Image

സര്‍വ്വ ജനങ്ങള്‍ക്കുമുള്ള മഹാ സന്തോഷം ഇന്നും പ്രസക്തമായ ക്രിസ്തുമസ് സന്ദേശം: ബിഷപ്പ് ഡോ. സി.വി. മാത്യു

Published on 30 January, 2020
സര്‍വ്വ ജനങ്ങള്‍ക്കുമുള്ള മഹാ സന്തോഷം ഇന്നും പ്രസക്തമായ ക്രിസ്തുമസ് സന്ദേശം:  ബിഷപ്പ് ഡോ. സി.വി. മാത്യു
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: സര്‍വ ജനങ്ങള്‍ക്കും ഉണ്ടാകുവാനുള്ള മഹാസന്തോഷമാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ബേത്‌ലഹേമില്‍ കൊണ്ടാടപ്പെട്ടതെന്നും  യേശു, ഇമ്മാനുവേല്‍ എന്നീ പേരുകള്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന അവസരത്തില്‍ അര്‍ത്ഥപൂര്‍ണ്ണമാണെന്നും    ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് ഡോ. സി.വി. മാത്യു അനുസ്മരിപ്പിച്ചു.  യേശു  എന്ന നാമം  മനുഷ്യസഹജമായ പാപാവസ്ഥയില്‍നിന്നും നമ്മെ രക്ഷിക്കുന്നതിനും  ഇമ്മാനുവേല്‍ അഥവാ ദൈവം നമ്മോടുകൂടെ  എന്ന പേര്    അനിശ്ചിതത്വവും ഭീതിയും നിറഞ്ഞ ഈ കാലഘട്ടത്തെ അതിജീവിക്കുന്നതിനും പര്യാപ്തമാണെന്നും  ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ് നവവത്സരാഘോഷത്തില്‍ മുഖ്യാതിഥിയായി നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം  ചൂണ്ടിക്കാട്ടി.

ക്രിസ്തുമസ് അഥവാ, തിരുപ്പിറവി   ഏറ്റവും സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ഉത്സവമാണ്. കേവലം ഒരു ദിവസംകൊണ്ട് തീരുന്ന ഒരാഘോഷം മാത്രമല്ല തിരുപ്പിറവി.   സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും  സന്ദേശമറിയിക്കുന്ന ഒരു കാലയളവ്. ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ച മാഹാ സന്തോഷം കൊണ്ടാടുന്ന അവസരമാണിത്.ശ്രുതി മധുരമായ ഗാനങ്ങള്‍ കേള്‍ക്കുക, സ്‌നോഹത്തോടെ സൗഹാര്‍ദ്ദം പങ്കുവെയ്ക്കുക, സമ്മാനങ്ങള്‍ പങ്കുവെയ്ക്കുക, കുടുംബങ്ങളായും സുഹൃത്തുക്കളായും  സമൂഹമായുമൊക്കെ കൂടിവരിക,  സ്‌നേഹവിരുന്നുകളില്‍ പങ്കെടുക്കുക തുടങ്ങിയവയെല്ലാം ഈ ഉത്സവത്തിന്‍റെ ഭാഗമാണ്. അങ്ങനെ തിരുപ്പിറവിയും അതോടൊപ്പമെത്തുന്ന പുതവത്സരാഘോഷങ്ങളും  നമുക്കെന്നും പ്രചോദനം തരുന്ന അവസരമാണെന്നുള്ളതില്‍ സംശയമില്ല.

 അനിശ്ചിതത്വം നിറഞ്ഞ പുതുവര്‍ഷത്തെ നാം അഭിമുഖീകരിക്കുന്ന ഈ വേളയില്‍ യേശു, ഇമ്മാനുവേല്‍ എന്നീ പേരുകള്‍   പ്രസക്തമാണ്.  കന്യക പ്രസവിക്കും. അവന്‍   ലോകത്തെ അവരുടെ പാപങ്ങളില്‍നിന്നും രക്ഷിക്കും, അതുകൊണ്ട് അവന് യേശു എന്നു പേരിടണമെന്നാണ് കന്യകമറിയാമിനു ലഭിച്ച  സന്ദേശം..ക്രിസ്തുമസ്സിന്‍റെ കേന്ദ്ര ബിന്ദുവെന്നു പറയുന്നത് യേശുവാണ്.യഹോവ രക്ഷിക്കുന്നു എന്നതാണ് യേശു എന്ന പേരിന്‍റെ അര്‍ത്ഥം.  നമുക്കറിയാം നമ്മുടെ ജീവിതമെല്ലാം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്.വ്യക്തി ജീവിതത്തിലായാലും  കുടുംബ ജീവിതത്തിലായാലും  സമൂഹ ജീവിതത്തിലായാലും, രാഷ്ട്രീയ, അന്തര്‍ദേശീയ ജീവിതത്തിലായാലും   പ്രശ്‌നങ്ങളാണ്.  ജീവിതം ചിട്ടപ്പെടുത്തുവാനും ക്രമീകരിക്കുവാനുമാണ് നാം നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും അതു പാലിക്കുവാന്‍ നിഷ്കര്‍ഷിക്കുന്നതും. എന്തുകൊണ്ടാണ് ഇത് ആവശ്യമായി വരുന്നതെന്നു ചിന്തിക്കുമ്പോള്‍ നാമെല്ലാം സ്വാര്‍ത്ഥരായതുകൊണ്ടാണ് എന്നുള്ളതാണ് അതിനുള്ള ഉത്തരം. എനിക്ക് എന്നെ വളരെ ഇഷ്ടമാണ്. അതുപോലെ എനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നില്ല.സ്‌നേഹവും ബഹുമാനവുമെല്ലാം എനിക്കും എന്‍റെ പ്രിയപ്പെട്ടവര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. ഇതു സാധിച്ചെടുക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണ്. അതിനുവേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുവാനും ഇല്ലായ്മചെയ്യുവാനുമെല്ലാമുള്ള പ്രവണത നമ്മില്‍ ശക്തമാണ്. ഇതിനെ നിയന്ത്രിക്കുവാനാണ് നിയമങ്ങളൊക്കെ ഉണ്ടാക്കിയിരിക്കുന്നത്.

സമൂഹത്തില്‍ സമാധാനപരമായി കാര്യങ്ങള്‍ നടക്കണമെങ്കില്‍ നിയമങ്ങള്‍ വേണം. ഇവിടെ ജനിച്ചു വളര്‍ന്നവര്‍ക്കല്ലാതെ നമുക്കെല്ലാമറിയാം ഭാരതത്തിലെ സ്തീധനമെന്ന വിപത്തിനെക്കുറിച്ച്. സ്ത്രീധനപ്പിശാചെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ഇതു തിരിച്ചറിഞ്ഞ് ഇതിനെതിരെ ശക്തമായ നിയമം നിലവിലുണ്ട്.  . എന്നിരുന്നാലും ഇന്നും അനേകം സ്ത്രീകള്‍ ഇതിന്‍റെ പേരില്‍     അപമാനിക്കപ്പെടുകയും   പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ സമൂഹം ഇനിയും നന്നായിട്ടില്ല.     നിയമമുണ്ടെങ്കിലും അതിനെ വിദഗ്ദമായി മറികടക്കാന്‍ നാം ശ്രമിക്കുന്നു. അതുപോലെ തന്നെ ജാതി പരമായ അയിത്തം, തൊട്ടു കൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവയെല്ലാം നിയമപരമായി നിരോധിച്ചിരിക്കുകയാണെങ്കിലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ഇന്ത്യയില്‍ അയിത്തം സജീവമാണ്. താഴ്ന്ന ജാതിയില്‍പെട്ട ഒരു യുവാവോ യുവതിയോ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളുമായി പ്രേമബന്ധത്തിലേര്‍പ്പെട്ടാല്‍ അവര്‍ മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ പോലും ഉന്നത ജാതിക്കാരുടെ പീഢനത്തിനിരയാകുന്ന ഒരു സ്ഥിതി വിശേഷം ഇന്നും നില നില്‍ക്കുകയാണ്.

ഇന്ത്യയിലും അമേരിക്കയിലുമെല്ലാം വര്‍ണ്ണ, വര്‍ഗ്ഗീയ  വിവേചനം ശക്തമായി നിലനില്‍ക്കുന്നു. അന്തര്‍ദേശീയ തലത്തില്‍പ്പോലും വിവേചനങ്ങളും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും  നിരവധിയാണ്. നിയമങ്ങളില്ലാത്തല്ല . നിയമങ്ങളോടുള്ള നമ്മുടെ മനോഭാവമാണ്  പ്രശ്‌നം.നിയമങ്ങള്‍കൊണ്ട് ജനങ്ങളെ കുറച്ചൊക്കെ കൂച്ചു വിലങ്ങിടുവാന്‍ നമുക്കു സാധിച്ചേക്കാം.  നിയമങ്ങളെ മറികടക്കുവാന്‍ നമുക്കറിയാം. ഇതിനു വ്യതിയാനം ഉണ്ടാകണമെങ്കില്‍ നമ്മുടെ പ്രകൃതം മാറിയേ മതിയാകൂ. നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍നിന്നും ഉടലെടുക്കുന്ന സമൂലമായ മാറ്റമാണാവശ്യം. നമ്മുടെ സ്വഭാവത്തിലും മനോഭാവത്തിലുമുള്ള   കാതലായ മാറ്റം. എങ്കില്‍ മാത്രമേ സമൂഹത്തില്‍ അപരനെ  ഉള്‍ക്കൊണ്ടുകൊണ്ട്,  സ്‌നേഹിച്ചുകൊണ്ട്,  ബഹുമാനിച്ചുകൊണ്ട്, നിലനില്‍ക്കുവാനാവകയുള്ളു. ഒരു നിയമത്തിനും ഇതിനുള്ള കഴിവുണ്ടാവുകയില്ല. മനുഷ്യനു കൈകാര്യം ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ വിഷയം അവന്‍റെ ആന്തരികമായ അവസ്ഥയാണ്.  ഇതു ശരിയായാല്‍ മനുഷ്യനും നന്നാകും സമൂഹവും നന്നാകും.  ബൈബിളില്‍ ഇതിനു പറയുന്ന വാക്ക് പാപമെന്നാണ്. ദൈവത്തിന്‍റെ സ്വഭാവത്തിനെതിരായി നിലനില്‍ക്കുന്നതാണ് നമ്മുടെ പാപാവസ്ഥ. ഇതിനെ വരുതിയിലാക്കാതെ നമുക്ക് അര്‍ത്ഥപൂര്‍ണ്ണമായ വ്യക്തി ജീവിതമോ, കുടുംബജീവിതമോ, സഭാ, സമൂഹ ജീവിതമോ സാധ്യമാവുകയില്ല. അവിടെയാണ് ക്രിസ്തുമസിന്‍റെ സന്ദേശമായ സര്‍വ ജനങ്ങള്‍ക്കുമുണ്ടാകുവാനുള്ള മഹാ സന്തോഷമെന്നുള്ളത് പ്രസക്തമാകുന്നത്.    സകല മനുഷ്യരെയും അവരുടെ പാപങ്ങളില്‍നിന്നും രക്ഷിക്കുവാന്‍ ഒരു    രക്ഷകന്‍ വന്നിരിക്കുന്നുവെന്ന സദ്വാര്‍ത്ത.  ആന്തരികമായ പാപത്തില്‍നിന്നും നമ്മെ വിമോചിപ്പിക്കുവാനാണ് യേശു അവതരിച്ചത്. മനുഷ്യന്‍ എത്ര ശ്രമിച്ചാലും സാധിക്കാത്ത ഒരു കാര്യമാണ് പാപത്തില്‍നിന്നും വിമോചിതരാകുകയെന്നത്. കാരണം, പാപത്തില്‍ വീണുപോയത്‌നമ്മുടെ അടിസ്ഥാന സ്വഭാവ വിശേഷമാണ്.  ക്രിസ്തു നമ്മുടെ ജീവിതത്തില്‍ വരുമ്പോഴാണ് നമ്മുടെ  സ്വാഭാവത്തിനു വ്യത്യാസം വരുന്നത്.    ഇതിനുള്ള ഉത്തമ ഉദാഹരണമാണ് അപ്പോസ്‌തോലനായ പൗലൂസ് അദ്ദേഹം പറയുന്നു, ഒരുവന്‍ ക്രിസ്തുവിലായാല്‍ അവനൊരു പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞു പോവുകയും ചെയ്യുന്നു. നിയമങ്ങള്‍ക്ക് നമ്മെ നിയന്ത്രിക്കുവാനേ കഴിയുകയുള്ളു. സ്വഭാവത്തിനു മാറ്റം വരുത്തുകയില്ല. എന്നാല്‍ ക്രിസ്തുവിന് നമ്മുടെ ആന്തരിക പ്രകൃതത്തെ  പൂര്‍ണ്ണമായും രൂപാന്തരപ്പെടുത്തി പുതിയ സൃഷ്ടിയാക്കുവാന്‍ കഴിയുന്നു. ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ജാതം ചെയ്ത ആ ശിശുവിനെ കാണുമ്പോഴുള്ള മഹാ സന്തോഷം അതാണ്. ഈ ശിശുവാണ് കാല്‍വറിക്രൂശിലെ മരണത്തിലൂടെ പാപത്തിന്‍റെ കെട്ടുപാടുകളില്‍ നിന്നും നമ്മെ വീണ്ടെടുക്കുന്നതെന്നുള്ള ആ മഹാ സന്തോഷം ക്രിസ്തുമസിന്‍റെ യഥാര്‍ത്ഥ സന്ദേശമാണ്. 2020 ലേക്ക് കാലെടുത്തു കുത്തി നില്‍ക്കുന്ന നമുക്കും ഒരു സന്തോഷത്തിനു വകയുണ്ട്. പാപത്തിന് അടിമകളായി നമുക്കു ജീവിതം തള്ളി നീക്കേണ്ടതില്ല.പകരം നീതിക്കും ദൈവസ്‌നേഹത്തിനും അടിമകളായി ക്രിസ്തുവിനോടുകൂടെ   ജീവിക്കാം.

രണ്ടാമത്തെ പേരു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നതാണ്.  നഷ്ടപ്പെട്ട   പറുദീസ തിരികെ കിട്ടുവാനായി ദൈവം മനുഷ്യനായി അവതരിച്ചു.നമ്മുടെ ഇടയില്‍ പാര്‍ത്ത് നമ്മുടെ ഉള്ളില്‍ പാര്‍ക്കേണ്ടവനായ ദൈവം. അതാണ് രണ്ടാമത്തെ മഹാസന്തോഷം.ദൈവം നമ്മോടുകൂടെയുണ്ട്. പുല്‍ത്തൊഴുത്തില്‍ ജനിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിലേറി, കണ്ടാലും ലോകാവസാനത്തോളം ഞാന്‍ നിങ്ങളോടുകൂടെ  എന്ന വാഗ്ദാനം നല്‍കിയവനായ ദൈവം നമ്മോടുകൂടെയുണ്ട്. ഏകാന്തത നല്ല കാര്യമല്ല. നമുക്കറിയാം കൊടും കുറ്റവാളികളെയൊക്കെ ഏകാന്തതയില്‍ മറ്റുള്ള തടവുകാരുടെ പോലും സംസര്‍ഗമില്ലാതെയാണ് പാര്‍പ്പിക്കുന്നത്. മനുഷ്യന്‍ സമൂഹ ജീവിയാണ്. അപ്പോള്‍ കഠിനതടവിന്‍റെ ഭാഗമാണ് ആ ഏകാന്തത. ദൈവം മനുഷ്യന്‍ ഏകനായിരിക്കാതിരിക്കാനാണ് തുണയെ കൊടുത്തത്.  നമുക്ക് അതുകൊണ്ട് കുടുംബവും സമൂഹവും സുഹൃത്തുക്കളുമെല്ലാമുണ്ട്. എന്നിരുന്നാലും ഇതെപ്പോഴും നമുക്ക് അനുഭവവേദ്യമായി എന്നു വരികയില്ല. ഉദാഹരണമായി ഹൃദയശസ്ത്രക്രിയയ്ക്കായി താന്‍ ഹോസ്പിറ്റലിലായിരുന്നപ്പോഴുണ്ടായ അനുഭവം ബിഷപ്പ് പങ്കുവെച്ചു. ബന്ധുക്കളും സഹൃത്തുക്കളും വിദ്യാര്‍ത്ഥികളുമെല്ലാം  പ്രോത്സാഹനവും കൈത്താങ്ങലുമായി  ആ സമയത്ത് എത്തി. ഭാര്യ തിയറ്ററിനടുത്തുവരെ അനുഗമിച്ചു. പക്ഷെ തീയറ്ററില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. സ്‌നേഹക്കുറവുകൊണ്ടല്ല, അതിനുള്ള സാഹചര്യമല്ലാത്തതുകൊണ്ടു മാത്രം  അവിടെ താന്‍ ഏകനായിരുന്നു.അതുപോലെതന്നെ ഒരു വലിയ സമൂഹം മുഴുവനും നമുക്കു ചുറ്റുമുള്ള അവസരങ്ങളില്‍പ്പോലും നമുക്ക് തീവ്രമായ ഏകാന്തത അനുഭവിക്കേണ്ടതായി വരാം.. ആരെങ്കിലും വന്ന് ഒരു ആശ്വാസവാക്കോ, തലോടലോ, ആരുടെയെങ്കിലും ചുമലിലേക്ക് ചായുവാനുള്ള അഭിവാഞ്ചയോ നമുക്കുണ്ടാകാം. എന്നാല്‍ അതിനെല്ലാം അതിര്‍വരമ്പുകളുണ്ടാകാം. എന്നാല്‍ നമുക്ക് എപ്പോഴും എവിടെയും   അനുഭവിക്കാവുന്ന ഒരു സാന്നിധ്യമുണ്ട്. അതാണ് യേശു.  ലോകാവസാനത്തോളം  അവന്‍ നമ്മോടുകൂടെയുണ്ട്. ഇളകിമറിയുന്ന കടലില്‍ നമ്മുടെ ജീവിതനൗക മുങ്ങിപ്പോയേക്കാമെന്നു നാം ഭയക്കുന്ന വേളയില്‍ ആരും  തുണയില്ലെന്നു ചിന്തിക്കുന്ന വേളയില്‍ നമുക്കു ചാരുവാനായി ഒരാളുണ്ട്. അതാണ് ഇമ്മാനുവേല്‍.  2020 ലേക്കു പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍, അമേരിക്ക എന്നു മാത്രമല്ല, ലോകം മുഴുവന്‍ പലവിധമായ പ്രശ്‌നങ്ങളാല്‍ ചഞ്ചലപ്പെട്ടിരിക്കുന്ന ഈ കാലയളവില്‍,  ഭാവിയില്‍  എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് ആകുലപ്പെടുന്ന ഈ അവസരത്തില്‍, നമുക്കുള്ള ഏക പ്രത്യാശ, ഇമ്മാനുവേല്‍, ദൈവം നമ്മോടുകുടെ എന്നുള്ളത് മാത്രമാണ്. അതുകൊണ്ട് പുതുവര്‍ഷത്തില്‍ നമുക്കു മുറുകെപ്പിടിക്കുവാനുള്ളത് ഈ രണ്ടു പേരുകള്‍ മാത്രമാണ്. യേശു, ഇമ്മാനുവേല്‍ എന്നിവ. പാപ പങ്കിലമായ  നമ്മുടെ സ്വഭാവത്തെ രൂപാന്തിരപ്പെടുത്തി നമ്മെ രക്ഷിക്കുന്നവനായ യേശു,  ജീവിതം അനിശ്ചിതമാണെന്നു തോന്നുന്ന അവസരങ്ങളില്‍  എന്നും എന്നേക്കും നമ്മോടുകൂടെ ഉള്ളവനായ ഇമ്മാനുവേല്‍ നമുക്കായി ജനിച്ചുവെന്ന   ക്രിസ്തുമസ്സിന്‍റെ ഈ മഹാ സന്തോഷം നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ദൈവാലയത്തില്‍ നടന്ന ആഘോഷങ്ങള്‍ റവ. ഫാ. ബാബു കെ. മാത്യുവിന്‍റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ആലിസന്‍ തര്യന്‍ വേദഭാഗം വായിച്ചു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ആലിസന്‍ മലയാളം ബൈബിളില്‍ നിന്നും പാഠം വായിച്ചത് എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രീഭവിച്ചു. റവ. പ്രകാശ് ജോണ്‍ മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു. ഫെലോഷിപ്പ് പ്രസിഡന്‍റ് എഡിസന്‍ മാത്യു സ്വാഗതം ആശംസിച്ചു. സി. എസ്. രാജു ബിഷപ്പ്  ഡോ. സി.വി. മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തി. ബി.സി.എം.സി. ഫെലോഷിപ്പ്, സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് യോങ്കേഴ്‌സ്, സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ്‌ലാന്‍ഡ് പാര്‍ക്ക്, സെന്‍റ് തോമസ് ഇവാ!ഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്,  , സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബ്‌ളോവെല്‍റ്റ്, ന്യൂയോര്‍ക്ക് എന്നീ ഗായകസംഘങ്ങള്‍ ശ്രുതിമധുരമായ  ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സാധക മ്യൂസിക്ക് സ്കൂള്‍ ഡയറക്റ്റര്‍ കെ. ഐ. അലക്‌സാണ്ടര്‍ ആലപിച്ച ഗാനവും ആസ്വാദ്യമായിരുന്നു. ബിസി.എം. സി. ഫെലോഷിപ്പ് വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ജോസഫ് ഫെലോഷിപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

സ്‌തോത്രകാഴ്ചക്ക് നന്ദി കരേറ്റി പാസ്റ്റര്‍ പോള്‍ ജോണ്‍ പ്രാര്‍ത്ഥനയര്‍പ്പിച്ചു. ഫെലോഷിപ്പിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ മോഡയില്‍ കൃതജ്ഞത രേഖപ്പെടുത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ വര്‍ഗീസ് പ്ലാമ്മൂട്ടില്‍ സദസ്സിനു പരിചയപ്പെടുത്തുകയും അഭിവന്ദ്യ ബിഷപ്പ്  ഡോ. സി.വി. മാത്യു അവരെ അനുമോദിച്ചു സംസാരിക്കുകയും പ്രത്യേകമായി  പ്രാര്‍ത്ഥിക്കുകയും ചെയ്തു. ബി.സി.എം. സി. ഫെലോഷിപ്പ് സെക്രട്ടറി അജു തര്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു.  സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ഫാ. എല്‍ദേസ് കെ.പി. സമാപന പ്രാര്‍ത്ഥന നടത്തി.  ഫെലോഷിപ്പ് ഡിന്നറോടെ  ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സമാപിച്ചു.

സര്‍വ്വ ജനങ്ങള്‍ക്കുമുള്ള മഹാ സന്തോഷം ഇന്നും പ്രസക്തമായ ക്രിസ്തുമസ് സന്ദേശം:  ബിഷപ്പ് ഡോ. സി.വി. മാത്യു  സര്‍വ്വ ജനങ്ങള്‍ക്കുമുള്ള മഹാ സന്തോഷം ഇന്നും പ്രസക്തമായ ക്രിസ്തുമസ് സന്ദേശം:  ബിഷപ്പ് ഡോ. സി.വി. മാത്യു  സര്‍വ്വ ജനങ്ങള്‍ക്കുമുള്ള മഹാ സന്തോഷം ഇന്നും പ്രസക്തമായ ക്രിസ്തുമസ് സന്ദേശം:  ബിഷപ്പ് ഡോ. സി.വി. മാത്യു  സര്‍വ്വ ജനങ്ങള്‍ക്കുമുള്ള മഹാ സന്തോഷം ഇന്നും പ്രസക്തമായ ക്രിസ്തുമസ് സന്ദേശം:  ബിഷപ്പ് ഡോ. സി.വി. മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക