Image

പദ്മശീ പങ്കജാക്ഷിയമ്മക്കു ആദരവുമായി മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍

Published on 28 January, 2020
പദ്മശീ പങ്കജാക്ഷിയമ്മക്കു ആദരവുമായി മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍
മോനിപ്പള്ളി: പദ്മശ്രീ നല്കി രാജ്യം ആദരിച്ച നോക്കുവിദ്യാപാവകളി കലാകാരി 84-വയസ്സുള്ള എം.എസ്. പങ്കജാക്ഷിയെ സന്ദര്‍ശിച്ച് മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളിലും സഹോദരന്‍ പീറ്റര്‍ ഊരാളിലും അമേരിക്കന്‍ മലയാളികളുടെ സ്‌നേഹാദരവുകള്‍ അറിയിച്ചു.

ബേബി ഊരാളിലിന്റെ മോനിപ്പള്ളിയിലെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററേയുള്ളു പങ്കജാക്ഷിയമ്മയുടെ മൂഴിക്കല്‍ വീട്ടിലേക്ക്. അവരെ നേരത്തെ പരിചയവുമുണ്ട്. എന്നാല്‍ ഇത്തരം ഒരു ഉന്നത ബഹുമതി ഒരുനാള്‍ അവര്‍ക്ക് ലഭിക്കുമെന്നു കരുതിയില്ല. അതില്‍ ഏറെ അഭിമാനമൂണ്ട്. ഒരു നാട്ടുകാരി ആദരിക്കപ്പെടുമ്പോള്‍ നമ്മളും ആദരിക്കപ്പെടുന്നു- ബേബി ഊരാളില്‍ പറഞ്ഞു.

അധികം ആരും ശ്രദ്ധിക്കാതെ അന്യം നിന്നു പോകുന്ന ഈ കലാരൂപത്തെ നിലനിര്‍ത്തിയത് അവരുടെ തപസ്യയാണ്. ഫ്രാന്‍സിലും മറ്റും പോയി അവര്‍ പാവകളി അവതരിപ്പിച്ചിട്ടുണ്ട്. സമ്പത്തോ പിടിപാടോ ഒന്നുമില്ലാതെ സ്വന്തം മികവു കൊണ്ട് ഒരു നാട്ടുകാരി ഈ പദവി നേടിയത് അഭിമാനമുണര്‍ത്തുന്നു-അദ്ധേഹം പറഞ്ഞു.

മടങ്ങും മുന്‍പ് അവര്‍ക്ക്ഉപഹാരവും നല്കി. വീട്ടുകാരെയും കണ്ടു.

പങ്കജാക്ഷിയമ്മക്കു നാട്ടുകാരുടെ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ബേബി ഊരാളിലും സജീവമായി രംഗത്തുണ്ട്.

വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പാരന്‍പര്യ കലാരൂപവുമായി പങ്കജാക്ഷി പരിചയപ്പെടുന്നത് 11-ാം വയസ്സില്‍. ഓണക്കാലത്ത് വീടുകളില്‍ പോയാണ് പാവകളി നടത്തുക. 'കിണ്ണം കറക്കല്‍ എന്നൊരു ഇനമുണ്ടായിരുന്നു. ഒരു കമ്പിന് പുറത്ത് കിണ്ണം വെച്ച് പ്രത്യേക രീതിയില്‍ തട്ടി കൈയില്‍ കൊണ്ടുവരും. ആ കിണ്ണത്തിലേക്കാണ് കാഴ്ചക്കാര്‍ പണം നല്‍കുക.'-പങ്കജാക്ഷി മാത്രുഭൂമിയോടു പറഞ്ഞു. പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യാ പാവകളിയില്‍, ഭര്‍ത്താവ് എം.എസ്.ശിവരാമപ്പണിക്കര്‍ വന്നതോടെയാണ് വ്യത്യസ്തത തിരിച്ചറിഞ്ഞത്. രാമായണം, മഹാഭാരതം കഥകള്‍ക്ക് പുറമേ പുതിയ കഥകള്‍ അദ്ദേഹം എഴുതിച്ചേര്‍ത്തു. ഓരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കുട്ടിച്ചേര്‍ക്കുമ്പോള്‍ കലാകാരിയും വളര്‍ന്നു. കേരളത്തിലെ വേദികള്‍ പിന്നിട്ട് ഡല്‍ഹി, ബെംഗളൂരു, പാരീസ് എന്നിവിടങ്ങളിലേക്ക് കലാരൂപവുമായി പോയി.

കുടുംബത്തിലെ സ്ത്രീകളാണ് പാവകളി നടത്തിയിരുന്നത്. പാട്ടും താളവും പുരുഷന്മാരുടേതാണ്. ഭര്‍ത്താവും പിന്നീട് മകനും താളവുമായി ഒപ്പം ചേര്‍ന്നു. ഏകമകള്‍ രാധാമണി പാരമ്പര്യത്തുടര്‍ച്ചയുടെ കണ്ണിയായില്ല. എന്നാല്‍, പത്തുവര്‍ഷം മുന്‍പ് രാധാമണിയുടെ മകള്‍ രഞ്ജിനി പാവകളി പഠിച്ചു.

ഉരുളികുന്നം മൂഴിക്കല്‍ പരേതരായ എം.കെ.ശങ്കരന്റെയും പാപ്പിയമ്മയുടെയും മൂത്തമകളായ പങ്കജാക്ഷിയുടെ മറ്റ് മക്കള്‍: വിജയന്‍, ശിവന്‍.

മൂക്കിന് താഴെ, മേല്‍ച്ചുണ്ടിന് മേലേ ശ്രദ്ധയോടെ പിടിച്ച, കമുങ്ങിന്റെ വാരികൊണ്ട് ചെത്തിമിനുക്കിയ ചെറിയ കമ്പ്. അതിന് മുകളില്‍ പല തരം പാവകള്‍. കൈയിലെ നൂലില്‍പിടിച്ച് പാവകളെ ചലിപ്പിച്ചാണ് കഥ അവതരിപ്പിക്കുന്നത്. മറ്റൊരാള്‍ തുടികൊണ്ട് ഈണം പിടിക്കും.

പിന്നണിക്കാരനുമുണ്ട്. ആ താളത്തിനൊപ്പം ഗരുഡന്‍, ഭീമന്‍, കൃഷ്ണന്‍...പലവിധ പാവകള്‍ കലാകാരിയുടെ മേല്‍ച്ചുണ്ടിലിരുന്ന് ചലിക്കും. പാവകള്‍ വീണുപോയേക്കുമെന്ന് തോന്നും. എന്നാല്‍, കഥയും കലാരൂപവുമായി കൈയ്‌മെയ് മറന്ന് ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. അദ്ഭുതക്കാഴ്ചയാണിത്.
പദ്മശീ പങ്കജാക്ഷിയമ്മക്കു ആദരവുമായി മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക