Image

ജിജിഐ ടാലെന്റ് ലാബ് റിപ്പോര്‍ട്ടിംഗ്: അര്‍പണയും സ്‌നേഹയും വിജയികള്‍

Published on 06 February, 2020
ജിജിഐ ടാലെന്റ് ലാബ് റിപ്പോര്‍ട്ടിംഗ്: അര്‍പണയും സ്‌നേഹയും വിജയികള്‍
ജിദ്ദ: ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിച്ച ടാലെന്റ് ലാബ് 2019 ശില്‍പശാലയുടെ ഭാഗമായി നടത്തിയ വാര്‍ത്താ റിപ്പോര്‍ട്ടിംഗ് മത്സരത്തില്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അര്‍പണ മെലാനിയും സ്‌നേഹ സാറയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. അല്‍ഫലാഹ് ദല്‍ഹി പബ്ലിക് സ്‌കൂളിലെ ആയിഷ അഹമദും മറിയം സയ്യിദ് ഖ്വാജയും മൂന്നാം സ്ഥാനം പങ്കിട്ടു. യാമ്പു റദ് വ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആര്‍. സായി ശക്തി പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായി.

മികച്ച പ്രകടനം കാഴ്ചവച്ച മറ്റു ഒമ്പതു വിദ്യാര്‍ഥികള്‍്: ആയിഷ നുമ (ഡി.പി.എസ്), അബീര്‍ അഷ്‌റഫ് (ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഫിസാ ബഷാറത്ത് (അല്‍ജനൂബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഖമീസ് മുഷൈത്ത്), ഹന്നാ ഖാന്‍ (ഐ.ഐ.എസ്.ജെ), മുസ്‌കാന്‍ രവീന്ദ്രന്‍ (ഐ.ഐ.എസ്.ജെ), അബ്ദുല്ല ഹുസൈനി (ന്യൂ അല്‍വുറൂദ്), സുന്ദുസ് മസൂദ് (അല്‍മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഷഹീര്‍ അന്‍സാരി (ന്യൂ അല്‍വുറൂദ്), സാദിയ ഉമര്‍ (ന്യൂ അല്‍വുറൂദ്).

സൗദി പശ്ചിമ പ്രവിശ്യയിലെ ജിദ്ദ, യാമ്പു, റാബിഗ്, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലെ ഒരു ഡസനോളം ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ 15,000 ത്തിലേറെ ഇന്ത്യന്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറ്റമ്പതിലേറെ പ്രതിഭാസമ്പന്നരായ വിദ്യാര്‍ഥികള്‍ക്കാണ് ഇക്കഴിഞ്ഞ നവമ്പര്‍ 23 ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ശില്‍പശാല സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ഇഖ്‌റഅ് ചാനല്‍ ആസ്ഥാനത്തേക്ക് നടത്തിയ പഠനയാത്രയെസംബന്ധിച്ച റിപ്പോര്‍ട്ടിംഗില്‍ 14 വിദ്യാര്‍ഥികള്‍ മികവുറ്റ പ്രകടനം കാഴ്ചവച്ചതായി ജൂറി വിലയിരുത്തി. 38 പേര്‍ ശരാശരിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രചനാ പാടവം തെളിയിച്ചവരില്‍ ബഹുഭൂരിഭാഗവും പെണ്‍കുട്ടികളാണ്. സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാംനാരായണ്‍ അയ്യരുടെ നേതൃത്വത്തിലുള്ള ജൂറിയില്‍ മുതിര്‍ന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡെനിസ് ഡാന്‍ചിക്, സൗദി ഗസറ്റ് എഡിറ്റര്‍ ഖാലിദ് അഫ്താബ് എന്നിവര്‍ അംഗങ്ങളായിരുന്നു. മത്സര വിജയികളെ ആദരിക്കുന്ന ചടങ്ങ് ഫെബ്രുവരി പതിനാറിന് നടക്കുമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക