Image

മൂര്‍ഖന്‍ പാമ്പും മൊല്ലാക്കാന്റെ ഊത്തും (ബാല്യകാല സ്മരണ: ശ്രീപ്രസാദ് വടക്കേപ്പാട്ട്)

Published on 03 February, 2020
മൂര്‍ഖന്‍ പാമ്പും മൊല്ലാക്കാന്റെ ഊത്തും (ബാല്യകാല സ്മരണ: ശ്രീപ്രസാദ് വടക്കേപ്പാട്ട്)
"അയ്യോ ന്നെ പാമ്പ് കടിച്ചേ........... "

കുട്ടന്റെ നിലവിളി കേട്ടിട്ടാണ്  തൊടിയില്‍ പണിയെടുത്തുകൊണ്ടിരുന്ന ചാമി  കുളക്കരയിലേക്ക്  ഓടി ചെന്നത്.  എന്താ അവിടെ കണ്ട കാഴ്ച! വലത്തേ കൈയ്യില്‍ ചോരയുമൊലിപ്പിച്ച് കുട്ടന്‍ അലറിക്കരയുന്നു. പേടിച്ച് കരയാറായി കുട്ടന്റെ ചേച്ചി അവന്റെ കൈയിലേക്ക് നോക്കി നില്‍ക്കുന്നു.

അവധിക്കാലമായതിനാല്‍ കുട്ടനും ചേച്ചിയും വൈകുന്നേരം കുളിക്കാനായി കുളത്തില്‍ വന്നതാണ്. കുളിയും കളിയുമൊക്കെയായി എന്നും ഒന്നൊന്നര മണിക്കൂര്‍ കുളത്തില്‍ത്തന്നെ. വേനലവധിയായതിനാല്‍ അച്ഛനും അമ്മയും ഇതിന് വഴക്കൊന്നും പറയാറുമില്ല. അഞ്ചാറുമാസം മുന്‍പാണ് അച്ഛനെവിടുന്നോ രണ്ടുമൂന്ന് കുളവാഴ ചെടികള്‍ കുളത്തില്‍ കൊണ്ടിട്ടത്. അതിന്റെ വേരുകള്‍ വെള്ളത്തിലേക്ക് തൂങ്ങിക്കിടക്കുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാം. ചില ഫോട്ടോകളില്‍ കാണുന്ന സ്വാമിമാരുടെ താടിപോലെയാണ് ആ വേരുകളെന്ന് കുട്ടന് തോന്നാറുണ്ട്. കുളവാഴയുടെ ഇലയുടെ അടിഭാഗത്തിന്  ഉരുണ്ട ആകൃതിയാണ്. അത് ഞെക്കി പൊട്ടിക്കാന്‍ രസമാണ്. അതിനുള്ളിലെ അറകളില്‍ വായു ഉള്ളതുകൊണ്ടാണ് കുളവാഴക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്നതെന്ന് അച്ഛനാണ് കുട്ടനോട് പറഞ്ഞത്.

"മാഷേ ....കുളവാഴ ഒരുപാട് വളരാതെ നോക്കണം. അല്ലെങ്കില്‍ കുളം മുഴുവന്‍ നശിപ്പിക്കും"      ഒരുദിവസം ഗോപാലന്‍ മാഷ് വീട്ടില്‍ വന്നപ്പോള്‍ അച്ഛനോട് പറയുന്നത് കുട്ടനും കേട്ടിരുന്നു.

കുളത്തിന്റെ ചുറ്റും കല്ലുകള്‍ കൊണ്ട് പടുത്തുകയറ്റിയിട്ടുണ്ട്. എന്നാലും അവിടവിടെയായി ധാരാളം മാളങ്ങളും പൊത്തുകളുമുണ്ട്. ഈ കുളത്തിലാണ് ചേച്ചിയുടെയും കുട്ടന്റേയും കളി. ആദ്യം ഒരാള്‍ കുളവാഴച്ചെടി ഒരു പൊത്തിലൊളിപ്പിക്കണം. മറ്റേ ആള്‍ അത് തപ്പി കണ്ടുപിടിക്കണം. അന്നത്തെ കുട്ടന്റേയും ചേച്ചിയുടെയും കളി അതായിരുന്നു. നോക്കണേ കുട്ടന്‍ കുളവാഴ തപ്പിത്തപ്പി പോയി ഒരു പൊത്തില്‍ കയ്യിട്ടതാണ്‍ പിടിച്ചത് കുളവാഴയിലല്ല. അവിടെ  സുഖമായി വെറുതേ ഇരുന്നിരുന്ന ഒരു നീര്‍ക്കോലിയെയാണ്. അത് ഒറ്റക്കടി. കടി കിട്ടിയതും കുട്ടന്‍ കൈ പുറത്തേക്ക് വലിച്ചു. അതാ കൈയ്യിന്റെ കൂടെ കടി വിടാതെ നീര്‍ക്കോലിയും. തള്ളവിരലിനും ചൂണ്ടുവിരലിനും ഇടക്കാണ് നീര്‍ക്കോലിയുടെ പിടുത്തം. അലറിക്കരഞ്ഞുകൊണ്ട് കുട്ടന്‍ കൈ കുടഞ്ഞു. പേടിച്ചിട്ടായിരിക്കും നീര്‍ക്കോലി വെള്ളത്തിലൂടെ ശൂന്ന് നീന്തി അക്കരയിലെ ഒരു പൊത്തിലേക്ക് കയറിപ്പോയി!

"കുട്ടാ കരയല്ലേ. കടിച്ചത് വല്ല നീര്‍ക്കോലിയാവും."  ചോരകിനിയുന്ന കുട്ടന്റെ കൈ പതിയെ വെള്ളമൊഴിച്ചു കഴുകികൊണ്ട് ചാമി പറഞ്ഞു.

"അല്ല പാമ്പാണ് കടിച്ചത്....ഞാനിപ്പോ ചാവോ...അയ്യോ...അമ്മേ ..."

ചാമി കുട്ടനെയും കൈപിടിച്ച് ഉമ്മറത്തെത്തുമ്പോഴേക്കും ബഹളമെല്ലാം കേട്ട് അച്ഛനുമമ്മയും അങ്ങോട്ട് എത്തിയിരുന്നു.

" സാരല്യ...കരയല്ലേടാ കുട്ടാ. ഇത് നീര്‍ക്കോലി കടിച്ചതല്ലേ?" കൈയ്യിലെ മുറിവെല്ലാം നോക്കി അച്ഛന്‍ കുട്ടനോട് പറഞ്ഞു.

"അല്ലാ...നീര്‍ക്കോലി..ല്ല  പാമ്പാണ് ...മൂര്‍ഖന്‍  പാമ്പാണ് കടിച്ചത്. ഞാന്‍ ഇപ്പൊ ചാവും..അയ്യോ...."

"ഒന്നും ഇല്യ കുട്ടാ. ആ മുറിവില് ഇത്തിരി മുറിവെണ്ണ പുരട്ടാം. വേദന ഇപ്പൊ മാറും." അമ്മ സാരിത്തുമ്പുകൊണ്ട് കുട്ടന്റെ മുഖവും കയ്യുമൊക്കെ    തുടച്ചുകൊണ്ട് പറഞ്ഞു.

"മുറിവെണ്ണ വേണ്ടാ......എന്നെ ഇപ്പൊ ഡോക്ടറുടെ അടുത്തു കൊണ്ടുപോകണം. കയ്യിന്റെ മോളില്‍ ഒരു ചരട് അമര്‍ത്തി  കെട്ടിത്തായോ .......വിഷം ഇപ്പൊ മോളിലേക്ക് കയറും..ദാ കയ്യൊക്കെ നീല നെറം ആവണത് പോലെ. അയ്യോ..."

സ്കൂളില്‍ പഠിപ്പിച്ച പ്രഥമ ശ്രുശ്രൂഷാ വിധികളെല്ലാം കുട്ടന് ഓര്‍മ്മ വരാന്‍ തുടങ്ങി. അമ്മ അവനെ സമാധാനിപ്പിക്കാന്‍ ഒരു തൂവാല കൊണ്ടുവന്ന് പതിയെ കയ്യില്‍ കെട്ടിക്കൊടുത്തു. അപ്പോഴേക്കും കുട്ടന്റെ ചേച്ചിയുടെ പേടിയൊക്കെ മാറിയിരുന്നു. മൊത്തത്തില്‍  നല്ല രസം. അനിയന്റെ പ്രകടനം കണ്ട് ചിരി വരുന്നുമുണ്ട്. ചേച്ചിയുടെ മുഖഭാവം കണ്ട കുട്ടന് സങ്കടം കൂടിവന്നു. ഇവര്‍ക്കാര്‍ക്കും തന്നോട് ഒരു സ്‌നേഹവുമില്ലല്ലോ! ചേച്ചിയുടെ ചിലപ്പോഴത്തെ കുട്ടാ...കുട്ടാ...വിളിയെല്ലാം വെറുതെയാണെന്ന് മനസ്സിലായി. ഒരപകടം പറ്റുമ്പോള്‍ ആര്‍ക്കും ഒരു ഗൗരവവുമില്ല. എല്ലാകൂടി ആലോചിച്ച് കുട്ടന്‍ വിങ്ങിവിങ്ങി കരയാന്‍ തുടങ്ങി.

ആര് സമാധാനിപ്പിച്ചിട്ടും കുട്ടാനൊരുമാറ്റവുമില്ല. അമ്മ അച്ഛനോട് എന്തോ ചെവിയില്‍ പറയുന്നുണ്ട്. അച്ഛനത് തലകുലുക്കി സമ്മതിച്ചപോലെ ഒന്ന് തിരിഞ്ഞ് ചാമിയോട് പറഞ്ഞു.

"ചാമിയേ......കുട്ടനെ ഒന്ന് നമ്മടെ മൊല്ലാക്കേടെ അടുത്തു കൊണ്ടോയി ഊതിച്ചിട്ട് കൊണ്ടുവരൂ. പേടിച്ചിട്ടുള്ള കരച്ചിലാ."

പേടിച്ചിട്ടൊന്നുമല്ല. മൂര്‍ഖന്‍ കടിച്ചിട്ട്  ഒന്നും ചെയ്യാതിരുന്നാല്‍ മരിച്ചുപോകില്ലേ! കുട്ടന്‍ മനസ്സില്‍ പറഞ്ഞു. എന്തായാലും സമാധാനമായി. ഒരുവിധം സൂക്കേടുകള്‍ക്കൊക്കെ മൊല്ലാക്കേകൊണ്ട് ഊതിച്ചാല്‍ മാറുമെന്ന് ചാമി പറയുന്നത് കുട്ടന്‍ കേട്ടിട്ടുണ്ട്.

മൊല്ലാക്കേടെ വീട്ടില്‍ ഇതുവരെയും പോയിട്ടില്ല. ആപ്പവൈദ്യന്റെ വീടുകഴിഞ്ഞ് മൂന്നാല് വീടുകഴിഞ്ഞാല്‍  പഞ്ചായത്തു റോഡായി. അവിടെനിന്നും നോക്കിയാല്‍ പച്ചയും വെള്ളയും പെയിന്റ് അടിച്ച പള്ളി കാണാം. പള്ളിയില്‍നിന്നും കുറച്ചു പോയാല്‍ മൊല്ലാക്കയുടെ വീടായി. ആ വഴി പോകുമ്പോള്‍ വീടിന്റെ തിണ്ണയില്‍ മുറുക്കിക്കൊണ്ട് മൊല്ലാക്ക ഇരിക്കുന്നത് കണ്ടിട്ടുണ്ട്. നീണ്ടുകിടക്കുന്ന നല്ല വെളുത്ത തിളക്കമുള്ള താടിയാണ് മൊല്ലാക്കക്ക്. പുറത്തു കാണുമ്പോഴൊക്കെ നീലം മുക്കിയ നല്ല വെള്ള ഷര്‍ട്ടും കള്ളിമുണ്ടുമാണ് വേഷം. തലയില്‍ വെള്ള നിറത്തിലുള്ള ഒരു തുണി വട്ടത്തില്‍ ചുറ്റിക്കെട്ടിയിട്ടുണ്ടാവും!  താടിപോലെതന്നെ നല്ല വെളുത്ത മുടിയാകും ആ കെട്ടിനടിയില്‍. എപ്പോഴും  ഒരു ചെറിയ തുണിസഞ്ചി കൈയ്യിലുണ്ടാവും. അതിലെന്താണാവോ! സംസാരിക്കുമ്പോള്‍ വെറ്റിലക്കറ പിടിച്ച നല്ല നീളമുള്ള പല്ലുകള്‍ തെളിഞ്ഞു കാണം. വര്‍ത്തമാനം പറയുമ്പോള്‍ ഇടക്കിടെ വായിലെ മുറുക്കാന്‍  തുപ്പിക്കൊണ്ടിരിക്കും. മൊല്ലാക്കയുടെ കാര്യം അച്ഛന്‍ പറഞ്ഞപ്പോള്‍ത്തന്നെ കുട്ടന് ഒരാശ്വാസം തോന്നി.

അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊന്നും കുട്ടനെ വിചാരിച്ചപോലെ അത്ര ഇഷ്ടം ഒന്നും ഇല്ല. അതല്ലേ അവര്‍ കൂടെ  വരാതെ ചാമിയുടെ കൂടെ    വിട്ടത്!  എന്തായാലും ചാമിക്ക് കുട്ടനെ നല്ല ഇഷ്ടമായത് നന്നായി. ഉടുപ്പൊക്കെ മാറ്റി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കുട്ടന്റെ മനസ്സിലെ ചിന്ത ഇതുതന്നെയായിരുന്നു.

ചാമിയുടെ കൈ പിടിച്ചു മൊല്ലാക്കയുടെ അടുത്തേക്ക് പോകുമ്പോഴും  ചിണുങ്ങിക്കൊണ്ടാണ് കുട്ടന്റെ നടപ്പ്. അമ്മാളുവമ്മയുടെ വീട്ടുപടിക്കലെത്തിയപ്പോള്‍ അവരതാ മുടിയും കോതിക്കൊണ്ട് പടിക്കല്‍ത്തന്നെ നില്‍ക്കുന്നു.

"എന്താ ചാമിയേ കുട്ടാനൊരു ശീലായ്മ പോലെ? എവഡക്കാ  രണ്ടാളുംകൂടി?" ആ നാട്ടിലെ ആകാശവാണിയാണ് ആയമ്മ. എല്ലാതും അറിയണം.

"മ്മടെ കുട്ടനെ കൊളത്ത്ന്ന്  ഒരു നീര്‍ക്കോലി കടിച്ചു. ഒന്ന് ഊതിക്കാന്‍ കൊണ്ടോവാ"

"അല്ല നീര്‍ക്കോലി ല്ല അമ്മാളോമ്മേ ...പാമ്പാണ് , മൂര്‍ഖന്‍ പാമ്പ് " കുട്ടന്റെ ശബ്ദത്തില്‍ കരച്ചിലും വന്നു.

"അയ്യയ്യോ ....സാരല്യ. വേഗം പൊക്കോളൂ. സന്ധ്യ ആവണെക്കും മുമ്പേ ഊതിക്കണം. ന്നാലേ ഫലണ്ടാവൂ"

ഇതും പറഞ്ഞ ആയമ്മ ചാമിയെനോക്കി ഒന്ന് ചിരിച്ചു. ചാമിക്കും ചിരിക്കാതിരിക്കാനായില്ല. വിചാരിച്ചപോലെ ചാമിക്കും തന്നോട് അത്ര സ്‌നേഹമൊന്നുമില്ലെന്ന് അവരുടെ ചിരി കണ്ടപ്പോള്‍ കുട്ടന് തോന്നി.

ഭാഗ്യത്തിന് കുട്ടനും ചാമിയുമെത്തിയപ്പോള്‍ മൊല്ലാക്ക വീട്ടിത്തന്നെയുണ്ടായിരുന്നു.

"ന്താ ചാമിയേ പതിവ് ല്ലാണ്ട് കുട്ടനേം ആയിട്ട്?"

കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ ചാമി, നീര്‍ക്കോലിയാണ് കടിച്ചതെന്നു മൊല്ലാക്കയോട്  പറഞ്ഞപ്പോഴും കുട്ടന്‍ തിരുത്താനൊന്നും പോയില്ല. ഏതു വിഷവും മൊല്ലാക്കയുടെ ഊത്തില്‍ പോവുമല്ലോ?

അപ്പോളാണ് കുട്ടന്‍ മൊല്ലാക്കയെ നല്ലവണ്ണം ശ്രദ്ധിച്ചത്. ഷര്‍ട്ട്  ഇട്ടിട്ടില്ല. കയ്യുള്ള ബനിയനാണ് ഇട്ടിരിക്കുന്നത്. പച്ചനിറത്തിലുള്ള ബെല്‍ട്ടിന്റെ   ഉള്ളില്‍ മൊല്ലാക്കയുടെ വയറ് ഞെരുങ്ങിക്കിടക്കുന്നു. അത്രയും വീതിയുള്ള ബെല്‍ട്ട് കുട്ടന്‍ ഇത്രയും അടുത്തു അതുവരെയും കണ്ടിട്ടില്ല. തലേക്കെട്ടില്ല. മൊല്ലാക്കയുടെ തല നല്ല മൊട്ടയായിട്ടാണ്  ഇരിക്കുന്നത്. വെറുതെയാണോ, മൊട്ടത്തല കാണാതിരിക്കാനാവും പുറത്തേക്കിറങ്ങുമ്പോള്‍ മൊല്ലാക്ക തലയില്‍ വെളുത്ത തുണി കെട്ടിവക്കുന്നത്!

"ങ്ങഡ് അഡ്ത്തക്ക് ബാ   കുട്ടാ ......" മൊല്ലാക്ക കുട്ടനെ കൈപിടിച്ചു അടുത്തിരുത്തി. കയ്യിലെ നീര്‍ക്കോലി കടിച്ച മുറിവ് സൂക്ഷിച്ചൊന്നു നോക്കി. നല്ലൊരു ചിരി അവനു സമ്മാനിച്ചു.

 "ഇത്രെ ള്ളോ ? അയിനാണോ കുട്ടാ പേടിക്കണ് ! അവഡെ ഇരിക്ക്, ഇപ്പൊ ബരാം"

ഇതിനേക്കാള്‍ ആശ്വാസം വേറെ കിട്ടുമോ?  ഇത്രയും കേട്ടപ്പോള്‍ത്തന്നെ  കുട്ടന്റെ സങ്കടവും കരച്ചിലുമെല്ലാം കുറെയൊക്കെ മാറി. മൊല്ലാക്ക പതുക്കെ എണീറ്റ് അകത്തേക്ക് പോയി.

കയ്യില്‍ ഒരു  ചെമ്പുമൊന്തയുമായാണ് മൊല്ലാക്ക തിരിച്ചുവന്നത്. അത് നിലത്തുവച്ച് കുട്ടന്റെ മുന്നില്‍ കുന്തിച്ചിരുന്നു. കുട്ടനൊന്നെത്തിനോക്കി. പേടിക്കാനൊന്നുമില്ല, മൊന്തയില്‍ വെള്ളമാണ്.

"കുട്ടാ കജ്ജ് നീര്‍ത്തി പ്പിഡിക്ക് "

മൊല്ലാക്ക കുട്ടന്റെ കൈവിരലുകളില്‍  തന്റെ ഇടത്തേ  കൈ കൊണ്ട് പിടിച്ചുകൊണ്ട്  കണ്ണുകളടച്ചു. ചുണ്ടുകളനണങ്ങുന്നുണ്ട്. എന്തൊക്കെയോ പിറുപിറുക്കുന്ന പോലെ. പിന്നെ കണ്ണുതുറന്നു. കുട്ടനെയും മുറിവിനേയും ഒന്ന് നോക്കി. വലത്തേ കൈ മൊന്തയില്‍ കയ്യിട്ട് തുള്ളി വെള്ളമെടുത്ത കുട്ടന്റെ മുറിവില്‍ ഒന്ന് തളിച്ചു. വീണ്ടും കണ്ണുകളടച്ചു. ചുണ്ടുകള്‍ക്കിടയില്‍നിന്നും എന്തൊക്കെയോ പിറുപിറുക്കലുകള്‍ കേള്‍ക്കുന്നുണ്ട്. പിന്നീട് മൊല്ലാക്കയുടെ വായില്‍നിന്നും ഒരു ശബ്ദം

"കാ .....ര്‍......   ത്..ഫൂ"

കുട്ടനൊന്നേ നോക്കിയുള്ളൂ. മൊല്ലാക്ക കാറിത്തുപ്പിയത് കുട്ടന്റെ ഉള്ളം കയ്യില്‍ത്തന്നെ.  വിരലുകള്‍ മടക്കി കൈ നന്നായി ചുരുട്ടിക്കൊടുത്തുകൊണ്ട് മൊല്ലാക്ക പറഞ്ഞു

"ബീട്ടിലെത്തണ ബരെ കജ്ജ് തൊറക്കല്ലേ ....ഇന്ന് രാത്രി ഒന്നും കയിക്കാനും പാടൂല്ല"

ഇന്ന് രാത്രി പോയിട്ട് ഈ കൈ കൊണ്ട് ഇനി ഒരാഴ്ച കഴിക്കാന്‍ പറ്റുമോ എന്നായിരുന്നു ചാമിയുടെ പിന്നാലെ ചുരുട്ടിയ കയ്യും നീട്ടിപ്പിടിച്ച് നടക്കുമ്പോള്‍ കുട്ടന്റെ ചിന്ത!

*********  


shreeprasadv@gmail.com
9969287331, 9321102327

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക