്തിനെതിരെ കാനഡയില്‍ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക