Image

ജോലിസ്ഥലത്തെ ദുരിതങ്ങള്‍ താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

Published on 05 February, 2020
ജോലിസ്ഥലത്തെ ദുരിതങ്ങള്‍ താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം ജീവിതം വഴിമുട്ടിയ മലയാളി വനിത , ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്‌ക്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവല്ല സ്വദേശി സുജയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു മാസം മുന്‍പാണ് സുജ, ഒരു ട്രാവല്‍ ഏജന്‍സി വഴി, ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ ജോലിയ്ക്ക് എത്തിയത്. ആ വീട്ടില്‍ ഉള്ള സ്പോണ്‍സറുടെ വയസ്സായ അമ്മയെ നോക്കുകയായിരുന്നു പ്രധാന ജോലി.

എന്നാല്‍ ആ വീട്ടില്‍ ആദ്യദിവസം മുതലേ തനിയ്ക്ക് മാനസിക പീഢനവും, കഷ്ടപ്പാടുകളും അനുഭവിയ്‌ക്കേണ്ടി വന്നതായും, രാപകല്‍ പണിചെയ്യിപ്പിച്ചിട്ടും, പലപ്പോഴും മതിയായ ആഹാരം പോലും തന്നില്ല എന്നും, അതിനെപ്പറ്റി ചോദിച്ചാല്‍ സ്ത്രീകള്‍ ദേഹോപദ്രവം വരെ ഏല്‍പ്പിച്ചിരുന്നു എന്നും സുജ പറഞ്ഞു.

ഈ വിവരങ്ങളൊക്കെ സുജ നാട്ടില്‍ വിളിച്ചു വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സുജയുടെ പിതാവ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പറയുകയും, നോര്‍ക്കയില്‍ പരാതി കൊടുക്കയും ചെയ്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും സൗദി ഇന്ത്യന്‍ എംബസ്സിയിലേയ്ക്ക് പരാതി എത്തിയപ്പോള്‍, എംബസ്സി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവത്തകയുമായ മഞ്ജു മണിക്കുട്ടന് ഈ കേസില്‍ ഇടപെടാന്‍ അനുമതിപത്രം നല്‍കി ചുമതലപ്പെടുത്തി.

മഞ്ജു മണിക്കുട്ടന്‍ സുജയെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കി. അവരുടെ നിര്‍ദ്ദേശപ്രകാരം സുജ ജോലിസ്ഥലത്തു നിന്നും ഇറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. മഞ്ജുവും, ഭര്‍ത്താവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തനായ പദ്മനാഭന്‍ മണിക്കുട്ടനും കൂടി പോലീസ് സ്റ്റേഷനില്‍ എത്തി, സുജയെ ജാമ്യത്തില്‍ എടുത്ത്, ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

മഞ്ജുവും നവയുഗം പ്രവര്‍ത്തകരും സുജയുടെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. വിസയ്ക്കായി തനിയ്ക്ക് ചിലവായ പണം തിരികെ നല്‍കിയാല്‍ സുജയുടെ കാര്യത്തില്‍ ഇടപെടാം എന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. തുടര്‍ന്ന് മഞ്ജു അറിയിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി സുജയെ കൊണ്ടുവന്ന ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട്, സ്‌പോണ്‍സര്‍ വിസയ്ക്ക് നല്‍കിയ പണം തിരികെ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.

ഒടുവില്‍ മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം വഴി സുജയ്ക്ക് എക്‌സിറ്റ് അടിച്ചു നല്‍കി. മണിക്കുട്ടന്റെ ഒരു പ്രവാസി സുഹൃത്ത് വിമാനടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി സുജ നാട്ടിലേയ്ക്ക് മടങ്ങി.

സാമൂഹ്യപ്രവര്‍ത്തകരായ നൗഷാദ് അകോലത്ത്, റഫീഖ് റാവുത്തര്‍ എന്നിവരും ഈ കേസില്‍ വിവിധ ഘട്ടങ്ങളില്‍ ഇടപെട്ടിട്ടുണ്ട്.

ഫോട്ടോ: സുജ (ഇടത്) മഞ്ജു മണിക്കുട്ടന് ഒപ്പം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക