Image

തുരിംഗന്‍ ; ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തില്‍ നടുങ്ങി ജര്‍മനി

Published on 07 February, 2020
തുരിംഗന്‍ ; ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തില്‍ നടുങ്ങി ജര്‍മനി

ബര്‍ലിന്‍: 1930 ഫെബ്രുവരി, അഡോള്‍ഫ് ഹിറ്റ്‌ലര്‍ അന്ന് ആഹ്‌ളാദവാനായിരുന്നു. 'തുരിംഗനില്‍ നമ്മുടെ സഹായമില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല'. നാസികളുടെ തെരഞ്ഞെടുപ്പു വിജയം അയാളെ ആവേശഭരിതനാക്കിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ജര്‍മനി ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയ പാപത്തിന്റെ തിക്തഫലം അനുഭവിച്ചു.

ഒടുവില്‍ അയാളുടെ പതനം മുതലിങ്ങോട്ട് ആ തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നുറപ്പിച്ചു. പക്ഷേ, 90 വര്‍ഷത്തിനിപ്പുറം ചരിത്രം ആവര്‍ത്തിക്കുകയാണ്. ആ പഴയ തുരിംഗിയയില്‍ സര്‍ക്കാര്‍ രൂപീകരണം എഎഫ്ഡി എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ കാരുണ്യത്തിലായി. ഇടതുപക്ഷ പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കി, അഞ്ച് അംഗങ്ങള്‍ മാത്രമുള്ള എഫ് ഡി പിയുടെ പ്രതിനിധിയെ ആ കസേരയില്‍ കയറ്റിയിരുത്തി വലതുപക്ഷം വീണ്ടും കരുത്ത് തെളിയിച്ചിരിക്കുന്നു.

ഫാസിസ്റ്റ് എന്ന വിശേഷണം കോടതി തന്നെ ചാര്‍ത്തിക്കൊടുത്തയാളാണ് ഇന്നു തുരിംഗിയയിലെ എഎഫ്ഡിയുടെ അമരക്കാരന്‍. അയാളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കെതിരേ ആയിരക്കണക്കിനു ജനങ്ങള്‍ തെരുവിലിറങ്ങി. തങ്ങളുടെ പുതിയ പ്രധാനമന്ത്രി, എഫ് ഡി പിക്കാരന്‍ തോമസ് കെമ്മറിച്ചിന്റെ പേര് ആ ജനക്കൂട്ടത്തില്‍ പലരും ഏതാനും ദിവസം മുന്‍പ് കേട്ടിട്ടു പോലുമില്ലായിരുന്നു.

ജനരോഷത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിക്കസേരയില്‍ 24 മണിക്കൂര്‍ തികയും മുന്‍പേ കെമ്മറിച്ച് രാജിവച്ചിരിക്കാം. പക്ഷേ, എഎഫ്ഡി അയാളെ അധികാരത്തിലേറ്റിയ രീതി ഒരു ഓര്‍മപ്പെടുത്തലാണ്. ചരിത്രത്തിലെ പാപക്കറ ജര്‍മനി മറന്നു തുടങ്ങിയെന്നതിന്റെ ഓര്‍മപ്പെടുത്തല്‍. അതിനിയും ആവര്‍ത്തിക്കാനുള്ള സാധ്യത രാജ്യത്ത് തെളിഞ്ഞു കിടക്കുന്നുണ്ടെന്ന ക്രൂരമായ സത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍.

തുരിംഗിയന്‍ പാര്‍ലമെന്റില്‍ ഇപ്പോള്‍ 23.4 ശതമാനമാണ് എഎഫ്ഡിയുടെ പ്രാതിനിധ്യം. സാക്‌സണിയില്‍ 27.5 ശതമാനം. ഏറ്റവും കുറവുള്ള ഷ്‌ലെസ്വീഗ് ഹോള്‍സ്റ്റീനില്‍ പോലും 5.9 ശതമാനം. ഭീഷണി വളരുകയാണ്, ഭീതിയും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക