Image

ഒരു തിരിഞ്ഞു നോട്ടം (ഡോ. മോഹന്‍)

Published on 03 February, 2020
ഒരു തിരിഞ്ഞു നോട്ടം (ഡോ. മോഹന്‍)
ജീവിതത്തിന്റെ സായാഹ്നത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍.
എന്തിനു തിരിഞ്ഞു നോക്കണം?
തിരിഞ്ഞു നോക്കരുത് ദുഃഖിക്കാന്‍ ആണെങ്കില്‍. സന്തോഷിക്കാനും.
തെറ്റുകള്‍ തിരുത്താനോ?
അതിന് ഇനിയും കഴിയുമോ?
എന്തിന് തിരിഞ്ഞു നോക്കണം?
വാശികളും വൈരാഗ്യങ്ങളും തീര്‍ക്കാനോ?
അരുത് അത് ഒരിക്കലും അരുത് .

എല്ലാം പിടിച്ചടക്കി മലമുകളില്‍ നില്‍കുമ്പോള്‍ താഴ് വരകള്‍ കാണേണ്ടേ?
കാണണം, കാണുക തന്നെ വേണം.
ചിലപ്പോള്‍ അത് കാട്ടു തീയില്‍ കരിഞ്ഞ് ഇല്ലാതായിട്ട് ഉണ്ടാകാം.
വെള്ളപ്പൊക്കത്തില്‍ പാടെ ഒലിച്ചു പോയിട്ടുണ്ടാകാം.
പുഷ്പിച്ചു പന്തലിച്ചു ഹരിത വനങ്ങള്‍ ആയിട്ടുണ്ടാകാം.
കാണണം എല്ലാം കാണണം.

നിര്‍വികാരി ആയി, നിര്‍വികാരന്‍ ആയി കാണാമെങ്കില്‍ കാണണം.
ഇന്ന് ഞാന്‍ നില്‍ക്കുന്ന ഈ കല്‍പടവുകള്‍, പിന്നിട്ട എല്ലാ കല്‍പടവുകളെക്കാളും മെച്ചപ്പെട്ടത് ആകുമ്പോള്‍ എനിക്ക് തിരിഞ്ഞു നോക്കണം.
താഴേക്ക്, മുന്നിലേക്ക് അധിക്കം സമയം ഇല്ലല്ലോ.
തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് പറഞ്ഞോട്ടെ?

ഞാന്‍ എന്നും എന്നും ഒരു ഒറ്റയാന്‍ ആയിരുന്നു.
വേണ്ടപ്പെട്ടവരോ കൂട്ടുകാരോ ഉണ്ടായിരുന്നില്ല എന്നല്ല.
മനസ്സിന്റെ കോണില്‍ എവിടെയോ ഒരു ഏകാന്തത.
ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിന്റെ നേടുവീര്‍പ്പ് പോലെ.

ഒരു പണക്കാരന്റെ മകനായിട്ട് ജനിച്ചെങ്കിലും, എവിടെയോ ഒരു താളപിഴ പോലെ. സൗഭാഗ്യങ്ങള്‍ വിധിച്ചെങ്കിലും അനുഭവിക്കാന്‍ കര്‍മം ഉണ്ടോ എന്ന് ആര്‍ക്കോ ഒരു സംശയം ഉള്ളത് പോലെ. കേട്ടിട്ടില്ലേ 'ഉണ്ടോ കാലെന്നു പണ്ടാല' .

പട്ടിണി കിടന്നിട്ടില്ല.
വേറെ പലതും നിഷേധിച്ചിട്ട് ഉണ്ട് എങ്കിലും പട്ടിണി കിടന്നിട്ടില്ല .

ബോര്‍ഡിങ്ങ് സ്കൂളിലെ ഇടവപ്പാതികള്‍, അത് ഇപ്പോഴും ഓര്‍മ്മകളില്‍ ഒരു മായാത്ത നൊമ്പരം.
മഴയത്തും തണുപ്പിലും എല്ലാവരും ഉത്സവം ആഘോഷിക്കുമ്പോള്‍, എനിക്ക് ആന വിരണ്ട അനുഭവം.
കണ്ണുപൊട്ടന് സ്വര്‍ഗം വിധിച്ച അതെ സിദ്ധാന്തം, എനിക്ക് ഒരു അടി പൊക്കം ഉള്ള മെത്തയും പുതക്കാന്‍ ഒരു ക്വില്‍റ്റും വിധിക്കും എന്നു ഞാന്‍ വിശ്വസിച്ചു, ആശിച്ചു.

'ആശിച്ചവന് ആകാശത്തു നിന്നു ഒരു ആനയെ കിട്ടി'.
പക്ഷേ ഇപ്പോഴും മഴയത്തും തണുപ്പിലും ആ ഇടവപ്പാതികള്‍ ഓര്‍മയില്‍ ഓടിയെത്തും.
ഞാന്‍ അടുത്ത് തന്നെ ഉണ്ട് എന്നു എന്നെ ഓര്‍മിപ്പിക്കുവാന്‍. എന്നും എന്നെ ഹംബില്‍ ആക്കി നിര്‍ത്താന്‍.

പിന്നെ മണ്ണുത്തി.
മണ്ണുത്തിയിലെ സന്ധ്യകള്‍. അതു അവര്‍ണനീയം അവശ്വസിനിയം.
സന്ധ്യകള്‍ക്ക് ഓസ്കര്‍ ഉണ്ടായിരുന്നു എങ്കില്‍ 'ഓസ്കര്‍ ഗോസ് ടു മണ്ണുത്തി'
കഞ്ചാവിന്റെയും മയക്കു മരുന്നിന്റെയും കൂടേ കൂടി ഹിപ്പി കള്‍ച്ചര്‍ മുറുകെ പിടിച്ചു ഏതോ 'ഡ്രീം വേള്‍ഡ് 'അതായിരുന്നു അന്നത്തെ ലോകം.

ഏകാന്തത അന്നും എന്റെ കൂടേ തന്നെ ഉണ്ടായിരുന്നു.
അന്ന് കൂടേ ഉണ്ടായിരുന്നവര്‍ പലരും പടി ഇറങ്ങി, ഓര്‍മയായി .
പിന്നെ ഓഫിഷ്യല്‍ ജീവിതം 'പാപി ചെല്ലുന്നിടം പാതാളം.'

അമേരിക്കയില്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന് ആശിച്ചു.
പെേക്ഷ 'പണ്ടാല ' കൂടെത്തന്നെ കൂടിയിരുന്നു.

പിത്രുസ്വത്ത് അപ്പന്റെ കൈയില്‍ നിന്ന് എഴുതി വാങ്ങിക്കുമ്പോള്‍ ഭാവിയില്‍ ഒരു പ്രസ്‌നം വേണ്ട എന്നു മാത്രമേ ഞാന്‍ കരുതിയുള്ളൂ.
പെണ്ണുങ്ങള്‍ക്കും അവകാശം വന്ന കാലം.
പക്ഷേ പലര്‍ക്കും ഇതില്‍ കണ്ണ് ഉണ്ടെന്നു അറിയാന്‍ വൈകി പോയി.
കുരുക്കുകള്‍ ദൂരെ ആയിരുന്നില്ല. അതു മനസ്സിലാക്കി, അതു മാറ്റി വന്നപ്പോഴേക്കും കാലം വളെരെ താമസിച്ചു പോയിരുന്നു.

'കുടുംബ സ്വത്ത് വിറ്റ്, അമ്മയെ വൃദ്ധ ഭവനത്തില്‍ ആക്കിയ പാപി' എന്ന് മുദ്ര കുത്താന്‍ ഉറ്റവര്‍ പോലും ശ്രമിക്കുമ്പോള്‍, കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല അറേഞ്ച്‌മെന്റ് ചെയ്ത സുംതൃപ്തിയില്‍ ഞാനും.

െ്രെപവറ്റ് ഹോസ്പിറ്റല്‍സ്, സര്‍വീസ് നടത്തുന്നത് പുണ്യത്തിനല്ലല്ലോ.
പറയുന്നവര്‍ക്ക് ചിലവും ഇല്ലല്ലോ.

(വെണ്മണി സ്വദേശിയായ ഡോ. മോഹന്‍ 11 വര്‍ഷം കേരളത്തില്‍ വെറ്ററിനറി ഡോക്റ്റര്‍.1989 ല്‍ അമേരിക്കയില്‍. 2019 വരെ എം.ആര്‍.ഐ. ടെക്ക്. റിട്ടയര്‍മെന്റിനു ശേഷം റിയല്‍ട്ടര്‍.ഭാര്യയും രണ്ടു മക്കളും ഒരു കൊച്ചു മകനുമുണ്ട്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക