Image

150കോടി മുടക്കില്‍ ബൈബിള്‍ പശ്ചാത്തത്തില്‍ ഒരു ത്രീഡി സിനിമ; സംവിധാനം മലയാളി

Published on 05 February, 2020
 150കോടി മുടക്കില്‍ ബൈബിള്‍ പശ്ചാത്തത്തില്‍ ഒരു ത്രീഡി സിനിമ; സംവിധാനം മലയാളി
ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ലോകത്തെ ഏറ്റവും ബൃഹത്തായ സിനിമയൊരുക്കാന്‍ മലയാളി. പുതിയ നിയമത്തിലെ യേശുവിന്റെ അവസാനത്തെ ഏഴുദിവസത്തെ ജീവിതം ആസ്പദമാക്കി തിരുവനന്തപുരം സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയാണ് അന്താരാഷ്ട്രനിലവാരത്തില്‍ 'യേഷ്വാ' എന്ന സിനിമയൊരുക്കുന്നത്.

150 കോടി മുതല്‍മുടക്കിലാണ് ബൈബിള്‍ പശ്ചാത്തലമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ഇംഗ്ലീഷ് സിനിമ തയ്യാറാകുന്നത്. ക്രിസ്തുവിനും ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും അക്കാലത്ത് യഹൂദന്‍മാരില്‍നിന്നും റോമന്‍ ഭരണാധികാരികളില്‍നിന്നും ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ കഥകൂടി പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ലോകസിനിമയില്‍ത്തന്നെ ഈ വിഷയം ഉള്‍പ്പെടുത്തിയുള്ള ആദ്യ ബൈബിള്‍ ചിത്രമാണിതെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു. കഥയും തിരക്കഥയും പൂര്‍ത്തിയായിക്കഴിഞ്ഞ ചിത്രത്തില്‍ ഹോളിവുഡിലെയും മറ്റുപ്രമുഖ ഭാഷകളിലെയും അറിയപ്പെടുന്ന താരങ്ങളാണ് അഭിനേതാക്കളാകുന്നത്. ഹോളിവുഡ് സാങ്കേതികപ്രവര്‍ത്തകര്‍ക്കൊപ്പം ഇറ്റലിയിലെ വിഖ്യാതമായ 'സിനെസിറ്റ' ഫിലിം സ്റ്റുഡിയോയും സംരംഭത്തില്‍ പങ്കാളിയാകും.</p>

അവഞ്ചേഴ്സ് ഉള്‍പ്പെടെയുള്ള സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 'ഹെര്‍മസു'മായി ചിത്രത്തിന്റെ നിര്‍മാണത്തിനുള്ള ധാരണാപത്രം തയ്യാറാക്കിക്കഴിഞ്ഞു. ഇറ്റലിയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും കലാസംവിധാനവും ഉള്‍പ്പെടെയുള്ള സാങ്കേതികവിഭാഗം ഹോളിവുഡിലെ പ്രമുഖരായിരിക്കും കൈകാര്യംചെയ്യുക. ഈ വര്‍ഷം അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2021ല്‍ തിയേറ്ററുകളിലെത്തും.

സിഗ്നിസ വേള്‍ഡ് വൈഡ് കാത്തലിക് അസോസിയേഷന്‍ ഫോര്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെയാണ് നിര്‍മാണം. പോപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് 140 രാജ്യങ്ങളില്‍ ശാഖകളുണ്ട്. ഇവരുടെ സഹകരണത്തിനായി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ക്കണ്ട് സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

ആല്‍ബര്‍ട്ട് ആന്റണി 2005ല്‍ സംവിധാനംചെയ്ത 'കണ്ണേ മടങ്ങുക' എന്ന ചിത്രത്തിന് മികച്ച നടിയുടേതടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 2011ല്‍ 'വാടാമല്ലി' എന്ന ചിത്രം ഒരുക്കിയ ആല്‍ബര്‍ട്ട് പത്ത് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'ക്രോസ് റോഡ്' എന്ന സംരംഭത്തിലെ 'മുദ്ര' എന്ന സിനിമയും സംവിധാനംചെയ്തിട്ടുണ്ട്






Join WhatsApp News
What a WASTE 2020-02-06 19:23:59
Instead of wasting money for fiction, use that money to build homes for the homeless.
യേശു 2020-02-06 23:27:55
ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് അറിയായികകൊണ്ട് ഇവരോട് ക്ഷമിക്കേണമേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക