Image

തൈറോയ്ഡ് അര്‍ബുദത്തിന് പുതിയ മരുന്നുമായി മലയാളി ഗവേഷകര്‍

Published on 28 January, 2020
തൈറോയ്ഡ് അര്‍ബുദത്തിന് പുതിയ മരുന്നുമായി മലയാളി ഗവേഷകര്‍
കോഴിക്കോട്: തൈറോയ്ഡ് കാന്‍സറിന് പുതിയ ചികിത്സ കണ്ടെത്തി മലയാളി ഗവേഷകനും സംഘവും. നിലവില്‍ ഉപയോഗിക്കുന്ന ഔഷധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദമായ, എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു ഔഷധക്കൂട്ടാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയിച്ചതിനെ തുടര്‍ന്ന് മനുഷ്യരില്‍ ഇതുപയോഗിച്ചുള്ള ക്ലിനിക്കല്‍ ട്രയല്‍ പുരോഗമിക്കുന്നു.

ഏതാണ്ട് 15 ശതമാനം വരെ മരണസാധ്യയുള്ള രോഗമാണ് തൈറോയ്ഡ് അര്‍ബുദം. ഈ രോഗവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ജനിതക അപഭ്രംശങ്ങള്‍ (മ്യൂട്ടേഷനുകള്‍) ഗവേഷകര്‍ നിരീക്ഷിട്ടുണ്ട്. അതില്‍ ഏറ്റവും അപകടകാരി 'ബീറാഫ്' (BRAF) മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകളുള്ള കോശങ്ങള്‍ പെരുകുന്നത് തടയാന്‍ പുതിയ മരുന്നിന് കഴിയുമെന്ന്, 'ക്ലിനിക്കല്‍ കാന്‍സര്‍ റിസര്‍ച്ച്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'പോണാറ്റിനിബ്' (ponatinib) എന്ന മരുന്ന്, പുതിയൊരിനം രാസതന്മാത്രകളുമായി (PLX4720) സംയോജിപ്പിച്ചായായിരുന്നു പരീക്ഷണം. 'ഈ ഔഷധക്കൂട്ട് തൈറോയ്ഡ് അര്‍ബുദം വളരുന്നത് തടയുന്നതായി പരീക്ഷണങ്ങളില്‍ കണ്ടു'ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.സുരേഷ് കുമാര്‍ അറിയിച്ചു. യു.എസില്‍ 'നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിട്ട്യൂട്ട്' ഗവേഷകനാണ് ഡോ.സുരേഷ് കുമാര്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഡോ.എലക്ട്രോണ്‍ കെബൂബ് ആണ് പഠനത്തിലെ മറ്റൊരു പ്രധാനി.

'ലബോറട്ടറിയില്‍ വളര്‍ത്തിയ അര്‍ബുദകോശങ്ങളിലും, എലികളിലും വിജയകരമായി ഉപയോഗിച്ച ഈ മരുന്ന്, മനുഷ്യരില്‍ ഉപയോഗിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണം സ്റ്റാന്‍ഫഡില്‍ പുരോഗമിക്കുകയാണ്'ഡോ.സുരേഷ് കുമാര്‍ അറിയിച്ചു. 'കാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയുന്നു എന്നു മാത്രമല്ല, മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും ഈ മരുന്നിന്റെ സവിശേഷതയാണ്'അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ കിടങ്ങറ ദേവകി സദനത്തില്‍ പരേതരായ എം.കെ.കുട്ടിയുടെയും ദേവകി അമ്മയുടെയും മകനാണ് സുരേഷ് കുമാര്‍.


തൈറോയ്ഡ് അര്‍ബുദത്തിന് പുതിയ മരുന്നുമായി മലയാളി ഗവേഷകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക